This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിബ്ബണ്‍, എഡ്വേഡ് (1737 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിബ്ബണ്, എഡ്വേഡ് (1737 - 94)
Gibbon, Edward
ബ്രിട്ടീഷ് ചരിത്രഗവേഷകനും ഗ്രന്ഥകാരനും. 1737 ഏ. 27-ന് സറേയിലെ പുട്ട്നിയില്‍ ജനിച്ചു. അനാരോഗ്യംമൂലം ഇദ്ദേഹത്തിന് വെസ്റ്റ് മിന്‍സ്റ്റര്‍ സ്കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം സ്വയം വായിച്ചു പഠിക്കുവാന്‍ പിതാവ് എഡ്വേഡ് ഗിബ്ബണ്‍ സീനിയറിന്റെ ലൈബ്രറി സഹായകമായി. ഇദ്ദേഹം ബാല്യത്തില്‍ത്തന്നെ ചരിത്രത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഓക്സ്ഫഡിലെ മാഗ്ദലിന്‍ കോളജില്‍ ചേര്‍ന്ന (1752) ഗിബ്ബണ്‍ ചരിത്രത്തിലും ദൈവശാസ്ത്രത്തിലുമാണ് കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. 1753-ല്‍ റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നതിന്റെ ഫലമായി സര്‍വകലാശാലയില്‍ നിന്നു പുറത്താക്കപ്പെട്ടു. പിന്നീട് ഗിബ്ബണെ ലൂസാനിലെ (സ്വിറ്റ്സര്‍ലന്‍ഡ്) റവ. ഡാനിയല്‍ പാവിലാഡ് എന്ന കാല്‍വിനിസ്റ്റ് പുരോഹിതന്റെ അടുത്തയച്ചു. ഈ പുരോഹിതന്‍ ഗിബ്ബണെ പ്രോട്ടസ്റ്റന്റ് സഭയിലേക്കു മടക്കികൊണ്ടുവന്നു.
1759 മുതല്‍ 63 വരെ ഹാംഷയര്‍ പൗരസേനയില്‍ ക്യാപ്റ്റന്‍ ആയിരുന്നു. 1763-ല്‍ ഇദ്ദേഹം യൂറോപ്യന്‍ പര്യടനം നടത്തി. 1764-ല്‍ റോമില്‍ എത്തിച്ചേര്‍ന്ന ഗിബ്ബണ്‍ തലസ്ഥാനനഗരിയുടെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ടു നടക്കുന്നതിനിടയിലാണ് അതിന്റെ അധോഗതിയെയും പതനത്തെയും കുറിച്ച് എഴുതാമെന്നു തീരുമാനിച്ചത്.
1768-69-ല്‍ ഗിബ്ബണും ഡെയ്വര്‍ഡൂണും കൂടി ലിറ്റററി മെമ്മോയേഴ്സ് ഒഫ് ഗ്രേറ്റ് ബ്രിട്ടണ്‍ പ്രസിദ്ധീകരിച്ചു. ക്രിട്ടിക്കല്‍ ഒബ്സര്‍വേഷന്‍സ് ഒഫ് ദ സിക്സ്ത്ത് ബുക്ക് ഒഫ് ഈനിഡ് (1770) ഗിബ്ബണ് സഹൃദയശ്രദ്ധ നേടിയെടുക്കുവാന്‍ സഹായകമായി. 1774 മുതല്‍ 84 വരെ ഹൗസ് ഒഫ് കോമണ്‍സില്‍ അംഗമായിരുന്നു.
1776 ഫെ. 17-ന് ദ ഹിസ്റ്ററി ഒഫ് ദ ഡിക്ളൈന്‍ ആന്‍ഡ് ഫോള്‍ ഒഫ് ദ റോമന്‍ എമ്പയറിന്റെ ഒന്നാംവാല്യം പുറത്തിറങ്ങി. ഈ പുസ്തകം ഒരു വിജയമായിരുന്നെങ്കിലും ക്രിസ്തുമതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പല വിവാദത്തിനും വഴിതെളിച്ചു. എങ്കിലും വിമര്‍ശനങ്ങളെ അവഗണിച്ചുകൊണ്ട് അടുത്ത ഭാഗങ്ങളുടെ നിര്‍മാണം ഇദ്ദേഹം തുടര്‍ന്നു. 1779-ല്‍ കമ്മിഷണര്‍ ഒഫ് ട്രേഡ് ആന്‍ഡ് പ്ലാന്റേഷന്‍സ് എന്ന തസ്തികയില്‍ നിയമിതനായി. 1783-ല്‍ ലുസാനിലേക്കു മടങ്ങിപ്പോയ ഗിബ്ബണ്‍ 1787 ജൂണ്‍ മാസത്തോടുകൂടി ഡിക്ളൈന്‍ ആന്‍ഡ് ഫോളിന്റെ അവസാനത്തേതും ആറാമത്തേതുമായ വാല്യവും എഴുതിത്തീര്‍ത്തു. 1788 മേയ് 8-ന് അവസാനവാല്യവും പ്രസിദ്ധീകൃതമായതോടെ ഒരു വലിയ സംരംഭത്തിന്റെ പരിസമാപ്തി കുറിക്കപ്പെട്ടു.
ശിഷ്ടായുസ്സ് ലൂസാനില്‍ ചെലവഴിക്കവേയാണ് ഗിബ്ബണിന്റെ ഓര്‍മക്കുറിപ്പുകള്‍ രചിക്കപ്പെട്ടത്. 1794 ജനു. 16-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.