This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിക്കര്‍, റുഡോള്‍ഫ് ആല്‍ബര്‍ട്ട് ഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:43, 7 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോളിക്കര്‍, റുഡോള്‍ഫ് ആല്‍ബര്‍ട്ട് ഫോണ്‍

Kolliker, Rudolf Albert von(1817  1905)

റുഡോള്‍ഫ് ആല്‍ബര്‍ട്ട് ഫോണ്‍ കോളിക്കര്‍

സ്വിസ് ശരീരശാസ്ത്രജ്ഞന്‍. ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ സ്ഥാപകരിലൊരാളാണ് കോളിക്കര്‍.

1817 ജൂല. 6-ന് സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കോളിക്കര്‍ 1842-ല്‍ ബിരുദം നേടി. പ്രസിദ്ധ ജര്‍മന്‍ പ്രകൃതിശാസ്ത്രജ്ഞനായ ലോറന്‍സ് ഓക്കന്‍, ജര്‍മന്‍ ശരീരക്രിയാവിജ്ഞാനിയായിരുന്ന ജോഹാനസ് പീറ്റര്‍ മുള്ളര്‍, ഫ്രെഡറിക് ഹെന്‍ലി എന്നിവരുടെ ശിക്ഷണം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിനുശേഷം സൂറിച്ച് സര്‍വകലാശാലയില്‍ കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ചതിനുശേഷം 1847-ല്‍ ബവേറിയയിലെ വൂഴ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ അധ്യാപകനായ കോളിക്കര്‍ അര നൂറ്റാണ്ടോളം അവിടെ സേവനമനുഷ്ഠിക്കുകയുണ്ടായി.

സൂക്ഷ്മദര്‍ശിനിയുടെ സഹായത്തോടെ ജന്തുശരീരകല പഠിക്കുന്നതില്‍ കോളിക്കര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. 1848-ല്‍ ഇദ്ദേഹമാണ് ആദ്യമായി മൃദുലപേശിയില്‍നിന്നു കോശങ്ങളെ വേര്‍തിരിച്ചെടുത്തു പഠനവിധേയമാക്കിയത്. 1852-ല്‍ കോളിക്കര്‍ പ്രസിദ്ധീകരിച്ച പുസ്തകം കോശവിജ്ഞാനീയത്തിലെ ആദ്യത്തെ ആധികാരിക പഠന സഹായിയായി കരുതപ്പെടുന്നു. 1861-ല്‍ ഇദ്ദേഹം ഭ്രൂണശാസ്ത്ര സംബന്ധിയായ ഒരു പുസ്തകവും പ്രസിദ്ധീകരിക്കുകയുണ്ടായി. വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കോശസിദ്ധാന്ത(cell theory)ത്തിന്റെ വെളിച്ചത്തില്‍ ആദ്യമായി അപഗ്രഥിച്ചു പഠിച്ചതും കോളിക്കറാണ്. അണ്ഡത്തെയും ശുക്ലാണുവിനെയും കോശങ്ങളായിട്ടാണു കരുതേണ്ടതെന്നു വ്യക്തമാക്കിയതും ഇദ്ദേഹമാണ്. നാഡീതന്തുക്കള്‍ കോശങ്ങളുടെ നീണ്ട ഭാഗങ്ങളാണെന്ന് ഇദ്ദേഹം കണ്ടെത്തി (1849). കോശകേന്ദ്രമാണ് പാരമ്പര്യ ഘടകങ്ങളുടെ കൈമാറ്റത്തില്‍ കാര്യമായ പങ്കു വഹിക്കുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. കോളിക്കറുടെ ഈ നിഗമനവും ശാസ്ത്രലോകത്തിനു തീര്‍ത്തും പുതിയ അറിവായിരുന്നു. 1905 ന. 2-ന് വൂര്‍സ്ബര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍