This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്ട്രോ എന്ററോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:29, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാസ്ട്രോ എന്ററോളജി

Gastro Enterology

അന്നപഥം, അതുമായി ബന്ധപ്പെട്ട അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും രോഗങ്ങളെയും കുറിച്ച് വിശദമായി പഠിക്കുന്ന വൈദ്യശാസ്ത്രശാഖ. വായ്, അന്നനാളം, ആമാശയം, ഡുവോഡിനം (പക്വാശയം), ചെറുകുടല്‍, വന്‍കുടല്‍, മലാശയം, കരള്‍, ആഗ്നേയഗ്രന്ഥി (pancreas) എന്നിവയുടെ വൈകല്യങ്ങള്‍, രോഗങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അന്നപഥത്തിന് പ്രധാനമായും രണ്ടു ധര്‍മങ്ങളാണുള്ളത്. ഭക്ഷണ പദാര്‍ഥങ്ങള്‍ ആഗിരണം ചെയ്യുക, ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുക. മേല്പറഞ്ഞ അന്നപഥവും അതുമായി ബന്ധപ്പെട്ട അവയവങ്ങളുടെ എല്ലാത്തരം രോഗങ്ങളും ഗാസ്ട്രോഎന്ററോളജി എന്ന പൊതുവിഭാഗത്തില്‍പ്പെടുന്നു. ചുരുക്കത്തില്‍ ദഹനപ്രക്രിയയിലും ഭക്ഷണം ആഗിരണം ചെയ്യുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍, ആമാശയത്തിലെ അമ്ളാംശത്തിന്റെ ഉത്പാദനത്തിലെ കുറവും കൂടുതലും, ചെറുകുടലിന്റെയും വന്‍കുടലിന്റെയും ചലനശേഷിയുടെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ വിവിധ ഉദരരോഗങ്ങള്‍ക്ക് കാരണമാകുന്നു. ആമാശയവും ചെറുകുടലും വന്‍കുടലും രോഗപ്രതിരോധത്തില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നതിനാല്‍ രോഗപ്രതിരോധത്തിലെ വൈകല്യങ്ങള്‍ അഥവാ രോഗപ്രതിരോധം ഇല്ലായ്മ എന്നിവയും ഗാസ്ട്രോ എന്ററിക് രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. അള്‍സറേറ്റീവ് കോളിറ്റിസ്, ക്രോണ്‍സ്ഡിസീസ്, കോളിയാക്ഡിസീസ് എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്ന രോഗങ്ങളാണ്. ആമാശയത്തിലേക്കും, കുടലിലേക്കുമുള്ള രക്തചംക്രമണത്തിന് ഭംഗംവന്നാലും ഉദരസംബന്ധമായിട്ടുള്ള രോഗങ്ങള്‍ ഉണ്ടാകാം.

ആമാശയം, കരള്‍, ആഗ്നേയഗ്രന്ഥി എന്നിവയിലെ കാന്‍സറും പ്രധാനമാണ്. മറ്റൊരു പ്രധാന കരള്‍രോഗം പ്രത്യേക കാരണമൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഇറിറ്റബിള്‍ ബൌള്‍ സിന്‍ഡ്രം എന്ന അവസ്ഥയാണ്.

ഏതു രാജ്യത്തും സാധാരണ കണ്ടുവരുന്ന രോഗങ്ങളില്‍ നല്ലൊരു ശ.മാ. അന്നപഥവും ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടവയായതിനാല്‍ അത്തരം രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടാറുണ്ട്. താരതമ്യേന പുതിയ ഈ വൈദ്യശാസ്ത്രവിഭാഗം, കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഇതില്‍ത്തന്നെ കരളിനെ സംബന്ധിക്കുന്ന പഠനത്തെ ഹെപ്പറ്റോളജി എന്നും പാന്‍ക്രിയാസിനെ സംബന്ധിക്കുന്ന പഠനത്തെ പാന്‍ക്രിയാറ്റോളജി എന്നും പറയും. ഗാസ്ട്രൈറ്റിസ്, കുടല്‍പ്പുണ്ണ് അഥവാ പെപ്റ്റിക് അള്‍സര്‍ എന്നു പൊതുവേ അറിയപ്പെടുന്ന ആസിഡ് പെപ്റ്റിക് ഡിസീസ്, ഗാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സ് ഡിസീസ്, മദ്യപാനം, ആഹാരത്തിലെ പ്രത്യേകതകള്‍, പകര്‍ച്ചവ്യാധികള്‍ ഇവമൂലം കരളിനും പാന്‍ക്രിയാസിനുമുണ്ടാകുന്ന പലതരം രോഗങ്ങള്‍; പിത്തകോശത്തിലും (gall bladder) പിത്തനാളിയിലുമുണ്ടാകുന്ന കല്ലുകള്‍, മറ്റു രോഗങ്ങള്‍, വയറിളക്കരോഗങ്ങള്‍, വന്‍കുടലില്‍ വ്രണങ്ങള്‍ ഉണ്ടാകുന്ന അള്‍സറേറ്റീവ് കോളൈറ്റിസ്, അന്നപഥത്തിന്റെ ഏതെങ്കിലും ഭാഗത്തോ അനുബന്ധാവയവങ്ങളിലോ ഉണ്ടാകുന്ന അര്‍ബുദം, പെട്ടെന്നു മാരകമാകുന്ന കുടല്‍ അടയല്‍ (intestinal obstruction), തുളവീഴല്‍ (perforation), അപ്പെന്‍ഡിസൈറ്റിസ് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങള്‍ ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നു. ഇവയില്‍ മരുന്നുകള്‍ കൊണ്ടുമാത്രം ചികിത്സിക്കാവുന്ന രോഗങ്ങളെ സംബന്ധിച്ച പഠനശാഖയെ മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി എന്നും ശസ്ത്രക്രിയ ആവശ്യമുള്ള ശാഖയെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജി എന്നും നേരിയൊരു വിഭജനം ഈ രംഗത്തെ വിദഗ്ധര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വയറുവേദന, വിശപ്പില്ലായ്മ, അമിതവിശപ്പ്, മനംപുരട്ടല്‍, ഓക്കാനം, ഛര്‍ദി, വായുകോപം (gas trouble), മലബന്ധം, വയറിളക്കം, മലത്തിലൂടെയോ ഛര്‍ദിയിലൂടെയോ ഉള്ള രക്തസ്രാവം, ആഹാരം ഇറക്കാന്‍ പ്രയാസം (dysphagia), മഞ്ഞപ്പിത്തം, മഹോദരം (ascites) എന്നിവയാണ് ഈ വിഭാഗത്തിലെ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍. ഇവയില്‍ ഏറിയ പങ്കും സര്‍വസാധാരണമായ രോഗലക്ഷണങ്ങളായതിനാല്‍ ശ്രദ്ധാപൂര്‍വമായ രോഗചരിത്രവിശകലനവും പരിശോധനയുംകൊണ്ടേ രോഗനിര്‍ണയം സാധ്യമാകൂ. പലപ്പോഴും സങ്കീര്‍ണമായ ലബോട്ടറി പരിശോധനകളും രോഗിക്കു വിമ്മിട്ടമുണ്ടാക്കുന്ന പരിശോധനാരീതികളും (invasive procedure) സ്വീകരിക്കേണ്ടിവരാറുണ്ട്. വിവിധതരം എന്‍ഡോസ്കോപ്പുകളാണ് രോഗനിര്‍ണയത്തിനു സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം. പ്രതിച്ഛായകളോ പ്രതിബിംബങ്ങളോ നല്കാനോ അവ വലുതാക്കാനോ ഉള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ച എളുപ്പം വളയുന്ന നേര്‍ത്ത കുഴലുകളാണ് എന്‍ഡോസ്കോപ്പുകള്‍ (നോ: എന്‍ഡോസ്കോപ്പി).

ഫൈബര്‍ ഓപ്റ്റിക് എന്‍ഡോസ്കോപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ അന്നപഥത്തിന്റെ ഏതുഭാഗവും നേരില്‍ കണ്ട് കൃത്യമായി രോഗനിര്‍ണയം നടത്താനും ചിത്രങ്ങള്‍ എടുക്കാനും ഇന്നു കഴിയും. ചിലതരം ചികിത്സയ്ക്കും എന്‍ഡോസ്കോപ്പുകള്‍ ഉപയോഗിക്കപ്പെടാറുണ്ട്. അബദ്ധത്തില്‍ ഉള്ളില്‍പ്പെടുന്ന അന്യവസ്തുക്കള്‍ നീക്കം ചെയ്യാനും കുടലിന്റെ ഉള്‍ഭിത്തിയിലുണ്ടാകുന്ന ഉണ്ണിപോലുള്ള ചെറിയമുഴകള്‍ (polyps) മാറ്റാനും രക്തസ്രാവമുണ്ടാകുന്ന ബിന്ദുക്കള്‍ കണ്ടെത്തി അത് തടയാനും പരിശോധനയ്ക്കായി ചെറുഭാഗങ്ങള്‍ മുറിച്ചെടുക്കാനും (ബയോപ്സി) ഈ ഉപകരണം ഉപയോഗിക്കുന്നു. കൂടാതെ കുടല്‍ ഭിത്തിയിലുണ്ടാകുന്ന ചുരുങ്ങലുകള്‍ വികസിപ്പിക്കാനോ പിത്തനാളിയിലെ കല്ല് മാറ്റാനോ അര്‍ബുദ വളര്‍ച്ചമൂലം കുടല്‍ അടഞ്ഞാല്‍ താത്കാലിക ആശ്വാസത്തിന് കൃത്രിമനാളി ഉണ്ടാക്കാനോ ഇത് സഹായകമാണ്. വന്‍കുടലിന്റെ പ്രധാന ഭാഗങ്ങള്‍ പരിശോധിക്കുന്ന ഉപകരണത്തെ കോളനോസ്കോപ്പെന്നും അതിന്റെ താഴത്തെ സിഗ്മോയിഡ് ഭാഗം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തെ സിഗ്മോയിഡോസ്കോപ്പെന്നും പറയും. എന്‍ഡോസ്കോപ്പിക് റിട്രോഗ്രേഡ് കോളാഞ്ജിയോ പാന്‍ക്രിയാറ്റോഗ്രാഫി (endoscopic retrograde cholangio pancreatography), ട്രാന്‍സ് ഹെപ്പാറ്റിക് കൊളാഞ്ജിയോഗ്രാഫി (transhepatic cholangio graphy), മാഗ്നറ്റിക് റിസോണന്‍സ് ഇമേജിങ് (magnetic resonance imaging) എന്നീ സങ്കീര്‍ണോപാധികളും രോഗനിര്‍ണയത്തെ സഹായിക്കും. കൂടാതെ രോഗിക്ക് തീരെ വിമ്മിട്ടം തോന്നാത്ത അള്‍ട്രാ സൗണ്ട് സ്കാനിങ്, എന്‍ഡോസ്കോപ്പിക് അള്‍ട്രാ സൗണ്ട്, സി.ടി. സ്കാനിങ് (C.T. scanning) (കംപ്യൂട്ടഡ് ടോമോഗ്രാഫി), വിവിധതരം രക്തപരിശോധനകള്‍ എന്നിവയും വിപുലമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ കൂടാതെ റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ച് അന്നനാളം, ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളിലുണ്ടാകുന്ന രോഗാവസ്ഥ നിര്‍ണയിക്കാവുന്നതാണ്. ഉച്ഛ്വാസവായു (ശ്വാസകോശത്തില്‍ നിന്നോ അന്നപഥത്തില്‍നിന്നോ പുറന്തള്ളപ്പെടുന്ന വായു) വിശകലനം ചെയ്ത് ചെറുകുടലിലെ എന്‍സൈമുകളെക്കുറിച്ചും പ്രവര്‍ത്തനവേഗത, അണുക്കളുടെ സ്വാധീനം എന്നിവയെക്കുറിച്ചും അറിയാനുള്ള സംവിധാനവും ഈ രംഗത്ത് ഗണ്യമായ പുരോഗതിക്കു സഹായിച്ചിട്ടുണ്ട്.

(ഡോ. ടി.വി. ഗോപാലകൃഷ്ണന്‍ നായര്‍/ഡോ. സി. രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍