This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാബണ്‍ റിപ്പബ്ലിക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാബണ്‍ റിപ്പബ്ലിക്
Gabon Republic
ആഫ്രിക്കയുടെ പടിഞ്ഞാറേതീരത്തുള്ള ഒരു പരമാധികാരരാഷ്ട്രം. ഫ്രഞ്ച് ഇക്വറ്റോറിയല്‍ ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന കോളനിയിലെ 4 പ്രവിശ്യകളിലൊന്നായിരുന്ന ഗാബണ്‍ 1958-ല്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. 1960 ആഗ. 17-ന് ഫ്രാന്‍സ് സ്വതന്ത്രരാജ്യമായി അംഗീകരിച്ചതോടെ ഒരു പരമാധികാര രാഷ്ട്രമായിത്തീര്‍ന്നു. വനസമ്പത്തിലും ധാതുനിക്ഷേപങ്ങളിലുമുള്ള മികവും കുറഞ്ഞ ജനസംഖ്യയും നിമിത്തം പ്രതിശീര്‍ഷവരുമാനത്തില്‍ ആഫ്രിക്കയില്‍ രണ്ടാം സ്ഥാനത്തുനില്ക്കുന്ന സമ്പന്നരാജ്യമാണ് ഗാബണ്‍. ജനസംഖ്യ: 15,45,255 (2010), ജനസാന്ദ്രത: 5.5/km2.
വന്‍കരയുടെ പടിഞ്ഞാറ് അത്ലാന്തിക് തീരത്താണ് ഗാബണ്‍ സ്ഥിതിചെയ്യുന്നത്. ഭൂമധ്യരേഖയുടെ ഇരുപുറവുമായി 2,67,667 ച.കി.മീ. വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്റെ സിംഹഭാഗവും ഉഷ്ണമേഖലാ മഴക്കാടുകള്‍ (tropical rain forests) ആണ്. രാജ്യത്തുടനീളം തെക്കു വടക്കായി കിടക്കുന്ന പര്‍വതങ്ങള്‍ തീരമേഖലയെ ഉള്‍നാട്ടിലെ പീഠപ്രദേശങ്ങളില്‍നിന്നു വിഭിന്നമാക്കിയിരിക്കുന്നു. പൊതുവേ ചൂടുകൂടിയതും എന്നാല്‍ മഴ കൂടുതലുള്ളതുമായ കാലാവസ്ഥയാണുള്ളത്. മാധ്യ-താപനില 20oC നും 30oC നും മധ്യേയാണ് താപനിലയുടെ വ്യതിയാനം ജനു. പകുതി മുതല്‍ മേയ് മധ്യംവരെയും ഒ. മുതല്‍ ഡി. പകുതി വരെയുമായി രണ്ട് മഴക്കാലങ്ങളുണ്ട്. സാമാന്യത്തിലധികം മഴ ലഭിക്കുന്നു. തീരദേശത്താണ് കൂടുതല്‍ വര്‍ഷപാതം.
ഗാബണിന്റെ തെ.കിഴക്കരികില്‍ ഫ്രാന്‍സ്വീലിനു സമീപത്തു നിന്നുദ്ഭവിച്ചൊഴുകി അത്ലാന്തിക് സമുദ്രത്തില്‍ പതിക്കുന്ന 1,200 കി.മീ. നീളമുള്ള ഒഗോവൂ ആണ് മുഖ്യനദി. ഒഗോവൂവും പോഷകനദികളും തീരസമതലത്തില്‍ സഞ്ചാരയോഗ്യങ്ങളാണ്. ഉള്‍നാടന്‍ ജലഗതാഗതം സുഗമമാക്കുന്നതിന് ഈ നദികള്‍ സഹായകമായിരിക്കുന്നു. ഗാബണിന്റെ തലസ്ഥാനവും പ്രധാന തുറമുഖവുമായ ലിബര്‍വീല്‍ താരതമ്യേന ചെറിയ നദിയായ എംബേയുടെ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്നത്.
ഉഷ്ണമേഖലാ മാതൃകയിലുള്ള സസ്യജാലമാണ് ഗാബണിലുടനീളം കാണപ്പെടുന്നത്. തീരപ്രദേശത്ത് കണ്ടല്‍വനങ്ങളും ഉള്ളിലേക്കു നീങ്ങുന്തോറും നിബിഡവനങ്ങളും. ഉഷ്ണമേഖലാ വനങ്ങളില്‍ സാധാരണമായ എല്ലാ ജീവജാലങ്ങളെയും ഗാബണില്‍ കണ്ടെത്താം. പ്രായേണ ലുപ്തമായി വരുന്ന ഗോറില്ലക്കുരങ്ങുകളുടെ അവസാനതാവളം ഗാബണിലെ നിബിഡവനങ്ങളാണ്.
ജനങ്ങളും ജീവിതരീതിയും. 1968-ല്‍ 4,80,000 ആളുകളുള്ളതായി കണക്കാക്കപ്പെട്ടിരുന്നതില്‍ പതിനായിരത്തോളം പേര്‍ വിദേശികളായിരുന്നു; ദേശീയരില്‍ 19,000 പേര്‍ കാമറൂണ്‍, ദഹോമി, ടോഗോ റിപ്പബ്ലിക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു കുടുയേറിയവരും. ജനനനിരക്ക് സാമാന്യേന കൂടുതലാണ്. എന്നാല്‍ മരണനിരക്കും വളരെ കൂടുതലായതിനാല്‍ ജനസംഖ്യ ഏറെക്കുറെ സന്തുലിതമായിരിക്കുന്നു.
നാല്പതോളം ആഫ്രിക്കന്‍ ഗോത്രങ്ങള്‍ ഈ രാജ്യത്തുണ്ട്. ജനങ്ങളില്‍ 30 ശ.മാ.-ത്തോളം ഫാങ് ഗോത്രക്കാരാണ്. എഷീറ, എംബേദ, ബക്കോട്ട, ഓമീന്‍ എന്നീ ഗോത്രക്കാര്‍ക്കാണ് അംഗസംഖ്യയില്‍ തൊട്ടടുത്ത സ്ഥാനങ്ങള്‍. ഗാബണിലെ രാഷ്ട്രീയരംഗത്തും സാമ്പത്തിക മണ്ഡലങ്ങളിലും ആധിപത്യം പുലര്‍ത്തുന്നത് ഫാങ് വിഭാഗക്കാരാണെന്നു പറയാം.
ഓരോ ഗോത്രത്തിനും തനതായ ഭാഷയും പാരമ്പര്യക്രമങ്ങളുമുണ്ട്. ഔദ്യോഗികഭാഷ ഫ്രഞ്ച് ആണ്. ജനങ്ങളില്‍ 70 ശ.മാ. ക്രിസ്ത്യാനികളും ശേഷമുള്ളവര്‍ പാരമ്പര്യക്രമമനുസരിച്ച് പ്രാകൃതമതങ്ങളില്‍ വിശ്വസിക്കുന്നവരുമാകുന്നു. അടുത്തകാലത്തായി 80 ശ.മാ.-ത്തിലേറെ കുട്ടികളും വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും സാക്ഷരതാശതമാനം വളരെ കുറവാണ്. പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമായെങ്കിലും ഉപരിപഠനത്തിനുള്ള സൗകര്യം നന്നേ അപര്യാപ്തമായിത്തുടരുന്നു.
രാജ്യമൊട്ടാകെ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിലാണ് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വസിക്കുന്നത്. ശ.ശ. ജനസാന്ദ്രത ച.കി.മീറ്ററിന് അഞ്ചിലേറെ വരില്ല. ലിബര്‍വീല്‍, പോര്‍ട്ട്ജന്റീല്‍, ലാംബറീന്‍ എന്നീ പ്രധാന നഗരങ്ങളിലായി പാര്‍ക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 17 ശ.മാ. വരും. ജീവിതസൗകര്യങ്ങളുടെ കാര്യത്തില്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങള്‍ വളരെയേറെ മുന്നിലാണ്. തന്നിമിത്തം ഗ്രാമങ്ങളുപേക്ഷിച്ച് നഗരപ്രാന്തങ്ങളില്‍ പാര്‍പ്പുറപ്പിക്കുവാനുള്ള പ്രവണത ശക്തിപ്രാപിച്ചിരിക്കുന്നു. ജനപ്പെരുപ്പംമൂലം തൊഴിലവസരങ്ങള്‍, ആരോഗ്യപരിപാലനം, ശുചീകരണ വ്യവസ്ഥ തുടങ്ങിയവയെ സംബന്ധിച്ച് നഗരങ്ങള്‍ക്ക് കടുത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു.
സമ്പദ്ഘടന. 1960 വരെ ഗാബണിന്റെ പ്രധാന ധനാഗമമാര്‍ഗം വനവിഭവങ്ങളായിരുന്നു. എന്നാല്‍ ഖനനവ്യവസായം അഭിവൃദ്ധിപ്പെട്ടതിനെത്തുടര്‍ന്ന് സമ്പദ്വ്യവസ്ഥയില്‍ ധാതുവിപണനത്തിന് ഗണ്യമായ പങ്കാണ് ലഭിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ 85 ശ.മാ.-ത്തോളം വരുന്ന നിബിഡവനങ്ങള്‍ സാമ്പത്തികപ്രാധാന്യമുള്ള നിരവധി തടിയിനങ്ങളുള്‍ക്കൊള്ളുന്നു. പ്ളൈവുഡ് നിര്‍മാണത്തിനുതകുന്ന കാതലില്ലാത്ത വൃക്ഷങ്ങളും സമൃദ്ധമായുണ്ട്. ഒക്കുമേ എന്നയിനം തടി പ്ളൈവുഡുണ്ടാക്കുന്നതിന് ഏറ്റവും ഉപയുക്തമാണ്.
മാങ്ഗനീസ്, യുറേനിയം, പെട്രോളിയം എന്നീ ധാതുക്കളുടെ സമ്പന്ന നിക്ഷേപങ്ങള്‍ ഖനനവിധേയമാക്കിയതിനെത്തുടര്‍ന്ന് ഗാബണിലെ കയറ്റുമതി വരവിന്റെ 60 ശ.മാ.-വും ധാതുദ്രവ്യങ്ങളില്‍ നിന്നായി മാറിയിരിക്കുന്നു. മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളൊഴിച്ചുള്ള ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മാങ്ഗനീസ് ഉത്പാദനത്തില്‍ ഗാബണ്‍ മൂന്നാം സ്ഥാനത്താണ്. പ്രധാന ഖനിയായ മവാണ്ടയിലെ നിക്ഷേപം 20 കോടി ടണ്ണാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പ്രധാന എണ്ണപ്പാടങ്ങളാണ് ഗാമ്പ, തീരക്കടല്‍ നിക്ഷേപമായ ആങ്ഗ്വിലേ എന്നിവ. പെട്രോളിയത്തിന്റെ പ്രതിവര്‍ഷോത്പാദനം 40 ലക്ഷം ടണ്ണാകുന്നു. യുറേനിയം നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ ലുപ്തമായിത്തീര്‍ന്നിരിക്കയാണ്. ബെലിങ്ഗായില്‍ 1,000 കോടി ടണ്ണോളം വരുന്ന ഇരുമ്പയിരു നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. 60 ശ.മാ.-ത്തോളം ധാത്വംശമുള്ള ഒന്നാന്തരം അയിരാണിത്. സ്വര്‍ണം, ചെമ്പ്, കറുത്തീയം, നാകം, ഫോസ്ഫേറ്റ് എന്നിവയും സാമാന്യമായ തോതില്‍ ഖനനം ചെയ്തുവരുന്നു. ഒരു വജ്രഖനിയും ഇവിടെയുണ്ട്.
രാജ്യത്തിന്റെ ഭൂവിസ്തൃതിയില്‍ 20 ശ.മാ.-ത്തോളം കൃഷിയോഗ്യമാണെന്നിരിക്കിലും അവയില്‍ കേവലം 50 ശ.മാ. മാത്രമാണ് കൃഷിയിടങ്ങളായി മാറ്റിയിട്ടുള്ളത്. ആഹാരസമ്പാദനം ലക്ഷ്യമാക്കിയുള്ള പരമ്പരാഗത കൃഷി സമ്പ്രദായങ്ങള്‍തന്നെ ഇന്നും തുടര്‍ന്നു വരുന്നു. കൃഷിനിലങ്ങളുടെ വിസ്തൃതി ക്രമേണ കുറഞ്ഞു വരുന്ന സ്ഥിതിയാണ് ഇന്ന് ഇവിടെയുള്ളത്. കാര്‍ഷികവിഭവങ്ങളില്‍ കൊക്കോ, കാപ്പി, പനയെണ്ണ എന്നിവ സാമാന്യമായ തോതില്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ് പൊതുവേയുള്ള അവസ്ഥ.
തടി അറുത്തു പാകപ്പെടുത്തുന്നതും മര-ഉരുപ്പടികളുടെ നിര്‍മാണവുമാണ് പ്രധാന വ്യവസായങ്ങള്‍. തടിമില്ലുകള്‍, പ്ളൈവുഡ് നിര്‍മാണശാലകള്‍ തുടങ്ങിയവയ്ക്കൊപ്പം ഒരു ചെറുകിട കപ്പല്‍നിര്‍മാണശാലയും വികസിച്ചിട്ടുണ്ട്. മാങ്ഗനീസ്, യുറേനിയം എന്നീ ലോഹങ്ങളുടെ സംസ്കരണം ഘനവ്യവസായത്തില്‍പ്പെട്ടതാണ്. നെല്ലുകുത്ത്, കാപ്പിപ്പൊടിനിര്‍മാണം, ലഘുപാനീയ നിര്‍മാണം തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. സിമെന്റ്, കണ്ണാടി, സെലുലോസ് തുടങ്ങിയവയുടെ നിര്‍മാണം നഗരങ്ങളെ കേന്ദ്രീകരിച്ച് അടുത്തകാലത്തായി വികസിച്ചിട്ടുള്ള വ്യവസായങ്ങളാണ്.
ഒഗോവൂ നദീവ്യൂഹത്തിലൂടെ 100 മുതല്‍ 200 വരെ കി.മീ. ഉള്ളിലേക്കു സഞ്ചരിക്കാവുന്ന സംവിധാനമൊഴിച്ചാല്‍ ഗാബണിലെ ഗതാഗതസൗകര്യം തികച്ചും അപര്യാപ്തമാണ്. മൊത്തം 4,000 കി.മീറ്ററോളം വരുന്ന റോഡുകളില്‍ നന്നേ ചെറിയൊരംശം മാത്രമാണ് ടാര്‍ ചെയ്തതായുള്ളത്. റെയില്‍പ്പാതകള്‍ പേരിനെങ്കിലും നിലവില്‍ വന്നത് 1970-നുശേഷമാണ്. റോഡു നിര്‍മാണത്തിനും തുറമുഖ വികസനത്തിനും അടുത്തകാലത്തുമാത്രമാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. എന്നാല്‍ വ്യോമഗതാഗതത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഗാബണ്‍ മുന്‍പന്തിയിലാണ്.
വിദേശവ്യാപാരത്തിലെ പകുതിയിലേറെയും ഫ്രാന്‍സുമായാണ്. യൂറോപ്യന്‍ പൊതുവിപണിയിലെ ഇതര അംഗങ്ങളുമായും യു.എസ്സുമായും നല്ല വ്യാപാരബന്ധം പുലര്‍ത്തിപ്പോരുന്നു. വ്യാപാരത്തില്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള പങ്ക് കേവലം 5 ശ.മാ. മാത്രമാണ്. കയറ്റുമതി-ഇറക്കുമതിയില്‍ സന്തുലനാവസ്ഥ പാലിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ചുരുക്കം ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് ഗാബണ്‍. കറന്‍സി: ഫ്രാങ്ക്.
ചരിത്രം. 15-ാം ശ.-ത്തിന്റെ അന്ത്യപാദത്തിലാണ് പോര്‍ച്ചുഗീസ് നാവികര്‍ ആദ്യമായി ഗാബണ്‍ തീരത്തെത്തിയത്. ഇക്കാലത്ത് ഈ പ്രദേശത്ത് അധിവസിച്ചിരുന്നത് എംപോങ്ങു വര്‍ഗക്കാരായിരുന്നു. ഓമീന്‍ ഗോത്രത്തില്‍പ്പെട്ട ഈ തദ്ദേശീയ വിഭാഗം 13-ാം ശ. മുതല്ക്കേ ഗാബണ്‍ മേഖലയില്‍ പാര്‍പ്പുറപ്പിച്ചതായി അനുമാനിക്കപ്പെടുന്നു. ഇന്ന് ഗാബണിലെ പ്രബലവിഭാഗമായ ഫാങ് ഗോത്രക്കാര്‍ 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിലാണ് ഇവിടെ കുടിയേറിയത്. 1875 ആയപ്പോഴേക്കും ഈ ഗോത്രക്കാര്‍ ഒഗോവൂ നദീമുഖംവരെ അധിവാസം ഉറപ്പിച്ചു. നദീതടത്തിലെ വടക്കും വടക്കു കിഴക്കും ഭാഗങ്ങളിലുണ്ടായ തദ്ദേശീയ വിഭാഗങ്ങളെ ഉന്മൂലനാശം ചെയ്തുകൊണ്ടാണ് ഫാങ് ഗോത്രക്കാര്‍ ഗാബണ്‍ മേഖല കൈയടക്കിയത്. ആധുനിക ഗാബണിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഓമീന്‍ ഗോത്രക്കാരെ കടത്തിവെട്ടുവാന്‍ ഫാങ് വിഭാഗത്തിന് 1950 വരെ കാത്തിരിക്കേണ്ടിവന്നു.
പോര്‍ച്ചുഗീസുകാരെ പിന്‍തുടര്‍ന്ന് നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ത്തകരും സാഹസികസംഘങ്ങളും ഗാബണ്‍തീരം അടിക്കടി സന്ദര്‍ശിച്ചുപോന്നു. അടിമപ്പണിക്കായി ആളുകളെ ബലമായി പിടിച്ചെടുക്കലായിരുന്നു ഇവരുടെ ആദ്യകാല സന്ദര്‍ശനോദ്ദേശ്യം. തുടര്‍ന്ന് തടി, റബ്ബര്‍ തുടങ്ങിയ വിഭവങ്ങള്‍ ഇവരെ ആകര്‍ഷിച്ചു. മിഷനറി പ്രവര്‍ത്തനം വ്യാപകമായതോടെ ദേശീയ ജനതയെ മതപരിവര്‍ത്തനം ചെയ്യിക്കുന്നതിലുള്ള താത്പര്യവും വര്‍ധിച്ചു. 1939-ല്‍ ഫ്രഞ്ചുകാര്‍ ഗാബണ്‍ അഴിമുഖത്ത് സ്ഥിരമായി നാവികത്താവളം സ്ഥാപിച്ചു; അന്നത്തെ എംപോങ്ങു ഗോത്രത്തലവനുമായി വ്യാപാര ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു. 1843-ല്‍ അടിമക്കച്ചവടം ലക്ഷ്യമാക്കിവരുന്ന കടല്‍ക്കൊള്ളക്കാരെ നേരിടുവാനും വ്യാപാര വികസനം നേടുവാനും എന്ന പേരില്‍ ഫ്രഞ്ചുകാര്‍ അഴിമുഖത്തിന്റെ തെക്കേക്കരയില്‍ കോട്ടകൊത്തളങ്ങളുറപ്പിച്ചു. ഈ നാവികത്താവളം ഫ്രാന്‍സിന് ലാഭത്തെക്കാളേറെ ക്ലേശനഷ്ടങ്ങളാണുണ്ടാക്കിയത്.
തുടര്‍ന്നുള്ള ദശകങ്ങളില്‍ ഗാബണില്‍ പര്യടനം നടത്തിയ പാള്‍ ബെലോണി (1856), മാര്‍കീ ദേ കൊംപേനീ (1870) എന്നീ സഞ്ചാരികളുടെ വിവരണങ്ങളില്‍ നിന്ന് ഈ മേഖലയില്‍ കാണപ്പെടുന്ന വിഭവ സമ്പത്തിനെക്കുറിച്ച് ഫ്രഞ്ചുകാര്‍ക്ക് വിശദമായ അറിവു ലഭിച്ചു. തുടര്‍ന്ന് പെയര്‍ സാവര്‍നാന്‍ ദെ ബ്രാസാ എന്ന സാഹസികന്‍ ഈ മേഖലയില്‍ ഒരു ഫ്രഞ്ച് കോളനി സ്ഥാപിക്കുവാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. 1886-ല്‍ ഗാബണ്‍ ആസ്ഥാനമാക്കി ഒരു ജനപദം നിലവില്‍ വരികയും ചെയ്തു.
1889 മുതല്‍ 1910 വരെ ഈ അധിവാസകേന്ദ്രം ഫ്രഞ്ച് കോങ്ഗോയുടെ ഭാഗമായിരുന്നു. 1910-ല്‍ ഈ കോളനിയുടെ പേര് ഫ്രഞ്ച് ഇക്വറ്റോറിയല്‍ ആഫ്രിക്ക എന്നാക്കി മാറ്റി. ഗാബണ്‍, മധ്യകോങ്ഗോ, ഉബാങ്ങി-ഷാരി-ഛാഡ് എന്നീ മൂന്നു ജനപദങ്ങളെ ഏകോപിപ്പിച്ചുള്ളതായിരുന്നു ഈ കോളനി; 1920-ല്‍ ഛാഡ് ജനപദത്തിന് സംയുക്തരൂപം നിലനിര്‍ത്തിക്കൊണ്ടുതന്നെ, സ്വതന്ത്രഭരണാധികാരം നല്കി. 1907-ല്‍ ഫ്രഞ്ച് കോങ്ഗോയുടെ തലസ്ഥാനം ലിബര്‍വീലില്‍നിന്നു ബ്രാസാവീലിലേക്കു മാറ്റിയതുമൂലം ഗാബണ്‍തീരം മൊത്തത്തിലുള്ള അരാജകത്വത്തിലേക്കു നീങ്ങി. ഫ്രഞ്ച് കമ്പനികളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഗാബണ്‍ തീരത്തെ വിസ്തൃതമായ പ്രദേശങ്ങള്‍ കുത്തകപ്പാട്ടമായി നല്കപ്പെട്ടു. നിര്‍ബന്ധിതസേവനം നിലവില്‍വരുത്തി ദേശ്യരായ ജനങ്ങളെ നിഷ്കരുണം കഠിനാധ്വാനത്തിനു വശഗരാക്കി. ഫ്രഞ്ച് കോളനികള്‍ക്കിടയില്‍ നന്നേ പിന്നോക്കാവസ്ഥയിലായിരുന്നു ഗാബണ്‍.
രണ്ടാം ലോകയുദ്ധകാലത്ത് ജനറല്‍ ദെ ഗോളിന്റെ (de Gaulle) യുദ്ധകാല ഗവണ്‍മെന്റിന് ഗാബണ്‍ ജനതയുടെ ശക്തമായ പിന്തുണയും ആത്മാര്‍ഥമായ സേവനവും ലഭ്യമായി. കോളനികളുടെ നേര്‍ക്കുള്ള ഫ്രാന്‍സിന്റെ അയഞ്ഞ സമീപനവും ഗാബണിലെ അഭ്യസ്തവിദ്യരായ ന്യൂനപക്ഷം പ്രദര്‍ശിപ്പിച്ച രാഷ്ട്രീയാവബോധവും ഈ മേഖലയുടെ പുനരുജ്ജീവനത്തിനു സഹായകമായി. കോളനിയുടെ സ്വയംഭരണം ലക്ഷ്യമാക്കിയുള്ള നിയമങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. 1946-ല്‍, തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണസഭയോടുകൂടിയ ഫ്രഞ്ച് അധീനപ്രദേശമെന്ന പദവി ലഭ്യമായി. 1958-ല്‍ ആഫ്രിക്കന്‍ വംശജനായ ലിയോണ്‍ എംബാ ഗാബണിന്റെ പ്രധാനമന്ത്രിയായി; അതേവര്‍ഷംതന്നെ ഈ രാജ്യം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1960-ല്‍ ഗാബണിന്റെ സ്വാതന്ത്യ്രം ഫ്രാന്‍സ് പൂര്‍ണമായി അംഗീകരിച്ചു.
1946-60 കാലത്ത് ഗാബണില്‍ അനേകം രാഷ്ട്രീയകക്ഷികള്‍ ശക്തിപ്രാപിച്ചു. റിപ്പബ്ലിക് ആയി അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് എംബാ പ്രസിഡന്റായി അവരോധിതനായി (1861). 1964-ല്‍ സൈനിക നീക്കത്തിലൂടെ ഒരു വിപ്ളവഗവണ്‍മെന്റ് അധികാരത്തിലെത്തിയെങ്കിലും ഫ്രഞ്ച് വ്യോമസേനയുടെ സഹായത്തോടെ എംബാ അധികാരം വീണ്ടെടുത്തു. 1967-ല്‍ എംബായുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെതന്നെ അനുയായിയായ അല്‍ബേര്‍ ബോങ്ഗോ രാഷ്ട്രത്തലവനായി. ഇദ്ദേഹം ഏകകക്ഷി രാഷ്ട്രീയത്തിന് ഊന്നല്‍ നല്കുകയും ഗാബൊണീസ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.ജി.) എന്ന സ്വന്തം കക്ഷിയെ രാജ്യത്തിലെ ഏകനിയമവിധേയ രാഷ്ട്രീയപ്രസ്ഥാനമായി ഉയര്‍ത്തുകയും ചെയ്തു. 1990-ല്‍ നടന്ന രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി പുതിയ ഭരണഘടന രൂപീകൃതമാവുകയും 30 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്ന രാജ്യത്തെ ആദ്യ ബഹുകക്ഷി തെരഞ്ഞെടുപ്പില്‍ പി.ഡി.ജി. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തു. ഒമര്‍ ബോംഗോ തന്നെയാണ് ഇപ്പോഴും (2010) ഗാബണ്‍ പ്രസിഡന്റ്.
(എന്‍.ജെ.കെ. നായര്‍; സ.പ.)