This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്രാകാതോവ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്രാകാതോവ
Krakatau or Krakatoa
ഇന്തോനേഷ്യയിലെ ഒരു അഗ്നിപര്‍വത ദ്വീപ്. 1883-ല്‍ ഉണ്ടായ അഗ്നിപര്‍വതസ്ഫോടനത്തില്‍ ഇത് ഏതാണ്ട് മുഴുവനായിത്തന്നെ നശിച്ചുപോയി. 11 കി.മീ. നീളവും 6.4 കി.മീ. വീതിയുമുള്ള ഒരു ദ്വീപായിരുന്നു ഇത്. 790 മീ. വരെ ഉയരമുള്ള മൂന്ന് അഗ്നിപര്‍വതങ്ങള്‍ ഇവിടെയുണ്ടായിരുന്നു. 1883 ആഗ. 26-27 തീയതികളില്‍ ഇവ പൊട്ടിത്തെറിച്ച് ദ്വീപിന്റെ വടക്കേയറ്റം ഉദ്ദേശം മൂന്നില്‍ രണ്ടുഭാഗവും നശിച്ചുപോയി. സമുദ്രനിരപ്പിനും താഴെ 270 മീ. ആഴത്തിലുള്ള ഒരു ഗുഹയായിരുന്നു അവിടെ ആകെ ശേഷിച്ചത്. റക്കാതാ എന്നു പേരുള്ള ഒരു പര്‍വതത്തിന്റെ ഏതാനുംഭാഗങ്ങള്‍ മാത്രമേ സ്ഫോടനം കഴിഞ്ഞപ്പോള്‍ മിച്ചമുണ്ടായിരുന്നുള്ളൂ. ആഗ. 27-നായിരുന്നു ഏറ്റവും ശക്തമായ സ്ഫോടനം. ഇതിന്റെ ശബ്ദം 4,800 കി.മീ. ദൂരെവരെ മുഴങ്ങിക്കേട്ടു. 80 കി.മീ. ഉയരത്തിലാണ് പുകച്ചുരുളുകള്‍ മേഘപടലങ്ങളായി പൊങ്ങിയത്. ദ്വീപിനു ചുറ്റുമുള്ള വളരെയേറെ സ്ഥലം പുകയും പൊടിയുംകൊണ്ട് ദിവസങ്ങളോളം ഇരുണ്ടുകിടന്നു. അയല്‍ ദ്വീപുകളായ ജാവയിലും സുമാത്രയിലും 36 മീ. ഉയരമുള്ള തിരകള്‍ ആഞ്ഞടിച്ചതിന്റെ ഫലമായി അനേകം പട്ടണങ്ങള്‍ നാമാവശേഷമായി. അന്നു മരണമടഞ്ഞ 36,000-ത്തോളം ആളുകളില്‍ ഭൂരിഭാഗവും മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്.
1927-ഓടെ സമുദ്രതടത്തില്‍ ക്രാകാതോവ വീണ്ടും സജീവമാകാന്‍ തുടങ്ങി. 1952-ല്‍ ഇത് കടലില്‍ നിന്ന് ഉയര്‍ന്നുവന്നു. ഏതാണ്ട് 120 മീ. ഉയരമുള്ള ഈ പുതിയ ശൃംഗത്തിനു നല്കിയിരിക്കുന്ന പേര് 'ക്രാകാതോവയുടെ കുട്ടി' എന്നര്‍ഥമുള്ള ആനക് ക്രാകാതോവ (Anak Krakatau) എന്നാണ്. മലയാളസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട് തന്റെ ഇന്തോനേഷ്യന്‍ ഡയറിയില്‍ ക്രാകാതോവയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.