This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ബര്‍ട്ട്-എലിസ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:54, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗില്‍ബര്‍ട്ട്-എലിസ് ദ്വീപുകള്‍

Gilbert And Ellice Islands

മധ്യപസിഫിക്കിലുള്ള ഒരു ദ്വീപസമൂഹം. 1975 വരെ ഈ ദ്വീപുകള്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. 1975 ഒ. 1-ന് എലിസ് ദ്വീപുകള്‍ തുവാലു എന്ന പേരിലും 1979 ജൂല. 12-നു ഗില്‍ബര്‍ട്ട് ദ്വീപുകള്‍ കിരിബാത്തി എന്ന പേരിലും ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്നു വേറിട്ട് സ്വതന്ത്രമായി.

അടോളുകളും കോറല്‍ദ്വീപുകളുമായി ഉദ്ദേശം നാല്പതോളം ദ്വീപുകള്‍ ഉള്‍പ്പെടുന്ന ഈ ദ്വീപസമൂഹം 50 ലക്ഷം ച.കി.മീ സമുദ്രഭാഗത്തായി ചിതറിക്കിടക്കുന്നു; ഭൂമധ്യരേഖയും അന്താരാഷ്ട്രദിനരേഖയും ഇവിടെക്കൂടെ കടന്നു പോകുന്നു. ദ്വീപുകളെ മൊത്തത്തില്‍ അഞ്ച് ദ്വീപസമൂഹവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഓഷന്‍ ദ്വീപൊഴികെ ബാക്കിയെല്ലാം താണുകിടക്കുന്ന അടോള്‍ ദ്വീപുകളാണ്. ദ്വീപുകള്‍ക്കെല്ലാംകൂടി 717.1 ച.കി.മീ. വിസ്തൃതിയേയുള്ളൂ. ഇവിടങ്ങളില്‍ പന്നിയെയും കോഴിയെയും വളര്‍ത്തുന്നുണ്ടെങ്കിലും കൃഷിഭൂമി തീരെയില്ല. പസിഫിക് ദ്വീപുകളില്‍ ഏറ്റവും വലുപ്പമേറിയ ക്രിസ്മസ് ദ്വീപ് ആകെ വിസ്തീര്‍ണത്തിന്റെ പകുതിയോളം വരും (നോ. ക്രിസ്മസ് ദ്വീപ്). ദ്വീപുവാസികള്‍ക്ക് പലപ്പോഴും തേങ്ങയും ശീമച്ചക്കയും കൈതച്ചക്കയും കടലില്‍ നിന്നു കിട്ടുന്ന മീനും മാത്രം കഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന അവസരങ്ങളും വിരളമല്ല.

കിരിബാത്തി. ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന ദ്വീപസമൂഹം വടക്കു പടിഞ്ഞാറേ അറ്റത്തായി കാണപ്പെടുന്നു. മൊത്തം 272 ച.കി.മീ വിസ്തീര്‍ണം വരുന്ന 16 അടോളുകളാണ് ഇതിലുള്ളത്. ജനസംഖ്യ 52,000. ഇതില്‍ കൂടുതലും മൈക്രോനേഷ്യരാണ്. ഇടയ്ക്കിടെയുണ്ടാകുന്ന വരള്‍ച്ച ഈ വലിയ ജനസംഖ്യയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇവിടെ ജീവിതം ദുസ്സഹമാകുമ്പോള്‍ ലൈന്‍ദ്വീപുകളിലെ തെങ്ങിന്‍ തോപ്പുകളിലേക്കു കുടിയേറുക എല്ലാ വര്‍ഷവും ഇവരുടെ പതിവാണ്. തരാവയാണ് തലസ്ഥാനനഗരം. കിരിബാത്തിക്ക് വിരളമെങ്കിലും ഫിജിയുമായി വ്യോമബന്ധം ഉണ്ട്.

ഫീനിക്സ്. കിരിബാത്തിക്കു കിഴക്കായി എതാണ്ട് 55 ച.കി.മീ. വിസ്തൃതിയിലുള്ള 8 അടോളുകളുകളാണ് ഫീനിക്സ് ദ്വീപുകള്‍. ആദ്യകാലങ്ങളില്‍ ജനവാസമേ ഇല്ലാതിരുന്ന ഇവിടേക്ക് 1937 ആയപ്പോഴേക്കും ജനസാന്ദ്രമായ കിരിബാത്തിയില്‍നിന്ന് ആളുകളെ കൊണ്ടുവന്ന് കുടിപ്പാര്‍പ്പുതുടങ്ങി. 1964 വരെ ഈ പതിവ് തുടര്‍ന്നു പോന്നു. അങ്ങനെ 1964 ആയപ്പോഴേക്കും അവിടത്തെ ജനസംഖ്യ 1,000-ത്തിലേറെയായി. മറ്റു സ്ഥലങ്ങളുമായി ഈ ദ്വീപുകള്‍ക്കുള്ള ദൂരം ഇവയ്ക്കു പണ്ടെങ്ങുമില്ലാത്ത ഒരു പ്രാധാന്യം നേടിക്കൊടുത്തു. ട്രാന്‍സ്-പസിഫിക് ഫ്ളൈറ്റുകളില്‍ വിമാനങ്ങള്‍ക്ക് ഇടത്താവളമായി ബ്രിട്ടനും അമേരിക്കയും കണ്ടെത്തിയത് ഫീനിക്സ് ദ്വീപുകളില്‍ രണ്ടെണ്ണമായ കാന്റണ്‍, എന്‍ഡര്‍ബറി എന്നിവയായിരുന്നു. 1939-ല്‍ ഇവര്‍ തമ്മിലുണ്ടായ കരാര്‍ പ്രകാരം ഈ ദ്വീപുകളുടെ സംയുക്തനിയന്ത്രണം അമേരിക്കയ്ക്കും ബ്രിട്ടനും ലഭിച്ചു. എന്നാല്‍ ആധുനികവിമാനങ്ങളുടെ ആവിര്‍ഭാവത്തോടെ കാന്റന്‍ വിമാനത്താവളം ഉപയോഗശൂന്യമായിത്തീര്‍ന്നു. തുടരെയുണ്ടാകുന്ന വരള്‍ച്ച ഇവിടെ സ്ഥിരമായ ജനവാസം പ്രയാസകരമാക്കുകയും ചെയ്തു. കിരിബാത്തിയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലായി കാണുന്ന ദ്വീപസമൂഹങ്ങളാണ് നോര്‍ത്തേണ്‍ ലൈന്‍ ദ്വീപുകള്‍. 33 ച.കി.മീ വിസ്തീര്‍ണമുള്ള ഫാനിങ്, വാഷിങ്ടണ്‍, ക്രിസ്മസ് എന്നീ ദ്വീപുകളാണ് ഇതിലുള്ളത്. ഇവിടത്തെ ജനസംഖ്യ 1,200 മാത്രമാണ്. തെങ്ങിന്‍തോപ്പുകളില്‍ പണിയെടുക്കാന്‍വേണ്ടി കിരിബാത്തിയില്‍ നിന്നു കുടിയേറിയവരാണ് ഇതില്‍ ഭൂരിഭാഗവും. ട്രാന്‍സ്-പസിഫിക് കേബിളുകളുടെ ഒരു റിപ്പീറ്റര്‍ സ്റ്റേഷന്‍ ഫാനിങ്ദ്വീപില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ വിഭാഗത്തില്‍ നിന്ന് മൊത്തമായുള്ള കയറ്റുമതിയിനങ്ങളാണ് കൊപ്രയും ഫോസ്ഫേറ്റുകളും. പ്രധാന ഇറക്കുമതിയിനങ്ങള്‍ ഭക്ഷണസാധനങ്ങളും തുണിത്തരങ്ങളുമാകുന്നു. ഇത് കയറ്റുമതിയെക്കാള്‍ എപ്പോഴും കുറവായിരിക്കും. 1969-ല്‍ തരാവയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ഒരു ആഭ്യന്തര വിമാന സര്‍വീസാരംഭിച്ചു.

കിരിബാത്തിയില്‍ നിന്ന് ഏറ്റവും പടിഞ്ഞാറേ അറ്റത്തായുള്ള ദ്വീപാണ് 'ഓഷന്‍ ദ്വീപ്' (ബാനബ). ഹൈഗ്രേഡ് ഫോസ്ഫേറ്റിന്റെ സമ്പന്ന നിക്ഷേപങ്ങള്‍ ഇവിടെയുണ്ടായിരുന്നു. 1900 മുതല്‍ ബ്രിട്ടീഷ് ഫോസ്ഫേറ്റ് കമ്മിഷന്‍ ഇവിടെ ജോലി ചെയ്യാനാരംഭിച്ചു. 1979-ഓടെ നിക്ഷേപങ്ങള്‍ ഏതാണ്ടു തീര്‍ന്ന മട്ടായി. 6.4 ച.കി.മീറ്ററില്‍ കുറവു വിസ്തീര്‍ണമുള്ള ഈ ഒറ്റദ്വീപില്‍ 1973-ലുണ്ടായിരുന്ന ആളുകളുടെ എണ്ണം 2,314 മാത്രമായിരുന്നു.

തുവാലു (എലിസ് ദ്വീപുകള്‍). കിരിബാത്തിക്കു തെ. 24 ച.കി.മീ വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന 9 ദ്വീപുകളുടെ ഒരു സമൂഹം. ജനസംഖ്യ: 11,810 (2006) ജനങ്ങളില്‍ ഭൂരിഭാഗവും പോളിനേഷ്യരാണ്. ഭരണകേന്ദ്രമായ ഫുനഫുട്ടിയെ തരാവയുമായി വ്യോമമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്.

തെക്കേ അമേരിക്കയ്ക്കും ആസ്റ്റ്രേലിയയ്ക്കുമിടയില്‍, ഏതാണ്ട് മധ്യഭാഗത്തായി കാണപ്പെടുന്ന മറ്റൊരു ചെറുദ്വീപാണ് 'പിറ്റ്കേണ്‍'. കഷ്ടിച്ച് 4.6 ച.കി.മീ ആണ് ഇതിന്റെ വിസ്തീര്‍ണം. എണ്ണത്തില്‍ കുറവെങ്കിലും കരുത്തരും മുരട്ടുസ്വഭാവക്കാരുമായ ഇവിടത്തെ ജനത 1790-ല്‍ ഇവിടെയെത്തിപ്പെട്ട നാവികലഹളക്കാരുടെ പിന്മുറക്കാരാണ്. ഇപ്പോള്‍ ഇവര്‍ കര്‍ഷകരായി മാറിയിരിക്കുന്നു. മീന്‍പിടുത്തവും ഇവരുടെ തൊഴില്‍ തന്നെ. ഫലങ്ങള്‍, പച്ചക്കറികള്‍, കൗതുകവസ്തുക്കള്‍ എന്നിവയാണ് പ്രധാനകയറ്റുമതിയിനങ്ങള്‍. ജനവാസമില്ലാത്ത ഹെന്‍ഡേഴ്സന്‍, ഡൂസി, ഈനോ എന്നീ ദ്വീപുകള്‍ പിറ്റ്കേണ്‍ ദ്വീപിന്റെ ഭാഗമായാണ് കരുതപ്പെടുന്നത്. വ്യോമഗതാഗതം ഇല്ലാത്ത ദ്വീപാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍