This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷേമസാമ്പത്തികശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷേമസാമ്പത്തികശാസ്ത്രം
Welfare Economics
ഒരു ധനശാസ്ത്രപഠനശാഖ. 20-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളില്‍ എ.സി. പിഗുവിനെപ്പോലുള്ള ധനതത്ത്വശാസ്ത്രജ്ഞന്മാര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തത്. സാമ്പത്തികോന്നമനം ലക്ഷ്യമായുള്ളതും അതേസമയം ക്ഷേമൈശ്വര്യങ്ങള്‍ കൈവരിക്കുവാന്‍ സഹായിക്കുന്നതുമായ സര്‍വ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന പഠനശാഖയാണിത്. സാധാരണ മനുഷ്യരുടെ ജീവിതം സുഖസമ്പൂര്‍ണമാക്കാനുള്ള അവരുടെ യത്നത്തെയും അവരുടെ സ്വഭാവത്തെയുംപറ്റി ധനതത്ത്വശാസ്ത്രത്തില്‍ പ്രതിപാദിക്കണമെന്നാണ് പിഗുവിന്റെ ഗുരുവായ ആല്‍ഫ്രഡ് മാര്‍ഷല്‍ (1842-1924) അഭിപ്രായപ്പെട്ടിരുന്നത്. ഈ തത്ത്വത്തിന് ഏറ്റവുമധികം പ്രചാരം നല്കിയത് പിഗുതന്നെയാണ്. പണമെന്ന മാനദണ്ഡം ഉപയോഗിച്ച് സമ്പത്ത് അളക്കുവാന്‍ കഴിയുമെന്നതുപോലെ ക്ഷേമത്തെയും അളക്കുവാന്‍ കഴിയുമെന്ന് പിഗു സമര്‍ഥിച്ചു. ക്ഷേമത്തെയും അതു കൈവരിക്കുവാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെയും പറ്റി പ്രതിപാദിക്കുകയാണ് ധനശാസ്ത്രം ചെയ്യേണ്ടതെന്ന് പിഗുവിനെപ്പോലുള്ള ചില ധനശാസ്ത്രജ്ഞര്‍ വിശ്വ സിച്ചു.
19-ാം ശതകത്തിലാണ് ക്ഷേമസാമ്പത്തികശാസ്ത്രത്തിന്റെ പല സങ്കല്പങ്ങളെക്കുറിച്ചും വിശദീകരണം ആദ്യമായുണ്ടായത്. ഫ്രഞ്ച് എന്‍ജിനീയറായിരുന്ന ജ്യുള്‍സ് ഡ്യൂപ്യൂ (1804-66) ഉപഭോക്തൃമിച്ചം (consumer's surplus) എന്ന സങ്കല്പത്തെക്കുറിച്ച് 1844-ല്‍ പ്രതിപാദിച്ചു. വില നല്കുമ്പോള്‍ ഉപഭോക്താവിന് ഉണ്ടാകുന്ന ഉപയുക്തത കൂടുതലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് ഫ്ളെമിങ് ജെങ്കിന്‍ ഉപഭോക്തൃമിച്ചം എന്ന ആശയത്തിന് കൂടുതല്‍ വിശദീകരണം നല്കി (1871). ഈ ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്കിയത് മാര്‍ഷല്‍ ആണ്. അദ്ദേഹം ഈ ആശയത്തെ ഇപ്രകാരം നിര്‍വചിച്ചു: 'കമ്പോളത്തില്‍ സാധനം വാങ്ങാന്‍ പോകുന്ന ഒരാള്‍ക്ക് അയാളുടെ ആവശ്യത്തിന്റെ കൂടുതല്‍ കുറവനുസരിച്ച്, ആ സാധനത്തിന് പരമാവധി എന്തുവിലകൊടുക്കാം എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കും. തന്റെ ധാരണയിലുള്ള ആ പരമാവധി വിലയില്‍ കവിയാത്ത ഏതു വിലയ്ക്കും അയാളത് വാങ്ങാന്‍ തയ്യാറാകും. എന്നാല്‍ പലപ്പോഴും കമ്പോളവില, അയാളുടെ മനസ്സിലുള്ള വിലയില്‍ കുറഞ്ഞിരിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍, ആ സാധനം വാങ്ങുമ്പോള്‍, അയാള്‍ക്കു താന്‍ കൊടുക്കുന്ന വിലയും കൊടുക്കാന്‍ തയ്യാറായിരുന്ന വിലയും തമ്മിലുള്ള വ്യത്യാസം ഒരു മിച്ചമായി അനുഭവപ്പെടും. ഈ മിച്ചത്തിനാണ്, ഉപഭോക്തൃമിച്ചം എന്നു പറയുന്നത്'. പൂര്‍ണമത്സരാധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയില്‍ വ്യക്തികള്‍ക്കെല്ലാം തൃപ്തിയുടെ പാരമ്യത്തിലെത്താമെന്ന് സിദ്ധാന്തപരമായി സ്ഥാപിക്കാന്‍ ലിയോണ്‍ വാല്‍റാസ് (1834-1910) ശ്രമിച്ചു. എന്നാല്‍ ഈ ആശയത്തെക്കുറിച്ച് കൂടുതല്‍ വിശദമായ അപഗ്രഥനം നടത്തിയത് വില്‍ഫ്രെഡോ പരേത്തോ (1848-1923) ആയിരുന്നു. പൂര്‍ണമത്സരാധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയാണ് പരമാവധി സംതൃപ്തി നല്‍കുന്നതിന് അനുയോജ്യം എന്ന വിശ്വാസം പരേത്തോ തന്റെ കോഴ്സ്, മാനുവലെ എന്നീ കൃതികളില്‍ പ്രകടിപ്പിച്ചു. എന്താണ് ഒരു സമൂഹത്തിന്റെ പരമാവധി സംതൃപ്തി? പരേത്തോവിന്റെ മറുപടി ഇപ്രകാരം സംഗ്രഹിക്കാം: 'ഒരു സമൂഹത്തില്‍പ്പെട്ട വ്യക്തികള്‍ക്കെല്ലാം ആ സമൂഹത്തിലെ വരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കുന്നുണ്ടാകും. ആകെ വരുമാനം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഏതു സമൂഹത്തിലും ഉണ്ടായിരിക്കുമല്ലോ. ഇത്തരം ഏര്‍പ്പാടനുസരിച്ച് സമൂഹത്തില്‍ ഓരോരുത്തര്‍ക്കും കിട്ടിയിട്ടുള്ള വരുമാനവീതം, സമൂഹത്തിന്റെ മൊത്തം സംതൃപ്തി (ക്ഷേമം) പരമാവധിയാക്കുന്നതിന് ഇടയാക്കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത് ഇതിന് ഒരു മാര്‍ഗമേയുള്ളൂ. നിലവിലുള്ള സ്ഥിതിയില്‍നിന്ന് ഒരു ചെറിയ മാറ്റം വരുത്തുക, ഇതിന്റെ ഫലമായി എല്ലാവരുടെയും ക്ഷേമം വര്‍ധിക്കുന്നുവെങ്കില്‍ മൊത്തം ക്ഷേമം വര്‍ധിച്ചുവെന്നു പറയാം. പരേത്തോവിന് സോഷ്യലിസത്തോട് വലിയ മമത ഉണ്ടായിരുന്നില്ല. എങ്കിലും സോഷ്യലിസം സ്ഥാപിക്കപ്പെട്ടാല്‍ ധനശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കു പ്രസക്തിയില്ലാത്ത ഒരവസ്ഥയില്‍ പെട്ടുപോകുമെന്ന വാദഗതിയോട് അദ്ദേഹം യോജിച്ചില്ല. മാത്രമല്ല, പൊതുക്ഷേമം പരമാവധിയാക്കുന്നതിന് ഒരു സോഷ്യലിസ്റ്റ്വ്യവസ്ഥിതിക്ക് കുറേക്കൂടി സാധ്യതകളുണ്ടായത് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ലഘുവായ ഗണിതശാസ്ത്ര തത്ത്വങ്ങളുടെ സഹായത്തോടെ, ഒരു രാഷ്ട്രത്തിന് അതിലെ ജനങ്ങളുടെ ക്ഷേമത്തെ അത്രമാത്രം ഉച്ചത്തിലെത്തിക്കാമെന്ന് നിര്‍വചിക്കാനുള്ള ശ്രമം എന്റിക്കോ ബറേണ്‍ നടത്തി (1908). ഇതില്‍ കൂടുതല്‍ വിജയം കൈവരിച്ചത് എബ്രാം ബെര്‍ഗ്സണ്‍ ആണ് (1938).
ബ്രിട്ടീഷ് ധനതത്വശാസ്ത്രജ്ഞനായ പിഗു തന്റെ സമ്പത്തും ക്ഷേമവും എന്ന ഗ്രന്ഥം (1912) പുനരാവിഷ്കരിച്ച് 1920-ല്‍ ക്ഷേമ സാമ്പത്തികശാസ്ത്രം (ദി എക്കണോമിക്സ് ഒഫ് വെല്‍ഫയര്‍) എന്ന പേരില്‍ പുറത്തിറക്കി. ഇതോടെയാണ് ഈ ശാസ്ത്രശാഖയെ ഒരു പ്രത്യേക പഠനമേഖലയായി വികസിപ്പിച്ചെടുക്കാമെന്ന് മനസ്സിലായത്. ദേശീയ വരുമാനത്തിന്റെ വര്‍ധനയ്ക്കും ഒരു രാജ്യത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. സാമ്പത്തികക്ഷേമത്തെ വര്‍ധിപ്പിച്ച് ഉച്ചത്തിലെത്തിക്കുന്നതിന് എതിരായി വര്‍ത്തിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണം നല്കുന്നതില്‍ ക്ഷേമസാമ്പത്തികശാസ്ത്രം കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഇത്തരം ഘടകങ്ങളില്‍ പ്രധാനപ്പെട്ടവ കുത്തകകള്‍, ധനികരും ദരിദ്രരും ഒരേ സമ്പദ്ഘടനയില്‍ ഒരുമിച്ചു കാണുന്ന അവസ്ഥ, ധനവിഭവങ്ങളുടെ ചലനക്ഷമത എന്നിവയാണ്. ദേശീയവരുമാനം വര്‍ധിക്കുമ്പോള്‍ സമുദായത്തിലെ താഴേക്കിടയിലുള്ള ദരിദ്രവിഭാഗത്തെ ആ വര്‍ധന പ്രതികൂലമായി ബാധിക്കുന്നില്ലെങ്കില്‍, അത് ജനക്ഷേമത്തെ വര്‍ധിപ്പിക്കുമെന്ന് പിഗു അഭിപ്രായപ്പെടുന്നു. ഈ പ്രസ്താവനയെ അതേപടി അംഗീകരിക്കുവാന്‍ പ്രയാസമാണ്. ആദ്യമായി , പിഗു തന്നെ സമ്മതിക്കുന്നതുപോലെ, ദേശീയവരുമാന വര്‍ധന ധനികരെ കൂടുതല്‍ ധനികരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്താല്‍ ജനക്ഷേമം വര്‍ധിക്കുകയില്ല. ദേശീയവരുമാനവര്‍ധനയ്ക്കായി ജനങ്ങളുടെ സുഖവും വിശ്രമവും കുറയ്ക്കുകയും അവരെ നിര്‍ബന്ധിച്ച് ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്താല്‍ ജനക്ഷേമം കുറയുമെന്നതായിരിക്കും ഫലം. അതുപോലെതന്നെ ചില സാധനങ്ങളുടെ ഉത്പാദനം വര്‍ധിക്കുമെങ്കിലും അവ ആവശ്യമില്ലാത്തവരുടെ ദേശീയവരുമാനവുമായി ഇതിനെ തട്ടിച്ചുനോക്കുന്നതില്‍ അര്‍ഥമില്ല. ഇത്തരം പരിമിതികളുണ്ടെങ്കിലും ദേശീയവരുമാന വര്‍ധനയ്ക്ക് അനുസൃതമായി ജനക്ഷേമം വര്‍ധിക്കും എന്ന് സാമാന്യമായി പറയാവുന്നതാണ്. വളര്‍ച്ചയെയും അതുവഴി ഉണ്ടാകുന്ന ജനക്ഷേമത്തെയും കുറിക്കുന്നതിന് കുറേക്കൂടി യുക്തമായ ഒരു സംജ്ഞ (ദേശീയ സാമ്പത്തിക ക്ഷേമം), നോബല്‍ സമ്മാനിതനായ (1970) പോള്‍ എ. സാമുവല്‍സണ്‍ ആവിഷ്കരിക്കുകയുണ്ടായി. ഒരു സമ്പദ്വ്യവസ്ഥയില്‍ സാമ്പത്തികവികസനം കൈവരുത്തുന്നതിന് അതിലെ ഉത്പാദക ഘടകങ്ങളെ വേണ്ടവിധത്തില്‍ പ്രചോദിപ്പിച്ച് പണിയെടുപ്പിക്കേണ്ടതാണ്. ഈ പ്രക്രിയയില്‍ കുറെയൊക്കെ ബുദ്ധിമുട്ടുകളും വിശ്രമരാഹിത്യവും വേണ്ടിവരും. ഇത് സാമ്പത്തിക മുതല്‍മുടക്കുകള്‍ക്കു പുറമെയാണ്. ഇപ്രകാരമുള്ള മുതല്‍മുടക്കുകളെയും ബുദ്ധിമുട്ടുകളെയും സാമ്പത്തികവളര്‍ച്ചയുടെ അനിവാര്യമായ ചെലവുകളാണെന്ന് സങ്കല്പിക്കാം. ദേശീയ വരുമാനം കണക്കാക്കുന്നതുപോലെ ഈ ചെലവുകളെ കണക്കുകൂട്ടി എടുക്കാന്‍ സാധിക്കുന്നില്ല. എന്ന ബുദ്ധിമുട്ടുണ്ട്. എങ്കിലും വികസനപ്രക്രിയയില്‍ക്കൂടി ഉണ്ടാകുന്ന ദേശീയവരുമാനവര്‍ധനയില്‍ നിന്നും വികസനച്ചെലവുകള്‍ കുറച്ചാല്‍ കിട്ടുന്ന തുകയെ ജനക്ഷേമവര്‍ധന എന്നു പറയാം. അതുകൊണ്ട്, മൊത്തം ദേശീയ വരുമാന വര്‍ധനയില്‍ നിന്നും സാമ്പത്തികവളര്‍ച്ചയ്ക്കാവശ്യമായ അനിവാര്യച്ചെലവുകള്‍ കുറച്ചാല്‍ ദേശീയസാമ്പത്തികക്ഷേമം എത്രയാണെന്നു കണ്ടുപിടിക്കാന്‍ കഴിയും. ചെലവുകള്‍ കണക്കുകൂട്ടി എടുക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് ദേശീയസാമ്പത്തികക്ഷേമം അളക്കാവുന്നതല്ല. അത് അളക്കാനുള്ള വഴി കണ്ടുപിടിക്കുന്നതുവരെ ദേശീയവരുമാനം എന്ന അളക്കാവുന്ന ആശയത്തെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.
ക്ഷേമസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ വ്യാപാരത്തെ സാമുവല്‍സണ്‍ അപഗ്രഥിക്കുന്നുണ്ട്. അന്തര്‍ദേശീയവ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളിലെ ഉത്പാദനച്ചെലവുകള്‍, സാമൂഹ്യാഭിരുചികള്‍, വരുമാനവിതരണരീതികള്‍ എന്നിവ ഭിന്നങ്ങളായാലും ആ രാജ്യങ്ങള്‍ക്ക് വ്യാപാരം കൊണ്ട് നേട്ടമുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഓരോ രാജ്യത്തിനും അതിന്റെ ഉത്പാദനം വര്‍ധിപ്പിക്കാതെതന്നെ വ്യാപാരം മുഖേന കൂടുതല്‍ സാധനങ്ങള്‍ ഉപയോഗത്തിന് ലഭ്യമാകുന്നു.
ഒരു സമ്പദ്വ്യവസ്ഥയിലെ ജനങ്ങളുടെ ക്ഷേമം പരമാവധിയാക്കുന്നതിന് ഗവണ്‍മെന്റ് ചെയ്യുന്ന ചെലവുകളുടെ രീതിയും തോതും ആവശ്യാനുസരണം വ്യത്യാസപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന് സാമുവല്‍സണ്‍ അഭിപ്രായപ്പെടുന്നു. മാറാത്ത സാങ്കേതിക സമ്പ്രദായങ്ങളും അഭേദപ്രതിദായകത്വനിയമവും (Law of Constant returns) ഉള്ളപ്പോള്‍ ഗവണ്‍മെന്റ് ചെലവുകള്‍കൊണ്ട് വരുമാനവിതരണരീതിയിലുള്ള അസമത്വങ്ങള്‍ കുറയ്ക്കുവാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ ക്ഷേമം വര്‍ധിക്കാനിടയുണ്ട്.
ക്ഷേമസാമ്പത്തികശാസ്ത്രമെന്ന വിജ്ഞാനശാഖയെ ഒരു സമൂഹത്തില്‍ പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ഗുണഫലങ്ങളാണ് ഒരു ക്ഷേമരാഷ്ട്രത്തെ സൃഷ്ടിക്കുന്നതിനു വഴിയൊരുക്കുന്നത്. സാമൂഹ്യ ഇന്‍ഷ്വറന്‍സ്, തൊഴിലില്ലായ്മാവേതനം, സാമ്പത്തികവികസനപദ്ധതികള്‍, സാമ്പത്തിക ഭദ്രതാപരിപാടികള്‍ തുടങ്ങിയ ഒട്ടനവധി വികസനാത്മകമായ പദ്ധതികള്‍ക്കു രൂപം കൊടുത്തു നടപ്പാക്കാന്‍ ക്ഷേമസാമ്പത്തികശാസ്ത്രം പ്രചോദനം നല്കുന്നു. ഗവണ്‍മെന്റാഭിമുഖ്യത്തിലുള്ള സാമൂഹ്യക്ഷേമപരിപാടികള്‍, ദാരിദ്യ്രനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍, തൊഴിലില്ലായ്മാനിവാരണപദ്ധതികള്‍ തുടങ്ങിയവയ്ക്ക് പ്രേരണയും പ്രചോദനവും നല്കുന്നത് ക്ഷേമസാമ്പത്തികശാസ്ത്രതത്ത്വങ്ങളാണ്. സാമ്പത്തികാസൂത്രണവും വികസനപരിപാടികളും എല്ലാംതന്നെ ഈ വിജ്ഞാനശാഖയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു.
(എസ്. കൃഷ്ണയ്യര്‍)