This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍നറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:28, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗാര്‍നറ്റ്

ഒരു വിഭാഗം സിലിക്കേറ്റ് ധാതുക്കള്‍. പൊതു ഫോര്‍മുല: M'3 M2 (Si O4)2. ഇവിടെ M' ദ്വിസംയോജകതയുള്ള ഒരു ലോഹ-ആറ്റവും M ത്രിസംയോജകതയുള്ള മറ്റൊരു ലോഹ-ആറ്റവുമാണ്. ഭൂമിയില്‍ വളരെ വ്യാപകമായി കാണപ്പെടുന്ന ധാതുക്കളാണ് ഗാര്‍നറ്റുകള്‍. ചിലതരം ഗാര്‍നറ്റുകള്‍ രത്നങ്ങളായും മറ്റു ചിലത് അപഘര്‍ഷക വസ്തുക്കളായും ഉപയോഗിച്ചുവരുന്നു. വിവിധതരം ഗാര്‍നറ്റുകള്‍ തമ്മില്‍ രാസപരമായി വളരെയേറെ സാമ്യമുണ്ട്. ഗാര്‍നറ്റുകളെല്ലാംതന്നെ മൂന്നക്ഷങ്ങളിലേക്കും തുല്യയളവില്‍ ചരിഞ്ഞിരിക്കുന്ന ഐസോമെട്രിക് വ്യൂഹത്തിലുള്ള പരലുകളാണ് ഉണ്ടാക്കുന്നത്. ഈ പരലുകള്‍ക്ക് റോംബിക്ഡോഡെക്കാഹെഡ്രന്റെയോ ടെട്രാഗണല്‍ ട്രിസ്ഒക്ടാഹെഡ്രന്റെയോ ഇവ രണ്ടും സംയോജിപ്പിച്ചുണ്ടാകുന്ന രൂപത്തിന്റെയോ ആകൃതിയാണുള്ളത്. മിക്കപ്പോഴും പൂര്‍ണ വളര്‍ച്ചയെത്തിയ പരലുകളാണ് കണ്ടുവരുന്നത്. ഇവയുടെ കഠിന്യം 6.5 മുതല്‍ 7.5 വരെയും ആ.ഘ. 3.1 മുതല്‍ 4.3 വരെയുമായിരിക്കും.

നീല ഒഴികെയുള്ള എല്ലാ നിറങ്ങളിലും ഗാര്‍നറ്റുകള്‍ ലഭ്യമാണ്. ചുവപ്പ്, പച്ച, മഞ്ഞ, കറുപ്പ്, വെള്ള, തവിട്ടുനിറം എന്നിവയാണ് ഏറ്റവും സാധാരണം. ഇളം നിറങ്ങളുള്ളവ സുതാര്യമോ അര്‍ധതാര്യമോ ആയിരിക്കും; കടുത്ത വര്‍ണങ്ങളുള്ളവ അതാര്യവും. ഗാര്‍നറ്റുകള്‍ മിക്കപ്പോഴും ശുദ്ധാവസ്ഥയില്‍ കാണപ്പെടാറില്ല. രണ്ടോ അതിലധികമോതരം ഗാര്‍നറ്റുകള്‍ സംയോജിച്ചുണ്ടാകുന്ന ഖരലായനികളാണ് (solid solutions) സുലഭം. കണ്ണാടിയുടെയോ കട്ടിപിടിച്ച മരക്കറയുടെയോ തിളക്കമാണ് ഗാര്‍നറ്റുകള്‍ക്കുള്ളതെന്ന് പൊതുവില്‍ പറയാം. അപൂര്‍വമായി നല്ല തിളക്കമുള്ളതരം ഗാര്‍നറ്റുകളുമുണ്ട്.

ഗാര്‍നറ്റുകളെ മൊത്തത്തില്‍ ആറു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രാസഘടനയാണ് ഈ വിഭജനത്തിന്റെ പ്രധാന മാനദണ്ഡം. മേല്പറഞ്ഞ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെട്ട ഓരോ രത്നത്തിനും തനതായ സവിശേഷരാസയോഗം ഉണ്ടായിരിക്കും. താഴെ പട്ടികയില്‍ വിവിധതരം ഗാര്‍നറ്റുകള്‍ക്കു കൊടുത്തിരിക്കുന്ന രാസസൂത്രങ്ങള്‍ ഏകദേശമായവ മാത്രമാണ്.

ചുവപ്പുനിറമുള്ള മാണിക്യക്കല്ലുകളായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗാര്‍നറ്റുകളാണ് പൈറോപ്പുകള്‍. ശുദ്ധ രൂപത്തിലിരിക്കുമ്പോള്‍ പൈറോപ്പിന് നിറമൊന്നുമില്ല. എന്നാല്‍ പ്രകൃതിയിലുള്ള എല്ലാ പൈറോപ്പുകളിലും മാലിന്യങ്ങള്‍ അടങ്ങിയിരിക്കും. ഈ മാലിന്യങ്ങള്‍ പൈറോപ്പുകള്‍ക്ക് ചുവപ്പു മുതല്‍ കറുപ്പുവരെയുള്ള വിവിധ വര്‍ണങ്ങളുടെ പകിട്ട് പ്രദാനം ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ വജ്രഖനികളില്‍ പൈറോപ്പുകള്‍ വ്യാപകമായുണ്ട്.

മാണിക്യം, വൈഡൂര്യം (carbuncle) എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ആഭരണമുണ്ടാക്കാനുപയോഗിക്കുന്നതുമായ രത്നങ്ങള്‍ ആല്‍മാന്‍ഡൈറ്റ് വിഭാഗത്തില്‍പ്പെട്ടവയാണ്. നിരവധി വര്‍ണങ്ങളുള്ള വൈഡൂര്യങ്ങളുണ്ടെങ്കിലും ജ്വലിക്കുന്ന ചുവപ്പുനിറമുള്ള സുതാര്യമായ കല്ലുകളെ മാത്രമേ രത്നങ്ങളായി പരിഗണിക്കാറുള്ളൂ. ഇന്ത്യ, ആസ്റ്റ്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ആല്‍മാന്‍ഡൈറ്റുകള്‍ ധാരാളമുണ്ട്. സ്പെസാര്‍ട്ടൈറ്റുകള്‍ക്ക് ഇരുണ്ട നിറമായതിനാല്‍ രത്നങ്ങളെന്ന നിലയില്‍ വലിയ പ്രിയമില്ല. ശ്രീലങ്ക, അമേരിക്ക, ആല്‍പ്സ് പര്‍വതപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതു കാണപ്പെടുന്നു.

നിറമില്ലാത്തവയോ ഇളം വര്‍ണങ്ങളുള്ളവയോ ആണ് ഗ്രോസുലറൈറ്റ് വിഭാഗത്തില്‍പ്പെട്ട ഗാര്‍നറ്റുകള്‍. പച്ച, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളുള്ള ഗ്രോസുലറൈറ്റുകള്‍ സുലഭമാണ്. ഇക്കൂട്ടത്തില്‍ ചുവപ്പുകലര്‍ന്ന മഞ്ഞനിറമുള്ളവ വളരെ വിശേഷപ്പെട്ടവയാകുന്നു. ഇതിന്റെ പേര് ഗോമേദ(ക)ം-സിനമണ്‍ സ്റ്റോണ്‍-എന്നാണ്. ഇതേ വിഭാഗത്തില്‍പ്പെട്ട കടുംപച്ചനിറമുള്ള ഒരുതരം രത്നക്കല്ലുകള്‍ വളരെ വലുപ്പമുള്ളതാകുന്നു. ഘടനയിലും വര്‍ണത്തിലും അസാധാരണമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നവയാണ് ആന്‍ഡ്രഡൈറ്റ് വിഭാഗത്തില്‍പ്പെട്ട ഗാര്‍നറ്റുകള്‍. കറുത്ത് അതാര്യമായ ഒരിനത്തെ മെലാനൈറ്റ് എന്നും സുതാര്യവും മഞ്ഞ നിറമുള്ളതുമായ മറ്റൊരിനത്തെ ടോപ്പാസൊളൈറ്റ് എന്നും ഹരിതവര്‍ണമുള്ള വേറൊരിനത്തെ ഡെമന്റോയ്ഡ് എന്നും വിളിക്കുന്നു. കടുംപച്ച നിറമുള്ള ഉവറോവൈറ്റിന്റെ പരലുകള്‍ തീരെ ചെറുതായതുകൊണ്ട് രത്നങ്ങളായി ഉപയോഗിക്കാറില്ല. റഷ്യയിലെ യൂറാല്‍ പര്‍വതനിരകളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.

ആഗ്നേയശിലകളിലും രൂപാന്തരിതശിലകളിലും ഗാര്‍നറ്റുകള്‍ സ്ഥിതിചെയ്യുന്നു. മൈക്കയുടെ പാളികളില്‍ ആല്‍മാന്‍ഡൈറ്റും ക്രോമൈറ്റ് ധാതുവില്‍ ഉവറോവൈറ്റും പരലാകൃതിയുള്ള ചുണ്ണാമ്പുകല്ലുകളില്‍ ഗ്രോസുലറൈറ്റും കാണപ്പെടുന്നുണ്ട്. കേരളത്തിലുള്ള കൃഷ്ണശിലകളിലും വെള്ളാരങ്കല്ലുകളിലും കടല്‍ത്തീരമണലിലും ഗാര്‍നറ്റുകള്‍ ധാരാളമുണ്ട്. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഗാര്‍നറ്റ് രത്നക്കല്ലുകളുടെ നിക്ഷേപങ്ങളുണ്ടെന്നു കരുതപ്പെടുന്നു. ഇന്ത്യയില്‍ രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ധാരാളം ഗാര്‍നറ്റ് രത്നക്കല്ലുകളുണ്ട്. ഖനനം ചെയ്തെടുക്കുന്ന ഗാര്‍നറ്റിന്റെ സിംഹഭാഗവും അപഘര്‍ഷകവസ്തുവായി ഉപയോഗിക്കാന്‍വേണ്ടി പൊടിച്ചെടുക്കുകയാണു പതിവ്. ഈ പൊടികൊണ്ടാണ് ഗാര്‍നറ്റ് പേപ്പര്‍ (സാന്‍ഡ് പേപ്പര്‍) നിര്‍മിക്കുന്നത്. ഇതിനാവശ്യമുള്ള ഗാര്‍നറ്റ് നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സുലഭമായി കണ്ടുവരുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍