This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷയ രോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:13, 24 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ക്ഷയരോഗം

മൈക്കോബാക്റ്റീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം എയ്ഡ്സ് കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും അധികം മരണകാരണമാകുന്ന രോഗമാണ് ക്ഷയം. മനുഷ്യരെക്കൂടാതെ പന്നി, കന്നുകാലികള്‍, കുരങ്ങ് എന്നിവയ്ക്കും ക്ഷയരോഗം പിടിപെടാറുണ്ട്.

ആമുഖം

'സമയത്തെക്കാള്‍ ഇരട്ടി പഴക്കമുള്ളത്' എന്നാണ് കോണ്‍ക്വസ്റ്റ് ഒഫ് ട്യൂബര്‍ക്കുലോസിസ് എന്ന ഗ്രന്ഥത്തില്‍ ജോര്‍ജ് ബാങ്കോഫ് ക്ഷയരോഗത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ക്ഷയരോഗചരിത്രത്തെ നാഗരികതയുടെ ചരിത്രമായും അദ്ദേഹം വിശേഷിപ്പിച്ചു. ബി.സി. 500-ാമാണ്ടിലുള്ള ഈജിപ്തിലെ മമ്മികളില്‍ ക്ഷയരോഗബാധയുടെ സൂചനകള്‍ കണ്ടിട്ടുണ്ട്. പൗരാണിക ഈജിപ്തുകാര്‍ ശിലയില്‍ ചെറുപ്രതിമകളും ശില്പങ്ങളും സൃഷ്ടിച്ച് ക്ഷയരോഗത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ആലേഖനം ചെയ്തിരുന്നു. ക്ഷയരോഗ ലക്ഷണങ്ങള്‍ ഒത്തിണങ്ങുന്ന ഒരു രോഗത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ ബാബിലോണിയക്കാരുടെ വേദപുസ്തകത്തിലും കാണാം. 'ശ്വാസാശയജ്വര'(lung fever)ത്തെപ്പറ്റിയും 'ശ്വാസാശയകുര'(lung cough)യെപ്പറ്റിയുമുള്ള വിവരണങ്ങള്‍ പുരാതന ചൈനീസ് ഗ്രന്ഥങ്ങളിലുണ്ട്. സെന്റ് അവസ്റ്റാ (Zend-Avesta) എന്ന പൗരാണിക പേര്‍ഷ്യന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ജീവന്‍ കാര്‍ന്നുതിന്നുന്ന രോഗം എങ്ങനെ ചികിത്സിക്കണമെന്നു പറഞ്ഞിട്ടുണ്ട്. ശ്വാസകോശ ക്ഷയരോഗലക്ഷണങ്ങള്‍ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പൗരാണിക യഹൂദരുടെ വേദപുസ്തകത്തിലും ഭാരതീയ വൈദ്യശാസ്ത്രഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിലും വിവരിച്ചിട്ടുണ്ട്.

പഴയകാലത്ത് ക്ഷയരോഗം സൃഷ്ടിച്ച ദുരിതങ്ങള്‍ 'മരണക്കപ്പലുകളുടെ കപ്പിത്താന്‍' എന്ന പദവി അതിനു നേടിക്കൊടുത്തു. ആഗോളതലത്തില്‍ 8.8 ദശലക്ഷം ആളുകള്‍ ക്ഷയരോഗബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (2010). 2010-ല്‍ ക്ഷയരോഗ ബാധിതരായവരുടെ 60 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. എന്നാല്‍ ജനസംഖ്യാനുപാതികമായി ഏറ്റവുമധികം ക്ഷയരോഗ ബാധിതരുള്ളത് സബ് സഹാറന്‍ ആഫ്രിക്കയിലാണ്. ഈ രോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ ഒരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ല. വികസ്വരരാജ്യങ്ങളിലാകട്ടെ, ഗണ്യമായ ദുരിതവും ജീവനാശവും സൃഷ്ടിച്ചുകൊണ്ട് ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി ഇത് തുടരുന്നു. ലോകമൊട്ടാകെ പ്രതിവര്‍ഷം ഏതാണ്ട് മൂന്ന് ദശലക്ഷം പേര്‍ ഈ രോഗംമൂലം മരണമടയുന്നതായും ഇതില്‍ 80 ശതമാനം വികസ്വര രാജ്യങ്ങളിലാണെന്നും കണക്കാക്കപ്പെടുന്നു.

പ്രാചീന സംസ്കാരങ്ങളിലെ പൗരാണിക ഗ്രന്ഥങ്ങളിലും വേദപുസ്തകങ്ങളിലും മറ്റ് ആലേഖനങ്ങളിലും ക്ഷയരോഗത്തെപ്പറ്റിയുള്ള വ്യക്തമായ വിവരണങ്ങള്‍ ധാരാളമുണ്ടെങ്കിലും രോഗകാരണം, രോഗനിര്‍ണയം, ഫലപ്രദമായ ഔഷധങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അറിവ് 19-ാം ശതകത്തിന്റെ ആദ്യദശകംവരെ ലഭ്യമായിരുന്നില്ല. ഫ്രാന്‍സിലെ റിനേതിയോഡര്‍ ലെനെക് (അദ്ദേഹം ഒരു ക്ഷയരോഗിയായിരുന്നു) സ്റ്റെതസ്കോപ്പ് കണ്ടുപിടിക്കുകയും (1819) ക്ഷയരോഗമുള്‍പ്പെടെയുള്ള ശ്വാസാശയരോഗനിര്‍ണയത്തിന് ശ്വാസകോശ സ്പന്ദനശബ്ദം എങ്ങനെ പ്രയോജനപ്പെടുത്താം എന്നു വിവരിക്കുകയും ചെയ്തു. റോബര്‍ട്ട് കോഹ് (നോ. കോഹ്, റോബര്‍ട്ട്) ക്ഷയരോഗാണുവിനെ കണ്ടുപിടിച്ചത് 1882 മാ. 2-നാണ്. 1895-ല്‍ മില്‍ഹെല്‍മ് കോണ്‍റാഡ് റോണ്‍ട്ഗെന്‍ എക്സ്-റേ കണ്ടുപിടിച്ചുവെങ്കിലും രോഗനിര്‍ണയത്തിന് അത് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് 1904-ലാണ്. ബാക്റ്റീരിയോളജിയിലും റേഡിയോളജിയിലും തുടര്‍ന്നുണ്ടായ ഗവേഷണങ്ങള്‍ രോഗത്തെപ്പറ്റിയും രോഗനിര്‍ണയത്തെപ്പറ്റിയും കൂടുതല്‍ അറിവ് പകര്‍ന്നു. രോഗസംക്രമണ നിവാരണപരമായ രാസൗഷധ ചികിത്സ(chemo-therapy)യുടെ ആവിര്‍ഭാവം (1940-നുശേഷം) ക്ഷയരോഗ ചികിത്സയില്‍ സമൂലപരിവര്‍ത്തനം സൃഷ്ടിച്ചു. ലോകമെങ്ങും ഉപയോഗത്തിലുള്ളതും വളരെ ഫലപ്രദവുമായ ബി.സി.ജി. എന്ന പ്രതിരോധ വാക്സിന്‍ 1922-ല്‍ കണ്ടുപിടിക്കപ്പെട്ടു. തന്മൂലം ഇന്ന് ക്ഷയരോഗത്തെ പൂര്‍ണമായി സുഖപ്പെടുത്തുവാന്‍ യാതൊരു പ്രയാസവുമില്ല.

രോഗാണുവിന്റെ ഘടന, സ്വഭാവം

മൈക്കോ ബാക്റ്റീരിയം ട്യൂബര്‍ക്കുലോസിസ് എന്ന രോഗാണുവിന് വണ്ണംകുറഞ്ഞ് നിവര്‍ന്ന്, അല്ലെങ്കില്‍ അല്പം വളഞ്ഞ് അഗ്രങ്ങള്‍ ഉരുണ്ട ദണ്ഡാകൃതിയാണ് ഉള്ളത്. സാധാരണ നീളം 1-4 മൈക്രോണും വീതി 0.3-0.6 മൈക്രോണും. ജന്തുകോശങ്ങളില്‍ അവ കൂടുതല്‍ നേര്‍ത്തും നീളമുള്ളതുമായി കാണപ്പെടുന്നു. കൂട്ടംകൂടിയിരിക്കാനുള്ള പ്രവണതയാണ് ഇതിനുള്ളത്. ലഘുവായ സ്റ്റെയിനിങ്ങി(അണുക്കള്‍ക്ക് നിറം നല്കുന്ന രീതി)ലൂടെ ഇവയെ നിറം പിടിപ്പിക്കുക പ്രയാസമാണ്. സ്റ്റെയിനിങ് ലായനി ചൂടാക്കിയാല്‍ ഈ എതിര്‍ത്തുനില്പിനെ നേരിടാം. അമ്ലമോ അമ്ല ആല്‍ക്കഹോളോ ഉപയോഗിച്ച് വര്‍ണമോചനം നടത്തിയാലും ഏതാനും വര്‍ണങ്ങള്‍ നിലനിര്‍ത്താനുള്ള കഴിവാണ് മൈക്കോ ബാക്റ്റീരിയം ഇനത്തില്‍പ്പെട്ട അണുക്കളുടെ പ്രത്യേകത. ഈ സ്വഭാവത്തെ 'ആസിഡ് ഫാസ്റ്റ്നസ്സ്' എന്നും മൈക്കോ ബാക്റ്റീരിയയെ 'ആസിഡ് ഫാസ്റ്റ് ബാക്റ്റീരിയ' എന്നും വിശേഷിപ്പിക്കുന്നു.

വായുസമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രം വളരുന്ന ഒരു രോഗാണുവാണ് മൈക്കോ ബാക്റ്റീരിയം ട്യൂബര്‍ക്കുലോസിസ്. ഊര്‍ജത്തിനുവേണ്ടി കേവല കാര്‍ബണ്‍ സംയുക്തങ്ങളെയും നൈട്രജനുവേണ്ടി അമോണിയെയും അമിനോ അമ്ലങ്ങളെയും ഉപയോഗപ്പെടുത്താന്‍ അവയ്ക്കു കഴിയും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയോ ഗ്ലിസറോളിന്റെയോ ഗ്ലൂക്കോസിന്റെയോ സാന്നിധ്യം അവയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. 4.5 മുതല്‍ 8 വരെ പി.എച്ച്-ല്‍ അവ വളരുന്നു. ഏറ്റവും അനുയോജ്യമായത് പി.എച്ച്. 6.8 ആണ്. വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയ താപനില 37ബ്ബഇ. ഏറ്റവും അനുകൂല സാഹചര്യത്തില്‍പ്പോലും വളര്‍ച്ച സാവധാനമാണ്.

ചൂടിനെ അതിജീവിക്കുവാനുള്ള കഴിവ് ഈ അണുക്കള്‍ക്ക് കുറവാണ്. എന്നാല്‍ വളരെ താണ താപനിലയെ അത് അതിജീവിക്കും. നേരിട്ട് സൂര്യപ്രകാശമോ മെര്‍ക്കുറി വേപ്പര്‍ ലാമ്പില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് പ്രകാശമോ പതിച്ചാല്‍ അണുക്കള്‍ നശിക്കും. വരള്‍ച്ചയെ അതിജീവിക്കുകയും പ്രകാശം തട്ടാതിരുന്നാല്‍ തനിരൂപത്തില്‍ കഫത്തില്‍ ദീര്‍ഘകാലം ജീവിക്കുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ടു പതിക്കാത്ത മുറികളില്‍ സജീവ ക്ഷയരോഗാണുക്കള്‍ ഉള്‍ക്കൊള്ളുന്ന കഫത്തിന്റെ ഉണങ്ങിപ്പൊടിഞ്ഞ ധൂളികള്‍ പൊടിയുമായി കലര്‍ന്ന് ഉണ്ടാകാനിടയുണ്ട്. തറയിലും അകസാമാനങ്ങളിലും പറ്റിയിരിക്കുന്ന ഈ ധൂളികള്‍ തറയടിക്കുമ്പോഴും ശക്തിയായി കാറ്റടിക്കുമ്പോഴും ഉയര്‍ന്നു വായുവില്‍ കലര്‍ന്ന് ആ വായു ശ്വസിക്കുന്നവരില്‍ രോഗാണുസംക്രമണം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ക്ഷയരോഗി പാര്‍ക്കുന്ന മുറികളിലെയും ആശുപത്രി വാര്‍ഡുകളിലെയും തറയും അകസാമാനങ്ങളും മറ്റും നനച്ചുതുടച്ച് പൊടിയില്‍നിന്നും സംരക്ഷിക്കണമെന്നു നിഷ്കര്‍ഷിക്കുന്നത്.

സാധാരണ അണുക്കളെ നശിപ്പിക്കാന്‍ ശക്തമായ മിക്ക രാസവസ്തുക്കളും ക്ഷയരോഗാണുക്കളെ നശിപ്പിക്കാന്‍ അശക്തമാണ്. അണുനാശിനികള്‍ വളരെ സാന്ദ്രീകൃതരൂപത്തില്‍ പ്രയോഗിച്ചാല്‍ മാത്രമേ ക്ഷയരോഗാണുക്കള്‍ നശിക്കുകയുള്ളൂ; അവ മനുഷ്യനു ഹാനികരമാണുതാനും. തന്മൂലം ക്ഷയരോഗിയുടെ വസ്ത്രങ്ങളിലും വിരിപ്പുകളിലും പറ്റിയിരിക്കാനിടയുള്ള അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം അവ ജലത്തില്‍ തിളപ്പിക്കുകയാണ്. കമ്പിളിവസ്ത്രങ്ങള്‍ 4-6 മണിക്കൂര്‍ നേരം നല്ല വെയിലില്‍ ഉണക്കി അണുവിമുക്തമാക്കാം (ഇവിടെ ചൂടിനെക്കാളേറെ പ്രകാശമാണ് രോഗാണുക്കളെ നശിപ്പിക്കുന്ന ഘടകം). മൂടിയുള്ള തുപ്പല്‍പ്പാത്രത്തില്‍ വേണം കഫം ശേഖരിക്കേണ്ടത്. കഫം മറവുചെയ്യുന്നതിനുമുമ്പ് രോഗാണുനശീകരണാര്‍ഥം നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. തുപ്പല്‍പ്പാത്രം ലോഹനിര്‍മിതമെങ്കില്‍ നല്ലവണ്ണം തീ കായിക്കണം. കടലാസ് നിര്‍മിതമെങ്കില്‍ കത്തിച്ചു നശിപ്പിക്കണം.

അണുസംക്രമണവും രോഗപരിണാമവും

പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗമല്ല ക്ഷയമെങ്കിലും ചില കൂട്ടരില്‍ രോഗപ്രതിരോധശക്തി പാരമ്പര്യമായി കുറവായിരിക്കും. ശ്വാസകോശ ക്ഷയരോഗമുള്ള രോഗിയില്‍ നിന്നേ രോഗാണുസംക്രമണം ഉണ്ടാവുകയുള്ളൂ. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ശ്വാസകോശത്തിലെ രോഗബാധിത കേന്ദ്രത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന രോഗാണുക്കള്‍ ശ്വാസനാളത്തിന്റെ മേലറ്റത്ത് എത്തുന്നു. രോഗി അപ്പോഴത് വിഴുങ്ങുകയോ തുപ്പുകയോ ചെയ്യും. ചിലപ്പോള്‍ അതിസൂക്ഷ്മ കണികകളായോ ചെറുതുള്ളികളായോ രോഗിയുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. രോഗാണു കലര്‍ന്ന പൊടി അന്തരീക്ഷത്തില്‍ ഉയര്‍ന്ന് തങ്ങിനില്‍ക്കാനിടവരുമ്പോള്‍ അത് മറ്റാളുകള്‍ ശ്വസിക്കാനിടയാവുകയും അവരില്‍ രോഗാണുസംക്രമണം ഉണ്ടാവുകയും ചെയ്യുന്നു. രോഗാണു കലര്‍ന്ന ജലകണികകളോ പൊടിയോ ശ്വസിക്കുന്നതാണ് ക്ഷയരോഗാണു സംക്രമണത്തിനു കാരണമാകുന്നത്.

ആഹാരത്തിലൂടെയും രോഗാണു സംക്രമണം നടക്കാം. മലിനമാക്കപ്പെട്ട ആഹാരം കഴിക്കുമ്പോഴും തീനുപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇതുണ്ടാകുന്നു. കന്നുകാലികളില്‍ കാണപ്പെടുന്ന ബൊവൈന്‍ (bovine) ക്ഷയരോഗാണുക്കള്‍ കാച്ചുകയോ പാസ്ച്ചറൈസു ചെയ്യുകയോ ചെയ്യാത്ത പാല്‍ കുടിക്കുമ്പോള്‍ മനുഷ്യരിലേക്കു സംക്രമിക്കുന്നു.

തൊലിയിലുണ്ടാകുന്ന മുറിവുകളിലൂടെയും രോഗാണുസംക്രമണം സാധ്യമാണ്. എന്നാലിത് വളരെ വിരളമാണ്. ആശുപത്രികള്‍, പരീക്ഷണശാലകള്‍, പോസ്റ്റുമോര്‍ട്ടം മുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവരെ അവരുടെ അശ്രദ്ധമൂലം ഇത്തരത്തില്‍ ക്ഷയരോഗം ബാധിക്കും.

പൊക്കിള്‍ക്കൊടി വഴിയുള്ള രോഗാണുസംക്രമണമാണ് മറ്റൊരു മാര്‍ഗം. ഇതിനു വെറും സിദ്ധാന്തപരമായ സാധ്യത മാത്രമേയുള്ളൂ. ക്ഷയരോഗിയായ മാതാവ് ജന്മം നല്കുന്ന ശിശു ആരോഗ്യമുള്ളതായിരുന്നാല്‍ അത് ക്ഷയരോഗാണു സംക്രമണത്തില്‍ നിന്ന് വിമുക്തമായിരിക്കും. അപൂര്‍വമായിട്ടെങ്കിലും മാതാവില്‍നിന്ന് പൊക്കിള്‍ക്കൊടിവഴി ഗര്‍ഭസ്ഥശിശുവിലേക്ക് രോഗാണുപ്രവേശിക്കുന്നപക്ഷം തീര്‍ച്ചയായും അത് പര്യയനത്തിലൂടെ സ്ഥാനം പിടിക്കുന്ന ഗുരുതരമായ അണുസംക്രമണംമൂലമാണ്; അത് ഭ്രൂണത്തെ നിര്‍ജീവമാക്കും.

രണ്ടുതരം ആളുകളിലാണ് ക്ഷയരോഗാണു സംക്രമണം ഉണ്ടാകാറുള്ളത്. (1) ക്ഷയരോഗാണു മുന്‍പൊരിക്കലും കടന്നിട്ടില്ലാത്തവരില്‍-അതായത് രോഗമോ രോഗാണുസംക്രമണമോ ഉണ്ടായിട്ടില്ലാത്തവരില്‍; (2) ക്ഷയരോഗാണുക്കള്‍ കടന്നിട്ടുള്ളവരില്‍-അതായത് രോഗമോ രോഗാണു സംക്രമണമോ ഉണ്ടായിട്ടുള്ളവരിലും ബി.സി.ജി. വാക്സിനേഷന്‍ (ബി.സി.ജി. എന്നത് വീര്യം കുറച്ച സജീവ ബൊവൈന്‍ ക്ഷയരോഗാണുക്കള്‍ തന്നെയാണ്) നടത്തിയവരിലും.

പ്രാഥമിക അണുസംക്രമണം

പ്രാഥമിക അണുസംക്രമണം (Primary Infection). മുമ്പൊരിക്കലും ക്ഷയരോഗാണുക്കള്‍ കടന്നിട്ടില്ലാത്ത ഒരാളില്‍ ക്ഷയരോഗാണു സംക്രമണം നടക്കുമ്പോള്‍ അതിനെ പ്രാഥമിക-അണുസംക്രമണം എന്നു പറയുന്നു. ശ്വാസോച്ഛ്വാസ പ്രക്രിയയിലൂടെയാണ് രോഗാണു സംക്രമണം ഉണ്ടാകുന്നതെന്നതിനാല്‍ ആദ്യമായി അതിനിരയാകുന്നതും രോഗം പ്രത്യക്ഷമാകുന്നതുമായ അവയവം ശ്വാസകോശങ്ങളാണ്. ശ്വാസഗോണികത്തില്‍ (alveolus) ഒന്നോ അതിലധികമോ രോഗാണുക്കള്‍ തങ്ങാനിടയാകുമ്പോള്‍ ന്യൂട്രോഫിലുകളാലും അല്‍വിയോളര്‍ മാക്രോഫേജസിനാലും വളയപ്പെട്ട് അവയുടെ വ്യാപനം തടയപ്പെടുന്നു. ഏതാണ്ട് ഒരു കൃത്രിമമാധ്യമത്തില്‍ വളരുന്നത്ര വേഗതയില്‍ ഈ കോശത്തില്‍ മൈക്രോ ബാക്റ്റീരിയങ്ങള്‍ പെരുകുന്നു. എന്നാല്‍ മറ്റു രോഗാണുക്കളെ അപേക്ഷിച്ച് ക്ഷയരോഗാണുക്കള്‍ വര്‍ധിക്കുന്നത് സാവധാനമാണ്. അനുകൂല സാഹചര്യത്തില്‍ എണ്ണം ഇരട്ടിക്കുന്നതിന് മറ്റണുക്കള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയമെടുക്കുമ്പോള്‍ ക്ഷയരോഗാണുക്കള്‍ 20 മണിക്കൂര്‍ എടുക്കുന്നു. ക്ഷയരോഗാണുക്കളുടെ സംഖ്യ ഗണ്യമായി വര്‍ധിക്കുമ്പോള്‍ തടിപ്പുപോലുള്ള കോശപരമായ പ്രതികരണം പ്രത്യക്ഷമാകുന്നു. ഈ അവസരത്തില്‍പ്പോലും ക്ഷയരോഗാണുക്കളുടെ വര്‍ധനവിന് നേരിടേണ്ടിവരുന്ന എതിര്‍പ്പ് വളരെ നിസ്സാരമാണ്. സംഖ്യാവര്‍ധനവിനുപരി, ക്ഷയരോഗാണുക്കള്‍ അവ കടന്നുകൂടിയ സ്ഥാനത്തുനിന്നും മറ്റു സ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നു. ഇതു പ്രധാനമായും ലസികവഴിയുള്ളതും അടുത്തുള്ള ലസികഗ്രന്ഥിയെ സംബന്ധിക്കുന്നതുമാണ്. ലസികയില്‍നിന്ന് രക്തപ്രവാഹത്തിലേക്കുള്ള രോഗാണുക്കളുടെ ഒഴുകിച്ചേരലിനെ വിവിധഭാഗങ്ങളില്‍ ക്ഷയരോഗത്തിന്റെ വിത്തുവിതയ്ക്കലായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. അങ്ങനെ പ്രാഥമിക ക്ഷയരോഗത്തില്‍, ഏതാനും നാളുകള്‍ക്കുള്ളില്‍ത്തന്നെ ശരീരമാസകലമുള്ള രോഗാണുസംക്രമണമാണ് നടക്കുന്നത്. ക്ഷയരോഗാണുക്കള്‍ക്ക് ശരീരത്തിലെ ഏതവയവത്തിലും രോഗമുണ്ടാക്കുന്നതിനുള്ള കഴിവുണ്ട്. എന്നാല്‍ അത്തരം രോഗങ്ങള്‍ ശ്വാസകോശങ്ങളില്‍ പ്രാഥമികമായുണ്ടാകുന്ന ക്ഷയരോഗാണു സംക്രമണം വിവിധഭാഗങ്ങളിലേക്കു വ്യാപിക്കുന്നതിന്റെ ഫലമായിട്ടുള്ളതാണ്. ശൈശവത്തിലോ ബാല്യത്തിലോ ആണ് പ്രാഥമിക അണുസംക്രമണം ഉണ്ടാകുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ 'ട്യൂബര്‍ക്കുലസ് മെനിന്‍ജൈറ്റിസ്സും' 'മിലിയറി ട്യൂബര്‍ക്കുലോസിസും' അസ്ഥികളെയും സന്ധികളെയും ബാധിക്കുന്ന ക്ഷയരോഗവുമായിരിക്കും.

പ്രാഥമികാണുസംക്രമണം നടക്കുന്ന ബഹുഭൂരിപക്ഷം പേരിലും, ഏതാനും ആഴ്ചകള്‍ക്കുശേഷം രോഗാണുവര്‍ധന കുറയുകയും ലസികയും രക്തപ്രവാഹവും വഴിയുള്ള അണുവ്യാപനം നിലയ്ക്കുകയും ചെയ്യുന്നു. അതോടുകൂടി രോഗപ്രക്രിയയുടെ വിഘടനം ആരംഭിക്കുകയും പലരിലും രോഗാണു സംക്രമണത്തിന്റെ യാതൊരു ലക്ഷണവും അവശേഷിപ്പിക്കാത്തഘട്ടംവരെ എത്തുകയും ചെയ്യുന്നു. അണുസംക്രമണമുണ്ടായ ഒരാളില്‍ തന്മൂലമുണ്ടാകുന്ന ആര്‍ജിത രോഗപ്രതിരോധശക്തി വികാസം പ്രാപിക്കുമ്പോഴാണ് ഈ വിഘടനം ആരംഭിക്കുന്നത്. കോശപരമായ രോഗപ്രതിരോധശക്തി രൂപംകൊള്ളുന്നതോടൊപ്പം ആതിഥേയനില്‍ താമസിച്ചു പ്രത്യക്ഷപ്പെടുന്ന അമിതമൃദു പ്രകൃതിത്വം (delayed hypersensitivity) വികാസം കൊള്ളുന്നു. ഇപ്രകാരം രോഗപ്രതിരോധശക്തി ആര്‍ജിക്കുന്നതിന്റെ ഫലമായി രോഗാണുക്കള്‍ക്ക് സ്വതന്ത്രമായി വര്‍ധിക്കുവാനുള്ള ഇടമായിരുന്ന മാക്രോഫേജസ് അതിതീക്ഷ്ണ ക്ഷയരോഗാണുക്കളുടെ വര്‍ധനവ് തടയുന്നതിനുള്ള ശക്തി ആര്‍ജിക്കുന്നു. വളരെയധികം അണുക്കള്‍ അപ്പോള്‍ നശിച്ചുപോവുകയും ചെയ്യും. അമിതമൃദു പ്രകൃതിത്വം ആ ഭാഗത്തെ കോശത്തകര്‍ച്ചയ്ക്കു കാരണമാകും. എങ്കിലും പ്രാഥമിക ക്ഷയരോഗം വികാസം പ്രാപിച്ചിട്ടുള്ള ബഹുഭൂരിപക്ഷം പേരിലും കോശത്തകര്‍ച്ച ഉണ്ടാകാത്തതിനാല്‍ കോശപരമായ രോഗപ്രതിരോധശക്തി വളരെവേഗത്തില്‍ വികാസം പ്രാപിച്ച് കോശത്തകര്‍ച്ച സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ രോഗാണുക്കളെ നിയന്ത്രണവിധേയമാക്കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. ക്ഷയരോഗാണുക്കളുടെ സംഖ്യ, അതിമൃദു പ്രകൃതിത്വത്തിന്റെ അളവ് തുടങ്ങിയ പരിമാണപരമായ ഘടകങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കാറുണ്ട്.

'ട്യൂബര്‍ക്കുലിന്‍ ടെസ്റ്റ്' നടത്തി ഒരാളിലുള്ള ഡിലേയ്ഡ് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി കണ്ടുപിടിക്കാവുന്നതാണ്. ഒരാളില്‍ ക്ഷയരോഗാണു സംക്രമണം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നറിയാന്‍ ഈ ടെസ്റ്റ് സൃഷ്ടിക്കുന്ന കോശപ്രതികരണം ഒരു പരിധിവരെ സഹായകമാകാറുണ്ട്.

പുനഃസംക്രമണവും കോശപ്രതികരണവും

രോഗാണു പുനഃസംക്രമണം ഉള്ളില്‍നിന്നോ (endogenous) പുറമേനിന്നോ (exogenous) ആകാം.

പ്രാഥമികാണുസംക്രമണത്തില്‍ സ്ഥാപിക്കപ്പെട്ട സുപ്തമായ സംക്രമണകേന്ദ്രത്തെ പുനരുജ്ജീവിപ്പിക്കുമ്പോഴാണ് ഉള്ളില്‍ നിന്നുള്ള രോഗാണു പുനഃസംക്രമണം ഉണ്ടാകുന്നത്. ഈ രീതിയിലുള്ള പുനഃസംക്രമണമാണ് പലപ്പോഴും പുനഃസംക്രമണരീതിയിലുള്ള ശ്വാസകോശക്ഷയരോഗം സൃഷ്ടിക്കുന്നത്. ഉള്ളില്‍ നിന്നുള്ള പുനഃസംക്രമണം വഴി ക്ഷയരോഗമുണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. പുനഃസംക്രമണം എവിടെനിന്നുണ്ടാകുന്നു എന്ന കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം കെട്ടടങ്ങിയിട്ടില്ലെങ്കിലും അത് ആന്തരികമോ ബാഹ്യമോ ആയ കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നതിനുള്ള സാധ്യത നിലനില്ക്കുന്നു.

ക്ഷയരോഗാണു സംക്രമണം ഏതു മാര്‍ഗത്തില്‍ നിന്നുള്ളതായിരുന്നാലും അത് ഒരു പ്രത്യേക സ്ഥാനത്തുണ്ടാക്കുന്ന കോശക്ഷത (necrosis)മാണ് കോശമാറ്റത്തിനുള്ള കാരണം. ട്യൂബര്‍കുലില്‍ ഹൈപ്പര്‍സെന്‍സിറ്റിവിറ്റിമൂലം തടിപ്പുണ്ടാക്കുന്ന പ്രതികരണത്തിന്റെ നശീകരണസ്വഭാവഫലമാണ് കോശക്ഷതം ഉണ്ടാകുന്നത്. കോശപരമായി ആര്‍ജിച്ച രോഗപ്രതിരോധശക്തി ക്ഷയരോഗാണുക്കളുടെ വര്‍ധനയും വ്യാപനവും തടയുന്നു. എങ്കിലും രോഗം ബാധിച്ച ഭാഗത്തിനു ചുറ്റുമുള്ള ടിഷ്യുക്കളിലേക്ക് അത് വ്യാപിച്ചുവെന്നു വരാം. ശ്വാസനാളം വഴി ശ്വാസകോശങ്ങളില്‍ രോഗം വ്യാപിക്കുന്നു. ചിലപ്പോള്‍ കോശക്ഷതം ഏറ്റഭാഗത്ത് രക്തധമനി തകര്‍ന്ന് മറ്റു ഭാഗങ്ങളിലേക്കും രോഗം വ്യാപിച്ചെന്നുവരാം. ആതിഥേയന്റെ രോഗപ്രതിരോധശേഷിയുടെ അടിസ്ഥാനത്തില്‍ പുനഃസംക്രമണരോഗം വിവിധങ്ങളായ കോശമാറ്റം സൃഷ്ടിക്കുന്നു. ചെറുത്തുനില്പിനു നല്ല ശേഷിയുള്ളപ്പോള്‍ രോഗം പ്രത്യക്ഷപ്പെടാതെ കോശമാറ്റം ഉണ്ടായസ്ഥാനത്തുതന്നെ അവസാനിക്കുന്നു. നല്ല രോഗപ്രതിരോധശേഷിയുള്ളവരില്‍ അണുബാധയുണ്ടായ ഭാഗത്ത് ഒരു ചെറുമുഴയുടെ രൂപത്തിലുള്ള മൂടിക്കെട്ടുണ്ടാകുന്നു. രോഗപ്രതിരോധശക്തി കുറഞ്ഞവരില്‍ കൂടുതല്‍ ക്ഷതം ഏല്പിച്ചുകൊണ്ട് രോഗം വ്യാപിക്കുകയും ഫ്രൈബോസിസ് ഉണ്ടാകുകയും ചെയ്യും. ഈ രീതിയിലുള്ള രോഗം ആതിഥേയന്റെ ചെറുത്തുനില്പിനെ ക്ഷയരോഗാണുക്കള്‍ പരാജയപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്ഥായിയായുള്ള രോഗാവസ്ഥയില്‍ ഈ സമരം-രോഗാണുക്കള്‍ക്കനുകൂലമായാണ് അവസാനിക്കാറുള്ളതെങ്കിലും-ദീര്‍ഘകാലം നീണ്ടുനില്‍ക്കും. രോഗമുണ്ടാക്കുന്ന വ്രണം കിഴിഞ്ഞ് ശ്വാസകോശാവരണത്തിലേക്ക് കടന്ന് എംപൈമയെന്ന രോഗാവസ്ഥയോ ന്യൂമോതൊറാക്സ് (Pneumothorax) എന്ന രോഗാവസ്ഥയോ സൃഷ്ടിക്കുന്നു. വ്രണത്തിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തം സ്രവിക്കുന്നു.

പൊതുവായ രോഗലക്ഷണങ്ങള്‍

തളര്‍ച്ച. സന്ധ്യയ്ക്കാണ് ഇത് സാധാരണ അനുഭവപ്പെടുക. വിശ്രമിച്ചാല്‍ മാറുന്നു. ക്രമേണ വളരെ നേരത്തേക്ക് ക്ഷീണം അനുഭവപ്പെടും. രാത്രിവിശ്രമം രോഗിക്ക് ആശ്വാസം നല്കിയെന്നു വരില്ല.

വിശപ്പ്. കുറയും.

ഭാരക്കുറവ്. ഭാരം ക്രമേണ കുറഞ്ഞുകൊണ്ടിരിക്കും. ആരംഭദശയില്‍ ഗണ്യമായ ഭാരക്കുറവ് അനുഭവപ്പെടുകയില്ല.

പനി. സാധാരണ, ക്ഷയരോഗത്തോടൊപ്പം പനിയും അനുഭവപ്പെടും. ആദ്യഘട്ടത്തില്‍ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ചെറിയ പനിയുണ്ടാവും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പനി കഠിനവും വിട്ടുമാറാത്തതുമാകും.

നാഡിമിടിപ്പ്. വര്‍ധിച്ചിരിക്കും. വൈകാരികമായ ചാഞ്ചല്യവും ഏകാഗ്രതക്കുറവും അനുഭവപ്പെടും.

പ്രത്യേകലക്ഷണങ്ങള്‍

ശ്വാസകോശക്ഷയരോഗം. ചുമ, കഫത്തില്‍ രക്തം, നെഞ്ചുവേദന, ശ്വാസംമുട്ടല്‍ എന്നിവ സാധാരണമായിരിക്കും. ചുമയാണ് സര്‍വസാധാരണമായ ലക്ഷണം. രക്തം കവിട്ടുന്ന അവസ്ഥ (ഹീമോപ്റ്റിസിസ്) വളരെ ഗുരുതരവും പരിപൂര്‍ണ വിശ്രമവും പരിരക്ഷയും ആശുപത്രി ചികിത്സ ആവശ്യമുള്ളതുമാണ്. മറ്റു രോഗങ്ങള്‍ കൊണ്ടും ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ ഇന്ത്യയില്‍ ഈ രോഗലക്ഷണമുള്ള 50 ശതമാനം രോഗികളും ശ്വാസകോശക്ഷയരോഗികളാണ്.

അസ്ഥികളെയും സന്ധികളെയും ബാധിക്കുന്നത്. ഇന്ത്യയിലിതു സാധാരണമാണ്. ഇവിടെ അസ്ഥിരോഗങ്ങളില്‍ രണ്ടാംസ്ഥാനം ക്ഷയരോഗത്തിനാണുള്ളത്; ശിശുക്കളിലും യുവാക്കളിലും സാധാരണ കണ്ടുവരുന്നു. ഏത് അസ്ഥിയെ അല്ലെങ്കില്‍ സന്ധിയെയാണ് രോഗം ബാധിച്ചിട്ടുള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. രോഗം ബാധിച്ച സ്ഥാനത്ത് നീരും വേദനയും അനുഭവപ്പെടും.

വൃക്കകളെ ബാധിക്കുന്നത്. കടിപ്രദേശത്തു വേദന, അടിക്കടി മൂത്രമൊഴിക്കല്‍, വേദന കൂടാതെ മൂത്രത്തിലൂടെയുള്ള രക്തംപോക്ക് (haematuria) എന്നിവയാണ് ചില ലക്ഷണ ങ്ങള്‍.

കുടലിനെ ബാധിക്കുന്നത്. രോഗം ബാധിച്ച സ്ഥാനം, വ്രണത്തിന്റെ സ്വഭാവം ഇവയുടെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കടുത്ത വേദനയോടുകൂടിയ, വിട്ടുമാറാത്തതോ ഇടവിട്ടുണ്ടാകുന്നതോ ആയ അതിസാരമാണ് പ്രാരംഭലക്ഷണം. വളരെ വിരളമായി വിശപ്പില്ലായ്മയും ഛര്‍ദിയും അനുഭവപ്പെടാറുണ്ട്. മലബന്ധം, അടിവയറു തടിപ്പ്, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കുടലിനെ ബാധിക്കുന്ന ഒരുതരം ക്ഷയരോഗത്തില്‍ സാധാരണമാണ്.

ഗര്‍ഭാശയത്തെ ബാധിക്കുന്നത്. ഇതു സ്ത്രീകളില്‍ വന്ധ്യത സൃഷ്ടിക്കുന്നു.

ത്വക്കിനെ ബാധിക്കുന്നത്. ത്വക്കിനെ ബാധിക്കുന്ന ഒരിനം ക്ഷയരോഗമായ ലൂപസ് വള്‍ഗാരിസ് (lupus vulgaris) മുഖം, കൈമുട്ട്, കാല്‍മുട്ട്, നിതംബം എന്നീ ഭാഗങ്ങളെ ബാധിക്കും.

നേത്രത്തെ ബാധിക്കുന്നത്. നേത്രത്തിന്റെ വിവിധ ഭാഗങ്ങളെ ക്ഷയരോഗം ബാധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

മസ്തിഷ്കത്തെയും മസ്തിഷ്കാവരണചര്‍മത്തെയും ബാധിക്കുന്നത്. ഇത് മസ്തിഷ്കത്തില്‍ മുഴ പോലുള്ള വളര്‍ച്ചകള്‍ ഉണ്ടാക്കും. രോഗം ബാധിച്ച സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

മസ്തിഷ്കാവരണചര്‍മത്തെ ബാധിക്കുന്ന രോഗം സാധാരണയായി ശിശുക്കളെയും യൌവനാരംഭത്തിലുള്ളവരെയുമാണ് ബാധിക്കാറുള്ളത്. അപൂര്‍വമായി വൃദ്ധരിലും ഉണ്ടാകുന്നുണ്ട്. തലവേദന, ദീപനക്ഷയം, ചെറിയ പനി, ഭാരനഷ്ടം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. ചില ശിശുക്കളിലുണ്ടാകുന്ന സന്നി ഇതിനൊരു മുന്നോടിയാണ്. ഛര്‍ദിയുണ്ടായിരിക്കും. കഴുത്തിനും പുറംപേശികള്‍ക്കും അയവില്ലായ്മ അനുഭവപ്പെടും; തന്മൂലം അലോസരപ്പെടുത്തുന്നത് രോഗികള്‍ ഇഷ്ടപ്പെടാറില്ല; വശം ചരിഞ്ഞ് കാല്‍മുട്ടുകള്‍ മടക്കി കിടക്കാനായിരിക്കും അവര്‍ ഇഷ്ടപ്പെടുക. രോഗം വര്‍ധിക്കുന്നതോടുകൂടി പ്രജ്ഞ അവ്യക്തമാവുകയും തുടര്‍ന്ന് നശിക്കുകയും ചെയ്യും. രോഗം വളരെ ഗുരുതരവും യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കാത്തപക്ഷം മാരകവുമായിരിക്കും.

ലസികാഗ്രന്ഥികളെ ബാധിക്കുന്നത്. ഇത് വളരെ വ്യാപകമായി നിലവിലുണ്ട്. വ്രണങ്ങളും ദ്വാരങ്ങളും സൃഷ്ടിച്ചുകൊണ്ട് വീര്‍ത്ത ഗ്രന്ഥികള്‍ പ്രവര്‍ത്തനരഹിതമാകുന്നു. കാലേകൂട്ടി ഗ്രന്ഥിയുടെ ബയോപ്സി നടത്തി രോഗം സ്ഥിരീകരിച്ചില്ലെങ്കില്‍ തെറ്റായ രോഗനിര്‍ണയത്തിനിടയാകും.

ശിശുക്കളിലെ പ്രാഥമിക ക്ഷയം. അവ്യക്തമായ അനാരോഗ്യം, ചെറിയ പനി, പുഷ്ടിയില്ലായ്മ, വിളര്‍ച്ച, ഭാരക്കുറവ് തുടങ്ങിയവയാണ് ക്ഷയരോഗം സംശയിക്കപ്പെടുന്ന ശിശുക്കളുടെ ചില ലക്ഷണങ്ങള്‍. ചുമ, സ്ഥിരീകരണമുള്ള രോഗലക്ഷണമല്ല. ചിലപ്പോള്‍ ചുമ ഒട്ടും ഉണ്ടായില്ലെന്നുവരാം. പകരുന്നയിനം ശ്വാസകോശക്ഷയരോഗം ബാധിച്ച ഒരാളുമായി ബന്ധപ്പെടാനിടയായിട്ടുള്ള ശിശുവില്‍ അവ്യക്തമായ അനാരോഗ്യം ഉണ്ടായാല്‍ പ്രാഥമിക ക്ഷയരോഗം സംശയിക്കാവുന്നതാണ്.

ചികിത്സ

ബാക്റ്റീരിയോളജി, റേഡിയോളജി, ലബോറട്ടറി പരിശോധന എന്നീ രംഗങ്ങളിലെ പുരോഗതിമൂലം ക്ഷയരോഗനിര്‍ണയം കൃത്യമായി നടത്തുന്നതിന് ഇന്നു സാധിക്കുന്നു. ചികിത്സ സംബന്ധിച്ച പുതിയ അറിവും അനുഭവങ്ങളും ക്ഷയരോഗാണുക്കള്‍ക്കെതിരെ ഫലപ്രദവും ശക്തവുമായ ഔഷധങ്ങളുടെ കണ്ടുപിടിത്തവും ഇന്ന് സമ്പൂര്‍ണ രോഗശമനം സാധ്യമാക്കിത്തീര്‍ത്തിട്ടുണ്ട്. ശ്വാസകോശക്ഷയരോഗം ഇന്ന് 100 ശതമാനവും സുഖപ്പെടുത്താമെന്നായിട്ടുണ്ട്.

രോഗത്തിന്റെ സ്വഭാവവും രോഗം ബാധിച്ച ശാരീരികാവയവവും ഏതുതന്നെയായാലും വേണ്ടത്രകാലം മുടങ്ങാതെ രാസൗഷധങ്ങള്‍ സേവിച്ച് ചികിത്സ നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സാകാലം സാധാരണയായി 18-24 മാസമാണ്. പുതുതായി കണ്ടുപിടിക്കുന്ന രോഗത്തിന് കുറഞ്ഞത് 12 മാസത്തെ ചികിത്സയെങ്കിലും വേണം. ഔഷധങ്ങള്‍ പതിവായി സേവിച്ച് ചികിത്സ പൂര്‍ത്തിയാക്കണമെന്നുള്ളതിനാല്‍ രോഗിയുടെ സഹകരണം വളരെ പ്രധാനമാണ്.

രോഗി ആശുപത്രികളില്‍ മാറി പാര്‍ക്കുക, ദീര്‍ഘകാലം വിശ്രമമെടുക്കുക, പോഷകപ്രധാനമായ ആഹാരം കഴിക്കുക, നല്ല കാറ്റും വെളിച്ചവും അനുഭവിക്കുക തുടങ്ങിയ പൊതു നടപടികള്‍ ക്ഷയരോഗചികിത്സയില്‍ വളരെ പ്രാധാന്യമുള്ളതായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അത്ര പ്രാധാന്യമുള്ള കാര്യങ്ങളല്ല എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗിയെ അയാളുടെ ഗൃഹത്തിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളില്‍ വച്ചുപോലും ഫലപ്രദമായി ചികിത്സിക്കാം. ഹീമോപ്റ്റിസിസ്, ന്യൂമോതൊറാക്സ്, എംപൈമ തുടങ്ങിയ രോഗസങ്കീര്‍ണതകള്‍ക്കു പാത്രമായവര്‍ക്കും ഗൃഹചികിത്സ നല്ല ഫലം കാണിക്കാത്ത രോഗികള്‍ക്കും ആശുപത്രി ചികിത്സയാണ് നന്ന്. ഔഷധവീര്യത്തെ ചെറുത്തുനില്‍ക്കുന്ന രോഗാണുക്കള്‍ ബാധിച്ചവരും ശസ്ത്രക്രിയ ആവശ്യമായിട്ടുള്ളവരും ആശുപത്രി ചികിത്സ വേണ്ടവരാണ്. രാസൗഷധചികിത്സ ഫലപ്രദമായതോടെ ക്ഷയരോഗചികിത്സയില്‍ ശസ്ത്രക്രിയയ്ക്കുള്ള സ്ഥാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

രോഗം നിര്‍ണയിക്കപ്പെടുന്നതിനും രോഗി ഔഷധസേവ ആരംഭിക്കുന്നതിനും മുമ്പാണ് രോഗസംക്രമണം സാധ്യതയെന്നുള്ളതിനാല്‍ രോഗിയുടെ മാറിപ്പാര്‍ക്കല്‍ ആവശ്യമില്ല. ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ രോഗാണുക്കളുടെ വര്‍ധന ക്ഷയിക്കുകയും രോഗാണുസംക്രമണസാധ്യത കുറയുകയും ചെയ്യും.

രോഗിക്ക് ദീര്‍ഘവിശ്രമം ഇന്ന് തീരെ ആവശ്യമില്ല. രോഗിയെ അസ്വസ്ഥമാക്കുന്ന രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ പ്രവൃത്തിയെടുക്കരുത് എന്നുമാത്രം. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും രോഗി പ്രാപ്തനായിത്തീരുകയും ചെയ്യുമ്പോള്‍ അല്പം ക്ളേശകരമായ ജോലിപോലും ചെയ്യുന്നതിന് അയാളെ പ്രേരിപ്പിക്കാവുന്നതാണ്.

ക്ഷയരോഗ ചികിത്സയ്ക്ക് പോഷകമൂല്യമുള്ള ആഹാരം കൂടിയേ കഴിയൂ എന്ന ഒരു തെറ്റിദ്ധാരണ സാധാരണക്കാരുടെയിടയിലും വൈദ്യവൃത്തിയിലേര്‍പ്പെട്ടിട്ടുള്ളവരുടെ ഇടയിലും നിലവിലുണ്ട്. ആ ധാരണ ശരിയല്ല. ചികിത്സയുടെ വിജയത്തിന് രോഗിക്ക് അധികപോഷകാഹാരം ആവശ്യമില്ല. പോഷകാഹാരത്തിന്റെ അഭാവത്തില്‍ ഔഷധസേവ തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നു ധരിച്ച് വളരെപ്പേര്‍ ഔഷധസേവയില്‍ നിന്ന് പിന്മാറുന്നുണ്ട്. സാധാരണ ആഹാരം കഴിച്ചുകൊണ്ടുതന്നെ ഔഷധസേവ നടത്തി രോഗം ഭേദമാക്കാവുന്നതാണ്. രോഗി പട്ടിണി കിടക്കരുതെന്നുമാത്രം.

ഇന്ന് ചികിത്സ പരാജയപ്പെടുന്നതിന്റെ കാരണം ചികിത്സയിലെ അപര്യാപ്തതയോ ഔഷധസേവയില്‍ വരുത്തുന്ന മുടക്കമോ, ചികിത്സ അകാലത്ത് അവസാനിപ്പിക്കുന്നതോ ഔഷധവിഷാംശം ചികിത്സയെ തടസപ്പെടുത്തുന്നതോ മാത്രമാണ്. പ്രാഥമികൗഷധവീര്യത്തോടുള്ള അണുക്കളുടെ ചെറുത്തുനില്പാണ് ചികിത്സ പരാജയപ്പെടുന്നതിനുള്ള കാരണമെന്ന വിശ്വാസത്തിന് ഇന്ന് പ്രസക്തിയില്ല. ക്രമരഹിതമായ ഔഷധസേവയും ചികിത്സ അകാലത്ത് അവസാനിപ്പിക്കലുമാണ് ചികിത്സ പരാജയപ്പെടുന്നതിനുള്ള പ്രധാനകാരണങ്ങള്‍. പുതുതായി ക്ഷയരോഗം കണ്ടുപിടിക്കപ്പെട്ട രോഗിയില്‍ നിശ്ചിത ഔഷധങ്ങള്‍ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു കഴിഞ്ഞാല്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. അപ്പോള്‍ രോഗം ഭേദമായിക്കഴിഞ്ഞു എന്ന് രോഗി വിശ്വസിക്കാനിടയുണ്ട്. രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞാലും നിശ്ചിതകാലം ചികിത്സ തുടരേണ്ടതുണ്ടെന്ന് രോഗിയെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്.

ചികിത്സ വിജയകരമായി നടത്തിയാലും കുറഞ്ഞ ശതമാനം ആളുകളില്‍ രോഗം പ്രത്യാഗമിക്കാറുണ്ട്. അങ്ങനെയുണ്ടാകുന്നെങ്കില്‍ അത് മിക്കപ്പോഴും ചികിത്സ അവസാനിപ്പിച്ച് 3-5 വര്‍ഷങ്ങള്‍ക്കകമായിരിക്കും. ചികിത്സ പുനരാരംഭിച്ച് അത് ഫലപ്രദമായി നേരിടാവുന്നതാണ്.

രണ്ടു വിധത്തിലുള്ള ചികിത്സാവിധികളാണ് ഇന്ന് നിലവിലുള്ളത്. 18 മുതല്‍ 24 മാസംവരെ നീണ്ടുനില്‍ക്കുന്ന സാധാരണ ക്ഷയരോഗചികിത്സയും ആറുമുതല്‍ ഒന്‍പതു മാസം വരെ നീണ്ടുനില്‍ക്കുന്ന ഹ്രസ്വകാലചികിത്സയും (വീൃെ ലൃാേ വേലൃമ്യു). ഇതില്‍ ഏതുരീതിയാണ് അവലംബിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. രണ്ടു രീതിയിലും പല ഔഷധങ്ങളുടെ ഒരു സമ്മിശ്രമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ശസ്ത്രക്രിയ

ഔഷധങ്ങള്‍മാത്രം ഉപയോഗിച്ചുള്ള ചികിത്സ ഇന്ന് ഫലപ്രദമാണെങ്കിലും കുറേപ്പേര്‍ക്കെങ്കിലും ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ട്. ഔഷധങ്ങള്‍ വേണ്ടത്ര കാലയളവു സേവിച്ചിട്ടും രോഗാണുക്കളുള്ള കഫമുള്ളവര്‍ (ഓപ്പണ്‍ പോസിറ്റീവ്), വളരെ കട്ടിയുള്ള ആവരണത്തോടുകൂടിയ ക്യാവിറ്റിയുള്ളവര്‍, അമിതമായി രക്തം ഛര്‍ദിക്കുന്നവര്‍, ഒരു ലോബോ ശ്വാസകോശമോ പൂര്‍ണമായി നശിച്ചുപോയവര്‍, ആസ്പര്‍ജിലോമ ബാധിച്ചവര്‍, എംപൈമ വന്നവര്‍, ക്ഷയരോഗത്തോടൊപ്പം കാന്‍സറും ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നു.

നിയന്ത്രണം

ക്ഷയരോഗം നിയന്ത്രണവിധേയമാക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങളുണ്ട്. താരതമ്യേന കുറഞ്ഞ ഒരു കാലയളവില്‍ ജപ്പാന്‍ ഈ ലക്ഷ്യം നേടിയെടുത്തു. രണ്ടാം ലോകയുദ്ധാനന്തരകാലത്ത് ക്ഷയരോഗം ജപ്പാന് ഗുരുതരമായ ഒരു പ്രശ്നമായിരുന്നു. ഇന്ന് ലോകത്തിലെ മറ്റേതൊരു വികസിതരാജ്യത്തെയുംപോലെ ക്ഷയരോഗ നിര്‍മാര്‍ജനത്തില്‍ ജപ്പാന്‍ വിജയിച്ചുകഴിഞ്ഞു.

ക്ഷയരോഗ നിയന്ത്രണത്തിനുള്ള സ്ഥിരവും സുസംഘടിതവുമായ മാര്‍ഗങ്ങള്‍ താഴെ പറയുന്നു.

ക്ഷയരോഗാണു സംക്രമമുണ്ടായിട്ടില്ലാത്ത ജനങ്ങള്‍ക്ക് സ്വാഭാവിക രോഗാണുസംക്രമത്തെ ചെറുക്കുന്ന രോഗപ്രതിരോധശക്തി നല്കാന്‍ ബി.സി.ജി. കുത്തിവയ്പ് ഏര്‍പ്പെടുത്തുക. പ്രത്യേകം തയ്യാറാക്കിയ, തീക്ഷ്ണത കുറഞ്ഞ ക്ഷയരോഗാണുക്കളെ ശരീരത്തില്‍ കുത്തിവച്ചാണ് പ്രതിരോധശക്തിയുണ്ടാക്കുന്നത്. നവജാത ശിശുക്കള്‍ക്ക് കഴിവതും വേഗം ഈ കുത്തിവയ്പ് എടുക്കേണ്ടതാണ്.

രോഗം ഉണ്ടെന്ന് അറിയാത്തവരില്‍നിന്ന് ചുറ്റുമുള്ള ജനങ്ങളിലേക്ക് രോഗം സംക്രമിക്കാതിരിക്കാന്‍ രോഗികളെ കണ്ടുപിടിക്കുന്നതിനുള്ള സ്ഥിരമായ ഏര്‍പ്പാടുണ്ടാക്കുക, രോഗം കണ്ടുപിടിക്കപ്പെട്ട രോഗികള്‍ക്ക് ശരിയായ ചികിത്സ നല്കുക, അണുസംക്രമണം വ്യാപകമാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിഷ്കര്‍ഷിക്കുക, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ് മൂടണമെന്നത് ഒരു ശീലമാക്കുക. അശ്രദ്ധമായി എവിടെയും തുപ്പുന്നത് ക്ഷയരോഗസംക്രമത്തെ സഹായിക്കുന്ന ഒരു ദുശ്ശീലമാണ്.

ഇന്ത്യയില്‍

ക്ഷയരോഗം ഇന്ത്യയില്‍ ഒരു വലിയ പൊതുജനാരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2010-ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷം ആളുകള്‍ ക്ഷയരോഗത്തിന്റെ പിടിയിലാണ്. ക്ഷയരോഗം ഗ്രാമീണരെയും നാഗരികരെയും ഒരുപോലെ ബാധിക്കുമെങ്കിലും ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും ഗ്രാമങ്ങളിലായതിനാല്‍ ക്ഷയരോഗത്തെ ഒരു ഗ്രാമീണ പ്രശ്നമായാണ് വീക്ഷിക്കുന്നത്. ഇന്ത്യയില്‍ ക്ഷയരോഗത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി 1962-ല്‍ ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി ആരംഭിച്ചു. തുടക്കത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാനും മരുന്നുകള്‍ സൗജന്യമായി രോഗിയുടെ വീട്ടിലെത്തിക്കാനും ഉള്ള സംവിധാനം ഇന്നുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ ജില്ലകളിലും ടി.ബി. കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ കേന്ദ്രങ്ങളില്‍നിന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ഡിസ്പെന്‍സറികളും വഴി രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നു. ചികിത്സ മുടക്കുന്ന രോഗികളെ കണ്ടുപിടിച്ച് വീണ്ടും ചികിത്സിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ടി.ബി. സെന്ററുകളിലുണ്ട്.

ക്ഷയരോഗനിയന്ത്രണത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ഒരു പരിപാടിയാണ് ഡോട്ട് (Directly Observed Treatment Short Course - DOTS). ഇതിലൂടെ ക്ഷയരോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് സൗജന്യമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തുവരുന്നു. ക്ഷയരോഗത്തെ പൂര്‍ണമായും നിര്‍മാജനം ചെയ്യുന്നതിനും, ക്ഷയരോഗ ചികിത്സയും ന്യൂതന ചികിത്സാമാര്‍ഗങ്ങളും മരുന്നുകളും വികസിപ്പിച്ചെടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍ക്കുലോസിസ്.

(ഡോ. എസ്. ശിവരാമന്‍; സ.പ.)

ക്ഷയരോഗം-ആയുര്‍വേദത്തില്‍

ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നീ പ്രാമാണിക ആയുര്‍വേദഗ്രന്ഥങ്ങളിലും യോഗാമൃതം, ചികിത്സാമഞ്ജരി എന്നീ കേരളീയ ഗ്രന്ഥങ്ങളിലും രാജയഷ്മാവ്, ശോഷം, രോഗരാട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ക്ഷയരോഗത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

നിദാനം

നിദാനം (കാരണം). ദേഹമനസ്സുകളുടെ ശക്തിക്കതീതമായി അധ്വാനിക്കുക-സാഹസകര്‍മങ്ങള്‍ ചെയ്യുക (തന്നെക്കാള്‍ ശക്തിയുള്ളവരുമായി മല്‍പ്പിടിത്തം നടത്തുക, ഭാരം എടുക്കുക, ചുമടു ചുമക്കുക, മുതലായ) മലമൂത്രാദിവേഗങ്ങളെ വേണ്ട സമയത്തു പ്രവര്‍ത്തിപ്പിക്കാതിരിക്കുക, അകാലത്തില്‍ അനാവശ്യമായി പ്രവര്‍ത്തിപ്പിക്കുക, ശരീരത്തിന്റെ നിലനില്പിനെ സഹായിക്കുന്ന ശുക്ളം, ഓജസ് എന്നിവയെ നശിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക, വേണ്ട സമയത്തും ആവശ്യമനുസരിച്ചും സമീകൃതാഹാരാദികളെ സ്വീകരിക്കാതിരിക്കുക ഇവയെല്ലാമാണ് രോഗകാരണങ്ങള്‍.

ഔപസര്‍ഗിക രോഗങ്ങളുടെ (ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍) കൂട്ടത്തിലാണ് ക്ഷയരോഗത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പൂര്‍വരൂപം

കൂടെക്കൂടെയുള്ള മൂക്കടപ്പ്, ജലദോഷം, ഇടവിടാതുള്ള തുമ്മല്‍, വായില്‍ വെള്ളമൂറല്‍, വായ്ക്ക് മധുരരസം കൂടതലായി അനുഭവപ്പെടല്‍, ക്രമമായ രീതിയില്‍ ഭക്ഷിച്ചിരുന്നാലും ശരീരത്തിന് അമിതമായ ക്ഷീണം, നെഞ്ചുകലിപ്പ്, ഛര്‍ദി, ആഹാരത്തിന് രുചിയില്ലായ്മ, കാലുകളിലും മുഖത്തും നീര്, കണ്ണുകള്‍ക്ക് സ്വതവേയുള്ള പ്രസാദം ഇല്ലാതിരിക്കല്‍; മൈഥുനം, മദ്യം, മാംസം എന്നിവയില്‍ അമിതതാത്പര്യം, നഖങ്ങള്‍, മുടി എന്നിവ കൂടുതലായി വളരല്‍ എന്നിവ ക്ഷയരോഗം വ്യക്തമാകുന്നതിനു മുമ്പായി കാണപ്പെടുന്നു. അതിനിദ്ര, അംഗങ്ങള്‍ക്കു തളര്‍ച്ച, ശ്വാസംമുട്ടല്‍, എന്നിവകൂടി ഉണ്ടാകാമെന്നു സുശ്രുതസംഹിതയില്‍ പറയുന്നു. ഈ പൂര്‍വരൂപങ്ങളെല്ലാംതന്നെ ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല. പതിവായി ഉപയോഗിക്കുന്ന പാത്രത്തിനു വൃത്തി പോരെന്നുള്ള തോന്നല്‍, ആഹാരത്തിനു വൃത്തിയില്ലെന്നുള്ള വിചാരം ഇവ ക്ഷയരോഗത്തിന്റെ പൂര്‍വരൂപമായി കാണപ്പെടുന്ന മാനസികാവസ്ഥകളാണ്. ഓജക്ഷയമാണ് ഇതിന്റെ കാരണം.

സമ്പ്രാപ്തി

ക്ഷയരോഗത്തിന് സാമാന്യസമ്പ്രാപ്തിയും വിശേഷ സമ്പ്രാപ്തിയുമുണ്ട്. ത്രിദോഷങ്ങളു(വാത-പിത്ത-കഫങ്ങള്‍)ടെ കോപത്താലാണ് രോഗമുണ്ടാകുന്നത്; നിദാനാദികളെക്കൊണ്ട് പ്രത്യേകിച്ചും വേഗരോധാദികളെക്കൊണ്ടു കോപിച്ച വായു-പിത്ത-കഫങ്ങളെ അതാതിന്റെ സ്ഥാനത്തുനിന്നും ചലിപ്പിച്ച് ശരീരസന്ധികളിലും മറ്റുമെത്തിച്ച് സ്രോതോരോധത്തെ ഉണ്ടാക്കി അതാതിന്റെ സ്ഥാനമനുസരിച്ച് വിവിധ ലക്ഷണങ്ങളെ പ്രകാശിപ്പിക്കുന്നു. വിശേഷ സമ്പ്രാപ്തിയില്‍-സാഹസാദികര്‍മങ്ങളെക്കൊണ്ട് ഉരസ്സിനു ക്ഷതമുണ്ടായി വാതം കോപിച്ച് ഉരസ്ഥിരമായ കഫത്തെയും പിന്നീട് പിത്തത്തെയും സ്വസ്ഥാനത്തുനിന്നുമിളക്കി സര്‍വ ദേഹജമായി വ്യാപിപ്പിച്ച് കാസശ്വാസാദി വികാരങ്ങളെ ഉണ്ടാക്കുന്നു. ഇവ ശരീരസന്ധിഗതമാകുമ്പോള്‍ ജ്വരം, അംഗമര്‍ദം എന്നിവയെയും ആമാശയസ്ഥമാകുമ്പോള്‍ അരോചകാദി ഉപദ്രവങ്ങളെയും ഉണ്ടാക്കുന്നു. ഇവ ക്രമേണ ശരീരക്ഷയത്തിനു കാരണമാകുന്നു. വേഗസംരോധംകൊണ്ടു കോപിച്ച വായു-പിത്ത-കഫങ്ങളുമായി ചേര്‍ന്ന് സര്‍വശരീരത്തിലും വ്യാപിച്ച് വേദനാവിശേഷങ്ങള്‍, അതിസാരം, ചിലപ്പോള്‍ മലബന്ധം എന്നിവയെ ഉണ്ടാക്കുന്നു. ക്ഷയരോഗത്തില്‍ കോഷ്ഠാഗ്നിയും ധാത്വഗ്നികളും മന്ദീഭവിക്കുകയും രാസാദിസ്രോതോവാഹികള്‍ ദോഷലിപ്തമായിത്തീരുകയും ചെയ്യുന്നു. ഭക്ഷിക്കുന്ന ആഹാരത്തിനു ക്രമാനുഗതമായ പചനം സാധ്യമല്ലാതെയാകുന്നതിനാല്‍ മാംസം, മേദസ് എന്നിവയ്ക്ക് പോഷണം ലഭിക്കാതെ ക്ഷയത്തെ പ്രാപിക്കുന്നു. അതിമൈഥുനാദികളെകൊണ്ട് ശുക്ലക്ഷക്ഷയവും ഓജക്ഷയവും സംഭവിക്കുന്നു. ക്ഷയിക്കുന്നതിനനുസരിച്ച് തുലനാത്മകത വരുത്താന്‍ സാധ്യമല്ലാതെ വരുന്നതിനാല്‍ പ്രത്യേക ശരീരപ്രക്രിയയാല്‍ ശുക്ളം, ഓജസ് എന്നിവയുടെ ക്ഷയത്തില്‍ മജ്ജ, അസ്ഥി, മേദസ്, മാംസം എന്നീ ക്രമത്തില്‍ പ്രതിലോമക്ഷയവും ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍

ആചാര്യന്മാര്‍ ഏകാദശ ലക്ഷണങ്ങള്‍ (കാസം, സ്വരഭേദം, അരുചി, പാര്‍ശ്വശൂലം, അതിസാരം, ജ്വരം, രക്തംതുപ്പല്‍, ഛര്‍ദി, ശ്വാസം, ശിരശൂല, അംഗമര്‍ദം എന്നിവ) വിവരിക്കുന്നുണ്ട്. ക്ഷയത്തിന്റെ അവസ്ഥാഭേദമനുസരിച്ച് (ഊര്‍ധ, അധതിര്യക്, പാര്‍ശ്വ) ഈ ലക്ഷണങ്ങള്‍ പ്രത്യേകമായി കണക്കാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

രോഗനിര്‍ണയം

പ്രാരംഭാവസ്ഥയില്‍ ലക്ഷണത്തെ മാത്രം മുന്‍നിര്‍ത്തിയാണ് രോഗനിര്‍ണയം ചെയ്തുവരുന്നത്. പനി, ശ്വാസംമുട്ടല്‍, രക്തം തുപ്പല്‍, ആഹാരം വേണ്ടവണ്ണം കഴിച്ചാലും ശരീരക്ഷീണം എന്നീ ലക്ഷണങ്ങള്‍ രോഗനിര്‍ണയത്തിനു സഹായകമാണ്.

സാധ്യാസാധ്യത

ഇടവിട്ടുള്ള പനി, രക്തം ഛര്‍ദി, അതിസാരം, അഗ്നിമാന്ദ്യം, അമിതമായ കാര്‍ശ്യം, മൂത്രകൃഛ്രം, ശുഷ്കശോഫം, ഊര്‍ധ്വശ്വാസം, എക്കിട്ടം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നവരില്‍ ശമനസാധ്യത തുലോം പരിമിതമാണെന്നു കാണാം.

സാമാന്യചികിത്സ, വിശേഷചികിത്സ, ലക്ഷണചികിത്സ എന്നിങ്ങനെ ചികിത്സ ക്രമീകരിച്ചിരിക്കുന്നു.

സാമാന്യചികിത്സ

ക്ഷയരോഗം അപതര്‍പ്പണാത്മകമായ രോഗമായതിനാല്‍ അതിനു വിപരീതമായ സന്തര്‍പ്പണോത്ഥമായ ചികിത്സാരീതികളാണ് സ്വീകരിക്കേണ്ടത്. രോഗിയുടെ ശരീരബലമനുസരിച്ച് മിതമായ രീതിയില്‍ വമനാദി പഞ്ചകര്‍മങ്ങള്‍ പ്രയോഗിക്കണം. വിദാര്യാദി, രാസ്നാദി, ഇന്ദുകാന്തം, ഷഡ്പലം എന്നിവയിലൊരു ഘൃതയോഗം സ്നേഹനത്തിനായി ഉപയോഗിക്കാം. അതിനുശേഷം സ്വേദം (ശരീരം വിയര്‍പ്പിക്കല്‍), വമന, വിരേചന, വസ്തി, നസ്യങ്ങള്‍ എന്നിവ ചെയ്യാം. അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതും ആഹാരപചനസമര്‍ഥമായതും ശരീരത്തെ തടിപ്പിക്കുന്നതുമായ ഔഷധാഹാരവിഹാരങ്ങളെ ശീലിപ്പിക്കണം. ഏലാകണാദി, ഇന്ദുകാന്തം, വിദാര്യാദി എന്നീ കഷായയോഗങ്ങളും; ദശമൂലാരിഷ്ടം, ദ്രാക്ഷാരിഷ്ടം എന്നീ അരിഷ്ടങ്ങളും അമൃതപ്രാശഘൃതം, ച്യവനപ്രാശം, ബൃഹത്ഛാഗല ഘൃതം, ബൃഹത് അശ്വഗന്ധഘൃതം എന്നീ ഘൃതയോഗങ്ങളും; ലശുന, നാഗബല, കന്മദരസായനങ്ങളും യുക്തിക്കനുസരിച്ച് കൊടുക്കാം.

ഭാവപ്രകാശം, യോഗരത്നാകരം എന്നിവയില്‍ വ്യവായശോഷി, അധ്വശോഷി എന്നിവര്‍ക്ക് വിധിച്ചിട്ടുള്ള ചികിത്സാരീതികളെ വിശേഷ ചികിത്സയായി സ്വീകരിക്കാവുന്നതാണ്.

ലക്ഷണചികിത്സ

രോഗിയുടെയും രോഗത്തിന്റെയും ബലാബലങ്ങളെ ആസ്പദമാക്കി ജ്വരം, രക്തഛര്‍ദി, കാസം, സ്വരസാദം, അരുചി, പീനസം, ശ്വാസം, അതിസാരം ഇവയ്ക്കോരോന്നിനും പ്രത്യേകമായി വിധിച്ചിട്ടുള്ള ചികിത്സാരീതികളെ ലക്ഷണചികിത്സയായി സ്വീകരിക്കേണ്ടതാണ്.

ആഹാരവിഹാരങ്ങള്‍

പ്രായേണ ബൃംഹണങ്ങളും അധികം ഗുരുത്വമില്ലാത്തതും വാതഹരണങ്ങളുമായ ആഹാരം നല്കുന്നതാണ് അഭികാമ്യം. നവരയരി, ഗോതമ്പ്, യവം, ചെറുപയറ്, പാല്‍ (പ്രത്യേകിച്ചും ആട്ടിന്‍പാല്‍), ഘൃതം, മാംസം (ആട്ടിന്‍മാംസമോ മാംസം തിന്നുജീവിക്കുന്ന ജന്തുക്കളുടെ മാംസമോ), മുന്തിരിങ്ങാ, ഈന്തപ്പഴം, പറങ്കിമാമ്പഴം എന്നിവ ഹിതമാണ്. പറങ്കിമാമ്പഴവും അതിന്റെ ചാറും പറങ്കിയണ്ടിപ്പരിപ്പും ഏറ്റവും അനുയോജ്യമാണ്. ക്രമമായ ഉറക്കം, വിശ്രമം, ധാരാളം വായുസഞ്ചാരമുള്ളിടത്തുള്ള കിടപ്പ്, സ്നാനം, ക്ഷീരവസ്തി പ്രയോഗം ഇവയും ക്ഷയരോഗിക്കു ഹിതമായിട്ടുള്ളതാണ്. അതിയായ വിരേചനം, മൈഥുനം, വ്യായാമം എന്നിവ ക്ഷയരോഗി ശീലിക്കാന്‍ പാടുള്ളതല്ല.

(ഡോ.എന്‍.എസ്. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍