This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖമേനി, അലി ഹൊസെയ്നി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖമേനി, അലി ഹൊസെയ്നി
Khomenei, Ali Hosseini (1939 - )
ഇറാന്റെ പരമോന്നത നേതാവും മുന്‍പ്രസിഡന്റും. 1939 ജൂല. 17-ന് മഷ്ഹാദില്‍ ജനിച്ചു. ഇറാനിലെ മതപാഠശാലയായ മക്തബാ ഖാനയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ദാറുത്തലീമദിയാനയില്‍ പഠനം തുടര്‍ന്നു. ആധുനിക പഠനരീതിയോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തിയിരുന്നവരായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. അതിനാല്‍ രക്ഷിതാക്കള്‍ അറിയാതെ സ്റ്റേറ്റ് സ്കൂളിലെ സായാഹ്ന പാഠ്യപദ്ധതിയില്‍ പഠനത്തിനായി ചേര്‍ന്ന ഖമേനി, സെക്കന്‍ഡറി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി. നജഫിലെയും ഖുമ്മിലെയും ഷിയാ സെമിനാരികളില്‍ നിന്നും ദൈവശാസ്ത്രപഠനത്തില്‍ ബിരുദം നേടി. പഠനകാലത്ത് ആയത്തുള്ള ഖൊമേനിയും ആയത്തുള്ള ബുറുജിര്‍ദിയും ഇദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു.
ആയത്തുള്ള ഖൊമേനിയാണ് ഖമേനിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1977-ല്‍ ഉല്മാ മുജാഹിദീന്‍ എന്ന പ്രസ്ഥാനത്തിന് ഇദ്ദേഹം രൂപം നല്കി. പിന്നീട് ഖൊമേനിയുടെ വിപ്ലവപ്രസ്ഥാനമായ ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ഇത് ലയിച്ചു. ആയത്തുള്ള ബുറുജിര്‍ദിയുടെ മരണാനന്തരം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖൊമേനിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഖമേനിയുടെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. ഇറാനില്‍ വിപ്ലവം മൂര്‍ധന്യത്തിലെത്തിനില്‍ക്കെ ഖൊമേനി രൂപം നല്‍കിയ റവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലില്‍ അംഗമായിരുന്നു ഖമേനിയും. 1979 ഫെ. 1-ന് ഖൊമേനിയുടെ വിപ്ലവസേനയില്‍ കമാണ്ടറായി ചുമതലയേറ്റ ഖമേനി, തുടര്‍ന്ന് പ്രതിരോധ കൗണ്‍സിലില്‍ വിപ്ലവകൗണ്‍സിലിന്റെ പ്രതിനിധിയായും രാജ്യത്തെ പ്രതിരോധ സഹമന്ത്രിയായും നിയമിതനായി. 1981-ലെയും 1986-ലെയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇദ്ദേഹം ആയത്തുള്ള ഖൊമേനിയുടെ നിര്യാണത്തെത്തുടര്‍ന്ന് 1989 ജൂണ്‍ 3-ന് ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2005-ലെ തിരഞ്ഞെടുപ്പില്‍ ഖമേനിയുടെ പിന്തുണ നിലവിലെ ഇറാന്‍ പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്നെജാദിനായിരുന്നു. ബഹുഭാഷാപണ്ഡിതനായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.