This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗഷീതകി ഉപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:12, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗഷീതകി ഉപനിഷത്ത്

ഋഗ്വേദശാഖയില്‍പ്പെട്ട ഒരു ഉപനിഷത്ത്. ഋഗ്വേദ സംഹിതയുടെ ജ്ഞാനകാണ്ഡമാണ് കൗഷീതകി ഉപനിഷത്ത്. ആശ്വലായനര്‍ എന്നും കൗഷീതകര്‍ എന്നും ഋഗ്വേദികളില്‍ രണ്ടു വിഭാഗമുള്ളതില്‍ കൗഷീതകശാഖയുടേതാണ് ഈ ഉപനിഷത്ത്.

പ്രധാനപ്പെട്ട 13 ഉപനിഷത്തുകളില്‍ ഒന്നാണ് കൗഷീതകി. ഇതിനെപ്പറ്റി ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരന്‍ സൂചിപ്പിച്ചിട്ടുണ്ട്. സാംഖ്യായന ആരണ്യകത്തിലുള്ളതാണ് കൗഷീതകി. ഇതിനു മുമ്പുള്ള ഉപനിഷത്തുകളിലെ പദാനുപദഭാഗങ്ങള്‍ കൗഷീതകിയില്‍ കാണാം. ഇതിലെ ശാന്തിമന്ത്രമാണ് 'വാങ്മേ മനസി പ്രതിഷ്ഠതാ'. ഗദ്യത്തിലുള്ള ഈ ഉപനിഷത്തില്‍ നാല് അധ്യായങ്ങളിലായി 51 മന്ത്രങ്ങളുണ്ട്.

ദര്‍ശനങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പ്രതിപാദിക്കുകയും അവയുടെ ഫലശ്രുതി വിശദമാക്കുകയും ചെയ്യുന്ന ബ്രാഹ്മണങ്ങളുടെ അന്ത്യഭാഗമായ ആരണ്യകം വാനപ്രസ്ഥാശ്രമിക്ക് ശാന്തമായി മനനം ചെയ്യാനുള്ള അവസരം നല്കുന്നു. മനനജന്യമായ ബ്രഹ്മസാക്ഷാത്കാരത്തിന് അവശ്യമായ മാര്‍ഗങ്ങളും തത്ത്വങ്ങളുമാണ് ഉപനിഷത്തുകള്‍ അനുശാസിക്കുന്നത്.

മറ്റ് ഉപനിഷത്തുകളെപ്പോലെ കൗഷീതകി ഉപനിഷത്തും ബ്രഹ്മസാക്ഷാത്കാരത്തിന്റെ നിദര്‍ശനമാകുന്നു.

കഠോപനിഷത്തില്‍ യമന്‍ ജ്ഞാതാവായ നചികേതസ്സിന്റെ അധികാരശുദ്ധി കണ്ടറിയുന്നതിനുവേണ്ടി പരീക്ഷിച്ചശേഷം അദ്ദേഹത്തിന് ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുക്കുന്നു. അതുപോലെ കൗഷീതകി ഉപനിഷത്തില്‍ ഇന്ദ്രന്‍ പ്രതര്‍ദതനെ വേണ്ടവിധം പരീക്ഷിച്ചറിഞ്ഞ് ബ്രഹ്മസാക്ഷാത്കാരത്തിനുള്ള വഴി പറഞ്ഞുകൊടുക്കുന്നു. ആത്മസ്വരൂപവും ഇതില്‍ നിര്‍വചിക്കപ്പെടുന്നു.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍