This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗട്സ്കി, കാറല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:31, 10 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗട്സ്കി, കാറല്‍

Kautsky, Karl (1854 - 1938)

കൗട്സ്കി കാറല്‍

ജര്‍മന്‍ സോഷ്യല്‍ ഡെമോക്രസിയുടെ പ്രമുഖ സൈദ്ധാന്തികനും അന്തര്‍ദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യനേതാവും. 1854 ഒ. 16-ന് പ്രാഗില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് ചെക്കോസ്ലോവാക്യക്കാരനും മാതാവ് ജര്‍മന്‍കാരിയും ആയിരുന്നു. വിയന്നയില്‍ ചരിത്രവും ശാസ്ത്രവും പഠിച്ചുകൊണ്ടിരുന്നപ്പോള്‍ത്തന്നെ ഇദ്ദേഹം ആസ്ട്രിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായി. 1880-ല്‍ ജനസംഖ്യാവര്‍ധനയും സാമൂഹിക പുരോഗതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡാര്‍വീനിയന്‍ ആശയങ്ങളില്‍ ഊന്നിനിന്ന് ഒരു ലഘുലേഖ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഫ്രെഡറിക് എംഗല്‍സിന്റെയും എഡ്വേഡ് ബേണ്‍സ്റ്റെയിനിന്റെയും സ്വാധീനവലയത്തില്‍പ്പെട്ട കൗട്സ്കി അടിയുറച്ച ഒരു മാര്‍ക്സിസ്റ്റായിത്തീര്‍ന്നു. പിന്നീടുള്ള ഇദ്ദേഹത്തിന്റെ എല്ലാ രചനകളും പ്രവര്‍ത്തനങ്ങളും മാര്‍ക്സിസം പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. 1883-ല്‍ ഡീ നോയെത്സൈറ്റ് (Die Neue Zeit) എന്ന ശാസ്ത്രീയ സോഷ്യലിസ്റ്റ് ആനുകാലിക പ്രസിദ്ധീകരണം ആരംഭിക്കുകയും 1917 വരെ അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1887-ല്‍ പ്രസിദ്ധീകരിച്ച കാറല്‍ മാര്‍ക്സിന്റെ എക്കോണോമിഷെ ലെഹ്റെന്‍ (Karl Marx Okonomische Lehren) എന്ന പുസ്തകം പ്രചുരപ്രചാരം നേടുകയും പലവട്ടം പുനഃപ്രകാശിതമാവുകയും ചെയ്തു. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 1891-ല്‍ ആവിഷ്കരിച്ച എര്‍ഫര്‍ട്ട് പ്രോഗ്രാമിന് അടിത്തറ പാകിയത് കൗട്സ്കിയുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ ആയിരുന്നു. ചരിത്രത്തെ മാര്‍ക്സിയന്‍ സമീപനത്തിലൂടെ വിശകലനം നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കൃതികളിലും. 1895-ല്‍ എംഗല്‍സിന്റെ മരണശേഷം കൗട്സ്കി മാര്‍ക്സിസ്റ്റ് തത്ത്വസംഹിതയുടെ ഏറ്റവും വലിയ പ്രണേതാവായിത്തീര്‍ന്നു. ആശയപരമായ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ കൗട്സ്കിയുടെ പ്രഖ്യാപനങ്ങളെ അക്ഷരംപ്രതി അനുസരിക്കുകയും 'സെക്കന്‍ഡ് ഇന്റര്‍നാഷണ'ലിലെ മറ്റു പാര്‍ട്ടികള്‍ ഇദ്ദേഹത്തിന്റെ ആധികാരികതയെ അംഗീകരിക്കുകയും ചെയ്തിരുന്നു. അന്തര്‍ദേശീയ സോഷ്യലിസത്തിന്റെ പരമാധ്യക്ഷന്‍ എന്ന പേരിലാണ് കൗട്സ്കി അറിയപ്പെട്ടിരുന്നത്.

ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ 'മാര്‍ക്സിസ്റ്റു സെന്ററി'ലെ വക്താവ് കൗട്സ്കി തന്നെയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗം വിപ്ലവത്തിനുവേണ്ടി മുറവിളി കൂട്ടുകയും കൗട്സ്കി അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിപ്ലവ പാര്‍ട്ടിയാണെന്നും എന്നാല്‍ അത് വിപ്ലവം ഉണ്ടാക്കുന്ന പാര്‍ട്ടിയല്ല എന്നും കൗട്സ്കി സിദ്ധാന്തിച്ചു. വിപ്ലവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിനെ ആര്‍ക്കും ത്വരിതപ്പെടുത്താനോ തടസ്സപ്പെടുത്താനോ സാധിക്കുകയില്ലെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ലോകയുദ്ധത്തെക്കുറിച്ച് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തിയ വോട്ടെടുപ്പിനെത്തുടര്‍ന്ന് പാര്‍ട്ടി പിളരുകയും കൗട്സ്കിയുടെ യുദ്ധവിരോധ വിശ്വാസം ന്യൂനപക്ഷക്കാരായ സോഷ്യല്‍ ഡെമോക്രാറ്റുകളോടൊത്തു നിലയുറപ്പിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ വിപ്ലവാനന്തരം റഷ്യയില്‍ ലെനിന്‍ അധികാരത്തില്‍ വന്നപ്പോള്‍ കൗട്സ്കി ബോള്‍ ഷെവിസത്തെ സ്വേച്ഛാധിപത്യമെന്നു മുദ്രകുത്തി എതിര്‍ക്കുകയുണ്ടായി. ഒന്നാം ലോകയുദ്ധാനന്തരം ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പിളര്‍പ്പ് അവസാനിച്ചു. 1924-നുശേഷം കൗട്സ്കി വിയന്നയില്‍ താമസമുറപ്പിക്കുകയും ആത്മകഥാരചനയില്‍ മുഴുകുകയും ചെയ്തു. ആ വര്‍ഷം തന്നെ ഇതിന്റെ ഒന്നാംഭാഗം പ്രസിദ്ധീകരിച്ചു. 1938-ല്‍ ജര്‍മന്‍ സൈന്യം വിയന്ന കീഴടക്കിയപ്പോള്‍ അവിടെനിന്നു പലായനം ചെയ്യാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. 1938 ഒ. 17-ന് ആംസ്റ്റര്‍ഡാമില്‍ കൗട്സ്കി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍