This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴിക്കോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 9 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കോഴിക്കോട്

കേരളസംസ്ഥാനത്തിലെ 14 ജില്ലകളിലൊന്ന്. 1957 ജനു. 1-ന് ഔദ്യോഗികമായി നിലവില്‍വന്ന കോഴിക്കോട് ജില്ല, ഉത്തരകേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ജില്ലാ ആസ്ഥാനമായ കോര്‍പ്പറേഷന്‍ പട്ടണവും പട്ടണമുള്‍ക്കൊള്ളുന്ന താലൂക്കും കോഴിക്കോട് എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള താലൂക്കാണിത്. കൂടാതെ കേരളത്തില്‍ നാളികേര ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ലയാണ് കോഴിക്കോട്.

കോഴിക്കോട് എന്ന പദത്തിന്റെ നിഷ്പത്തിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. 'കള്ളിക്കോട്ടെ' എന്ന മലയാളപദം അറബികളുടെ ഉച്ചാരണത്തില്‍ രൂപഭേദം വന്ന് കോഴിക്കോട് ആയി എന്നും ഗോപുരകുടപുരി കാലാന്തരത്തില്‍ കോഴിക്കോട് ആയിത്തീര്‍ന്നുവെന്നും കോയില്‍ക്കോട്ട എന്ന പദമാണ് കോഴിക്കോട് ആയതെന്നും പറയപ്പെടുന്നു. തെക്ക് മലപ്പുറം ജില്ലയും കിഴക്ക് വയനാട് ജില്ലയും വടക്ക് കണ്ണൂര്‍ ജില്ലയും പടിഞ്ഞാറ് അറബിക്കടലുമാണ് അതിര്‍ത്തികള്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ മൂന്നു താലൂക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 13 നിയമസഭാമണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ആകെ വിസ്തീര്‍ണം 2344 ച.കി.മീ. ആകെ ജനസംഖ്യ 30,89,543 (2011). സാക്ഷരത 96.08 ശ. (2011).

എട്ടു നൂറ്റാണ്ടോളം കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ ചരിത്രവും അവരുടെ ഭരണകേന്ദ്രമായ കോഴിക്കോടിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യയൂറോപ്യനായ വാസ്കോ ദ ഗാമ കപ്പലിറങ്ങിയത് (1498) ജില്ലയില്‍ ഉള്‍പ്പെട്ട കാപ്പാട് കടല്‍ത്തീരത്താണ്. 1957 ജനു. 1-ന് കോഴിക്കോട് ജില്ല നിലവില്‍ വരികയും ചെയ്തു.

നിയമസഭാമണ്ഡലങ്ങള്‍. ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍, പേരാമ്പ്ര, കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, ബാലുശ്ശേരി, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, വടകര.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് ജില്ലയെ മൂന്നായി തിരിക്കാം. (1) സമുദ്രനിരപ്പില്‍നിന്ന് 80 മീറ്ററിലധികം ഉയര്‍ന്ന ഗിരിപ്രദേശങ്ങള്‍ (2) സമുദ്രതീരപ്രദേശം(3) തീരപ്രദേശത്തിനും ഗിരിപ്രദേശങ്ങള്‍ക്കും മധ്യേയുള്ള ഇടനാട് 71 കി.മീ. ദൈര്‍ഘ്യമുള്ള കടലോരം ഈ ജില്ലയ്ക്കുണ്ട്. ജില്ലയുടെ വിസ്തൃതിയില്‍ 26.80 ശ.മാ. വരുന്ന ഗിരിപ്രദേശങ്ങളില്‍ ജനസംഖ്യയുടെ നാല് ശ.മാ. അധിവസിക്കുന്നു. ആകെ വിസ്തൃതിയില്‍ 2004 ച.കി.മീ. ഗ്രാമീണമേഖലയും 340 ച.കി.മീ. നഗരപ്രദേശങ്ങളുമാണ്.

കാലാവസ്ഥ

പൊതുവേ സുഖകരമായ കാലാവസ്ഥയാണ് ജില്ലയിലേത്. മാര്‍ച്ചു മുതല്‍ മേയ് വരെ കടുത്ത വേനല്‍ അനുഭവപ്പെടുന്നു. തെക്കുപടിഞ്ഞാറ് മണ്‍സൂണിന്റെ ഫലമായി ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന മഴ സെപ്തംബര്‍ വരെ തുടരും. തെക്കു കിഴക്ക് മണ്‍സൂണിന്റെ ഫലമായി ഒക്ടോബര്‍ മധ്യം മുതല്‍ നവംബര്‍ വരെയും മഴയുണ്ടാവാറുണ്ട്. ജില്ലയിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം 3266 മില്ലിമീറ്ററാണ്.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ പൊതുവേ വരേണ്ടതാണ്. ഒക്ടോബര്‍ മുതല്‍ താപനില ക്രമേണ വര്‍ധിച്ച് മേയ് മാസമാവുമ്പോഴേക്കും ചൂട് മൂര്‍ധന്യത്തിലെത്തുന്നു. കോഴിക്കോട് നഗരത്തില്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 39.4°C ഏറ്റവും കുറഞ്ഞ താപനില 14°C ആണ്.

അപവാഹം

മയ്യഴി, കുറ്റ്യാടി, കോരപ്പുഴ, കല്ലായി, ചാലിയാര്‍, കടലുണ്ടി എന്നീ നദികള്‍ ജില്ലയിലൂടെ ഒഴുകുന്നു. വയനാടന്‍ മലകളില്‍നിന്നും ഉദ്ഭവിക്കുന്ന മയ്യഴിപ്പുഴ (മാഹിപ്പുഴ) നരിപ്പെറ്റ, വാണിമേല്‍, ഇയ്യങ്കോട്, ബക്കിയാട്, ഇരിങ്ങന്നൂര്‍, തൃപ്പങ്ങത്തൂര്‍, പെരിങ്ങളം, എടച്ചേരി, കച്ചേരി, എരമല, കാരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂര്‍ എന്നീ വില്ലേജുകളില്‍ക്കൂടി ഒഴുകി തലശ്ശേരിക്ക് ആറ് കി.മീ. തെക്ക് മാഹിയില്‍ വച്ച് കടലില്‍ പതിക്കുന്നു. നീളം 54 കി.മീ.

കോഴിക്കോട് നഗരം

വയനാടന്‍കുന്നിന്റെ പടിഞ്ഞാറന്‍ താഴ്വരയിലുള്ള നരിക്കോട്ട മലകളില്‍ നിന്നുദ്ഭവിക്കുന്ന കുറ്റ്യാടിപ്പുഴ (മൂരാടുപുഴ) വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളില്‍ക്കൂടി ഒഴുകി വടകരയ്ക്ക് ഏഴ് കി.മീ. തെക്ക് കോട്ടയ്ക്കലില്‍ വച്ച് സമുദ്രത്തില്‍ ചേരുന്നു. നീളം 74 കി.മീ. പുന്നൂര്‍പ്പുഴ, അഗലപ്പുഴ എന്നീ പുഴകള്‍ സംഗമിച്ചുണ്ടാകുന്ന കോരപ്പുഴ ജില്ലയിലെ മുഖ്യവ്യവസായ നഗരങ്ങളായ വടകര, കോഴിക്കോട്, കല്ലായി, ബേപ്പൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. നീളം 40 കി.മീ.

ചെറുകുളത്തൂര്‍ വില്ലേജില്‍ നിന്നുദ്ഭവിക്കുന്ന കല്ലായിപ്പുഴയെ ചാലിയാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചെറുകുളത്തൂര്‍, കോവൂര്‍, ഒളവണ്ണ, മണവ, കല്ലായി എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഈ നദിയുടെ നീളം 22 കി.മീ. ആണ്. നീളത്തില്‍ ചെറുതാണെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നദിയാണിത്. മരവ്യാപാരകേന്ദ്രം എന്ന നിലയില്‍ കല്ലായിയ്ക്കുള്ള പ്രസിദ്ധിക്ക് മുഖ്യകാരണം ഈ പുഴയാണ്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കിലുള്ള ഇളമ്പലേരി കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന ചാലിയാര്‍ സംസ്ഥാനത്തെ മുഖ്യ നദികളിലൊന്നാണ്. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കുറുമ്പന്‍പുഴ, വടപുരംപുഴ, ഇരിങ്ങപ്പുഴ, ഇരുത്തില്‍പ്പുഴ എന്നിവയാണ് ഈ നദിയുടെ മുഖ്യശാഖകള്‍. പതനഘട്ടത്തില്‍ ബേപ്പൂര്‍ പുഴയെന്നും ഇതറിയപ്പെടുന്നു. നീളം 169 കി.മീ.

ഒലിപ്പുഴ, വെളിയാര്‍ എന്നിവ സംഗമിച്ചുണ്ടാകുന്ന കടലുണ്ടിപ്പുഴയ്ക്ക് 130 കി.മീ. ദൈര്‍ഘ്യമുണ്ട്. പൂരപ്പറമ്പു പുഴയും ഇതിനോടു ചേരുന്നു. കരിമ്പുഴ, ഉറവന്‍പുറം പുഴ എന്നിങ്ങനെയും കടലുണ്ടിപ്പുഴയ്ക്ക് പേരുകളുണ്ട്.

സസ്യ-ജന്തുജാലം

സസ്യജാലം

കനത്ത വര്‍ഷപാതംമൂലം കോഴിക്കോട്ടെ സസ്യജാലം തികഞ്ഞ ഉഷ്ണമേഖലാസ്വഭാവം പ്രകടമാക്കുന്നു. മിതോഷ്ണവും ഉയരം കൂടിയ കിഴക്കന്‍ പര്‍വതപ്രദേശങ്ങളും സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. മൊത്തം വിസ്തൃതിയില്‍ 41,386 ഹെക്ടറും വനങ്ങളാണ്. ഈ വനങ്ങള്‍ പ്രധാനമായി മൂന്നിനത്തില്‍പ്പെട്ടിരിക്കുന്നു; (1) തെക്കന്‍ ഉഷ്ണമേഖലയിലെ ഇലപൊഴിയും കാടുകള്‍, (2) പശ്ചിമോഷ്ണമേഖലയിലെ നിത്യഹരിതവനങ്ങള്‍, (3) ഭാഗിക-നിത്യഹരിതവനങ്ങള്‍.

തീരദേശം, ഇടനാട്, മലനാട് എന്നീ മൂന്നു പ്രകൃതിവിഭാഗങ്ങളും ജില്ലയില്‍ നെടുകെ, ഏതാണ്ട് സമാന്തരമായി കാണപ്പെടുന്നു. വളരെ ഇടുങ്ങി നീണ്ട ഭൂവിഭാഗമായ തീരദേശം താരതമ്യേന അടുത്തകാലത്തുണ്ടായ മണല്‍-നിക്ഷേപങ്ങളില്‍ നിന്നു രൂപമെടുത്തതാണ്. ഈ പ്രദേശത്തില്‍ വളരുന്ന ചെടികള്‍ ഊഷരസ്വഭാവമാണ് കൂടുതലും പ്രകടമാക്കുക. തനതു സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജലസസ്യങ്ങളും ഇവിടെ കുറവല്ല. കുറുന്തോട്ടി, അടമ്പുവള്ളി, കൊഴിഞ്ഞില്‍ തുടങ്ങിയവ ഇവിടത്തെ സാധാരണ ചെടികളാണ്.

കുന്നുകളും താഴ്വരകളും സമൃദ്ധമായിട്ടുള്ള, ചെങ്കല്‍ മണ്ണു നിറഞ്ഞ ഇടനാടാണ് ജില്ലയുടെ ഭൂരിഭാഗവും. വൃക്ഷനിബിഡമാണിവിടം. തെങ്ങ്, നെല്ല്, വാഴ തുടങ്ങിയവയും മരച്ചീനി, കാച്ചില്‍, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും മറ്റു പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നു. എപ്പോത്തി, മാവ്, പ്ലാവ്, എലവ്, ഏഴിലംപാല, ഉറക്കംതൂങ്ങി, മുള്ളുമുരുക്ക്, അരണമരം തുടങ്ങിയവ ഈ ഭാഗത്തു കാണപ്പെടുന്ന വൃക്ഷങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ്. അമരിച്ചെടി, തൊട്ടാവാടി, എരിക്ക് എന്നിവപോലെയുള്ള വിവിധയിനം കളകള്‍ കൃഷിഭൂമികളില്‍ ധാരാളമായി കാണപ്പെടുന്നു. പുറമ്പോക്കുകളും കാട്ടുചെടികള്‍ നിറഞ്ഞതാണ്.

പലയിനം പുല്ലുകള്‍ വളര്‍ന്നുകയറി കുന്നിന്‍ശിഖരങ്ങളെ മൂടിയിരിക്കുന്നു. ഇതുമായിടകലര്‍ന്ന് വേലിപ്പരുത്തിപോലെയുള്ള ചെറുചെടികളും സമൃദ്ധമായി വളരുന്നുണ്ട്. എന്നാല്‍ പല കുന്നുകളും, തേക്കിന്‍തോട്ടങ്ങളും റബ്ബര്‍തോട്ടങ്ങളുമായി ഇപ്പോള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

ചുവന്ന നിറത്തില്‍, ഇരുമ്പു കലര്‍ന്നിട്ടുള്ള മണ്ണ് മലനാടിന്റെ മുഖമുദ്രയാണ്. വെട്ടുകല്‍പാളികളിലൂടെ നാനാദിക്കിലേക്കും വ്യാപിച്ചിട്ടുള്ള വെള്ളയോ മഞ്ഞയോ നിറമുള്ള ചെളിയാണ് ഇവിടത്തെ ഏറ്റവും പ്രധാനഘടകം. ഈ ചെളി ഇരുമ്പും പൊട്ടാസിയവും കൊണ്ടു സമൃദ്ധമാണ്.

ഇടനാട് ക്രമേണ ചെറുകാടുകളില്‍ വിലയം പ്രാപിക്കുന്നു. പലതരം മുളകള്‍ ഈ കാടുകളുടെ പ്രത്യേകതയാണ്.

ഏതാണ്ട് 670 മീ. വരെ ഉയരമുള്ള പ്രദേശങ്ങള്‍ എപ്പോഴും ഈര്‍പ്പം തങ്ങിനില്‍ക്കുന്നവയായിരിക്കും. ഈ ഭൂഭാഗങ്ങളിലെല്ലാം നിത്യഹരിതവനങ്ങളുമാണുള്ളത്. ഔഷധഗുണമുള്ള പല ചെടികളും വൃക്ഷങ്ങളും, വിവിധയിനം ഓര്‍ക്കിഡുകളും അത്രതന്നെ വൈവിധ്യമേറിയ പന്നല്‍ച്ചെടികളും (ferns & mosses) വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്നു. മലഞ്ചരിവുകള്‍ വെട്ടിവെളുപ്പിച്ച് കാപ്പി, തേയില, ഏലം എന്നിവയുടെ തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്.

തേക്ക്, മരുത്, തേന്മാവ് എന്നിവയുടെ വന്‍തോട്ടങ്ങള്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ഏറെയുണ്ട്. നിലമ്പൂരിലുള്ള കോണോലി തോട്ടങ്ങള്‍ ലോകത്തിലെതന്നെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍തോട്ടമാണ്. മുള്ളുവേങ്ങ, നീര്‍വെട്ടി, മരോട്ടി, ഇരുള്‍, പലയിനം എലവുകള്‍ എന്നിവ ഇവിടത്തെ കാടുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന സാധാരണ വൃക്ഷങ്ങളാണ്. വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു കയറുന്ന വള്ളിച്ചെടികളും ഇവിടെ ധാരാളമുണ്ട്.

ജന്തുജാലം

പാലക്കാടു ജില്ലയൊഴിച്ചാല്‍ കേരളത്തിലെ മറ്റൊരു ജില്ലയ്ക്കുമില്ലാത്ത പര്‍വതസാമീപ്യമാണ് കോഴിക്കോടിനുള്ളത്. കിഴക്കുഭാഗത്തു നീണ്ടുകിടക്കുന്ന നീലഗിരി-മൈസൂര്‍ മലനിരകള്‍ ഇവിടത്തെ വനസമ്പത്തിനെ സമൃദ്ധമാക്കുന്നു. പടിഞ്ഞാറുള്ള കടല്‍ത്തീരം മത്സ്യബന്ധനത്തെ വികസിപ്പിക്കാന്‍ ഉതകുന്നതാണ്. അതിസമൃദ്ധമായ വന്യജീവിശേഖരമാണ് ജില്ലയിലുള്ളത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലുള്ള ജീവികള്‍ ധാരാളമായി ഇവിടെയും കഴിയുന്നു. വന്യജീവികളുടെയും സമുദ്രജീവികളുടെയും കാര്യത്തിലും ഇതുതന്നെ സ്ഥിതി.

ജില്ലയിലെ പ്രധാന ജൈവവിധ്യ സംരക്ഷണകേന്ദ്രമാണ് കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലില്‍ നിപതിക്കുന്ന ഭാഗത്ത്, എക്കലും മറ്റും അടിഞ്ഞ്കൂടി രൂപപ്പെട്ടിട്ടുള്ള ഒരു കൂട്ടം നദീതുരുത്തുകളിലെ കണ്ടല്‍ക്കാടുകളിലാണ് മനോഹരമായ ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. സമുദ്രവിതാനത്തില്‍നിന്നും ഏതാണ്ട് 200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ കണ്ടല്‍ക്കാടുകളാണ് തദ്ദേശീയവും വിദേശീയവുമായ പറവകള്‍ക്ക് ചേക്കേറാന്‍ ആവാസവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. നൂറിലധികം തദ്ദേശീയ ജാതിപ്പക്ഷികളെ കടലുണ്ടിയില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആളകള്‍ (Terns), കടല്‍ക്കാക്കകള്‍ (Gulls), ചിന്നമുണ്ടികള്‍ (Herone), മണല്‍ക്കോഴികള്‍ (Sandpiper), നീര്‍ക്കാക്കകള്‍ (Cormorant) തുടങ്ങി 60 സ്പിഷീസ് ദേശാടനപ്പക്ഷികളും ഇവിടം സന്ദര്‍ശിക്കാറുണ്ട്. തെറ്റിക്കൊക്കന്‍ (Whimbrels), കൃഷ്ണപ്പരുന്ത് (Brahminy kite) എന്നിവ കടലുണ്ടിയില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന പക്ഷികളാകുന്നു. മരംകൊത്തി, കറുത്തബുള്‍ബുള്‍, കാട്ടുകോഴി, കാട്ടുമൈന, ചിലുചിലപ്പന്‍ തുടങ്ങിയ പക്ഷികളും കടലുണ്ടിയില്‍ സര്‍വസാധാരണമാണ്. പക്ഷികള്‍ക്കുപുറമേ വിവിധയിനം മത്സ്യങ്ങള്‍, ചിപ്പികള്‍, ഞണ്ടുകള്‍ എന്നിവയും ഇവിടത്തെ ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്നുണ്ട്. 2007-ല്‍ കടലുണ്ടിയെ കമ്യൂണിറ്റി റിസര്‍വായി പ്രഖ്യാപിച്ചതോടെ ഈ പ്രദേശത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. കേരളത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിറ്റി റിസര്‍വാണിത്. കടലുണ്ടി പഞ്ചായത്തിലും വള്ളിക്കുന്ന് പഞ്ചായത്തിലുമായി ഏകദേശം 150 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന അഴിമുഖ ആവാസവ്യവസ്ഥയെയും സവിശേഷമായ അവിടുത്തെ ജൈവവൈവിധ്യത്തെയും തദ്ദേശവാസികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ പരിരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിപ്രദേശത്തെ തദ്ദേശവാസികളുടെ സഹകരണത്തോടെ പ്രകൃതി സംരക്ഷണം ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്നതിനാലാണ് ഇതിനെ കമ്യൂണിറ്റി റിസര്‍വ് എന്നു വിശേഷിപ്പിക്കുന്നത്.

ജനവിതരണം

സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രതയെക്കാള്‍ വളരെക്കൂടുതലാണ് കോഴിക്കോട് ജില്ലയിലേത്. ആകെ ജനസംഖ്യ 30,89,543 (2011). മൂന്നു താലൂക്കുകളിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് കൂടുതല്‍.

പേരാമ്പ്ര ബ്ലോക്കിലെ ചക്കിട്ടപാറ പഞ്ചായത്ത് വിസ്തൃതിയില്‍ ഒന്നാംസ്ഥാനത്തും (142.52 ച.കി.മീ.) വടകര ബ്ലോ‌ക്കിലെ ഒഞ്ചിയം പഞ്ചായത്ത് വിസ്തൃതിയില്‍ ഏറ്റവും പിന്നിലും നില്ക്കുന്നു (8.72 ച.കി.മീ.). ജില്ലയുടെ ആകെ ജനസംഖ്യയില്‍ 57.97 ശതമാനം ഹിന്ദുമതത്തില്‍പ്പെട്ട വിവിധ ജാതിവിഭാഗങ്ങളും, 37.46 ശതമാനം മുസ്ലിം വിഭാഗങ്ങളും 4.42 ശതമാനം ക്രിസ്തുമതക്കാരുമാണ്. ബുദ്ധ, ജൈന, സിക്ക് തുടങ്ങി ഇതരമതവിശ്വാസികളും ജില്ലയിലുണ്ട്.

സമ്പദ്ഘടന

കൃഷി

ജില്ലയുടെ മൊത്തം വരുമാനത്തിന്റെ പകുതിയോളം കൃഷിയില്‍നിന്നു ലഭിക്കുന്നു. ജില്ലയില്‍ ഏകദേശം 27,889 കൃഷിക്കാരും 66,066 കാര്‍ഷികത്തൊഴിലാളികളുമുണ്ട്. 6,93,211 പേര്‍ ഇതര മേഖലകളില്‍ തൊഴില്‍ചെയ്യുന്നു. ഒരു ഹെക്ടറില്‍ത്താഴെ ഭൂമിയുള്ളവരാണ് 80 ശതമാനത്തിലധികവും. നെല്ല്, നാളികേരം, മരച്ചീനി, വാഴ, അടയ്ക്ക, കുരുമുളക്, ഇഞ്ചി, ഏലം, കശുവണ്ടി, റബ്ബര്‍, കാപ്പി, എള്ള്, കൊക്കോ, പുല്‍ത്തൈലം തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന കാര്‍ഷികവിളകള്‍.

ജില്ലയുടെ 1,63,932 ഹെക്ടര്‍ പ്രദേശം വിവിധയിനം സസ്യങ്ങള്‍ കൃഷിചെയ്യുന്നു. 3004 ഹെക്ടര്‍ നെല്‍പ്പാടങ്ങളില്‍ നിന്നായി പ്രതിവര്‍ഷം 3814 മെട്രിക് ടണ്‍ നെല്ല് ഉത്പാദിപ്പിച്ചുവരുന്നു.

സംസ്ഥാന കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകള്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനായി ഫറോക്ക്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഫാര്‍മേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും എണ്ണ, സുഗന്ധദ്രവ്യങ്ങള്‍, നെയ്യ്, എന്നിവ തരംതിരിച്ച് വിതരണം ചെയ്യുന്നതിനായി ജില്ലയിലെ മാലപ്പറമ്പയില്‍ സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിങ് ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നു. പെരുവണ്ണാമൊഴി, പേരാമ്പ്ര, പുതുപ്പാടി, തിക്കോടി, വെങ്ങേറി, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ വിവിധങ്ങളായ കൃഷിവികസന സ്ഥാപനങ്ങളും പ്രവര്‍ത്തന നിരതമാണ്.

വ്യവസായങ്ങള്‍

ബേപ്പൂര്‍ തുറമുഖം

വ്യാവസായിക വികസനത്തില്‍ ഏറെ പുരോഗതി കൈവരിച്ചുവരുന്ന ഒരു ജില്ലയാണ് കോഴിക്കോട്. വന്‍കിടയിലും ഇടത്തരത്തിലും ചെറുകിടയിലുംപെട്ട 18,156 ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു (2008). 69,926 പേര്‍ ഇവയിലൊട്ടാകെ പണിയെടുക്കുന്നുണ്ട്. എണ്ണ, തേയില, കശുവണ്ടി, പരുത്തിത്തുണി, കയര്‍, തടി ഉത്പന്നങ്ങള്‍, പ്ളൈവുഡ്, അറപ്പുമില്‍, അച്ചടി, റബ്ബര്‍ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, തീപ്പെട്ടി, സോപ്പ്, ഓട്, ജനറല്‍ എന്‍ജിനീയറിങ്, ആട്ടോമൊബൈല്‍, മത്സ്യബന്ധനം തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വ്യവസായങ്ങള്‍.

കോമണ്‍വെല്‍ത്ത് ട്രസ്റ്റ് (കോഴിക്കോട്), കാരാ കാഷ്യു വര്‍ക്സ് (കാരപ്പറമ്പ്), ടാറ്റാ ഓയില്‍ മില്‍സ് (കോഴിക്കോട്), കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് (കോഴിക്കോട്), മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് (തിരുവണ്ണൂര്‍), ഖെങ്ക ഫ്ളവര്‍മില്‍സ് (കോഴിക്കോട്), പിയേഴ്സ് ലസ്ലി (കോഴിക്കോട്), സ്റ്റീല്‍ കോംപ്സെക്സ് (ചെറുവണ്ണൂര്‍), മമ്പിള്ളി കോഫി വര്‍ക്സ് (ചെറുവണ്ണൂര്‍), സ്റ്റാന്‍ഡേര്‍ഡ് ഫര്‍ണിച്ചര്‍ വര്‍ക്സ് (ഫറോക്ക്), കുന്നത്തറ ടെക്സ്റ്റയില്‍സ് (ഉള്ളിയേരി), ഈസ്റ്റേണ്‍ ക്ലേവര്‍ക്സ് (കോഴിക്കോട്), ഷിപ്പ് ബ്രേക്കിങ് യൂണിറ്റ് (ബേപ്പൂര്‍), കോക്കനട്ട് കോംപ്ലെക്സ് (തിരുവങ്ങൂര്‍), കെല്‍ട്രോണ്‍ ടി.വി. യൂണിറ്റ് (മൂടാടി), സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള (ബേപ്പൂര്‍), സതേണ്‍ ഗ്യാസ്, ന്യൂ ഇന്ത്യാ സെറാമിക്സ് എന്നിവ ജില്ലയിലെ മുഖ്യവ്യവസായ സ്ഥാപനങ്ങളാണ്.

തടിവ്യവസായം

തടിവ്യവസായത്തിന് ലോകപ്രസിദ്ധിയാര്‍ജിച്ചതാണ് ഈ ജില്ലയിലെ കല്ലായി. 166 അറുപ്പുമില്ലുകളും 101 പ്ലൈവുഡ് ഫാക്ടറികളും പ്രവര്‍ത്തിക്കുന്നു. തടികളും പണിതീര്‍ത്ത മരസാമാനങ്ങളും ഇവിടെനിന്ന് കയറ്റി അയയ്ക്കുന്നുണ്ട്. തടിയുത്പന്നങ്ങളെ ആശ്രയിച്ചുള്ള 1031 രജിസ്റ്റേര്‍ഡ് വ്യവസായ യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ചെറുവണ്ണൂര്‍, ഫറോക്ക് എന്നീ പ്രദേശങ്ങളിലാണ് ഈ യൂണിറ്റുകളിലധികവും പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ ഉടമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'നാളികേര കോംപ്ലക്സ്' ചേമഞ്ചേരിയില്‍ (കൊയിലാണ്ടിത്താലൂക്ക്) ഉണ്ട്. ഫറോക്ക്-ചെറുവണ്ണൂര്‍ പ്രദേശങ്ങളില്‍ ഓട് വ്യവസായം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ഈ വ്യവസായത്തിനാവശ്യമായ കളിമണ്ണ് ഇവിടെ ധാരാളമായുണ്ട്. ഒട്ടനവധി വ്യവസായ യൂണിറ്റുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ആദ്യത്തെ ഓട്ടുഫാക്ടറി 1874-ല്‍ പുതിയറയില്‍ സ്ഥാപിതമായി. ബാസല്‍ മിഷന്‍ സൊസൈറ്റിയാണ് ഈ ഫാക്ടറിയാരംഭിച്ചത്. ഫറോക്ക് ഓടുകള്‍ക്ക് ഇന്ത്യയിലൊട്ടാകെ പ്രസിദ്ധിയും പ്രചാരവുമുണ്ട്. 1973-ല്‍ ഒരു ജോയിന്റ് സെക്ടര്‍ കമ്പനിയായി പ്രവര്‍ത്തനമാരംഭിച്ച ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ലെക്സ്, ഇപ്പോള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ കീഴിലാണ്. 590 പേര്‍ക്ക് ഈ സ്ഥാപനം തൊഴില്‍ നല്കുന്നു.

വെസ്റ്റ് ഹില്ലില്‍ 12.43 ഏക്കര്‍ സംസ്ഥാന സര്‍ക്കാരിന്റെ വക ഒരു വ്യവസായ എസ്റ്റേറ്റുണ്ട്. 1962-ല്‍ ആരംഭിച്ച ഈ വ്യവസായ എസ്റ്റേറ്റില്‍ 23 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. റബ്ബര്‍ ഉത്പന്നങ്ങള്‍, പെയിന്റ്, വാര്‍ണിഷ്, എന്‍ജിനീയറിങ് സാധനങ്ങള്‍, പ്ളാസ്റ്റിക്സ്, ബേക്കറി സാധനങ്ങള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ ഇവിടെ നിര്‍മിക്കുന്നു.

പെരുവയല്‍, കുന്ദമംഗലം, കുന്നുമ്മല്‍, നടുവന്നൂര്‍, ചാത്തമംഗലം, പയ്യോളി, ബാലുശ്ശേരി, ഉണ്ണിക്കുളം, കടലുണ്ടി, പേരാമ്പ്ര എന്നീ പത്തു പഞ്ചായത്തുകളില്‍ ചെറു വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലയിലൊട്ടാകെ 118 വ്യവസായ സഹകരണസംഘങ്ങളാണുള്ളത്.

മത്സ്യബന്ധനം

കടലുണ്ടിപ്പുഴ

കോഴിക്കോട്, വെള്ളയില്‍, പുതിയാപ്പ, കൊയിലാണ്ടി, വടകര എന്നിവയാണ് ജില്ലയിലെ മുഖ്യ മത്സ്യബന്ധനകേന്ദ്രങ്ങള്‍. വര്‍ഷന്തോറും ശരാശരി 30,000 ടണ്‍ മത്സ്യം ഇവിടെനിന്നും ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം മത്സ്യബന്ധനത്തിന്റെ എട്ടു ശതമാനത്തോളം വരും ഇത്. 4000-ത്തിലധികം യന്ത്രവത്കൃത ബോട്ടുകള്‍ ജില്ലയിലൊട്ടാകെ മത്സ്യബന്ധനത്തിനുപയോഗിക്കുന്നു. 5000-ത്തിലധികം യന്ത്രേതര ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മീന്‍പിടിത്തസംവിധാനങ്ങളും വ്യാപകമായി നിലവിലുണ്ട്. നൂറോളം മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 25,000 പേര്‍ നേരിട്ടും ഐസ്പ്ളാന്റുകള്‍, മത്സ്യസംസ്കരണ യൂണിറ്റുകള്‍ എന്നിവയെ ആശ്രയിച്ച് 5,000-ത്തിലേറെ പേര്‍ പരോക്ഷമായും ഈ തൊഴില്‍ കൊണ്ട് ഉപജീവനം നേടുന്നു. ജില്ലയുടെ സാമ്പത്തികാഭിവൃദ്ധിക്കും ഈ മേഖല നല്കുന്ന സംഭാവന അവഗണിക്കാവുന്നതല്ല.

മത്സ്യബന്ധന ഗവേഷണത്തിനായുള്ള ഏതാനും പ്രമുഖ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. 1945-ല്‍ പ്രവര്‍ത്തനമാരംഭിച്ച 'ഫിഷറീസ് ടെക്നോളജിക്കല്‍ റിസര്‍ച്ച് സ്റ്റേഷന്‍' ഇന്ത്യയിലെതന്നെ ഈ രംഗത്തെ ആദ്യത്തെ ഗവേഷണസ്ഥാപനങ്ങളിലൊന്നാണ്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കല്‍, മീനെണ്ണ ഉത്പാദനം, മത്സ്യവളം-മറ്റ് ഉപോത്പന്നങ്ങള്‍ എന്നിവയുടെ സൂക്ഷിക്കല്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഇവിടെ ഗവേഷണം നടക്കുന്നു. മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (വെസ്റ്റ് ഹില്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി, സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളും ബേപ്പൂരില്‍ പ്രവര്‍ത്തിക്കുന്നു.

മൃഗസംരക്ഷണം

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ നാലു ജില്ലകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഊര്‍ജിത കന്നുകാലി വികസനപദ്ധതി ആഫീസ് (ഐ.സി.ഡി.പി.) കോഴിക്കോട് പ്രവര്‍ത്തിക്കുന്നു. 31 മൃഗാശുപത്രികളും 13 മൃഗചികിത്സാ ഡിസ്പെന്‍സറികളും സഞ്ചരിക്കുന്ന ഒരു മൃഗചികിത്സാ ഡിസ്പെന്‍സറിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ചാത്തമംഗലത്താണ് 'റീജണല്‍ പൌള്‍ട്രിഫാം' സ്ഥിതിചെയ്യുന്നത്.

ഗതാഗതം

നാഷണല്‍ ഹൈവേ (77 കി.മീ.), പി.ഡബ്ള്യു.ഡി. റോഡുകള്‍ (972 കി.മീ.), കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും വടകര മുനിസിപ്പാലിറ്റിയിലുമുള്ള റോഡുകള്‍ (280 കി.മീ.), പഞ്ചായത്തുറോഡുകളും മറ്റും (3,693 കി.മീ.) എന്നിവ ഉള്‍പ്പെടെ ജില്ലയിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 5,022 കി.മീ. ആണ്. കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ റോഡ്, മദ്രാസ്-കോഴിക്കോട് ട്രങ്ക് റോഡ്, കോഴിക്കോട്-കണ്ണൂര്‍ റോഡ്, കോഴിക്കോട്-മൈസൂര്‍ റോഡ് എന്നിവയാണ് ജില്ലയിലെ പ്രധാനറോഡുകള്‍. കടലുണ്ടി, ഫറോക്ക്, കല്ലായി, കോഴിക്കോട്, വെള്ളയില്‍, വെസ്റ്റ് ഹില്‍, എലത്തൂര്‍, തിരുവണ്ടൂര്‍, ചേമഞ്ചേരി, കൊയിലാണ്ടി, വെള്ളറക്കാട്, തിക്കോടി, പയ്യോളി, ഇരിങ്ങല്‍, വടകര, നാദാപുരം റോഡ് എന്നിവ ജില്ലയിലെ റെയില്‍വേസ്റ്റേഷനുകളാകുന്നു. ജില്ലയിലൂടെ കടന്നുപോകുന്ന ബ്രോഡ്ഗേജ് റെയില്‍പ്പാതയുടെ നീളം 75.48 കി.മീ. ആണ്. കോഴിക്കോട്ടും ബേപ്പൂരിലും വടകരയിലും തുറമുഖങ്ങളുണ്ട്. കോഴിക്കോട് നഗരത്തില്‍നിന്നും 30 കി.മീ. അകലെയായുള്ള കോഴിക്കോട് വിമാനത്താവളം ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതിചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ്സുകളും അസംഖ്യം സ്വകാര്യബസ്സുകളും ജില്ലയിലെ പ്രധാന പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളാണ്.

ചരിത്രം

പ്രാക്ചരിത്രം

പഴശ്ശിരാജാ സ്മാരകം

ജില്ലയുടെ പ്രാക്ചരിത്രം മിക്കവാറും അജ്ഞാതമാണ്. ഏതാനും ശിലാഗുഹകളും തൊപ്പിക്കല്ലുകളും സ്മാരകശിലകളും പലേടത്തുനിന്നായി ലഭിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിലെ ചേവായൂരില്‍ കണ്ടെത്തിയ ശിലാഗുഹയില്‍ നിന്ന് മണ്‍പാത്രങ്ങളും ഒരു വാളിന്റെ ഭാഗങ്ങളും ലഭിച്ചിരുന്നു. അന്നശ്ശേരി, പാലങ്ങാട്, കോവൂര്‍, കൊമ്മേരി എന്നിവിടങ്ങളിലും ശിലാഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോടിന് 10 കി.മീ. വടക്കുള്ള പടിഞ്ഞാറ്റുംമുറി അംശത്തിലും ഏതാനും ശിലാഗുഹകള്‍ ലോഗന്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുഹകളില്‍ നിന്നു ലഭിച്ച കളിമണ്‍ പാത്രങ്ങള്‍ മദ്രാസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫറോക്കിനടുത്ത ചാത്തമ്പറമ്പില്‍ അനേകം ശവക്കല്ലറകളുള്ള ഒരു കുന്നുണ്ട്.

കോഴിക്കോട് താലൂക്കിലെ കണ്ണങ്കര, മാവൂര്‍, ചോക്കൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഏതാനും സ്മാരകശിലകളും ഇരിങ്ങല്ലൂര്‍, കൊടല്‍, കൈലമഠം, കല്‍പ്പള്ളി, പുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഏതാനും തൊപ്പിക്കല്ലുകളും ലഭിച്ചു. കൊയിലാണ്ടി, വടകര താലൂക്കുകളിലും ചില പ്രാക്ചരിത്രസ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവണ്ണൂര്‍, കാരയാട്, കീഴരിയൂര്‍ (ശിലാഗുഹകള്‍), കായലാട് (തൊപ്പിക്കല്ല്, സ്മാരകശില) എന്നിവിടങ്ങളും പുരാവസ്തു പ്രാധാന്യമുള്ളവയാണ്. മൂടാടി അംശത്തിലെ മുചുകുന്ന് ദേശത്തുള്ള വലിയമലയുടെ താഴ്വരയില്‍ കണ്ടെത്തിയ രണ്ടു ഗുഹകളില്‍ ഒന്നിന് 20 മീ. നീളവും 10 മീ. വീതിയുമുണ്ട്.

കോഴിക്കോടിനടുത്ത കടലുണ്ടിയെയും (തൊണ്ടി/തിണ്ടിസ്), പന്തലായനിയെയും (പന്തര്‍) പറ്റി പല സൂചനകളും നല്കുന്ന തമിഴിലെ സംഘസാഹിത്യം കോഴിക്കോട് നഗരത്തെപ്പറ്റി മൗനമവലംബിക്കുന്നു. എ.ഡി. 10-ാം ശതകത്തില്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി കേരളം ഭരിച്ചിരുന്ന ചേരരാജാവായ കോതരവിയുടെ (917-944) ശിലാലിഖിതങ്ങള്‍ തൃപ്പങ്ങോട്ടുനിന്നും കോഴിക്കോട് താലൂക്കിലെ ചോക്കൂര്‍നിന്നും ലഭിച്ചിട്ടുണ്ട്. ഇവയിലും കോഴിക്കോടിനെ പരാമര്‍ശിക്കുന്നില്ല. ഭാസ്കര രവിവര്‍മന്റെ ജൂതചെപ്പേടിലും (എ.ഡി. 1000), 1225-ലെ വീരരാഘവചക്രവര്‍ത്തിച്ചെപ്പേടിലും ഏറാള്‍നാടുടയവരെയും ഏറനാട്ടുടയവരെയും പറ്റി പ്രസ്താവങ്ങളുണ്ടെങ്കിലും കോഴിക്കോടിനെക്കുറിച്ച് സൂചനയൊന്നും കാണുന്നില്ല. രണ്ടാം ചേരസാമ്രാജ്യകാലത്തും (800-1102) അവരുടെ പതനത്തെത്തുടര്‍ന്ന് ഒരു നൂറ്റാണ്ടുകാലത്തോളവും കോഴിക്കോടിന് പ്രസ്താവ്യമായ എന്തെങ്കിലും പ്രാധാന്യമുണ്ടായിരുന്നില്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

രണ്ടാംചേരസാമ്രാജ്യത്തിന്റെ അധഃപതനത്തെത്തുടര്‍ന്ന് കോഴിക്കോടും ചുറ്റുമുള്ള പ്രദേശങ്ങളും പോര്‍ളാതിരിമാരുടെ ഭരണസീമയിലിരുന്ന പോളനാട്ടില്‍പ്പെട്ടിരുന്നു. 13-ാം ശതകത്തില്‍ ഏറനാട് നെടിയിരുപ്പിലെ ഏറാടികള്‍ പോളനാട് പിടിച്ചടക്കുകയും സാമൂതിരിരാജവംശം അധികാരമേല്ക്കുകയും ചെയ്തതോടെയാണ് കോഴിക്കോട് പ്രസിദ്ധി നേടിത്തുടങ്ങിയത്.

സാമൂതിരി രാജവംശം

മലപ്പുറം ജില്ലയിലെ ഏറനാട്ടിലുള്ള നെടിയിരുപ്പായിരുന്നു പിന്നീട് സാമൂതിരിവംശമായിത്തീര്‍ന്ന ഏറാടികളുടെ മൂലസ്ഥാനം. മലയോരത്തുള്ള ഏറനാട്ടില്‍ നിന്ന് കടല്‍വഴിക്കുള്ള വ്യാപാരത്തിന് പല പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. പോളനാട് വഴിയോ പരപ്പനാടു വഴിയോ വേണ്ടിയിരുന്നു അവര്‍ക്ക് കടല്‍ത്തീരത്തെത്താന്‍. അതിനാല്‍ കടലോരത്തെ ഒരു ദേശം സ്വന്തമാക്കാനുള്ള പുറപ്പാടിലായി സാമൂതിരി. ബന്ധുവായ പരപ്പനാട് രാജാവിനെ ഉപദ്രവിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതിനാല്‍ സാമൂതിരിസൈന്യം പോളനാടിനെ ലക്ഷ്യമാക്കി നീങ്ങി. എ.ഡി. 12-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ സാമൂതിരി 30,000 നായന്മാരോടൊത്ത് കല്ലായിപ്പുഴയുടെ തീരത്തെ പന്നിയങ്കരയിലെത്തി. കിഴക്കുംപുറം 5,000, വടക്കുംപുറം 5,000 എന്നിങ്ങനെ 10,000 നായന്മാരേ പോര്‍ളാതിരിക്കുണ്ടായിരുന്നുള്ളൂ. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ പോര്‍ളാതിരി സ്വബന്ധുവായിരുന്ന കോലത്തിരിത്തമ്പുരാനോട് സഹായം തേടി. വലിയൊരു വ്യൂഹം നായര്‍പ്പട സ്വന്തമായുണ്ടായിരുന്ന കോലത്തിരി, പോര്‍ളാതിരിക്ക് വേണ്ടത്ര സൈന്യത്തെ അയച്ചുകൊടുത്തു. അതിനാല്‍ സാമൂതിരി സേനയ്ക്ക് പോളനാട്ടില്‍ കഠിനമായി പൊരുതേണ്ടിവന്നു. അരനൂറ്റാണ്ടുകാലത്തോളം പടവെട്ടിയ ശേഷമാണ് പോളനാട്, സാമൂതിരിക്ക് കൈയാളാന്‍ കഴിഞ്ഞത്. കോലത്തിരി യുദ്ധമധ്യേ സ്വസൈന്യത്തെ പിന്‍വലിച്ചതിനാല്‍ പരാജയഭീതി പൂണ്ട പോര്‍ളാതിരി വേഷപ്രച്ഛന്നനായി സ്ഥലം വിട്ടു. രാജപത്നിയും ബന്ധുക്കളും സാമൂതിരിക്ക് കീഴടങ്ങി. പോര്‍ളാതിരിയുടെ മുഖ്യമന്ത്രിയെ വടക്കുംപുറം നായന്മാരുടെ നേതാവാക്കി, 'ഏറനാട് മേനോന്‍' എന്ന സ്ഥാനപ്പേരും നല്കി. പോര്‍ളാതിരിയുടെ ആഴ്ചവട്ടത്തെ കൊട്ടാരം ആസ്ഥാനമാക്കി സാമൂതിരി രാജ്യഭരണം ആരംഭിച്ചു. അവിടെ വേളാപുരത്ത് ഒരു കോട്ട നിര്‍മിച്ച് സ്വന്തം താവളം ഭദ്രമാക്കുകയും ചെയ്തു.

സാമൂതിരി രാജവംശം ഉണ്ടായതിനെപ്പറ്റിയും അവര്‍ കോഴിക്കോടിന്റെ അധിപന്മാരയതിനെപ്പറ്റിയും 18-ാം ശതകത്തില്‍ രചിതമായ കേരളോത്പത്തിയില്‍ രസകരമായ ഒരു കഥയുള്ളതിങ്ങനെയാണ്: ഏറനാട് നെടിയിരിപ്പു വംശത്തില്‍ മാനിച്ചന്‍ എന്നും വിക്കിരന്‍ എന്നും രണ്ട് ഏറാടി സഹോദരന്മാരുണ്ടായിരുന്നു. കേരളം വാണിരുന്ന ചേരമാന്‍ പെരുമാളുമായി യുദ്ധത്തിനുവന്ന കൃഷ്ണരായരുടെ സൈന്യത്തെ തിരൂര്‍വച്ച് ഇവര്‍ പരാജയപ്പടുത്തി. തുടര്‍ന്ന് പെരുമാള്‍ ഇവരെ തന്റെ അനന്തരവന്മാരായി അംഗീകരിച്ചു. പെരുമാളുടെ അനുമതിയോടെ കാശിയാത്രയ്ക്കു തിരിച്ച ഇവര്‍ മാര്‍ഗമധ്യേ മടങ്ങി പെരുമാളുടെ സമീപമെത്തി. രാജ്യം മക്കള്‍ക്കും സാമന്തന്മാര്‍ക്കുമായി വീതിച്ചുകൊടുത്ത് പെരുമാള്‍ മക്കയ്ക്കു പോവുന്നതായി അറിഞ്ഞാണ് അവര്‍ പെട്ടെന്ന് തിരിച്ചുപോന്നത്. അതിനകം രാജ്യത്തിലേറെഭാഗവും പെരുമാള്‍ മക്കള്‍ക്കും മറ്റുമായി നല്കിക്കഴിഞ്ഞിരുന്നു. ശേഷിച്ച കോഴികൂവുന്ന ദേശത്തെയും (കോഴിക്കോട്) ചുള്ളിക്കാടിനെയും ഉടവാളിനെയും അദ്ദേഹം മാനവിക്കിരന്മാര്‍ക്കു നല്കി. 'നിങ്ങള്‍ ചത്തും കൊന്നും വാഴ്ക... ഈ മലനാട്ടില്‍ മുഴുവനും ഞാന്നിയായിട്ട് മേല്‍ക്കോയ്മ സ്ഥാനം നടത്തിക്കൊള്‍ക' എന്നു പറഞ്ഞ് പെരുമാള്‍ മക്കയ്ക്കു തിരിച്ചത്രേ.

കോഴിക്കോടിന്റെ വ്യാപാരവികസനം

കോഴിക്കോട് തുറമുഖം വികസിപ്പിക്കുകയും ഒരു വ്യാപാരകേന്ദ്രം എന്ന നിലയില്‍ നഗരത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തത് സാമൂതിരിയാണ്. കുരുമുളകും ഇതര നാണ്യവിളകളും വാങ്ങാനും തങ്ങളുടെ ചരക്കുകള്‍ വില്‍ക്കാനുമായി 13-ാം ശതകം മുതല്‍ വിദേശവ്യാപാരികള്‍ ഇവിടെ എത്തിയിരുന്നു. അറബികളോടും ചീനക്കാരോടുമുള്ള നയപരവും സഹിഷ്ണുതാപരവുമായ സമീപനം സാമൂതിരിയുടെ വിജയകാരണമായി. അറബിവ്യാപാരികള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ നല്കി. കുരുമുളകിന്റെ വ്യാപാരക്കുത്തകതന്നെ അവര്‍ക്കു ലഭിച്ചു. അവരുടെ മതവിശ്വാസങ്ങളുടെ പ്രചാരണത്തിനും സാമൂതിരി എതിരുനിന്നില്ല. പശ്ചിമതീരത്തെ ഏറ്റവും വലിയ തുറമുഖനഗരമായി കോഴിക്കോട് വളര്‍ന്നതിന് പ്രധാനസഹായികള്‍ അറബികളായിരുന്നു. കപ്പലുകളും ഇതര ജലവാഹനങ്ങളും നല്കിയും അയല്‍രാജാക്കന്മാരുമായുള്ള യുദ്ധങ്ങളില്‍ കുതിരകളെയും സൈനികരെയും അയച്ചും അറബികള്‍ സാമൂതിരിക്ക് ഒത്താശകള്‍ ചെയ്തുകൊടുത്തു.

തിരുനാവായ ആക്രമണം

രാജ്യവിപുലീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ സാമൂതിരി വിജയം കണ്ടെത്തി. ചുറ്റുമുള്ള ചാലിയം-ബേപ്പൂര്‍-പരപ്പനാട്-വെട്ടത്തുരാജാക്കന്മാരും കുറുമ്പ്രനാട് രാജാവും പയ്യോര്‍മല നായന്മാരും എതിര്‍പ്പില്ലാതെ സാമൂതിരിയുടെ മേധാവിത്വം അംഗീകരിച്ചു. തെക്കേ മലബാറിലെ വള്ളുവക്കോനാതിരിയെ നേരിടുകയായി സാമൂതിരിയുടെ പിന്നത്തെ ശ്രമം. ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ വള്ളുവക്കോനാതിരിയുടെ (വെള്ളാട്ടിരി) അധീനതയിലായിരുന്നു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍പ്പുറത്ത് നടന്നുവന്നിരുന്ന മാമാങ്കമഹോത്സവത്തിന് വമ്പിച്ച രാഷ്ട്രീയപ്രാധാന്യം ലഭിച്ചു. കേരളത്തിലെ എല്ലാ രാജാക്കന്മാരും വന്നുചേരുന്ന ഈ ഉത്സവനടത്തിപ്പ് പെരുമാള്‍ വംശജനായ (ഐതിഹ്യപ്രകാരം) തന്റെ ചുമതലയിലാവണമെന്ന് സാമൂതിരി ആഗ്രഹിച്ചു.

പന്നിയൂര്‍-ചൊവ്വര ഗ്രാമക്കാര്‍ തമ്മിലുള്ള കൂറുമത്സരം കൊടുമ്പിരിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. രണ്ടു ഗ്രാമക്കാര്‍ തമ്മിലുള്ള മത്സരം എന്നതിലുപരി ഇത് രണ്ട് രാഷ്ട്രീയശക്തികള്‍ തമ്മിലുള്ള അധികാരവടംവലിയായിരുന്നു. സാമൂതിരി പന്നിയൂര്‍പക്ഷത്തു ചേര്‍ന്നു. വള്ളുവക്കോനാതിരിയും പെരുമ്പടപ്പു സ്വരൂപവും ചൊവ്വരയോട് കൂറുപ്രഖ്യാപിച്ചു. പന്നിയൂര്‍ പക്ഷത്തായിരുന്ന തിരുമനശ്ശേരി നമ്പൂതിരിയുടെ ദേശങ്ങള്‍ വള്ളുവക്കോനാതിരിയും പെരുമ്പടപ്പും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍, സാമൂതിരിയോടും വെട്ടത്തുരാജാവിനോടും നമ്പൂതിരി സഹായാഭ്യര്‍ഥന നടത്തി. സഹായത്തിനു പകരമായി പൊന്നാനിപ്രദേശം സാമൂതിരിക്ക് നല്കാമെന്നും നമ്പൂതിരി വാഗ്ദാനം ചെയ്തു. സാമൂതിരിയും ഏറാള്‍പ്പാടും (യുവരാജാവ്) ഇരുദിശകളിലൂടെ സൈന്യത്തെ നേരിട്ടുനയിച്ചു. കോഴിക്കോട്ടെ മുസ്ലിം വ്യാപാരികളും സാമൂതിരിക്കുവേണ്ട സഹായങ്ങള്‍ നല്കി. ശക്തമായ എതിര്‍സൈന്യത്തോട് വള്ളുവക്കോനാതിരി പരാജയപ്പെട്ടു പിന്‍വാങ്ങി. തിരുനാവായ കൈവശപ്പെടുത്തിയ സാമൂതിരിക്ക് മാമാങ്കത്തിന്റെ രക്ഷാപുരുഷ പദവിയും കൈവന്നു.

തിരുനാവായിലെ വിജയത്തിനുശേഷം നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം, വെങ്കടക്കോട്ട (കോട്ടയ്ക്കല്‍) എന്നീ നാടുകളും സാമൂതിരി സ്വാധികാരത്തിന്‍കീഴില്‍ കൊണ്ടുവന്നു. പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണത്തിനായി കരിമ്പുഴ ആസ്ഥാനമാക്കി ഏറാള്‍പ്പാടിനെ നിയോഗിച്ചു.

നിലമ്പൂര്‍ മുതല്‍ വെങ്കടക്കോട്ട വരെയുള്ള വലിയൊരു ഭൂവിഭാഗം സ്വന്തമാക്കി ജൈത്രയാത്ര തുടര്‍ന്ന സാമൂതിരി ഇതിനകം കേരളത്തിലെങ്ങും അറിയപ്പെടുന്ന രാജാവായി. പല ബിരുദങ്ങളും അദ്ദേഹം അണിഞ്ഞു. 'കുന്നുകള്‍ക്കും സമുദ്രത്തിനും മധ്യേയുള്ള ദേശങ്ങളുടെ അധിപന്‍' എന്ന അര്‍ഥത്തിലുള്ള 'കുന്നലക്കോനാതിരി' എന്ന് സാമൂതിരി പ്രസിദ്ധനായി. ശൈലാബ്ധീശ്വരന്‍ എന്നത് ഇതിന്റെ സംസ്കൃതരൂപാന്തരമാണ്. മാമാങ്കം കിളിപ്പാട്ടിലും കേരളോത്പത്തിയിലും പൂന്തുറക്കോന്‍ അഥവാ പൂന്തുറേശന്‍ എന്നാണ് സാമൂതിരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മനോഹരമായ തീരപ്രദേശത്തിന്റെ (പൂം+തുറ) അധിപന്‍ എന്ന അര്‍ഥത്തിലാവാം ഇത്. കാവേരീതീരത്തുള്ള പൂന്തുറ എന്ന ദേശത്തായിരുന്നു സാമൂതിരിയുടെ മൂലകുടുംബമെന്നും ഇവിടെനിന്നു വന്നവരെന്ന അര്‍ഥത്തിലാണ് ഈ ബിരുദം ഉണ്ടായതെന്നും ലോഗന്‍ രേഖപ്പെടുത്തുന്നു (മലബാര്‍ മാന്വവല്‍, വാല്യം 1, പു. 276).

പൊന്നാനി മുതല്‍ ചേറ്റുവ വരെയുള്ള പ്രദേശങ്ങളുടെ ഭരണം നടത്തിയിരുന്ന തലപ്പിള്ളി രാജാക്കന്മാര്‍ കാര്യമായ ചെറുത്തുനില്പൊന്നും കൂടാതെ സാമൂതിരിക്കു കീഴടങ്ങി. ഇവരില്‍ പ്രമുഖനായിരുന്ന പുന്നത്തൂര്‍ രാജാവിന് തന്റെ കാര്യാലോചനാ സമിതിയില്‍ അംഗത്വവും സാമൂതിരിമാരുടെ അരിയിട്ടു വാഴ്ചച്ചടങ്ങില്‍ (കിരീടധാരണം) പങ്കെടുക്കാനുള്ള അവകാശവും സാമൂതിരി നല്കി. വള്ളുവനാട്ടിന്റെ ഭാഗമായിരുന്ന പൊന്നാനി മുഴുവന്‍ സാമൂതിരി പിടിച്ചടക്കിയതോടെ ചിത്രകൂടത്തിലെ വന്നേരി ആസ്ഥാനമാക്കിയിരുന്ന പെരുമ്പടപ്പുമൂപ്പില്‍ തിരുവഞ്ചിക്കുളത്തേക്കു പിന്മാറി.

കൊച്ചി-സാമൂതിരി ഭരണത്തില്‍

സാമൂതിരിയില്‍നിന്നുള്ള ആക്രമണഭീഷണി തുടര്‍ന്നുവന്നതിനാല്‍ എ.ഡി. 1405-നടുത്ത് പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചിക്കുളത്തുനിന്ന് കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റി. പെരുമ്പടപ്പിലെ ആഭ്യന്തരമത്സരങ്ങള്‍ കൊച്ചിയുടെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ സാമൂതിരിക്ക് അവസരമൊരുക്കി. കൊച്ചിയിലെ ഇളയതാവഴി, മൂത്ത താവഴിയെ അവഗണിച്ചു കൈക്കലാക്കിയ രാജ്യാധികാരം വീണ്ടെടുക്കാന്‍ മൂത്ത താവഴി സാമൂതിരിയുടെ സഹായംതേടി. സാമൂതിരിസൈന്യം കൊച്ചിരാജാവിനെ പരാജയപ്പെടുത്തി രാജ്യം മൂത്ത താവഴിക്കു നല്കി. ചില വ്യവസ്ഥകളോടെയായിരുന്നു ഇത്. സാമൂതിരിക്ക് ആണ്ടുതോറും കപ്പം കൊടുത്തുകൊള്ളാമെന്നും കൊച്ചിരാജ്യത്തെ കുരുമുളകും മററുത്പന്നങ്ങളും കോഴിക്കോടു തുറമുഖം വഴി മാത്രമേ വിപണനം ചെയ്യൂ എന്നുമുള്ള വ്യവസ്ഥകള്‍ കൊച്ചിരാജാവിന് അംഗീകരിക്കേണ്ടിവന്നു.

കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കു നീങ്ങിയ സാമൂതിരി നടുവട്ടം കീഴടക്കി. കുതിരവട്ടത്തു നായരെ അവിടെ ദേശവാഴിയാക്കി. തുടര്‍ന്ന് വേങ്ങനാട് നമ്പിടിമാരുടെ ഭരണത്തിലിരുന്ന കൊല്ലങ്കോടും സാമൂതിരിസൈന്യം കൈയേറി. വടക്കന്‍ കേരളത്തിലെ കോലത്തിരിയും സാമൂതിരിക്കു കീഴടങ്ങിയതോടെ മധ്യകേരളത്തിലെയും ഉത്തരകേരളത്തിലെയും ഒട്ടുമിക്ക രാജാക്കന്മാരും സാമൂതിരിയുടെ സാമന്തന്മാരായി.

സാമൂതിരിയും പോര്‍ച്ചുഗീസുകാരും

വാസ്കോ ദ ഗാമ സ്മാരകം

1498 മേയ് 20-ന് കോഴിക്കോടിനടുത്ത കാപ്പാട് പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ദ ഗാമ കപ്പലിറങ്ങിയത് കേരളചരിത്രത്തില്‍ മാത്രമല്ല ഇന്ത്യാചരിത്രത്തിലും ഒരു നവയുഗത്തിന്റെ നാന്ദി കുറിച്ചു. മുസ്ലിം വ്യാപാരികളില്‍നിന്ന് ഇവിടത്തെ വ്യാപാരക്കുത്തക സ്വന്തമാക്കാനും പൗരസ്ത്യദേശത്ത് ക്രിസ്തുമതം പ്രചരിപ്പിക്കാനുമായിട്ടാണ് പോര്‍ച്ചുഗല്‍ രാജാവ് നാലു കപ്പലുകളോടുകൂടി ഗാമയെ അയച്ചത്. പോര്‍ച്ചുഗലില്‍നിന്ന് കൊണ്ടുവന്ന ചരക്കുകളിറക്കി വില്പന നടത്താനും ആവശ്യമുള്ള ചരക്കുകള്‍ വാങ്ങാനും സാമൂതിരി ഗാമയ്ക്കനുമതി നല്കി. എന്നാല്‍ ഗാമ കൊണ്ടുവന്ന ചരക്കുകള്‍ കോഴിക്കോട് സുലഭമായിരുന്നതിനാല്‍ അവ വില്ക്കാനായില്ല. വിറ്റഴിയാത്ത സാധനങ്ങള്‍ക്കു പകരം ഇലവര്‍ങപ്പട്ടയും കുരുമുളകും മറ്റും വേണമെന്ന കപ്പിത്താന്റെ ആവശ്യം സാമൂതിരി ചെവിക്കൊണ്ടില്ല. ഇതില്‍ കുപിതനായ ഗാമ പോര്‍ച്ചുഗലിലേക്കു മടങ്ങിപ്പോയി. തുടക്കത്തിലേ പോര്‍ച്ചുഗീസുകാരുമായുണ്ടായ ഈ അസ്വാരസ്യം സാമൂതിരിഭരണത്തിന് എന്നും പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.

എ.ഡി. 1500-ല്‍ കബ്രാള്‍ എന്ന കപ്പിത്താന്റെ നേതൃത്വത്തില്‍ 13 കപ്പലുകളും 1200 നാവികപ്പടയാളികളും എട്ട് പാതിരിമാരുമടങ്ങിയ ഒരു പോര്‍ച്ചുഗീസുസംഘം കോഴിക്കോട്ടെത്തി. രാജാവ് ഇവരെ സ്വീകരിച്ച് വ്യാപാരത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എന്നാല്‍ കോഴിക്കോട്ട് തമ്പടിച്ചിരുന്ന മുസ്ലിം വ്യാപാരികളും പോര്‍ച്ചുഗീസുകാരുമായി ഇതോടെ തീവ്രമത്സരം ആരംഭിച്ചു. പരസ്പരം അക്രമത്തിലേര്‍പ്പെട്ടതിന്റെ ഫലമായി ഇരുഭാഗത്തും ആള്‍നാശമുണ്ടാവുകയും ചെയ്തു.

സാമൂതിരിയുമായി വൈരത്തിലായിരുന്ന കൊച്ചി രാജാവ് 1500 ഡിസംബറില്‍ കബ്രാളിനെ സ്വീകരിച്ച് കൊച്ചിയില്‍ വ്യാപാരത്തിനുവേണ്ട സൗകര്യങ്ങള്‍ നല്കി. കൊച്ചിയില്‍നിന്ന് കുരുമുളകു നിറച്ച കപ്പലുകളുമായി കബ്രാള്‍ പോര്‍ച്ചുഗലിലേക്കു മടങ്ങി. 1502 ഒ. 29-ന് വാസ്കോ ദ ഗാമ 20 കപ്പലുകളുടെ അകമ്പടിയോടെ വീണ്ടും കോഴിക്കോട്ടെത്തി. കബ്രാളിനുണ്ടായ ദുരനുഭവങ്ങള്‍ക്കു പകരം വീട്ടുവാനായിരുന്നു ഈ യാത്ര. കോഴിക്കോട്ട് ഏതാനും പേരെ വധിക്കുകയും വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തശേഷം ഗാമ കൊച്ചിയിലെത്തി തങ്ങള്‍ക്ക് സൗകര്യമുള്ളിടത്തെല്ലാം പണ്ടകശാലകളും സൈന്യസങ്കേതങ്ങളും സ്ഥാപിക്കാനുള്ള അനുമതി രാജാവില്‍നിന്ന് നേടിയെടുത്തു.

സാമൂതിരിയും കൊച്ചിയും തമ്മിലുള്ള വൈരം ഇതോടെ മൂര്‍ധന്യത്തിലായി. 1503 ഏ. 2-ന് ചേറ്റുവാ മണപ്പുറത്തുവച്ച് ഇരുസൈന്യങ്ങളും ഏറ്റുമുട്ടി. കൊച്ചിയിലെ മൂന്നു രാജാക്കന്മാര്‍ ഈ യുദ്ധത്തില്‍ മരണമടഞ്ഞു. ഈ ആഭ്യന്തര കലാപങ്ങള്‍ മുതലെടുത്ത് പോര്‍ച്ചുഗീസുകാര്‍ ഈ നാട്ടില്‍ അവരുടെ സ്വാധീനം ഉറപ്പിക്കാന്‍ തുടങ്ങി. കോട്ടകളും പണ്ടകശാലകളും സൈന്യസങ്കേതങ്ങളും സ്ഥാപിതമായപ്പോള്‍ അവയുടെ മേല്‍നോട്ടത്തിനായി പോര്‍ച്ചുഗലില്‍നിന്നു ഗവര്‍ണര്‍മാരെത്തി. ഫ്രാന്‍സിസ്കോ അല്‍മേഡയായിരുന്നു ആദ്യത്തെ പോര്‍ച്ചുഗീസ് പ്രതിപുരുഷന്‍. പോര്‍ച്ചുഗീസുകാരും സാമൂതിരിമാരുമായി നിരന്തരമായ യുദ്ധങ്ങള്‍ നടന്നു. ഇടയ്ക്കിടെ സന്ധിസംഭാഷണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ഫലവത്തായില്ല. സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെട്ടത് സാമൂതിരിക്ക് കനത്ത ആഘാതമായി (നോ. കുഞ്ഞാലി മരയ്ക്കാര്‍). പോര്‍ച്ചുഗീസുകാരെ തളര്‍ത്താന്‍ സാമൂതിരി മറ്റൊരു വിദേശശക്തിയുമായി (ഡച്ചുകാരുമായി) സഖ്യത്തിലായി. 1663-ല്‍ ഡച്ചുകാരുടെ സഹായത്തോടെ പോര്‍ച്ചുഗീസുകാരെ തളര്‍ത്താന്‍ കഴിഞ്ഞു.

സാമൂതിരിയും ഡച്ചുകാരും

17-ാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ പോര്‍ച്ചുഗീസുകാര്‍ക്ക് മലബാറിലുള്ള ശക്തി ക്ഷയിക്കാന്‍ തുടങ്ങി. 1663-ല്‍ ഡച്ചുകാരുടെ വരവോടെ ഈ തകര്‍ച്ച പൂര്‍ണമായി. പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്താനായി സാമൂതിരിയും ഡച്ചുകാരും തമ്മിലുള്ള ഉടമ്പടിപ്രകാരം (1604 ന. 11) ഡച്ചുകാര്‍ക്ക് കോഴിക്കോട് തുറമുഖത്ത് വാണിജ്യത്തിനുള്ള അവകാശം ലഭിച്ചു. 1608-ല്‍ കോഴിക്കോട്ടെത്തിയ അഡ്മിറല്‍ വെര്‍ഹോപ് 1604-ലെ വ്യവസ്ഥകള്‍ ആവര്‍ത്തിച്ചുകൊണ്ട് ഒരു പുതിയ കരാറില്‍ ഒപ്പുവച്ചു. 1610-ലെ സന്ധിയനുസരിച്ച് സാമൂതിരി സൈന്യത്തോടൊപ്പം ഡച്ചുസൈന്യവും പോര്‍ച്ചുഗീസുകാരെ എതിര്‍ക്കാന്‍ തീരുമാനിച്ചു. ഡച്ചുകാര്‍ക്ക് ഫാക്ടറിയും കോട്ടയും നിര്‍മിക്കാനുള്ള അവകാശം സാമൂതിരി നല്കി. 1677-ല്‍ ചേറ്റുവാപ്രദേശം ഡച്ചുകാരുടെ നിയന്ത്രണത്തിലായി. 1684-ല്‍ സ്ഥാനമേറ്റ ഭരണിതിരുനാള്‍ ചേറ്റുവ വീണ്ടെടുക്കുകയും 12 വര്‍ഷത്തേക്ക് ഇരുകൂട്ടരും സന്ധിയിലേര്‍പ്പെടുകയും ചെയ്തു. നിരന്തരമായ യുദ്ധങ്ങള്‍മൂലം ഖജനാവ് ശോഷിച്ച സാമൂതിരി ഡച്ചുകാരുമായി 1717-ല്‍ സന്ധിചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ഈ സന്ധി സാമൂതിരിയുടെ മന്ത്രിയായിരുന്ന തമ്മെപ്പണിക്കര്‍ക്ക് തൃപ്തികരമാവാഞ്ഞതിനാല്‍ വീണ്ടും യുദ്ധത്തിനുള്ള പുറപ്പാടായി. എ.ഡി. 1741-ലെ കുളച്ചല്‍ യുദ്ധത്തോടെ തെക്കന്‍ കേരളത്തില്‍ ഡച്ചുകാരുടെ പ്രഭാവം ക്ഷയിച്ചെങ്കിലും പല കാരണങ്ങളാലും എ.ഡി. 1755 വരെ കോഴിക്കോട്ടെ സാമൂതിരിക്ക് അവരെ പരാജയപ്പെടുത്താനായില്ല.

സാമൂതിരി രാജവംശത്തിന്റെ തകര്‍ച്ച

സാമൂതിരിയുടെ മുന്നേറ്റം തടയുവാനായി പാലക്കാട് രാജാവ് മൈസൂര്‍ രാജാവിന്റെ സഹായംതേടി. അതേത്തുടര്‍ന്ന് ഹൈദരാലി മലബാര്‍ ആക്രമിച്ചു. മൈസൂര്‍ രാജാവിന് 12 ലക്ഷം കപ്പംകൊടുത്തുകൊള്ളാമെന്ന സാമൂതിരിയുടെ ഉറപ്പിന്മേല്‍ ഹൈദരും സേനയും കോയമ്പത്തൂരേക്കു മടങ്ങി. തുക മുഴുവന്‍ കിട്ടാഞ്ഞതിനാല്‍ എ.ഡി. 1766-ല്‍ ഹൈദരാലി വീണ്ടും കോഴിക്കോട്ടെത്തി. മൈസൂര്‍സൈന്യത്തോടു പടപൊരുതി ജയിക്കാന്‍ അസാധ്യമാണെന്നു കണ്ട സാമൂതിരി കൊട്ടാരത്തിന് തീവച്ച്, അതില്‍ച്ചാടി ആത്മഹത്യ ചെയ്തു.

അനന്തരാവകാശിയായി മൂപ്പേറ്റ അടുത്ത സാമൂതിരി കോഴിക്കോട്ടും പൊന്നാനിയിലും താവളമടിച്ചിരുന്ന മൈസൂര്‍ സൈന്യത്തിനെതിരെ ഒളിപ്പോരു നടത്തി. ശത്രുക്കളെ വകവരുത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്കിക്കൊണ്ട് ഹൈദരാലി കോയമ്പത്തൂരിന് തിരിച്ചു. കപ്പം നല്കാന്‍ വീണ്ടും വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 1774-ല്‍ ശ്രീനിവാസറാവുവിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യത്തെക്കൂടി ഹൈദരാലി മലബാറിലേക്കയച്ചു. ഈ ഘട്ടത്തില്‍ സാമൂതിരി ഫ്രഞ്ചുകാരുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഗത്യന്തരമില്ലാതെ രാജാവും കുടുംബാംഗങ്ങളും തിരുവിതാംകൂറില്‍ അഭയംതേടി. എന്നാല്‍ പടിഞ്ഞാറെക്കോവിലകത്തെ രവിവര്‍മന്‍ മൈസൂര്‍പ്പടയുമായി യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1782-ല്‍ തിരൂരങ്ങാടിയിലും രാമഗിരിയിലുംവച്ച് മൈസൂര്‍ സേനയുമായുണ്ടായ യുദ്ധങ്ങളില്‍ ഇംഗ്ലീഷുകാരുടെ സഹായത്തോടെ രവിവര്‍മ വിജയംനേടി. ഈ ഘട്ടത്തില്‍ ടിപ്പുസുല്‍ത്താന്‍ വലിയൊരു സേനയുമായി രംഗത്തെത്തി കോഴിക്കോട് പിടിച്ചെടുത്തു. 1792-ല്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ സന്ധിയനുസരിച്ച് മലബാര്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്കധീനമായി. 1790 സെപ്. 27-ലെ സന്ധിപ്രകാരം ടിപ്പു ഒഴിഞ്ഞുകൊടുത്ത സ്ഥലങ്ങളെല്ലാം സാമൂതിരിക്ക് നല്കുവാന്‍ ഇംഗ്ലീഷുകാര്‍ ബാധ്യസ്ഥരായിരുന്നുവെങ്കിലും അവര്‍ ആ വ്യവസ്ഥ പാലിച്ചില്ല. തിരുവിതാംകൂറില്‍നിന്ന് തിരിച്ചെത്തിയ സാമൂതിരിക്ക് നികുതി പിരിവിനുള്ള അവകാശം നല്കിയെങ്കിലും അതിന്റെ ഗുണം അനുഭവിക്കാനായില്ല. 1806 ന. 15-ന് മാലിഖാന്‍ സ്വീകരിച്ചുകൊണ്ട് സാമൂതിരി രാജകുടുംബം കോഴിക്കോടിനുമേലുള്ള തങ്ങളുടെ അവകാശാധികാരങ്ങള്‍ മുഴുവന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്കു നല്കി.

കോഴിക്കോട്-വിദേശസഞ്ചാരികളുടെ ദൃഷ്ടിയില്‍

മധ്യകാലത്ത് കേരളതീരത്തെത്തിയ വിദേശസഞ്ചാരികളെല്ലാം കോഴിക്കോടിന്റെ വാണിജ്യ പ്രഭാവത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്ന് ബത്തൂത്ത ആറു പ്രാവശ്യം ഇവിടെ എത്തിയതായി അദ്ദേഹത്തിന്റെ സഞ്ചാരക്കുറിപ്പുകളില്‍ കാണുന്നു. കോഴിക്കോട് നഗരത്തെയും രാജാവിനെയും പറ്റി പല വിവരങ്ങളും നല്കുന്ന അദ്ദേഹം തന്റെ ആദ്യസന്ദര്‍ശനവേളയില്‍ മൂന്നുമാസത്തോളം ഇവിടെ താമസിച്ചിരുന്നു.

ചൈനക്കാരനായ മാഹ്വാനാണ് തുടര്‍ന്ന് ഇവിടെ എത്തിയ സഞ്ചാരി. ചൈനക്കാരായ ധാരാളം പേര്‍ അന്ന് ഈ തുറമുഖവുമായി ബന്ധം സ്ഥാപിച്ചിരുന്നതിന് പ്രധാന തെളിവാണ് 'ചീനക്കോട്ട' എന്ന പേരില്‍ ഇവിടെ ഉണ്ടായിരുന്ന ഒരു ചൈനീസ് പാര്‍പ്പിടകേന്ദ്രം. സാമൂതിരിയുടെ രാജ്യത്ത് കുരുമുളകും തെങ്ങും വന്‍തോതില്‍ കൃഷിചെയ്തിരുന്നതായി മാഹ്വാന്‍ തന്റെ സഞ്ചാരസാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1442-ല്‍ പേര്‍ഷ്യന്‍ അംബാസഡറായിരുന്ന അബ്ദുര്‍ റസാക്ക്, 1444-ല്‍ ഇറ്റലിക്കാരനായ നിക്കോളോ കോണ്ടി തുടങ്ങിയവരും ഇവിടെ എത്തിയതായി രേഖകളുണ്ട്. എട്ടുമൈല്‍ നീളമുള്ള ഈ സമുദ്രതീരനഗരം കുരുമുളക്, ഇഞ്ചി. ഇലവര്‍ങപ്പട്ട, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ പ്രമുഖ വാണിജ്യകേന്ദ്രമാണെന്ന് നിക്കോളോ കോണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ സഞ്ചാരിയായ അത്തനേഷ്യസ് നികിതനും (1468-74) കോഴിക്കോടിന്റെ വാണിജ്യപ്രൗഢിയെപ്പറ്റി സൂചന നല്കുന്നു.

15-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാരനായ പെറോ ദ കോവില്‍ഹ നടത്തിയ കോഴിക്കോട് സന്ദര്‍ശനം ജില്ലയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്. നയതന്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന ഇദ്ദേഹം വാസ്കോ ദ ഗാമ എത്തുന്നതിന് ഒരു ദശകത്തിനുമുമ്പ് (1487) കോഴിക്കോട്ടെത്തുകയുണ്ടായി. ഒരു അറബിക്കപ്പലിലാണ് കോവില്‍ഹ എത്തിയത്. പൗരസ്ത്യദേശങ്ങള്‍ കണ്ടുപിടിക്കാനായി, പോര്‍ച്ചുഗീസ് രാജാവായിരുന്ന ജോണ്‍ II ആണ് കോവില്‍ഹയെ സമുദ്രയാത്രയ്ക്കു നിയോഗിച്ചത്. കോവില്‍ഹയുടെ കോഴിക്കോട് സന്ദര്‍ശനത്തെക്കുറിച്ച് ബിഷപ്പ് മാത്യൂസ് രോഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. "അദ്ദേഹം കോഴിക്കോട് നല്ലവണ്ണം നടന്നുകണ്ടു. ഓലമേഞ്ഞ വീടുകളും അര്‍ധനഗ്നരായ ജനങ്ങളും കടലോരത്തെ തെങ്ങുകളും സ്വര്‍ണവും രത്നവും ആനയും കുരുമുളകുമുള്ള അദ്ഭുതകരമായ നഗരം. പൗരസ്ത്യരാജ്യങ്ങളെക്കുറിച്ച് പാശ്ചാത്യര്‍ക്കുണ്ടായിരുന്ന അബദ്ധധാരണകള്‍ തിരുത്താന്‍ കോവില്‍ഹയുടെ കോഴിക്കോട് സന്ദര്‍ശനം ഉതകി. ആഫ്രിക്കന്‍തീരം ഗതാഗതയോഗ്യമല്ലെന്നുള്ള അവരുടെ ധാരണയ്ക്കും മാറ്റംവന്നു. അങ്ങനെ ചരിത്രപരമായും രാഷ്ട്രീയമായും പ്രാധാന്യമുള്ള ഒരു സന്ദര്‍ശനമായിരുന്നു കോവില്‍ഹയുടെത്.

സ്വാതന്ത്ര്യാനന്തര ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍രൂപീകരിച്ചപ്പോള്‍ അതുവരെ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ല തിരു-കൊച്ചിയുടെ ഭാഗമായിത്തീര്‍ന്നു. 1957 ജനു. 1-നാണ് കോഴിക്കോട് ജില്ല നിലവില്‍വന്നത്. 1969-ല്‍ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ ഏറനാട്, തിരൂര്‍ താലൂക്കുകള്‍ കോഴിക്കോട് ജില്ലയ്ക്ക് നഷ്ടമായി. 1980-ല്‍ വയനാട് ജില്ല നിലവില്‍വന്നപ്പോള്‍ തെക്കേ വയനാട് കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചു. അതോടെ കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നീ മൂന്നു താലൂക്കുകള്‍ മാത്രമുള്ള ജില്ലയായി കോഴിക്കോട് മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍