This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷണികതാവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷണികതാവാദം
ബുദ്ധമതദര്‍ശനത്തിലെ ഒരു സിദ്ധാന്തം. 'മാറ്റങ്ങള്‍ കൂടാതെ നിത്യമായി നിലനില്‍ക്കുന്ന ഒന്നുംതന്നെ പ്രപഞ്ചത്തില്‍ ഇല്ല; എല്ലാം ക്ഷണികം' എന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സകലപദാര്‍ഥങ്ങളും അനിത്യവും ക്ഷയോന്മുഖവുമാണ്; ഓരോ ക്ഷണത്തിലും പദാര്‍ഥങ്ങള്‍ നശിക്കുന്നു. നിരന്വയ നാശമെന്നാണിതിനുള്ള സംജ്ഞ. 'എല്ലാ പദാര്‍ഥങ്ങളും തീ പിടിച്ചതുപോലെ അനുനിമിഷം എരിഞ്ഞുകൊണ്ടിരിക്കുന്നു' എന്ന ശ്രീബുദ്ധന്റെ വാക്കുകളില്‍ ഈ സിദ്ധാന്തമാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. രൂപം (മഹാഭൂതങ്ങള്‍), വേദനം, സംജ്ഞ, സംസ്കാരം, വിജ്ഞാനം എന്നീ കൃതവസ്തുക്കളെല്ലാം തന്നെ അനിത്യമാകുന്നു. മനസ്സെന്നോ ചിത്തമെന്നോ വിജ്ഞാനമെന്നോ പറയുന്ന വസ്തു രാവും പകലും നവീനമായി സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഒരു ബൗദ്ധനെ സംബന്ധിച്ചിടത്തോളം 'ക്ഷണം' മാത്രമാണ് പരമപ്രധാനം. അതുകൊണ്ട് എല്ലാ അനുമാനങ്ങളും എല്ലാ ആശയവിശ്വാസങ്ങളും അവ യഥാര്‍ഥമാകുന്നതുവരെ വില കെട്ടതാണ്. ഏറ്റവും പരിപൂര്‍ണനായി ബുദ്ധമതവിശ്വാസികള്‍ കരുതുന്ന ശ്രീബുദ്ധന്‍ പറയുന്നു: "അമ്പു വലിച്ചെടുക്കുക. അതിന്റെ നീളത്തെക്കുറിച്ചോ എയ്തയാളിന്റെ പേരിനെക്കുറിച്ചോ വര്‍ഗത്തെക്കുറിച്ചോ ചിന്തിച്ചു സമയം കളയാതിരിക്കുക. ഇതു മോക്ഷത്തിന്റേതായ നിമിഷമാകുന്നു; കഷ്ടപ്പാടുകളുടെ വിരാമം. കഷ്ടതകളെല്ലാം ഇന്നത്തോടെ അവസാനിക്കുന്നു. അതിനെ ഇല്ലാതാക്കേണ്ടതും ഇന്നുതന്നെ. സന്തോഷം ക്ഷണികമാണ്; സാധാരണയായി സ്വാര്‍ഥപരവും. വിശുദ്ധമായതോ അശുദ്ധമായതോ ഒന്നുമില്ല. ഇവിടെ അവിടെ എന്നുള്ള ഭേദമില്ല. എല്ലാം ഇവിടെത്തന്നെയാണ്. ഇപ്പോള്‍ എന്നോ അപ്പോള്‍ എന്നോ ഉള്ള വ്യത്യാസമില്ല. എല്ലാം ഇപ്പോള്‍ തന്നെയാണ്. ഇതോ അതോ എന്നുമില്ല. എല്ലാം 'ഇവിടെ' 'ഇപ്പോള്‍' 'ഇത്' മാത്രമേയുള്ളൂ.
അനശ്വരമായിട്ടുള്ളത് 'മാറ്റം' മാത്രമാണെന്നുള്ള ശാസ്ത്രീയ വീക്ഷണത്തോട് ക്ഷണികതാവാദം പൂര്‍ണമായും യോജിക്കുന്നു. പ്രപഞ്ചം അനുനിമിഷം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഒരു പുതിയ പ്രപഞ്ചം ഉണ്ടാകുകയും പഴയ പ്രപഞ്ചം അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇത് എല്ലാ ജീവചരാചരങ്ങളെ സംബന്ധിച്ചും ശരിയാണ് എന്നും ഇവര്‍ വിശ്വസിക്കുന്നു.