This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോസിഗിന്, അലക്സി നിക്കൊളായേവിച്ച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോസിഗിന്, അലക്സി നിക്കൊളായേവിച്ച്
Kosygin, Aleksei Nikolaevich (1904 80)
മുന്‍ സോവിയറ്റ് യൂണിയന് പ്രധാനമന്ത്രി (1964-80). 1904 ഫെ. 20-ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ (ഇന്നത്തെ ലെനിന്‍ഗ്രാഡ്) ജനിച്ചു. 15-ാമത്തെ വയസ്സില്‍ കോസിഗിന് വിപ്ലവത്തില്‍ പങ്കെടുക്കാനായി ചെമ്പട(Red Army)യില്‍ ചേര്‍ന്നു. തുടര്‍ന്ന് ലെനിന്‍ഗ്രാഡിലെ കോ-ഓപ്പറേറ്റീവ് ടെക്നിക്കല്‍ സ്കൂള്‍ (1921-), ലെനിന്‍ഗ്രാഡ് കിറോവ് ടെക്സ്റ്റൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1929-35) എന്നിവയില്‍ വിദ്യാഭ്യാസം ചെയ്തു. സൈബീരിയയിലെ സഹകരണസംഘങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1927-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1935 മുതല്‍ 37 വരെ ഷെല്യാബോവ് ഫാക്ടറിയില്‍ ഷോപ്പ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. 1939-ല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയഗവണ്മെന്റില് ടെക്സ്റ്റൈല്‍ വ്യവസായത്തിനുള്ള കമ്മിസ്സാര്‍ ആയി നിയമിക്കപ്പെടുകയും ചെയ്തു. 1940-ല്‍ പീപ്പിള്‍സ് കമ്മിസ്സാറുകളുടെ വൈസ് ചെയര്മാന് ആയി നിയമിക്കപ്പെട്ടു. 1943 മുതല്‍ 46 വരെ സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്നു കോസിഗിന്. ധനകാര്യം, വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോസിഗിന് പാര്‍ട്ടിയില്‍ പല സുപ്രധാനസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1964-ല്‍ ക്രൂഷ്ചേവ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ കോസിഗിന് പ്രധാനമന്ത്രിയായി നിയമിതനായി. 'ഓര്‍ഡര്‍ ഒഫ് ലെനിന്' ബഹുമതി ആറു പ്രാവശ്യം കോസിഗിന് ലഭിച്ചു. 'ഓര്‍ഡര്‍ ഒഫ് ദി ഒക്ടോബര്‍ റവല്യൂഷന്' (1978) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.
1965-ലെ ഇന്ത്യാ-പാകിസ്താന് യുദ്ധവിരാമത്തിനു കളമൊരുക്കിയതിലും താഷ്ക്കന്റില്‍ വച്ച് സമാധാനക്കരാര്‍ ഒപ്പിട്ടതിലും കോസിഗിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. 1971-ല്‍ ഇന്ത്യാ-സോവിയറ്റ് യൂണിയന് സൗഹാര്‍ദ്ദക്കരാര്‍ ഉണ്ടാക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
രോഗഗ്രസ്തനായതിനെത്തുടര്ന്ന് 1980 ഒ. 18-ന് പ്രധാനമന്ത്രിപദം ഒഴിഞ്ഞ ഇദ്ദേഹം ഇതേ വര്‍ഷം ഡി. 18-ന് അന്തരിച്ചു.
(ഡോ. പി.എം. മധുസൂദനന്)