This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:30, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗാള്‍

Galle

തെക്കുപടിഞ്ഞാറന്‍ ശ്രീലങ്കയിലെ ഒരു തുറമുഖനഗരം. ദക്ഷിണപ്രവിശ്യയുടെ തലസ്ഥാനമായ ഗാള്‍ ശ്രീലങ്കയിലെ അതിപ്രധാനമായ ഒരു വ്യാപാര കേന്ദ്രമാകുന്നു. ജനസംഖ്യ:90,934; ദ്വീപിന്റെ തെക്കുപടിഞ്ഞാറെ കോണിലായി സ്ഥിതി ചെയ്യുന്ന ഗാളില്‍നിന്ന് രാജ്യതലസ്ഥാനമായ കൊളംബോയിലേക്കുള്ള ദൂരം 110 കി.മീ. മാത്രമാണ്. ഗാള്‍ നഗരത്തിന് പരിമിതമായ തുറമുഖ സൗകര്യങ്ങളേ ഉള്ളൂവെന്നത് ഇതിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു. തീരദേശ സര്‍വീസുകളിലേര്‍പ്പെട്ടിരിക്കുന്ന ചെറുകിട കപ്പലുകള്‍ ഗാളില്‍ അടുക്കാറുണ്ടെങ്കിലും വന്‍കിട കപ്പുലകള്‍ക്ക് ഈ തുറമുഖം യോജിച്ചതല്ല. പ്രധാനമായും മത്സ്യബന്ധനത്തിനു പേരുകേട്ടതാണ് ഈ തുറമുഖം. അരി, പച്ചക്കറികള്‍, കൊപ്ര, കറുവപ്പട്ട, റബ്ബര്‍, തേയില തുടങ്ങിയ കാര്‍ഷികവിഭവങ്ങളുടെയും ഉഷ്ണമേഖലയിലെ മറ്റനവധി ഉത്പന്നങ്ങളുടെയും വിപണനകേന്ദ്രമെന്നനിലയില്‍ ഇന്നും ഈ തുറമുഖത്തിന് ഒരു പ്രധാന സ്ഥാനമാണുള്ളത്. ഗാള്‍ കേന്ദ്രീകരിച്ച് കൊളംബോ വഴിയുള്ള വ്യാപാരവും വന്‍തോതില്‍ നടക്കുന്നുണ്ട്.

പൗരാണിക കാലങ്ങളില്‍ ശ്രീലങ്കയിലെ ഏറ്റവും മുഖ്യമായ വാണിജ്യകേന്ദ്രമായിരുന്ന ഗാള്‍ പില്ക്കാലത്ത് യൂറോപ്പില്‍ നിന്ന് ചെങ്കടല്‍വഴി ഈസ്റ്റ് ഇന്‍ഡീസിലേക്കു പോയിവന്നിരുന്ന നാവിക സംഘങ്ങളുടെ പ്രധാന ഇടത്താവളമായി മാറി. 1885-ല്‍ ആധുനിക സജ്ജീകരണങ്ങളോടെ കൊളംബോ തുറമുഖം സ്ഥാപിതമാകുന്നതിനു തൊട്ടുമുന്‍പുള്ള ഒരു സഹസ്രാബ്ദം ഗാളിന്റെ സുവര്‍ണദശയായിരുന്നു. 1507-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗാള്‍ കൈവശപ്പെടുത്തി. ഇവരുടെ കൈയില്‍നിന്ന് അടുത്ത ശ.-ത്തിന്റെ ഏതാണ്ടു മധ്യത്തോടെ ഡച്ചുകാര്‍ സിലോണ്‍ പിടിച്ചെടുത്തു. 1640 മുതല്‍ 1656 വരെ സിലോണിലെ ഡച്ചുകാരുടെ ആസ്ഥാനമായിരുന്നു ഈ നഗരം.

1687-ല്‍ നിര്‍മിതമായ ഗവണ്‍മെന്റ് മന്ദിരം, 18-ാം ശ.-ത്തിന്റെ മധ്യത്തോടെ പൂര്‍ത്തിയാക്കപ്പെട്ട ഡച്ചുപള്ളി, നഗരത്തിലെ ആദ്യകാല അധിവാസകേന്ദ്രങ്ങളെ സംരക്ഷിക്കുന്ന ഡച്ചുകോട്ടയുടെ നാശോന്മുഖമായ അവശിഷ്ടങ്ങള്‍ തുടങ്ങി നിരവധി സുപ്രധാന ചരിത്രസ്മാരകങ്ങള്‍ ഈ നഗരത്തില്‍ കാണാം.

(എ. മിനി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍