This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേത്രകലകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:38, 22 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ഷേത്രകലകള്‍

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വളര്‍ന്നു വികാസംപ്രാപിച്ച കലാരൂപങ്ങള്‍. ശില്പവിദ്യ, ചിത്രകല എന്നിവയെപ്പോലെ സംഗീതം, വാദ്യം, നൃത്തം, നാട്യം മുതലായ ലളിതകലകള്‍ക്കും ക്ഷേത്രങ്ങള്‍ രംഗവേദികളും പ്രോത്സാഹനങ്ങളുമായി വര്‍ത്തിച്ചു.

കളമെഴുത്ത്, മുടിയേറ്റ്, തീയാട്ട്, തിറയാട്ടം, പാന മുതലായ അനേകം അനുഷ്ഠാനകലകളോടൊപ്പം പരിഷ്കൃതരൂപത്തിലുള്ള നാട്യകലയുടെ പരിപോഷണത്തിനും കേരളത്തിലെ ക്ഷേത്രങ്ങള്‍ കളമൊരുക്കിയിട്ടുണ്ട്. കൂടിയാട്ടം, കൂത്ത്, പാഠകം, അഷ്ടപദിയാട്ടം, കൃഷ്ണാട്ടം, കഥകളി, തുള്ളല്‍, മോഹിനിയാട്ടം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. സംഘക്കളിയില്‍ ഈശ്വരാരാധനാപരമായ അംശം കുറച്ചുണ്ടെങ്കിലും അതു ക്ഷേത്രത്തില്‍ നടത്താറില്ല. ഇവയില്‍ കഥകളിയും തുള്ളലും ആരംഭകാലം മുതല്‍തന്നെ ക്ഷേത്രപരിസരങ്ങള്‍ക്കു പുറത്തും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് കൂത്ത്, കൂടിയാട്ടം, കൃഷ്ണാട്ടം എന്നിവയും ക്ഷേത്രരംഗം വിട്ടു പുറത്തുവന്നു. എങ്കിലും അവയുടെ ഉദ്ഭവവും വളര്‍ച്ചയും ക്ഷേത്രത്തോടു ബന്ധപ്പെട്ടായതുകൊണ്ട് അവയെയും ക്ഷേത്രകലകളായി പരിഗണിക്കാം. ഇവയുടെ പേരുകളില്‍നിന്ന് കളി, ആട്ടം, കൂത്ത് എന്നീ ദ്രാവിഡനാമങ്ങള്‍ കൊണ്ടാണ് അന്നത്തെ നൃത്യകലാരൂപങ്ങള്‍ അറിയപ്പെട്ടിരുന്നത് എന്നു കാണാം.

കൂടിയാട്ടം

കൂടിയാട്ടം. സംസ്കൃതനാടകങ്ങള്‍ ഭരതന്റെ നാട്യശാസ്ത്രനിയമമനുസരിച്ച് ഇന്ത്യയിലെ പല പ്രവിശ്യകളിലും അരങ്ങേറിയിരുന്നു. ആ സംസ്കൃതനാടകങ്ങളെ കേരളത്തിന്റേതായ ചില ഭേദഗതികളോടുകൂടി അവതരിപ്പിക്കുന്നതാണ് കൂടിയാട്ടം. അഷ്ടബന്ധപ്രതിഷ്ഠയോടുകൂടിയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലേ കൂടിയാട്ടം നടത്താവൂ എന്ന നിയമമുണ്ടായിരുന്നു. പറക്കുംകൂത്ത് മുതലായ ചിലവമാത്രം ചില പ്രത്യേക രംഗങ്ങള്‍ (ഗരുഡന്‍ പറക്കുന്നത് മുതലായവ) അവതരിപ്പിക്കാനുള്ള സൗകര്യത്തിനായി അമ്പലപ്പറമ്പുകളില്‍ നടത്താറുണ്ട്. അത്തരം പറമ്പുകളില്‍ ചിലവ ഇന്നും കൂത്തുപറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നു.

കൂടിയാട്ടത്തില്‍ ചാക്യാര്‍മാരും നങ്ങ്യാര്‍മാരും ചേര്‍ന്നാണ് അഭിനയം. മിഴാവുകൊട്ടാന്‍ നമ്പ്യാരും കുഴിത്താളം പിടിക്കാന്‍ നങ്ങ്യാരും രംഗത്തുണ്ടായിരിക്കും.

സംസ്കൃതനാടകത്തില്‍നിന്നു കൂടിയാട്ടത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രധാനമായി മൂന്നാണ്: (1) സംസ്കൃത പ്രാകൃതഭാഷകള്‍ക്കു പുറമേ മലയാളഭാഷയുടെ ഉപയോഗം, (2) പുരുഷാര്‍ഥ വര്‍ണന, (3) സമുദായ വിമര്‍ശനം. ഇവയില്‍ ആദ്യത്തേതുകൊണ്ടാണ് രണ്ടും മൂന്നും സാധ്യമാകുന്നത്. നാടകങ്ങളിലെ വിദൂഷകന്‍ പ്രാകൃതത്തിനു പുറമേ കൂടിയാട്ടത്തില്‍ മലയാളവും പറയുന്നു. സംസ്കൃതവാക്യങ്ങളുടെ മലയാളം പറയുക മാത്രമല്ല അയാള്‍ ചെയ്യുന്നത്. നായകനും മറ്റും ചൊല്ലുന്ന സ്ലോകത്തിന് ഹാസ്യാനുകരണമായി (പാരഡി) മലയാളത്തില്‍ സ്ലോകങ്ങള്‍ ചൊല്ലും. ധര്‍മാര്‍ഥകാമമോക്ഷങ്ങളുടെ സ്ഥാനത്ത് വിനോദം, അശനം, വഞ്ചനം, രാജസേവ എന്നിവ ഹാസ്യാത്മകമായി ആവിഷ്കരിക്കുന്നതാണ് കൂടിയാട്ടത്തിലെ പുരുഷാര്‍ഥ വര്‍ണന. വിദൂഷകന്‍ നായകനായ രാജാവിനെ സേവിക്കാന്‍ ഇടയായതെങ്ങനെ എന്നു വിവരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ പുരുഷാര്‍ഥവര്‍ണന അവതരിപ്പിക്കുന്നത്.

നാടകബാഹ്യമായ അംശം സമുദായവിമര്‍ശനം-എന്ന ലക്ഷ്യം- വിജയപൂര്‍വം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും അഭിനയപരമായ അംശത്തിന് അല്പംപോലും കോട്ടം തട്ടുന്നില്ല, എന്നു തന്നെയല്ല ഭാവാഭിനയത്തില്‍ കൂടിയാട്ടം മികച്ചുനില്‍ക്കുന്നു. ഈ അംശത്തില്‍ കഥകളി കൂടിയാട്ടത്തെയാണ് അനുകരിക്കുന്നത്. കഥകളിയില്‍ നിന്നു വ്യത്യസ്തമായി കൂടിയാട്ടത്തില്‍ നടന്മാര്‍തന്നെ സ്ലോകം ചൊല്ലുകയും വാക്യങ്ങള്‍ പറയുകയും ചെയ്യുന്നു. ഓരോ പദത്തിനും അതിന്റെ പ്രത്യയത്തിനും മുദ്ര കാണിച്ച് ഭാവപ്രകാശനത്തോടെ അഭിനയിക്കുമ്പോള്‍ വളരെയധികം സമയം വേണ്ടിവരും.

വാചികം, സാത്വികം, ആംഗികം, ആഹാര്യം എന്നീ നാലുവക അഭിനയങ്ങളും നൃത്തഗീതവാദ്യങ്ങളും 'കൂടിയ' നാട്യപ്രയോഗമായതിനാലാണ് കൂടിയാട്ടം എന്ന പേര്‍ വന്നത് എന്നു ചിലര്‍ വിശ്വസിക്കുന്നു. നമ്പ്യാര്‍മാരും നങ്ങ്യാര്‍മാരും 'കൂടി ആടുന്ന'തിനാല്‍ കൂടിയാട്ടമായി എന്നു മറ്റുചിലരും വിശ്വസിക്കുന്നു. വിഭാവാനുഭാവവ്യഭിചാരികളോടു 'കൂടിയ' രസാഭിനയമാണ് കൂടിയാട്ടം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഭരതന്റെ നാട്യശാസ്ത്രത്തിലെ നിയമങ്ങളും നാട്യശാസ്ത്രത്തിന് ശേഷമുണ്ടായ മറ്റു ചില നാട്യശാസ്ത്രഗ്രന്ഥങ്ങളിലെ (ഹസ്തലക്ഷണദീപിക മുതലായ) നിയമങ്ങളും അനുസരിച്ചാണ് സംസ്കൃത നാടകങ്ങള്‍ അഭിനയിച്ചിരുന്നത്. ആട്ടപ്രകാരം, ക്രമദീപിക എന്നിവ കൂടിയാട്ടത്തിനുവേണ്ടിത്തന്നെ രചിക്കപ്പെട്ടവയാണ്.

ചാക്യാര്‍കൂത്ത്

ചാക്യാര്‍കൂത്ത്. ഏകനടന്റെ അല്പമാത്രമായ അഭിനയത്തോടുകൂടിയ പുരാണകഥാപ്രതിപാദനമാണ് ചാക്യാര്‍കൂത്ത്. കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷമാണ് ആ നടന്‍ ധരിക്കുന്നത്. കൂടിയാട്ടത്തിലായാലും ഒരു നടന്‍ മാത്രം രംഗത്തുനിന്ന് അഭിനയിക്കുമ്പോള്‍ അതിനെ കൂത്ത് എന്നാണ് പറയാറുള്ളത്. ഉദാ. അംഗുലീയാങ്കം (ആശ്ചര്യചൂഢാമണി നാടകത്തിലെ ഒരു അങ്കം മാത്രമാണ് അംഗുലീയാങ്കം), മന്ത്രാങ്കം, മത്തവിലാസം എന്നീ കൂത്തുകള്‍.

കേരളത്തില്‍ നവോത്ഥാനകാലഘട്ടം വരെ ചാക്യാര്‍ ജാതിക്കാര്‍ക്കാണ് കൂത്തുനടത്താന്‍ അവകാശമുണ്ടായിരുന്നത്. മിഴാവു കൊട്ടാന്‍ നമ്പ്യാരും കുഴിത്താളം പിടിക്കാന്‍ നങ്ങ്യാരും സഹായത്തിനുണ്ടായിരിക്കും. അഷ്ടബന്ധ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ മാത്രമേ കൂത്ത് നടത്താവൂ എന്ന നിയമം അടുത്തകാലംവരെ പാലിക്കപ്പെട്ടിരുന്നു. സംസ്കൃത പദബഹുലമായ ഭാഷാപ്രബന്ധങ്ങളിലെ വരികള്‍ ചൊല്ലി (സംസ്കൃത പ്രബന്ധങ്ങളും ഒരു കാലത്ത് കൂത്തിന് ഉപയോഗിച്ചിരുന്നു) മലയാളത്തില്‍ വ്യാഖ്യാനിക്കുക എന്നതാണ് കൂത്തിന്റെ സമ്പ്രദായം. ഇടയ്ക്ക് പ്രധാനകഥയില്‍നിന്നു വ്യതിചലിച്ച് ഉപകഥകള്‍ പറയാറുണ്ട്. പുറമേ സമുദായത്തിലെ അനാശാസ്യതകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കഥാപാത്രങ്ങളുടെ ചിത്രീകരണമെന്ന വ്യാജേന അന്നത്തെ സമുദായത്തിലെ വ്യക്തികളുടെയും വര്‍ഗങ്ങളുടെയും സ്വഭാവവൈകല്യങ്ങളെയും കുത്സിതവൃത്തികളെയും ചിത്രീകരിച്ചിരുന്നു. സദസ്യരില്‍ ആരുടെ ദുര്‍വൃത്തിയെയും പരിഹാസരൂപത്തില്‍ വിമര്‍ശിക്കാം. ഭരിക്കുന്ന രാജാക്കന്മാര്‍പോലും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരുന്നു.കൂത്തു പറയുമ്പോള്‍ എന്തുപറഞ്ഞാലും ചാക്യാര്‍ ശിക്ഷയ്ക്കതീതനാണ്. നൈമിശാരണ്യത്തില്‍ കഥാകഥനം നടത്തുന്ന സൂതന്റെ പ്രതിനിധിയായി കൂത്തുപറയുന്ന ചാക്യാരെ കണക്കാക്കുന്നതാണ് അതിനു കാരണം. സമകാലിക സാമൂഹ്യപ്രശ്നങ്ങള്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തുടങ്ങിയവ ചാക്യാര്‍കൂത്തിന്റെ അരങ്ങില്‍ പ്രതിപാദ്യവിഷയമാകുന്നുണ്ട്.

പാഠകം. കൂത്തിന്റെ കുറേക്കൂടി ലളിതവും ജനകീയവുമായ രൂപമാണ് പാഠകം. ഇതിലും പുരാണകഥാപ്രപഞ്ചനവും ഹാസ്യത്തില്‍ പൊതിഞ്ഞ സമുദായ വിമര്‍ശനവുമുണ്ട്. നമ്പ്യാരാണ് പാഠകം പറയുക. മിഴാവു മുതലായ വാദ്യമൊന്നും പാഠകത്തിനില്ല. നമ്പ്യാരുടെ വേഷവിധാനം ലളിതമായിരിക്കും. പട്ടുടുത്ത് കഴുത്തില്‍ സ്വര്‍ണമുത്തുമാലയോ രുദ്രാക്ഷമാലയോ അണിഞ്ഞ് തലയില്‍ ഒരു പട്ടും ചുറ്റിക്കെട്ടിയാല്‍ വേഷം പൂര്‍ണമായി. കൂത്തിനുള്ളതുപോലെ സ്ഥലകാല നിബന്ധനകളൊന്നും പാഠകത്തിനില്ല. ക്ഷേത്രത്തിനു പുറത്തും ഏതുനേരത്തും പാഠകം നടത്താം. കൂത്തിന് മിഴാവു കൊട്ടാന്‍ നില്‍ക്കുന്ന നമ്പ്യാര്‍ ആ കല സ്വായത്തമാക്കി അതിനെ ലളിതമായി പുനരാവിഷ്കരിച്ചതായിരിക്കണം പാഠകം.

തുള്ളല്‍. കൂടിയാട്ടം, കൂത്ത് എന്നിവയുടെ കുറേക്കൂടി ജനകീയമായ കലാരൂപമാണ് തുള്ളല്‍. കലക്കത്തു കുഞ്ചന്‍നമ്പ്യാരാണ് തുള്ളലിന്റെ ഉപജ്ഞാതാവ്. കൂത്തു പറയുന്നതിനിടയില്‍ തന്നെ പരിഹസിച്ച ചാക്യാരോടു പകരം വീട്ടാനാണ് നമ്പ്യാര്‍ തുള്ളലുണ്ടാക്കിയതെന്നാണ്

ഐതിഹ്യം. ചാക്യാര്‍കൂത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട നമ്പ്യാര്‍ സാധാരണജനതയ്ക്കുവേണ്ടി രൂപംകൊടുത്ത കലയാണ് തുള്ളല്‍ എന്നു വിശ്വസിക്കാം.

തുള്ളല്‍ മൂന്നുതരമുണ്ട്. ഓട്ടന്‍തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍തുള്ളല്‍. പറയന്‍, ശീതങ്കന്‍ എന്നിവ ജാതിപ്പേരുകളാണ്. ആ ജാതിക്കാരുടെ ഇടയില്‍ നിലവിലിരുന്ന ചില പ്രാകൃത നൃത്തങ്ങളെയും ചാക്യാര്‍കൂത്തിലെ ചില അംശങ്ങളെയും കൂട്ടിയിണക്കി അന്നത്തെ ജനസാമാന്യത്തെ രസിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രതിഭാശാലിയായ നമ്പ്യാര്‍ കൈക്കൊണ്ട ഒരു മാര്‍ഗമാണ് തുള്ളലായി പരിണമിച്ചതെന്നു കരുതുന്നതാണ് ഉചിതം. പുരാണകഥകളാണ് തുള്ളലിലെ ഇതിവൃത്തം. എന്നാല്‍ നമ്പ്യാര്‍ അവയ്ക്ക് കേരളീയഛായ നല്കുന്നു. പുരാണകഥാപാത്രങ്ങളിലും മറ്റുചില കഥാപാത്രങ്ങളിലും അന്നത്തെ ചില കേരളീയരുടെ സ്വഭാവവും പ്രവൃത്തികളും ആരോപിച്ച് അവയെ വിമര്‍ശിക്കുകവഴി സാമൂഹികവിമര്‍ശനം സാധിക്കുന്നു. പുരാണകഥകളിലൂടെ ധര്‍മോപദേശം നടത്തുന്നു. വിമര്‍ശനം ഹാസ്യത്തിന്റെ അംശം ധാരാളം കലര്‍ന്നതാകയാലും പുരാണകഥാപാത്രങ്ങളുടെ പേരിലാകയാലും വിമര്‍ശനപാത്രമായവര്‍ക്കു ക്ഷോഭിക്കാന്‍ നിവൃത്തിയില്ല. എന്നാല്‍ കൂത്തിലെന്നപോലെ പാഠ്യഭാഗത്തു നിന്നു വ്യതിചലിച്ച് അപ്പപ്പോള്‍ തോന്നുന്ന വിമര്‍ശനം ഉള്‍പ്പെടുത്താന്‍ തുള്ളല്‍ക്കാരനു കഴിയില്ല എന്ന പരിമിതി തുള്ളലിനുണ്ട്. ഭാഷ പൊതുവേ സാധാരണക്കാരനു മനസ്സിലാകുന്നതാകയാല്‍ തുള്ളല്‍ തികച്ചും ജനകീയസ്വഭാവം പുലര്‍ത്തുന്നു.

അഷ്ടപദിയാട്ടം. സംസ്കൃതത്തിലെ ഗീതഗോവിന്ദം അഥവാ അഷ്ടപദി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതതിന്റേതായ പ്രത്യേകനാട്യ(നൃത്ത) സമ്പ്രദായങ്ങളില്‍ ആടിവന്നിരുന്നു. കേരളത്തിലും അത് അരങ്ങത്ത് ആടാന്‍ പറ്റിയ ഒരുതരം നൃത്തമായി ആവിഷ്കരിക്കപ്പെട്ടു. അതാണ് അഷ്ടപദിയാട്ടം. അഷ്ടപദി ആട്ടപ്രകാരം എന്ന കൃതിയില്‍ നിന്ന് രാമവര്‍മ എന്ന വ്യക്തിയാണ് അഷ്ടപദിയാട്ടത്തിന് രൂപം നല്കിയതെന്നാണ് കരുതപ്പെടുന്നത്. രാധാകൃഷ്ണന്മാരുടെ പ്രണയകലഹവും സഖിയുടെ പ്രേരണമൂലമുണ്ടായ അവരുടെ പുനഃസമാഗമവുമാണ് ജയദേവരുടെ ഗീതഗോവിന്ദത്തിലെ ഇതിവൃത്തം. അഷ്ടപദിയാട്ടത്തിന്റെ കലാപരവും ഭക്തിപരവുമായ സ്വഭാവമാണ് അതിന്റെ വൈശിഷ്ട്യത്തിനു നിദാനം. കേരളത്തില്‍ അഷ്ടപദിയാട്ടം കൃഷ്ണനാട്ടത്തിനും കൃഷ്ണാട്ടം രാമനാട്ടത്തിനും രാമനാട്ടം ഇന്ന് ലോകപ്രസിദ്ധിയാര്‍ജിച്ചിരിക്കുന്ന കഥകളിക്കും വഴിതെളിച്ചു.

കൃഷ്ണാട്ടം. കൃഷ്ണാട്ടം അഥവാ കൃഷ്ണനാട്ടം ശ്രീകൃഷ്ണന്റെ ജീവിതകഥയെ ആസ്പദമാക്കി കോഴിക്കോട്ടെ സാമൂതിരിയായ മാനവേദന്‍ രാജ സംവിധാനം ചെയ്ത ഭക്തിനിര്‍ഭരമായ നൃത്തനാടകമാണ്. മാനവേദന്‍ തന്നെ സംസ്കൃതത്തില്‍ രചിച്ച കൃഷ്ണഗീതിയാണ് കൃഷ്ണാട്ടത്തിലെ വാച്യാംശം. ജയദേവന്റെയും മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെയും സ്വാധീനം കൃഷ്ണഗീതിയില്‍ കാണുന്നുണ്ട്. ശ്രീകൃഷ്ണചരിതത്തെ എട്ടു ഭാഗങ്ങളായി തിരിച്ച് എട്ടു ദിവസങ്ങളായി ആടുകയാണ് ചെയ്യുന്നത്. അവ അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം എന്നിവയാണ്. സ്വര്‍ഗാരോഹണത്തിനുശേഷം അവതാരം വീണ്ടും കളിക്കണം. അങ്ങനെ കൃഷ്ണാട്ടം ഒമ്പതുദിവസം രംഗത്ത് അഭിനയിക്കപ്പെടുന്നു.

കൃഷ്ണാട്ടം ആടുന്നതിന് ചില നിയമങ്ങളുണ്ടായിരുന്നു. സാമൂതിരിയുടെ ഭരണമേഖലയ്ക്കു പുറത്ത് അത് ആടിക്കൂടായിരുന്നു. പ്രധാനമായി ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കേ മലബാറിലെ ചില ക്ഷേത്രങ്ങളിലുമാണ് അത് പതിവായി ആടിയിരുന്നത്. അപൂര്‍വമായി രാജകൊട്ടാരങ്ങളിലും പ്രഭുത്വമുള്ള നമ്പൂതിരി ഇല്ലങ്ങളിലും ആടിവന്നിരുന്നു.

കൃഷ്ണാട്ടം ഭാഗികമായി കൂടിയാട്ടത്തെയും ഭാഗികമായി നാടന്‍നൃത്തങ്ങളെയും അനുകരിക്കുന്നു. കൂടിയാട്ടത്തിലെ ഹസ്തമുദ്ര കുറേയേറെ ലളിതമാക്കിയാണ് കൃഷ്ണാട്ടത്തില്‍ ഉപയോഗിക്കുന്നത്. അതില്‍ നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നുണ്ട്. സംഗീതവും കൂടിയാട്ടത്തിലുള്ളതിനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. വേഷവിധാനം, മുഖത്തെ തേപ്പ് എന്നിവയില്‍ കൂടിയാട്ടത്തെ അനുകരിക്കുന്നുണ്ടെങ്കിലും ചില കഥാപാത്രങ്ങള്‍ മുഖംമൂടി ഉപയോഗിക്കുന്നു. കൃഷ്ണാട്ടത്തിലെ മുഖത്തെ തേപ്പും വേഷവും പരിഷ്കരിച്ചു ചിട്ടപ്പെടുത്തിയാണ് കഥകളിയിലെ വേഷവിധാനം. ചിട്ടകള്‍ കര്‍ശനമായപ്പോള്‍ കഥകളിവേഷങ്ങളുടെ വൈവിധ്യം കുറഞ്ഞുവെങ്കിലും കൃഷ്ണാട്ടത്തിലെ വേഷങ്ങള്‍ക്ക് ഈ മാറ്റം സംഭവിച്ചില്ല. കൃഷ്ണാട്ടത്തിലെ പാട്ടുകാര്‍ പാടുന്നതനുസരിച്ച് നടന്മാര്‍ മൂകാഭിനയം നടത്തുന്നു. കൃഷ്ണകഥ പ്രസിദ്ധമാകയാല്‍ സംസ്കൃതഗാനങ്ങള്‍ കഥാപരിജ്ഞാനത്തിന് വിഘാതമാകാറില്ല. ഭക്തിയാണ് ഈ ക്ഷേത്രകലയുടെ മുഖ്യരസം. ഭക്തിക്ക് അംഗമായി മറ്റുരസങ്ങളും ആവിഷ്കരിക്കപ്പെടുന്നു.

കഥകളി. കേരളീയരുടെ കലാവാസനയുടെ പൂര്‍ണവികാസം കാണുന്നത് കഥകളിയിലാണ്.

സാഹിത്യം, സംഗീതം, നൃത്തം, അഭിനയം, വാദ്യം എന്നീ കലകളുടെ സമഞ്ജസമേളനം കഥകളിയില്‍ കാണാം. സാഹിത്യാംശത്തെ ആട്ടക്കഥ (ആടാനുള്ള കഥ) എന്നാണ് വിശേഷിപ്പിക്കുന്നത്. കഥ ആടുമ്പോള്‍ അഥവാ രംഗത്ത് അഭിനയിക്കുമ്പോള്‍ അത് കഥകളി എന്ന പേരില്‍ അറിയപ്പെടുന്നു.

വാചികം, ആംഗികം, ആഹാര്യം, സാത്വികം എന്നീ നാലുവിധം അഭിനയങ്ങളും കഥകളിയിലുണ്ട്.

ആട്ടക്കഥാസാഹിത്യം പിന്‍പാട്ടുകാര്‍ പാടുന്നത് വാചികാഭിനയം. നടന്മാര്‍ കൈമുദ്ര കാണിക്കുന്നത് ആംഗികാഭിനയം. അവരുടെ വേഷഭൂഷാദി ആഹാര്യാഭിനയം. രസഭാവാവിഷ്കരണം സാത്വികാഭിനയം. ഹസ്തലക്ഷണദീപികയെ അവലംബമാക്കിയാണ് കൈമുദ്രകള്‍ കാണിക്കുന്നത്.

യുദ്ധത്തിന് കഥകളിയില്‍ പ്രാമുഖ്യമുള്ളതുകൊണ്ട് താണ്ഡവനൃത്തത്തിനാണ് പ്രാധാന്യം. ശൃങ്ഗാരപദങ്ങള്‍ ആടുമ്പോഴും മറ്റും ലാസ്യനൃത്തവും ഉണ്ടായിരിക്കും.

‎മോഹിനിയാട്ടം

മോഹിനിയാട്ടം. താളവാദ്യങ്ങളുടെ അകമ്പടിയോടെ പാട്ടുകാര്‍ പാടുന്ന പാട്ടുകളുടെ അര്‍ഥത്തെ കണ്ണ്, പുരികം എന്നിവകൊണ്ടും കൈമുദ്രകള്‍കൊണ്ടും അഭിനയിച്ചുകാണിച്ചുകൊണ്ട് സ്ത്രീകള്‍ ചെയ്യുന്ന ലാസ്യനൃത്തമാണ് മോഹിനിയാട്ടം. ഇതിവൃത്തം കൂടാതെ പാട്ടുകളുടെ അര്‍ഥം മുദ്രകളെക്കൊണ്ട് അഭിനയിച്ചുകാണിക്കുന്നതിനെ അവിനയക്കൂത്ത് (അഭിനയക്കൂത്ത്) എന്ന് ചിലപ്പതികാരത്തിന്റെ ഒരു പ്രസിദ്ധ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചുകാണുന്നു. ഈ നിര്‍വചനം മോഹിനിയാട്ടത്തിനു ചേരുന്നുണ്ട്. ചിലപ്പതികാരത്തിലെ മാധവി എന്ന വേശ്യ ആടിയ നൃത്തഭേദങ്ങള്‍ മൈക്കൂത്ത് എന്ന വര്‍ഗത്തില്‍പ്പെടും എന്ന് അതേ വ്യാഖ്യാനത്തില്‍ പറയുന്നുണ്ട്.

പ്രാചീനകാലത്തുതന്നെ കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റു ദേശങ്ങളിലും നൃത്തത്തിനു മാന്യമായ സ്ഥാനം ഉണ്ടായിരുന്നുവെന്നും രാജാക്കന്മാരും ധനികന്മാരും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും ഇതുവഴി മനസ്സിലാക്കാം. പിന്നീട് പല കാരണങ്ങള്‍കൊണ്ടും നൃത്തം ക്ഷേത്രങ്ങളോടു ബന്ധപ്പെട്ട ദേവദാസികളില്‍ മാത്രം ഒതുങ്ങിനിന്നപ്പോള്‍ അതിന് അപകര്‍ഷം സംഭവിച്ചു. ഭരതനാട്യത്തിനും അത്തരമൊരു ദശാസന്ധിയെ നേരിടേണ്ടിവന്നിട്ടുണ്ട്. 18-ാം ശതകത്തില്‍ തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തികതിരുനാള്‍ മഹാരാജാവാണ് ദാസിയാട്ടമായി അധഃപതിച്ചിരുന്ന നൃത്തത്തെ ഉദ്ധരിച്ച് മോഹിനിയാട്ടം എന്ന പേരില്‍ വീണ്ടും സഹൃദയരുടെ ആസ്വാദപാത്രമാക്കിത്തീര്‍ത്തത്. പിന്നീട് സ്വാതിതിരുനാളും അതിന് പ്രോത്സാഹനം നല്കി. വള്ളത്തോള്‍ സ്ഥാപിച്ച 'കലാമണ്ഡല'ത്തിലും ഇതര നൃത്തകലാപഠനകേന്ദ്രങ്ങളിലും മോഹിനിയാട്ടവും അഭ്യസിപ്പിച്ചുവരുന്നുണ്ട്. നോ. കഥകളി; കൂത്ത്; കൂടിയാട്ടം; കൃഷ്ണനാട്ടം, മോഹിനിയാട്ടം

(ഡോ. കെ.എ. കലാവതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍