This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:36, 30 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ക്യൂമീന്‍

ഒരു ആരോമാറ്റിക ഹൈഡ്രോകാര്‍ബണ്‍. 2-ഫീനൈല്‍ പ്രൊപ്പേന്‍, ഐസോ പ്രൊപ്പൈല്‍ ബെന്‍സീന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ബെന്‍സീന്‍, ടൊളുയീന്‍, ഈഥൈല്‍ ബെന്‍സീന്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഹോമോലോഗസ് ശ്രേണിയിലെ ഒരംഗമാണ് ക്യൂമീന്‍.

സംരചനാ ഫോര്‍മുല:


ഫ്രീഡല്‍-ക്രാഫ്റ്റ്സ് പ്രതിപ്രവര്‍ത്തനം ഉപയോഗിച്ച് ശുദ്ധരൂപത്തിലുള്ള ക്യൂമീന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പ്രൊപ്പിലീന്‍, ബന്‍സീന്‍ എന്നീ സംയുക്തങ്ങളെ ഖരരൂപത്തിലിരിക്കുന്ന ഫോസ്ഫോറിക് അമ്ളം പോലെയുള്ള രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ചൂടാക്കുകയാണ് ഇവിടെ ചെയ്യുന്നത്. സിയോലൈറ്റ് അധിഷ്ഠിത രാസത്വരകങ്ങളും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു.

കോള്‍ട്ടാര്‍ സ്വേദനം നടത്തുമ്പോള്‍ ലഭിക്കുന്ന നാഫ്തയെ ആംശിക സ്വേദനം നടത്തിയും പെട്രോളിയത്തില്‍നിന്നും വന്‍തോതില്‍ ക്യൂമീന്‍ നിര്‍മിക്കാവുന്നതാണ്.

സാധാരണ ഊഷ്മാവില്‍ ദ്രവരൂപത്തിലിരിക്കുന്ന ഈ വസ്തു-96.03oC-ല്‍ ഉറയുകയും 152.39oC-ല്‍ തിളയ്ക്കുകയും ചെയ്യുന്നു. കടുത്ത വിഷവീര്യമുള്ള ഈ വസ്തുവിന്റെ ബാഷ്പം വായുവില്‍ 50 പി.പി.എം-ല്‍ കൂടുതലാകുന്നത് അപകടകരമാണ്. ത്വക്കില്‍ക്കൂടി ആഗിരണം ചെയ്യപ്പെട്ടാലും ദഹനേന്ദ്രിയത്തില്‍ കടന്നാലും ഇത് അപകടമാണ്. ശരീരത്തില്‍ ഇതിന് മയക്കുമരുന്നിന്റെ പ്രവര്‍ത്തനമാണുള്ളത്. ഉന്മേഷം നശിപ്പിക്കുകയും ആസക്തി ജനിപ്പിക്കുകയും ചെയ്യുന്ന ഈ വസ്തു വളരെ സാവകാശം മാത്രമേ ശരീരത്തില്‍നിന്നു നീക്കം ചെയ്യപ്പെടുന്നുള്ളൂ എന്നതുകൊണ്ട് ദീര്‍ഘകാലം ഇതുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് തികച്ചും ഹാനികരമാണ്.

ആല്‍ക്കഹോള്‍, കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, ഈഥര്‍, ബെന്‍സീന്‍ എന്നിവയില്‍ ക്യൂമീന്‍ ലയിക്കുമെങ്കിലും ജലത്തില്‍ അലേയമാണ്. 424oC വരെ ചൂടാക്കിയാല്‍ സ്വയം കത്തിപ്പിടിക്കുന്ന നിറമില്ലാത്ത ഈ ദ്രാവകം വ്യാവസായിക രംഗത്ത് നിരവധി ഉപയോഗങ്ങളുള്ള രാസവസ്തുവാണിത്. ഉത്പാദിപ്പിക്കപ്പെടുന്ന ക്യൂമീന്റെ 90 ശതമാനവും ഫീനോള്‍, അസറ്റോണ്‍ എന്നിവ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ക്യൂമീനിനെ ഒരു ക്ഷാരത്തിന്റെ സാന്നിധ്യത്തില്‍ ഓക്സിജനുമായി പ്രവര്‍ത്തിപ്പിച്ച് ആദ്യം ക്യൂമീന്‍-ഹൈഡ്രോപെറോക്സൈഡ് എന്ന സംയുക്തമുണ്ടാകുന്നു.

വളരെ സ്ഥിരതയുള്ള ഈ സംയുക്തത്തില്‍ സള്‍ഫ്യൂരിക് അമ്ളം ചേര്‍ത്ത് ചൂടാക്കിയാല്‍ ഫീനോളും അസറ്റോണും ലഭിക്കുന്നു.

രാസത്വരകത്തിന്റെ സാന്നിധ്യത്തില്‍ ഡീഹൈഡ്രോജനീകരണം നടത്തി ആല്‍ഫാമീതൈല്‍ സ്റ്റൈറീന്‍ നിര്‍മിക്കാനും ക്യൂമീന്‍ ഉപയോഗിക്കുന്നു. ക്യൂമീനില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഫീനോള്‍, അസറ്റോണ്‍ -മീഥൈല്‍ സ്റ്റൈറീന്‍ എന്നിവയുടെ ഭൂരിഭാഗവും പ്ലാസ്റ്റിക് റെസിനുകള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. വിമാനങ്ങളിലുപയോഗിക്കുന്ന ഗ്യാസൊലീനിന്റെ 'ഒക്റ്റേന്‍ റേറ്റിങ്' വര്‍ധിപ്പിക്കാന്‍ ക്യൂമീന്‍ ചേര്‍ക്കാറുണ്ട്. ഒരു ലായകമെന്ന നിലയിലും ഇതിന് ഗണ്യമായ ഉപയോഗങ്ങളുണ്ട്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍