This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെംലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:57, 18 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ക്രെംലിന്‍

Kremlin

ക്രെംലിന്‍ നഗരം

മുന്‍സോവിയറ്റ് യൂണിയന്റെ ഭരണകേന്ദ്രം. റഷ്യനില്‍ ക്രെമ്ല്‍ എന്നാല്‍ കോട്ട എന്നര്‍ഥം. ഇതില്‍ നിന്നാണ് ക്രെംലിന്‍ എന്ന പദം നിഷ്പന്നമായത്. മധ്യകാലഘട്ടത്തിലാണ് കോട്ടകളുടെ ആവിര്‍ഭാവം.

മോസ്കോ നഗരത്തിലെ ക്രെംലിനാണ് ഇവയില്‍ പ്രധാനം. മുന്‍കാലങ്ങളിലെ കൊട്ടാരങ്ങളും പള്ളിമേടകളും സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ ചരിത്രസ്മാരകങ്ങളും സുപ്രീം സോവിയറ്റിന്റെ യോഗംചേരാനുള്ള കെട്ടിടവും മറ്റും ചേര്‍ന്ന ത്രികോണാകൃതിയിലുള്ള ഒരു കേന്ദ്രമാണ് മോസ്കോയിലെ ക്രെംലിന്‍. ഇത് മോസ്കോ നദിയുടെ വടക്കേക്കരയിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടകെട്ടി ബലപ്പെടുത്തിയത് 12-ാം ശതകത്തിലാണ്. ഇന്നത്തെ ക്രെംലിന്‍ മതില്‍ (2,195 മീ. നീളം) 1485-95 കാലത്ത് പണിതീര്‍ത്തതാണ്. നിരവധി ഗോപുരങ്ങള്‍ ക്രെംലിന്‍ മതിലിലുണ്ട്. 1712-ല്‍ പീറ്റര്‍ ചക്രവര്‍ത്തി തലസ്ഥാനം മോസ്കോയില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കു മാറ്റുന്നതുവരെ സാര്‍ ചക്രവര്‍ത്തിമാരുടെ വസതി ക്രെംലിനായിരുന്നു. ഇതിന്റെ മധ്യഭാഗത്താണ് കത്തീഡ്രല്‍ സ്ക്വയര്‍. ചുറ്റിനും പള്ളികള്‍ പണിതിരിക്കുന്നു. ഇവയില്‍ ഏറ്റവും വലുത് (1475-79-ല്‍) വ്ളാഡിമിര്‍ മാതൃകയില്‍ നിര്‍മിച്ച അസംപ്ഷന്‍ കത്തീഡ്രല്‍ ആണ്. സാര്‍ ചക്രവര്‍ത്തിമാരുടെ കിരീടധാരണത്തിനും മറ്റുദേശീയകാര്യങ്ങള്‍ക്കുമുള്ള വേദിയായിരുന്നു ഇത്. അനന്‍സിയേഷന്‍ കത്തീഡ്രല്‍ (1484-89) സാര്‍ ചക്രവര്‍ത്തിമാരുടെ സ്വകാര്യ ചാപ്പല്‍ ആയിരുന്നു. സെന്റ് മൈക്കേല്‍ ദി ആര്‍ക്കേഞ്ചല്‍ കത്തീഡ്രല്‍ (1505-09) 14-ാം ശതകം മുതലുള്ള സാര്‍ ചക്രവര്‍ത്തിമാരുടെ ശവകുടീരമാണ്.

സെന്‍ട്രല്‍ സ്ക്വയറില്‍ 15-ാം ശതകത്തില്‍ (1491) നിര്‍മിതമായ, ആദ്യകാലങ്ങളിലെ സാര്‍ ചക്രവര്‍ത്തിമാരുടെ സന്ദര്‍ശനശാലയും (audience chamber) 16-ാം ശതകത്തില്‍ നിര്‍മിതമായ (1505-1600) ബെല്‍ ടവറും സ്ഥിതിചെയ്യുന്നു. 1735-ല്‍ പണിതീര്‍ത്ത 6 മീ. ഉയരവും 200 ടണ്‍ ഭാരവും ഉള്ള ലോകത്തിലെ ഏറ്റവും വലിയ മണി ബെല്‍ ടവറിനോടു ചേര്‍ന്നു സ്ഥിതിചെയ്യുന്നു. അടുത്തതായി സാര്‍ പീരങ്കിയാണ്. 1586-ല്‍ നിര്‍മിച്ച ഇതിന് 40 ടണ്‍ ഭാരമുണ്ട്.

15 മുതല്‍ 17 വരെ ശതകങ്ങളിലെ ശില്പങ്ങള്‍ ആണ് മറ്റൊന്ന്. 18-ാം ശതകത്തില്‍ (1788) നിര്‍മിതമായ, സാര്‍ ചക്രവര്‍ത്തിമാരുടെ സെനറ്റ് ബില്‍ഡിങ് അവരുടെ നീതിന്യായ കോടതിയുടെ ആസ്ഥാനവും കൂടിയായിരുന്നു. ഇന്നത്തെ മന്ത്രിസഭാമന്ദിരമാണ് ഇത്. 1838-49 കാലത്തു പണിത ക്രെംലിന്‍ കൊട്ടാരമാണ് ഏറ്റവും വലിയ മന്ദിരം. സാര്‍ ചക്രവര്‍ത്തിമാരുടെ മോസ്കോ ഭവനമായിരുന്നു ഇത്. പിന്നീട് ഇത് യു.എസ്.എസ്. ആറിന്റെയും റഷ്യന്‍ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെയും സുപ്രീം സോവിയറ്റുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. അന്താരാഷ്ട്ര ഉടമ്പടികള്‍ ഒപ്പുവയ്ക്കുന്നതും നയതന്ത്രസ്വീകരണങ്ങള്‍ നല്കുന്നതും മറ്റു ദേശീയ കാര്യങ്ങള്‍ നടത്തുന്നതും ക്രെംലിന്‍ കൊട്ടാരത്തില്‍വച്ചായിരുന്നു. പുരാതന ആയുധങ്ങ(യുദ്ധോപകരണങ്ങള്‍)ളുടെയും കലാമൂല്യവസ്തുക്കളുടെയും മ്യൂസിയം ആയ ആര്‍മറി (1849-51) ക്രെംലിനില്‍ ഉണ്ട്. 1961-ല്‍ 22-ാം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിനുവേണ്ടി പണിപൂര്‍ത്തിയാക്കിയ 6000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തോടുകൂടിയ പാലസ് ഒഫ് കോണ്‍ഗ്രസ്സും ക്രെംലിനിലാണ്.

സോവിയറ്റ് അധികാരത്തിന്റെ പ്രതീകമായിരുന്ന ക്രെംലിന്‍, സ്റ്റാലിന്റെ ഭരണകാലത്ത് സാധാരണക്കാര്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. 1955 ജൂലായ് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു തുടങ്ങിയ ഇവിടം 1990-ല്‍ യുണെസ്കോയുടെ ലോകപൈതൃക ഭൂപടത്തില്‍ ഇടം നേടി. നിലവില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി മോസ്കോ ക്രെംലിന്‍ സമുച്ചയത്തിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍