This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിനിപ്പുല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:07, 2 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗിനിപ്പുല്ല്

ഗ്രാമിനെ കുലത്തില്‍പ്പെട്ട ഒരു പുല്‍ച്ചെടി. ശാ.നാ. പാനിക്കം മാക്സിമം (Panicum maximum). ഗിനിപ്പുല്ലിന്റെ ജന്മദേശം തെക്കേ ആഫ്രിക്കയാണ്. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കൃഷിചെയ്തുവരുന്ന ഈ പുല്ല് 1793-ലാണ് ഇന്ത്യയിലെത്തിയത്. സമൃദ്ധമായി പൊട്ടിത്തഴച്ചുവളരുന്ന ഈ പുല്ല് കന്നുകാലികള്‍ക്ക് ഇഷ്ടമാണ്. ഒരു കടപ്പുല്ലില്‍ ഒരു മീറ്ററോളം ഉയരമുള്ള ഒരുകൂട്ടം തണ്ടുകള്‍ മുളയ്ക്കും. കട്ടിയുള്ള തണ്ടുകള്‍ നല്ല ഉറപ്പും മിനുസവുമുള്ളതാണ്. പ്രായപൂര്‍ത്തിയെത്തിയ തണ്ടുകളില്‍ ലോമങ്ങളുണ്ട്. മുട്ടുകളിലും സാധാരണ ലോമങ്ങള്‍ കാണാം. ഇലകള്‍ക്ക് നാലു സെ.മീ.-ലധികം വീതിയുണ്ടാകാറില്ല. 30-80 സെ.മീ. നീളമുള്ള ഇലകളുടെ അരികുകള്‍ പരുപരുത്തതാണ്. ഇലയുടെ മധ്യഭാഗത്തുള്ള പൊഴിയുടെ കീഴ്ഭാഗത്ത് കട്ടിയുള്ള ഒരു ഞരമ്പും കാണുന്നു. ഈ പുല്ല് സമൃദ്ധിയായി വിത്തുത്പാദിപ്പിക്കുമെങ്കിലും എല്ലാ വിത്തുകളും ഒരേസമയം പാകമാകാത്തതിനാലും അവ ശേഖരിക്കാനുള്ള വൈഷമ്യം കൊണ്ടും സാധാരണയായി വേരോടുകൂടിയ ചിനപ്പുകളിലൂടെയാണ് ഇതിന്റെ പ്രവര്‍ധനം നടത്താറുള്ളത്. നീളത്തില്‍ അറ്റം കൂര്‍ത്ത ചാമമണിപോലെയാണ് വിത്ത്.

വളക്കൂറുള്ള മണ്ണില്‍ ഗിനിപ്പുല്ല് തഴച്ചുവളരും. വേരോടുകൂടിയ തണ്ടുകള്‍ നട്ടാണ് ഈ പുല്ല് വളര്‍ത്തുക. മണ്ണില്‍ ഇടവിട്ട് ചാലുകീറി വരമ്പുകളിട്ട്, വരമ്പുകളില്‍ തണ്ടുകള്‍ പൂഴ്ത്തിയിടുന്നു. ഇടയ്ക്കിടെ നനച്ചുകൊണ്ടിരിക്കണം. 75-ാം ദിവസം തലപ്പുകള്‍ അരിഞ്ഞെടുക്കാം. പിന്നീട് മാസത്തിലൊരിക്കല്‍ അരിയാം. വര്‍ഷത്തില്‍ അഞ്ചോ ആറോ പ്രാവശ്യം ഇടയിളക്കുകയും ഒരു പ്രാവശ്യം വളമിടുകയും ചെയ്യണം. പരാമാവധി   അഞ്ചു വര്‍ഷമേ ഇതില്‍നിന്ന് പുല്ല് ലഭിക്കുകയുള്ളൂ. ഏതു മണ്ണിലും ഇത് വളരുമെങ്കിലും ഏറ്റവും നന്നായി വളരുന്നത് ജലസേചന സൗകര്യവും ആഴവുമുള്ള മധ്യലോം, മണല്‍ലോം, എക്കല്‍മണ്ണ് എന്നിവയിലാണ്. ഈ പുല്ലില്‍ 9.4 ശ.മാ. വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സൈലേജ് ഉണ്ടാക്കാന്‍ ഇതുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍