This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷുബ്ധാവമര്ദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷുബ്ധാവമര്ദം
Depression
ചുറ്റുപാടുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മര്‍ദത്തിലുള്ള അന്തരീക്ഷമേഖല. ചക്രവാതങ്ങള്ക്കു കാരണമായിത്തീരുന്ന അടഞ്ഞ മേഖലകളെയും സാധാരണ ഈ പേരില്‍ വിവരിക്കാറുണ്ട്.
കാലാവസ്ഥ-ആരേഖങ്ങളില് (weather charts) ക്ഷുബ്ധാവമര്ദം രേഖപ്പെടുത്തുന്നത് ഏറെക്കുറെ സകേന്ദ്രീയങ്ങളായ അടഞ്ഞ സമമര്ദരേഖകളില് (isobar) കൂടിയാണ്. സ്വാഭാവികമായും, ഏറ്റവും കുറഞ്ഞ മൂല്യത്തിലുള്ള സമമര്ദരേഖ കേന്ദ്രത്തോടടുത്തും ഏറ്റവും കൂടിയ മൂല്യത്തിലുള്ള രേഖ പരിധിയിലേക്കു നീങ്ങിയും കാണപ്പെടുന്നു. ക്ഷുബ്ധാവമര്ദമേഖലയുടെ വിസ്തൃതി ഏറിയും കുറഞ്ഞുമിരിക്കും. 150 കി.മീ. മുതല്‍ 3,000 കി.മീ. വരെ വ്യാസത്തിലുള്ള മേഖലകള്‍ ഒരു ക്ഷുബ്ധാവമര്ദത്തിന്റെ പരിധിയില്‍ വരാം. പൂര്‍ണമായി രൂപംകൊണ്ടുകഴിഞ്ഞാല്‍ ദിവസംപ്രതി 1,000 കി.മീറ്ററിലേറെ സഞ്ചരിക്കുന്ന സ്വഭാവവും ഇമ്മാതിരി കാലാവസ്ഥാപ്രകാരങ്ങള്ക്കുണ്ട്. കേന്ദ്രത്തിലും പരിധിയിലുമുള്ള മര്ദനിലകള്ക്കിടയിലെ അന്തരം കൂടുന്നതോടൊപ്പം ക്ഷുബ്ധാവമര്ദത്തിന്റെ തീവ്രതയും വര്‍ധിക്കുന്നു; മറിച്ച് ഈ അന്തരം താരതമ്യേന കുറവായതിനാല്‍ തീവ്രത അതിനനുസൃതമായി കുറയും. തീവ്രത കൂടിയ ക്ഷുബ്ധാവമര്ദം ശക്തിയേറിയ ചക്രവാതങ്ങള്‍ രൂപംകൊള്ളുന്നതിനു കാരണമായിത്തീരുന്നു. ക്ഷുബ്ധാവമര്ദമേഖലയില് ശക്തിയാര്‍ജിക്കുന്ന കാറ്റ് ഉത്തരാര്‍ധഗോളത്തില്‍ ഘടികാരദിശയ്ക്കു വിപരീതമായും ദക്ഷിണാര്‍ധഗോളത്തില്‍ ഘടികാരദിശയിലും കറങ്ങിയാണ് വീശുക. ആഞ്ഞടിക്കുന്ന ഈ കാറ്റുകള്‍ കനത്ത മഴ പെയ്യുന്നതിനു കാരണമാകുന്നു. 50o മുതല്‍ 60o വരെ അക്ഷാംശങ്ങളിലുള്ള മേഖലകളിലാണ് ചക്രവാതങ്ങള്‍ ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത്.
ഉഷ്ണമേഖലയില്‍ പ്രത്യേകിച്ച് താണ അക്ഷാംശങ്ങളില്‍ ക്ഷുബ്ധാവമര്ദങ്ങള് അടിക്കടി രൂപംകൊള്ളുന്നു. ഇതില്‍ ഏറിയകൂറും ദുര്‍ബലമായതിനാല്‍ കാലാവസ്ഥയില്‍ സ്വാധീനം ചെലുത്താറില്ല. ഇവയുടെ വേഗം താരതമ്യേന കുറവുമായിരിക്കും. എന്നാല്‍ വേനല്‍ക്കാലത്ത് ഇത്തരം ക്ഷുബ്ധാവമര്ദങ്ങള് തീവ്രതയാര്‍ജിച്ച് കൊടുങ്കാറ്റുകളായിത്തീരുന്നത് അസാധാരണമല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ഈയിനം ക്ഷുബ്ധാവമര്ദങ്ങള് ഇന്ത്യയുടെ തീരങ്ങളില്‍, വിശിഷ്യ കിഴക്കന്‍ തീരത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുന്ന ശക്തമായ കൊടുങ്കാറ്റുകള്‍ക്കു രൂപംനല്കാറുണ്ട്. കാലവര്‍ഷാരംഭത്തില്‍ മൂന്നും നാലും ദിവസം തുടര്‍ച്ചയായി മഴ പെയ്യുന്നതിനും ഇത്തരം ക്ഷുബ്ധാവമര്ദങ്ങള് കാരണമാകുന്നു. കാലവര്‍ഷത്തിന്റെ നല്ലയൊരു പങ്ക് ക്ഷുബ്ധാവമര്ദത്തിലൂടെയാണ് ലഭ്യമാകുന്നത്.
(എ. മിനി)