This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രട്സെന്‍, പോള്‍ ജെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:32, 14 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രട്സെന്‍, പോള്‍ ജെ.

Crutzen, Paul J. (1933 - )

നോബല്‍ സമ്മാനജേതാവായ (1995) ഡച്ച് ശാസ്ത്രജ്ഞന്‍. ഓസോണ്‍ പാളിയുടെ ശോഷണത്തെക്കുറിച്ചുള്ള കണ്ടുപിടുത്തമാണ് ക്രട്സെന്റെ ശ്രദ്ധേയമായ നേട്ടം.

പോള്‍ ജെ.ക്രട്സെന്‍

1933-ല്‍ ഹോളണ്ടില്‍ ജനിച്ചു. 1954-ല്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ക്രട്സെന്‍, ഒരു കെട്ടിടനിര്‍മാണ കമ്പനിയിലാണ് ആദ്യം ജോലിനോക്കിയത്. എന്നാല്‍, അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്ന ക്രട്സെന്‍ അധികം വൈകാതെ സ്റ്റോക്ക്ഹോം സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറിന്റെ ജോലി സ്വീകരിച്ചു. ഇക്കാലത്ത് കാലാവസ്ഥാ വിജ്ഞാനീയ (meteorolgy)ത്തില്‍ ഇദ്ദേഹം ഡോക്ടറേറ്റ് ബിരുദം നേടി. 1965-ല്‍ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ പാളിയുടെ മാതൃക വികസിപ്പിക്കുന്ന ഒരു പ്രോജക്ടില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചതോടെയാണ് ക്രട്സെന്‍ ഗവേഷണ മേഖലയില്‍ തത്പരനാകുന്നത്. തുടര്‍ന്ന് ഓസോണ്‍ പാളിയിലേക്ക് മാത്രമായി ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് കടത്തിവിടാതെ ആഗിരണം ചെയ്ത് ഭൂമിയെ സംരക്ഷിക്കുന്ന ഒരു പ്രകൃതിദത്ത കവചമാണ് ഓസോണ്‍ പാളി. ഈ പാളിയുടെ ഘടനയെക്കുറിച്ചുള്ള പഠനത്തിനിടയില്‍, മണ്ണിലെ ചില  ബാക്റ്റീരിയകള്‍ക്ക് ഓസോണ്‍ പാളിയില്‍ സുഷിരങ്ങളുണ്ടാകുന്നതില്‍ പരോക്ഷ പങ്കുള്ളതായി ക്രട്സെന്‍ കണ്ടെത്തി. ബാക്റ്റീരിയകള്‍ പുറത്തുവിടുന്ന നൈട്രസ് ഓക്സൈഡ് വാതകം, അന്തരീക്ഷത്തില്‍ വച്ച് പ്രകാശ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായി നൈട്രിക് ഓക്സൈഡും നൈട്രജന്‍ ഡൈ ഓക്സൈഡുമായി വിഘടിക്കുന്നു. ഈ രണ്ട് രാസവസ്തുക്കളും ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണെന്ന് ഇദ്ദേഹം കണ്ടെത്തി. ഇത് ആഗോളതലത്തില്‍ത്തന്നെ, ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന രാസവസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന് കാരണമായിത്തീര്‍ന്നു. 1977-ല്‍ കൊളറാഡോയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ച് ഡയറക്ടറായി നിയമിതനായ ക്രട്സെന്‍, പുകപടലങ്ങള്‍-പ്രത്യേകിച്ചും ആണവ യുദ്ധമുണ്ടായാല്‍ അതിനെത്തുടര്‍ന്നുണ്ടാകുന്ന പുക-ഭൂമിയിലെ ജീവജാലങ്ങളെ മാത്രമല്ല, ഭൂമിയെ പൂര്‍ണമായി തന്നെ നശിപ്പിക്കാന്‍ പോന്നതാണെന്ന് ഗവേഷണങ്ങളിലൂടെ സമര്‍ഥിക്കുകയുണ്ടായി. ഇത്തരത്തിലുണ്ടാകുന്ന കരിയും പുകയും സൂര്യപ്രകാശത്തിന്റെ 99 ശതമാനവും ആഗിരണം ചെയ്യുന്നതുവഴി, ജീവജാലങ്ങളുടെ നിലനില്പ് അസാധ്യമാകും എന്ന ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ 1984-ല്‍ ഡിസ്കവര്‍ മാസിക 'സയന്റിസ്റ്റ് ഒഫ് ദ ഇയര്‍' ആയി ക്രട്സെനെ തെരഞ്ഞെടുത്തു. 1988-ല്‍ ഇതിന് ടെയ്ലര്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചു.

അതേസമയം ഓസോണ്‍ പാളിയുടെ ശോഷണം അന്താരാഷ്ട്ര സമൂഹം ഗൌരവമായി പരിഗണിക്കുകയും ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ നിലവില്‍ വരികയും ചെയ്തു. നൈട്രസ് ഓക്സൈഡിനെപ്പോലെതന്നെ, ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന ക്ലോറോഫ്ളൂറോ കാര്‍ബണുകളെ കണ്ടെത്തിയ എം-മോളിന, എഫ്.എസ്. റൌളണ്ട് എന്നിവര്‍ക്കൊപ്പം ക്രട്സെന്‍ നോബല്‍ പുരസ്കാരത്തിന് അര്‍ഹനായി. ആഗോളതാപനം കുറയ്ക്കാനായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ സള്‍ഫര്‍ നിക്ഷേപിക്കുക എന്ന ആശയം 2006-ല്‍ ഇദ്ദേഹം മുന്നോട്ട് വയ്ക്കുകയുണ്ടായി. ഇതില്‍ ഇപ്പോഴും പഠനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

1980 മുതല്‍ 20 വര്‍ഷത്തോളം ക്രട്സെന്‍ ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയില്‍ അറ്റ്മോസ് ഫെറിക് കെമിസ്ട്രി തലവനായിരുന്നു. ഇപ്പോള്‍ കാലിഫോര്‍ണിയ, സിയോള്‍, സ്റ്റോക്ക്ഹോം തുടങ്ങിയ നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി ഇദ്ദേഹം സേവനമനുഷ്ഠിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍