This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിരിപിണ്ഡം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:38, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗിരിപിണ്ഡം

Massif

ഭൂവല്‍ക്കത്തില്‍ പര്‍വതാകാരമായി കാണപ്പെടുന്ന ഭൂരൂപം. ഒരു വന്‍ പര്‍വതശ്രേണിയുടെ ഭാഗമായുള്ളതോ ഒറ്റപ്പെട്ടതോ ആയതും എന്നാല്‍ പരസ്പരബന്ധിതവുമായ ഉയര്‍ന്ന സ്ഥലങ്ങളുടെ സമൂഹമാണിത്. താഴ്വരകള്‍ ഗിരിപിണ്ഡത്തെ ഏറെക്കുറെ വ്യക്തമാക്കുന്നു.

ഒരു കേന്ദ്രബിന്ദുവിനു ചുറ്റും ഒരു ശ്രേണിയായോ, ക്രമം തെറ്റിയ സങ്കരമായോ കാണപ്പെടുന്ന ഒറ്റപ്പെട്ട പര്‍വതങ്ങളുടെ സമൂഹത്തെയും ഗിരിപിണ്ഡം എന്നു വിശേഷിപ്പിക്കാം.

അഗ്രഭാഗത്ത് ശിഖരങ്ങളായി പിരിയുന്നതും താരതമ്യേന ഏകാത്മക സ്വഭാവമുള്ളതുമായ പര്‍വതരൂപത്തിലുള്ള ഭൂഭാഗത്തെയും ഇപ്രകാരം വ്യവഹരിക്കുന്നുണ്ട്.

ഒരു പര്‍വതത്തിന്റെ ഉള്‍ക്കാമ്പാകാമായിരുന്ന ഉയര്‍ന്ന പ്രദേശത്തുകാണുന്ന അന്തര്‍വേധ-ആഗ്നേയ ശിലയുടെയോ (intruvise igneous rock) കായാന്തര ശിലയുടെയോ ഭാഗത്തിനും ഈ പേര് നല്കപ്പെട്ടിരിക്കുന്നു. ഈ പിണ്ഡത്തിന് 16 കി.മീ. മുതല്‍ 30 കി.മീ. വരെ വ്യാസമുണ്ടാകും.

സാധാരണയായി ഷിസ്റ്റുകളും (schists) നൈസുകളും (gnisses) അടങ്ങിയ ഈ ഭൂവല്‍ക്കപിണ്ഡം ഘടനയിലും സംവിധാനത്തിലും ചുറ്റുമുള്ള മറ്റു ശിലകളില്‍ നിന്ന് വ്യത്യസ്തമാണ്. നിയന്ത്രിത ചുറ്റളവും ഗണനീയമായ ഉച്ചാവചവും പ്രകടിപ്പിക്കുന്നവയാണ് ഗിരിപിണ്ഡങ്ങള്‍. ഘടനാപരമായി ഗിരിപിണ്ഡം ഒരു അപനതിയുടെ (anticline) അന്തര്‍ഭാഗമായി തീരാവുന്നതാണ്. അല്ലെങ്കില്‍ ഭ്രംശനത്തിനോ (fault) വിഷമവിന്യാസ (unconformity)ത്തിനോ ഇടയ്ക്കുള്ള ഒരു പിണ്ഡവും ആകാം. ഏതു രീതിയിലായാലും ഗിരിപിണ്ഡം അതിന്റെ വികാസത്തിന്റെ അവസാനഘട്ടങ്ങളില്‍ ഒരളവുവരെ അതിനു ചുറ്റുമുള്ള ഘടനകളെ നിയന്ത്രിക്കുന്ന ഏകാത്മകശിലാഘടകമായി വര്‍ത്തിക്കുന്നു. സങ്കീര്‍ണമായി കാണപ്പെടുന്ന നിരവധി ആന്തരിക ഘടനകളില്‍ മിക്കതും ഗിരിപിണ്ഡത്തിന്റെ വികാസവുമായി ബന്ധപ്പെട്ടതല്ല; മറിച്ച്, മുന്‍കാലത്തു സംഭവിച്ച വിരൂപണത്തിന്റെ (Deformation) തെളിവുകളാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍