This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലറ്റിന്‍, ആല്‍ബര്‍ട്ട് (1761 - 1849)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:48, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാലറ്റിന്‍, ആല്‍ബര്‍ട്ട് (1761 - 1849)

Gallatin, Albert

യു.എസ്. രാഷ്ട്രതന്ത്രജ്ഞന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ 1761 ജനു. 29-ന് ജനിച്ചു. 9-ാം വയസ്സില്‍ അനാഥനായ ഗാലറ്റിനെ ബന്ധുക്കളാണ് വളര്‍ത്തിയത്. 1779-ല്‍ അക്കാദമി ഒഫ് ജനീവയില്‍ നിന്നു ബിരുദം സമ്പാദിച്ചു. അടുത്ത വര്‍ഷം യു.എസ്സില്‍ താമസമാരംഭിച്ചു. കുറച്ചുകാലം വ്യവസായിയായും തുടര്‍ന്ന് ഹാര്‍വാഡ് കോളജില്‍ ഫ്രഞ്ച് അധ്യാപകനായും ജോലി ചെയ്തു. ഇദ്ദേഹം പശ്ചിമ പെന്‍സില്‍വേനിയയില്‍ താമസമാക്കി. 1788-ല്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ക്കായുള്ള സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ കേന്ദ്രഗവണ്‍മെന്റ് എന്ന ആശയത്തെ ആല്‍ബര്‍ട്ട് എതിര്‍ത്തു. 1789-ല്‍ പെന്‍സില്‍വേനിയ സ്റ്റേറ്റിന്റെ ഭരണഘടന തിരുത്തിയെഴുതാന്‍ വേണ്ടിയുള്ളകണ്‍വെന്‍ഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1790 മുതല്‍ 92 വരെ പെന്‍സില്‍വേനിയ പ്രതിനിധിസഭയില്‍ അംഗമായിരുന്നു. 1793-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായി പെന്‍സില്‍വേനിയയില്‍ നിന്നു യു.എസ്. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ സഭയില്‍ തുടരുന്നതിന് അനര്‍ഹനായി. 1795 ഒ. മുതല്‍ 1801 വരെ യുഎസ്. പ്രതിനിധിസഭയിലെ അംഗമായിരുന്നു. ഇദ്ദേഹം രൂപവത്കരിച്ച സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി, വേയ്സ് ആന്‍ഡ് മീന്‍സ് കമ്മിറ്റിയുടെ മൂന്നോടിയായി. തോമസ് ജെഫേഴ്സണ്‍ പ്രസിഡന്റായപ്പോള്‍ (1801-09) ഇദ്ദേഹത്തെ ട്രഷറി സെക്രട്ടറിയാക്കി. 1801 മുതല്‍ 1814 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു.

യു.എസ്സും ബ്രിട്ടനും തമ്മിലുള്ള ഗെന്റ് സന്ധിക്ക് (1814) രൂപംനല്കുന്നതില്‍ ഇദ്ദേഹം പ്രമുഖ പങ്കു വഹിച്ചു. 1816 മുതല്‍ 23 വരെ ഇദ്ദേഹം ഫ്രാന്‍സിനുവേണ്ടിയുള്ള മന്ത്രിയായി; 1826-ല്‍ പ്രസിഡന്റ് ജോണ്‍ ക്വിന്‍സി ആഡംസ് ഇദ്ദേഹത്തെ ഗ്രേറ്റ് ബ്രിട്ടനുവേണ്ടിയുള്ള മന്ത്രിയാക്കി. 1831-ല്‍ ഗാലറ്റിന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റായി (പില്ക്കാലത്തെ ഗാലറ്റിന്‍ ബാങ്ക്). 1836-ല്‍ അമേരിക്കന്‍ ആന്റിക്വേറിയന്‍ സൊസൈറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1842-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ എത്നോളജിക്കല്‍ സൊസൈറ്റി സ്ഥാപിച്ചു. 1843 മുതല്‍ ഇദ്ദേഹം ന്യൂയോര്‍ക്ക് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. 1849 ആഗ. 12-ന് ന്യൂയോര്‍ക്കില്‍ ഗാലറ്റിന്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍