This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഹ് ലി, വിരാട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോഹ് ലി, വിരാട്
Kohli, Virat(1988-)
ഇന്ത്യന്‍ ക്രിക്കറ്റ് താരം. 2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു വിരാട് കോഹ്ലി. 1988 ന. 5-ന് ഡല്‍ഹിയില്‍ ജനിച്ചു. 10 വയസ്സുള്ളപ്പോള്‍ മുതല്‍ വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിച്ചുതുടങ്ങിയ കോഹ്ലി, രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2008-ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2008-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു അരങ്ങേറ്റം.
2009-ല്‍ ആസ്ട്രേലിയയില്‍നടന്ന എമെര്‍ജിങ് പ്ലേയേഴ്സ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്ലി നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍, ടൂര്‍ണമെന്റ് ഇന്ത്യ നേടുകയുണ്ടായി. ഈ ടൂര്‍ണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോഹ് ലി അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2009-ല്‍ ശ്രീലങ്കയ്ക്കെതിരെ കോഹ് ലി ആദ്യ സെഞ്ച്വറി നേടി. 2010-ല്‍ സിംബാബ് വെ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര മത്സരത്തില്‍ കോഹ് ലി വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പരമ്പരയിലാണ് കോഹ്ലി അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഏറ്റവുമധികം വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആയത്.
പങ്കെടുത്ത ആദ്യലോകകപ്പില്‍ തന്നെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന ഖ്യാതി ഇദ്ദേഹത്തിന് ലഭിച്ചു. ശ്രീലങ്കയ്ക്കെതിരെ 5 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 13 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറികള്‍ കോഹ് ലി കരസ്ഥമാക്കിയിട്ടുണ്ട്. 2012-ല്‍ പാകിസ്താന് എതിരെ നേടിയ 183 റണ്‍സാണ് കോഹ് ലി യുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പാകിസ്താന് എതിരെ ഒരു ബാറ്റ്സ്മാന്‍ കരസ്ഥമാക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിനു വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. മധ്യനിര ബാറ്റ്സ്മാന്‍ എന്നതിനു പുറമേ, മീഡിയം പേസ് ബൗളിങ് താരവും കൂടിയാണ് കോഹ് ലി. അന്താരാഷ്ട്ര തലത്തിലെ മികച്ചതും സ്ഥിരതയാര്‍ന്നതുമായ പ്രകടനം കണക്കിലെടുത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ 'പ്ലെയര്‍ ഒഫ് ദ് ഇയര്‍ -2012' ആയി തെരഞ്ഞെടുത്ത ഇദ്ദേഹത്തിന് ICC ODI ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ നിലവില്‍ 2-ാം സ്ഥാനമാണുള്ളത്.