This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷേമരാഷ്ട്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:04, 1 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ഷേമരാഷ്ട്രം

Welfare State

ഒരു രാഷ്ട്രത്തിലെ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടിയുള്ള പരിഷ്കാരങ്ങള്‍ എറ്റെടുത്തു നടത്തുന്ന രാഷ്ട്ര വ്യവസ്ഥിതി. ജനതയുടെ പൊതുവായ ക്ഷേമവും സംതൃപ്തിയുമാണ് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇത്തരം വ്യവസ്ഥിതിയില്‍ സാമൂഹികസേവനമാണ് സ്റ്റേറ്റിന്റെ പരമപ്രധാനമായ കര്‍ത്തവ്യവും നിലനില്പിനാധാരവും. നികുതിപിരിവ്, ക്രമസമാധാനപാലനം തുടങ്ങിയ ഔപചാരികമായ കാര്യനിര്‍വഹണങ്ങള്‍ക്കുപരി വളരെ വിശാലമായ കര്‍ത്തവ്യങ്ങളാണ് ക്ഷേമരാഷ്ട്രത്തിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടസൗകര്യം, സാമ്പത്തികസുരക്ഷിതത്വം അജ്ഞതാനിവാരണം, ദാരിദ്യ്ര നിര്‍മാര്‍ജനം, തൊഴിലില്ലായ്മയ്ക്കു പരിഹാരം, മാതൃത്വസംരക്ഷണം, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ക്ഷേമരാഷ്ട്രത്തിന്റെ ചുമതലയാണ്. വിഭാഗീയ സമീപനം ഒഴിവാക്കുക, നീതി നടപ്പിലാക്കുക, സമൂഹത്തിന്റെ താത്പര്യത്തിനനുസൃതമായി സാമ്പത്തികമായ പ്രവര്‍ത്തനങ്ങളും മറ്റും നിയന്ത്രിക്കുക, ചൂഷണം, അഴിമതി തുടങ്ങിയവ അവസാനിപ്പിക്കുക എന്നിവയും ക്ഷേമരാഷ്ട്രത്തിന്റെ ധര്‍മങ്ങളില്‍പ്പെടുന്നു.

ചരിത്രം. ക്ഷേമരാഷ്ട്രവ്യവസ്ഥിതി സാര്‍വത്രികമായത് 20-ാം ശതകത്തിലാണ്, തൊട്ടുമുമ്പുള്ള നൂറ്റാണ്ടിലുണ്ടായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പരിവര്‍ത്തനങ്ങളാണ് ക്ഷേമരാഷ്ട്രവ്യവസ്ഥിതി അനിവാര്യമാക്കിത്തീര്‍ത്തത്. കാര്‍ഷികമേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികവ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് വ്യക്തികള്‍ക്ക് അമിതമായ പരസ്പരാശ്രയം കൂടാതെതന്നെ ജീവസന്ധാരണത്തിനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ വ്യാവസായികാഭിവൃദ്ധിയും തുടര്‍ന്ന് തൊഴില്‍ മേഖലകളില്‍ വന്ന വ്യതിയാനവും നഗരവത്കരണവും ജനങ്ങളില്‍ പരസ്പരാശ്രയത്വം വര്‍ധിപ്പിച്ചു. ഇത് ഭാവിയില്‍ വരുത്തിത്തീര്‍ത്തേക്കാവുന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി സ്റ്റേറ്റിന് ഇടപെടേണ്ടിവന്നു. സുരക്ഷിതമായ ജനജീവിതത്തിന് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സ്റ്റേറ്റിന് ഇടപെടുത്തുന്നതിനു പ്രചോദനം നല്കുന്നതില്‍ കൂടുതല്‍ പങ്കുവഹിച്ചത് സോഷ്യലിസ്റ്റുകളാണ്. സ്റ്റേറ്റ് അധികാരം കൈയാളാനുള്ള ഏജന്‍സിയല്ല, മറിച്ച് പൊതുജനസേവനത്തിനുള്ള ഏജന്‍സിയാണെന്ന് കരുതപ്പെടാന്‍ സോഷ്യലിസ്റ്റുകളുടെ പ്രവര്‍ത്തനം സഹായകമായി. ക്രമസമാധാനം പാലിക്കാനും നീതി നിലനിര്‍ത്താനും ജനങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കാനും വേണ്ടി മാത്രമേ അധികാരം വിനിയോഗിക്കപ്പെടാവൂ എന്ന അഭിപ്രായമാണിവര്‍ക്കുണ്ടായിരുന്നത്.

ഒരു വ്യവസ്ഥാപിത സംവിധാനമെന്ന നിലയില്‍ ക്ഷേമരാഷ്ട്രവ്യവസ്ഥിതിയുടെ ഉദ്ഭവം കൃത്യമായി കാലനിര്‍ണയം ചെയ്യപ്പെട്ടിട്ടില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പല ചക്രവര്‍ത്തിമാരും പ്രാധാന്യം നല്കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അശോകനും അക്ബറും ഇവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. റഷ്യയിലെ പീറ്റര്‍ ചക്രവര്‍ത്തിയും പ്രഷ്യയിലെ ഫ്രെഡറിക് ചക്രവര്‍ത്തിയും ഇപ്രകാരം ഭരണം നടത്തിയവരില്‍പ്പെടുന്നു. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ സുവര്‍ണകാലം വിക്ടോറിയ രാജ്ഞിയുടെ ഭരണകാലമായാണ് കണക്കാക്കപ്പെടുന്നത്. 19-ാം ശതകത്തില്‍ ജീവിച്ചിരുന്ന പല സാമൂഹിക പ്രവര്‍ത്തകരുടെയും തത്ത്വചിന്തകരുടെയും സ്വാധീനവും വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സാമൂഹിക സംവിധാനത്തിന്റെ കെടുതികള്‍ക്കുള്ള കാരണങ്ങള്‍ ആരായുകയുണ്ടായി. സ്വകാര്യലാഭത്തെക്കാളും സ്റ്റേറ്റിന്റെ മേല്ക്കോയ്മയെക്കാളും ഉപരി പൊതുവായ നന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരു സമൂഹത്തെപ്പറ്റി ചിന്തിക്കുവാന്‍ ഇത് ജനങ്ങള്‍ക്ക് പ്രചോദനം നല്‍കി. സ്റ്റേറ്റിന് പൗരന്മാരോട് കടപ്പാടുണ്ടെന്നും തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതു സംബന്ധിച്ച് പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍ നിറവേറ്റിക്കൊടുത്താല്‍ മാത്രമേ അവര്‍ സ്റ്റേറ്റിനെ അനുസരിക്കേണ്ടതുള്ളൂവെന്നുമുള്ള ആശയങ്ങള്‍ പ്രചരിച്ചു. 20-ാം ശതകം ആയപ്പോഴേക്കും ക്ഷേമരാഷ്ട്ര വ്യവസ്ഥിതിയിലേക്കു വിരല്‍ ചൂണ്ടുന്ന പല നിയമനിര്‍മാണങ്ങളും ഇംഗ്ലണ്ടില്‍ നടക്കുകയുണ്ടായി. 1908-ലെ വാര്‍ധക്യകാല പെന്‍ഷന്‍ ആക്റ്റും 1911-ലെ നാഷണല്‍ ഇന്‍ഷ്വറന്‍സ് ആക്റ്റും 1925-ലെ വിധവകളെയും അനാഥരെയും വൃദ്ധരെയും സംബന്ധിച്ച് സഹായ പെന്‍ഷന്‍ ആക്റ്റും 1936-ല്‍ രൂപവത്കൃതമായ തൊഴിലില്ലായ്മാ സഹായബോര്‍ഡും ഈ വഴിക്കുള്ള നീക്കങ്ങളിലെ നാഴികക്കല്ലുകളായിരുന്നു. രണ്ടു ലോകയുദ്ധങ്ങള്‍ക്കുമിടയ്ക്കുള്ള കാലഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലേക്കുകൂടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. 1942-നുശേഷം ഈ വ്യവസ്ഥിതിക്ക് ഏറെ പ്രചാരം ലഭിച്ചു. രണ്ടാം ലോകയുദ്ധാനന്തരം അധികാരത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി ഗവണ്‍മെന്റിനെ വിശേഷിപ്പിക്കുവാന്‍വേണ്ടിയാണ് ക്ഷേമരാഷ്ട്രം എന്ന നാമം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ജനക്ഷേമകരമായ പല നിയമനിര്‍മാണനടപടികളും ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കുകയുണ്ടായി. യു.എസ് ഭരണഘടനയിലും ക്ഷേമരാഷ്ട്രവ്യവസ്ഥിതിയെപ്പറ്റി പരാമര്‍ശമുണ്ട്.

സവിശേഷതകള്‍. 20-ാം നൂറ്റാണ്ടില്‍ ക്ഷേമരാഷ്ട്രമെന്ന ആശയത്തിന് ലോകമെമ്പാടും പ്രചാരം ലഭിച്ചിരുന്നു. ചിന്തകന്മാരും രാഷ്ട്രീയനേതാക്കളും പത്രപ്രവര്‍ത്തകരും സാമൂഹിക സേവകരും ഈ ആശയം സാര്‍വത്രികമായി ഉപയോഗിച്ചു വന്നു. എങ്കിലും ഇതിന് സര്‍വസമ്മതമായ നിര്‍വചനം ഇതുവരെ നല്‍കപ്പെട്ടിട്ടില്ല. രാഷ്ട്രത്തിന് പരമപ്രാധാന്യം നല്കുകയും, ഇതിനുവിപരീതമായി വ്യക്തികള്‍ക്ക് പരമപ്രാധാന്യം നല്‍കുകയും ചെയ്യുന്ന ധ്രുവാന്തരമുള്ള രണ്ട് ആശയങ്ങള്‍ക്കിടയ്ക്കുള്ള ഒരു സമീപനമാണ് ക്ഷേമരാഷ്ട്രം.

ഡോ. എച്ച്.എന്‍. ഹോബ്മാന്‍ ക്ഷേമരാഷ്ട്രത്തെപ്പറ്റി വിവരിക്കുന്നത് ഇപ്രകാരമാണ്: കമ്യൂണിസം, അനിയന്ത്രിത വ്യക്തിസ്വാതന്ത്യ്രം എന്നീ ആശയഗതിക്കു മധ്യേയുള്ള ഒരു സമീപനമാണ് ക്ഷേമരാഷ്ട്രമെന്ന സങ്കല്പം. ഈ വ്യവസ്ഥിതിക്ക് എന്തെല്ലാം പോരായ്മകളുണ്ടായിരുന്നാലും ഇതു മാനുഷികമൂല്യങ്ങളെ ബഹുമാനിക്കുന്ന ഉത്കര്‍ഷേച്ഛയുള്ള ഒരു സമൂഹത്തിന്റെ മാതൃക പ്രദാനം ചെയ്യുന്നു. കൂടാതെ ഇത് സ്വകാര്യപ്രയത്നങ്ങള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ട് കുറഞ്ഞതോതിലെങ്കിലുമുള്ള ഒരു ജീവിത നിലവാരം ഉറപ്പുവരുത്തുകയും പൗരന്മാരുടെയിടയ്ക്ക് സാമ്പത്തികസമത്വം കൈവരുത്തുന്നു എന്നഭിമാനിക്കാതെതന്നെ ക്രമാനുസാരമായ നികുതി ചുമത്തല്‍മൂലം ചെറിയ തോതിലെങ്കിലും സമ്പത്തിന്റെ പുനര്‍വിതരണം നടത്തുകയും ചെയ്യുന്നു. രോഗം, പ്രായാധിക്യം, തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങള്‍കൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്കു യുക്തമായ സഹായം ക്ഷേമരാഷ്ട്രത്തില്‍ ആര്‍ക്കും അവകാശപ്പെടാവുന്നതാണ്.

ജി.ഡി.എച്ച്. കോളിന്റെ അഭിപ്രായത്തില്‍ ഏറ്റവും കുറഞ്ഞ ജീവിതനിലവാരവും സൗകര്യവും എല്ലാ പൗരന്മാര്‍ക്കും പ്രദാനം ചെയ്യുന്ന സമൂഹമാണ് ക്ഷേമരാഷ്ട്രം. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തില്‍ ക്ഷേമരാഷ്ട്രസങ്കല്പത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ആഹാരം, വസ്ത്രം, വീട്, വൈദ്യസഹായം ആവശ്യത്തിനുള്ള സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ തന്റെയും തന്റെ കുടുംബത്തിന്റെയും ആരോഗ്യത്തിനും സുസ്ഥിതിക്കും പറ്റിയ രീതിയിലുള്ള ഒരു ജീവിത നിലവാരം ഏതൊരു വ്യക്തിക്കും അനിവാര്യമാണ്. തൊഴിലില്ലായ്മ, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം, നിയന്ത്രണാതീതമായ പരിതഃസ്ഥിതിമൂലം ജീവിതമാര്‍ഗം തടസ്സപ്പെടുക എന്നീ അവസ്ഥകളില്‍ സുരക്ഷിതത്വം ഏതൊരാള്‍ക്കും അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്.

ക്ഷേമരാഷ്ട്രസങ്കല്പത്തില്‍ ഒരു രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയില്‍ ചില പ്രത്യേകതകള്‍ ദൃശ്യമാണ്. അടിസ്ഥാനവ്യവസായങ്ങള്‍, അവയുടെ കുത്തകസ്വഭാവവും സമൂഹത്തെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ള നിര്‍ണായക പ്രാധാന്യവും കണക്കിലെടുത്ത്, സ്വകാര്യ ചൂഷണത്തിനു വിടാതെ, സമൂഹത്തിന്റെ സ്വത്തായി കണക്കാക്കി പൊതു നന്മക്കായി നടത്തുന്നു. ദേശസാത്കരണത്തിലൂടെയും, പൊതുമേഖലയില്‍ അത്തരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെയും ക്ഷേമരാഷ്ട്രം ഈ ലക്ഷ്യം നേടിയെടുക്കുന്നു.

ആസൂത്രണത്തിലൂടെ രാഷ്ട്രത്തിന്റെ പൊതു സാമ്പത്തിക മണ്ഡലത്തിന് ശരിയായ മാര്‍ഗനിര്‍ദേശം നല്കുകയും അതു വികസിപ്പിക്കുകയും ചെയ്യുവാന്‍ ബോധപൂര്‍വമായി നടത്തുന്ന ശ്രമമാണ് ക്ഷേമരാഷ്ട്രത്തിന്റെ മറ്റൊരു പ്രത്യേകത. വ്യക്തമായ സാമ്പത്തിക നയത്തിലൂടെ ക്ഷേമരാഷ്ട്രം സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നു. സമ്പന്നരുടെ ആദായത്തിന് മേല്‍ നികുതി ചുമത്തി അതില്‍ നിന്നുള്ള വരുമാനം പുനര്‍വിതരണം ചെയ്ത് സാമ്പത്തിക അസമത്വം ഇല്ലാതാക്കുക എന്നതാണ് ക്ഷേമരാഷ്ട്രത്തിന്റെ തത്ത്വം.

സാമൂഹിക പുരോഗതി തടസ്സപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ പ്രതിബന്ധങ്ങളെയും ഇല്ലാതാക്കുന്നതിന് ക്ഷേമരാഷ്ട്ര സംവിധാനത്തില്‍ സ്റ്റേറ്റ് മുന്‍കൈ എടുക്കുന്നു. ഇതിനുവേണ്ടി സാമൂഹിക ഇന്‍ഷ്വറന്‍സ് പദ്ധതികളും സമഗ്രമായ ആരോഗ്യസംരക്ഷണപരിപാടികളും സാര്‍വത്രിക വിദ്യാഭ്യാസ സൗകര്യങ്ങളും സംസ്കാരികവും സദാചാരപരവുമായ വികസനത്തിനാവശ്യമായ പ്രോത്സാഹനവും കൂടുതല്‍ തൊഴില്‍ സൗകര്യങ്ങളും, അശരണര്‍ക്കും രോഗികള്‍ക്കും സംരക്ഷണവും, ഭവനനിര്‍മാണപദ്ധതികളും ടൗണ്‍ പ്ലാനിങ്ങും സ്റ്റേറ്റിന്റെ മേല്‍നോട്ടത്തില്‍ ഏര്‍പ്പെടുത്തുന്നു.

നവലിബറല്‍ നയങ്ങളുടെയും മറ്റ് ഘടനാപരമായ മാറ്റങ്ങളുടെയും ഭാഗമായി 1990 കളുടെ അവസാനത്തോടെ ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ വികസിതരാഷ്ട്രങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും കൈയൊഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍. ഭരണഘടനയിലെ മൗലികാവകാശങ്ങളിലും നിര്‍ദേശക തത്ത്വങ്ങളിലും ക്ഷേമരാഷ്ട്രസിദ്ധാന്തപരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിനിര്‍വഹണത്തിന് ഭരണഘടനാപരമായി ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. ഇതനുസരിച്ച് നിരവധി സാമൂഹിക പരിഷ്കാരങ്ങളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. പഞ്ചവത്സരപദ്ധതിയും പഞ്ചായത്ത് രാജും ക്ഷേമരാഷ്ട്ര വ്യവസ്ഥിതി ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികളാണ്. വൃദ്ധജനങ്ങള്‍ പെന്‍ഷന്‍കാര്‍, വിമുക്തഭടന്മാര്‍, തൊഴിലാളികള്‍, തുടങ്ങിയവരുടെ സംരക്ഷണം, വനിതാക്ഷേമം, യുവജനക്ഷേമം, ശിശുക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്പോര്‍ട്സ്, വിനോദസഞ്ചാരവികസനം, നഗരവികസനം, ഭവനനിര്‍മാണം, യാത്രാസൗകര്യംമെച്ചപ്പെടുത്തല്‍, കൃഷി, വ്യവസായം, മാര്‍ക്കറ്റിങ്, പൊതുവിതരണം, സഹകരണരംഗം, സാസ്കാരികരംഗം, പരിസ്ഥിതിസംരക്ഷണം, ശാസ്ത്രസാങ്കേതികവികസനം, നീതിന്യായ പ്രവര്‍ത്തനങ്ങള്‍, ക്രമസമാധാനപാലനം, അഴിമതിനിരോധനം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ ഇന്ത്യയില്‍ ഗവണ്‍മെന്റിന്റെ ചുമതലയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1990 കളുടെ അന്ത്യത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടുതുടങ്ങിയ ഉദാരവത്കരണ നയപരിപാടികളുടെയും അന്താരാഷ്ട്ര സംഘടനകളായ ഐ.എം.എഫ്., ലോകബാങ്ക് തുടങ്ങിയവയുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ഭരണകൂടുത്തിനുമേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതവരുന്ന സേവനമേഖലകളില്‍നിന്നും ഇന്ത്യന്‍ ഭരണകൂടം പിന്മാറിത്തുടങ്ങിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍