This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:57, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്

CSIR

ഇന്ത്യയിലെ ശാസ്ത്ര, വ്യാവസായികരംഗത്ത് ഗവേഷണം ത്വരിതപ്പെടുത്തി വികസനം സാധ്യമാക്കാന്‍ രൂപീകരിച്ച സ്ഥാപനം. സിഎസ്ഐആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സ്ഥാപനം 1942-ല്‍ അന്നത്തെ കേന്ദ്രനിയമസഭയുടെ ഒരു പ്രമേയത്തിലൂടെ ന്യൂഡല്‍ഹി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ടു. 1860-ലെ രജിസ്റ്റ്രേഷന്‍ ഒഫ് സൊസൈറ്റീസ് ആക്റ്റ് xxi പ്രകാരം ഒരു സ്വയംഭരണ സ്ഥാപനമായി ഇതു രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൗണ്‍സിലിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്: (1) ഇന്ത്യയില്‍ ശാസ്ത്രീയ വ്യാവസായിക ഗവേഷണത്തിനാവശ്യമായ പ്രോത്സാഹനവും നിര്‍ദേശങ്ങളും നല്കുക (2) പ്രത്യേക വ്യവസായ, വാണിജ്യമേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശാസ്ത്രീയമായി പഠിച്ചു പരിഹാരം കാണാന്‍ ഉതകത്തക്ക സ്ഥാപനങ്ങളോ വകുപ്പുകളോ സ്ഥാപിച്ച് അവയ്ക്ക് സാമ്പത്തികമടക്കമുള്ള സഹായങ്ങള്‍ നല്കുക, (3) വിദ്യാര്‍ഥികള്‍ക്കു ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തുക (4) സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണഫലങ്ങള്‍ രാജ്യത്തിന്റെ വ്യവസായ വികസനത്തിന് ഉപയോഗിക്കുക, (5) പരീക്ഷണശാലകളും വര്‍ക്ക്ഷോപ്പുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും സംഘടനകളും മറ്റും സ്ഥാപിച്ച് വ്യവസായങ്ങള്‍ക്കുതകുന്ന കണ്ടെത്തലുകളും മറ്റും വികസിപ്പിക്കുക, (6) വ്യാവസായിക വിവരങ്ങള്‍ ശേഖരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുക, (7) ശാസ്ത്രഗ്രന്ഥങ്ങള്‍, ജേര്‍ണലുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, (8) ലക്ഷ്യം കൈവരിക്കുന്നതിന് അപ്പപ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുക.

സിഎസ്ഐആര്‍ സൊസൈറ്റിയില്‍ താഴെപ്പറയുന്നവരാണ് അംഗങ്ങള്‍: (1) ഇന്ത്യന്‍ പ്രധാനമന്ത്രി (എക്സ്-ഒഫിഷ്യോ പ്രസിഡന്റ്), (2) സമിതി കൈകാര്യം ചെയ്യുന്ന ശാസ്ത്രീയ, സാങ്കേതിക കാര്യങ്ങളുടെ വകുപ്പുമന്ത്രി (എക്സ്-ഒഫിഷ്യോ വൈസ്പ്രസിഡന്റ്), (3) ഭരണസമിതി (Governing body) അംഗങ്ങള്‍, (4) ഇന്ത്യാഗവണ്‍മെന്റ് നിയോഗിക്കുന്ന മറ്റു വ്യക്തികള്‍. സൊസൈറ്റിയുടെ അധികാരം നിക്ഷിപ്തമായിരിക്കുന്നത് ഭരണസമിതി അംഗങ്ങള്‍, സൊസൈറ്റി പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സി.എസ്.ഐ. ആര്‍. ഡയറക്ടര്‍ ജനറല്‍, ഭരണസമിതി നിശ്ചയിക്കുന്ന മറ്റുള്ളവര്‍ എന്നിവരിലാണ്. സൊസൈറ്റിയുടെ ദൈനംദിന ഭരണം നിര്‍ദിഷ്ട നിയമങ്ങള്‍ക്കു വിധേയമായി ഭരണസമിതിയാണ് നടത്തുന്നത്. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലാണ് ഭരണസമിതിയുടെ എക്സ്-ഒഫിഷ്യോ ചെയര്‍മാന്‍. അഞ്ചു ലബോറട്ടറികളുടെ ഡയറക്ടര്‍മാര്‍, ഇന്ത്യാഗവണ്‍മെന്റിന്റെ ധനകാര്യസെക്രട്ടറി, സിഎസ്ഐആറിന് പുറത്തുനിന്ന് സൊസൈറ്റിയുടെ പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന മൂന്നു വിദഗ്ധന്മാര്‍ എന്നിവരാണ് ഭരണസമിതിയിലുള്ളത്. സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലാണ് കൗണ്‍സിലിന്റെ മുഖ്യ എക്സിക്യൂട്ടീവ് ആഫീസര്‍. ദൈനംദിന ഭരണകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതും അദ്ദേഹമാണ്.

സര്‍വകലാശാലകള്‍ക്കും മറ്റ് ഉയര്‍ന്ന ഗവേഷണസ്ഥാപനങ്ങള്‍ക്കും സിഎസ്ഐആര്‍ സാമ്പത്തികസഹായം നല്കിവരുന്നു. ഈ സഹായം വിവിധ സര്‍വകലാശാലകളിലും ഐ.ഐ.ടി.കളിലും കോളജുകളിലും ഗവേഷണസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഉപകരിച്ചിട്ടുണ്ട്. വിവിധ ശാഖകളില്‍പ്പെടുന്ന ഗവേഷകര്‍ക്കു പരിശീലനം നല്കുവാനും സിഎസ്ഐആറിനു പരിപാടിയുണ്ട്. ശാസ്ത്രവിജ്ഞാനം കൈമാറാന്‍ സഹായിക്കുന്നതിന് സുഹൃദ്രാജ്യങ്ങളിലേക്കു ശാസ്ത്രകാരന്മാരെ അയയ്ക്കുന്നതിനും ശാസ്ത്രീയ സാങ്കേതിക സഹകരണം ഉറപ്പാക്കുന്നതിനുമായി ദ്വിമുഖ ഉടമ്പടികളിലും പ്രോട്ടോക്കോളുകളിലും സിഎസ്ഐആര്‍ പങ്കുചേരുന്നു.

സിഎസ്ഐആര്‍ ലബോറട്ടറികളുടെ മൂന്നില്‍ രണ്ടുഭാഗവും 1950-കളിലാണ് കെട്ടിപ്പടുത്തത്. പ്രാദേശികവിഭവങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ഈ ലബോറട്ടറികള്‍ സഹായകമായിട്ടുണ്ട്. 1970-കളില്‍ സിഎസ്ഐആര്‍ തദ്ദേശീയ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കീടനാശിനി, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഗ്ളാസ്, സിറാമിക്സ്, കെട്ടിടനിര്‍മാണസാമഗ്രികള്‍ എന്നിവയുടെ ഉത്പാദനത്തിനായി തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ഗണ്യമായ വിജയം നേടാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. നാഷണല്‍ ലബോറട്ടറികളും വ്യവസായശാലകളും തമ്മില്‍ അന്യോന്യസമ്പര്‍ക്കത്തിലുള്ള സാഹചര്യവും സംജാതമാക്കി. ദേശീയ ലബോറട്ടറികളടക്കം നിരവധി ഗവേഷണസ്ഥാപനങ്ങള്‍ സിഎസ്ഐആറിന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലതു വ്യാവസായിക പുരോഗതി ലക്ഷ്യമാക്കിയുള്ള ഗവേഷണങ്ങളിലാണേര്‍പ്പെട്ടിരിക്കുന്നത്. ഭക്ഷണം, ഇന്ധനം, കെട്ടിടനിര്‍മാണം, റോഡുകള്‍, ഔഷധനിര്‍മാണം തുടങ്ങിയ മറ്റു മേഖലകളുടെ വികസനത്തിനാവശ്യമായ ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവയാണ് കുറേ സ്ഥാപനങ്ങള്‍. മൈക്രോ ഇലക്ട്രോണിക്സ്, ബയോടെക്നോളജി, സമുദ്രഖനനം തുടങ്ങിയ മേഖലകളില്‍ സിഎസ്ഐആര്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒ.എന്‍.ജി.സി., കോള്‍ ഇന്ത്യ മുതലായ സ്ഥാപനങ്ങള്‍ക്ക് വിദഗ്ധോപദേശവും സിഎസ്ഐആര്‍ നല്കിവരുന്നു.

കൗണ്‍സിലിനു കീഴില്‍ 37 ദേശീയഗവേഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദാനന്തര പഠനത്തിനും ഗവേഷണബിരുദ പഠനത്തിനുംവേണ്ടി പുതിയതായി അക്കാദമി ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ച് (ACSIR) എന്ന പേരില്‍ ഒരു അക്കാദമിയും ഈ ഗവേഷണകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

വോട്ടിങ് മഷി, അമൂല്‍ പാല്‍പ്പൊടി, സ്വരാജ് ട്രാക്ടര്‍, കുഴല്‍ക്കിണര്‍ പമ്പ് (Mark II Pump) തുടങ്ങിയവ ആദ്യകാലങ്ങളില്‍ CSIR സാങ്കേതികവിദ്യയില്‍ പുറത്തുവന്നവയാണ്. ഗര്‍ഭനിരോധനഗുളികകള്‍ (സഹേലി), മലേറിയയ്ക്കും (Elubaquine and Arteether) ആസ്തമയ്ക്കുള്ള മരുന്നുകള്‍, ഇന്‍സുലിന്‍ ഗുളികകള്‍ തുടങ്ങിയവയുടെ ഉത്പാദനസംരംഭങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യത ഉറപ്പാക്കാന്‍ സഹായിച്ചുണ്ട്. കടല്‍വെള്ളത്തില്‍ നിന്ന് ശുദ്ധജലം വേര്‍തിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതില്‍ ഒരു വലിയ പങ്കുവഹിച്ചു. ചെറിയ വിമാനങ്ങള്‍ (ഹന്‍സ, സരസ്), സൌരോര്‍ജ സൈക്കിള്‍റിക്ഷ (സൊലെക്ഷാ) എന്നിവയും സിഎസ്ഐആര്‍ സാങ്കേതികവിദ്യയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ്. മനുഷ്യജീനുകളുടെ ഘടനയും രോഗങ്ങളും ഇന്ത്യയില്‍ എന്ന വിഷയത്തില്‍ ഉള്‍പ്പെടെ ധാരാളം വിലപ്പെട്ട ഗവേഷണപ്രബന്ധങ്ങള്‍ സിഎസ്ഐആറില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിഎസ്ഐആറിനു കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ശാസ്ത്രഗവേഷണസ്ഥാപനമാണ് തിരുവനന്തപുരത്ത്, പാപ്പനംകോട്ടുള്ള 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി' (NIIST-നിസ്റ്റ്). 1978-ല്‍ റീജണല്‍ റിസര്‍ച്ച് ലബോറട്ടറി (RRL) എന്ന പേരിലാണ് നിസ്റ്റ് സ്ഥാപിതമായത്. സുഗന്ധവ്യഞ്ജനങ്ങളുടെയും എണ്ണക്കുരുക്കളുടെയും സസ്യനാരുകളുടെയും മൂല്യവര്‍ധനയ്ക്കുതകുന്ന സാങ്കേതിക വിദ്യകള്‍, പരിസരമലിനീകരണംകുറച്ച് കയറുത്പാദിപ്പിക്കാനുള്ള ബയോറിയാക്ടര്‍, ചെടികളില്‍നിന്നും ഔഷധമൂല്യമുള്ള രാസവസ്തുക്കളുടെ വേര്‍തിരിക്കലും ഉപയോഗപ്പെടുത്തലും, അതിചാലകതാ വസ്തുക്കള്‍, നാനോ സെറാമിക്സ്, സ്മാര്‍ട്ട് ആന്‍ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍സ്, മലിനീകരണം കുറയ്ക്കുന്നതിനുള്ള ബയോപോളിമര്‍ ഉത്പന്നങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള അലൂമിനിയം ലോഹസങ്കരങ്ങള്‍, ബയോ ഇഥനോള്‍, സൌരോര്‍ജം ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ മുതലായവയില്‍ ഗവേഷണം നടക്കുന്നു. കെമിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മെറ്റീരിയല്‍സ് ആന്‍ഡ് മിനറല്‍സ്, അഗ്രോ പ്രോസസിങ് ആന്‍ഡ് നാച്വറല്‍ പ്രൊഡക്ട്സ്, ബയോ ടെക്നോളജി, സൊസൈറ്റല്‍ പ്രോഗാംസ് (സാമൂഹ്യക്ഷേമ പദ്ധതികള്‍) എന്നീ വകുപ്പുകളാണിവിടുള്ളത്.

പ്രകൃതിവിഭവങ്ങളുടെയും വിവിധ കാര്‍ഷികോത്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും അഗ്രോപ്രോസ്സസ്സിങ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കേരളത്തിന്റെ കയറ്റുമതി മേഖലയുടെ നട്ടെല്ലായ സുഗന്ധവ്യഞ്ജനങ്ങളില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ എണ്ണ, പിപ്പെറിന്‍, ഒലിയോറെസിന്‍, കാപ്സൈസിന്‍, കര്‍കുമിന്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'സിങ് സാങ്കേതികവിദ്യ' ഒരുദാഹരണമാണ്. 2004-ല്‍ സിഎസ്ഐആറിന്റെ 'പ്രൊസസ് ടെക്നോളജി' പുരസ്കാരം ലഭിച്ചത് പ്രസ്തുത സാങ്കേതിക വിദ്യയ്ക്കാണ്.

കൗണ്‍സിലിന്റെ നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി (NPL); ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CEERI); പിലാനി, സെന്‍ട്രല്‍ സയന്റിഫിക് ഇന്‍സ്ട്രുമെന്റ്സ് ഓര്‍ഗനൈസേഷന്‍ (CSIO); ചണ്ഡീഗഢ്, നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NGRI); ഹൈദരാബാദ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി (NIO); ഗോവ, നാഷണല്‍ കെമിക്കല്‍ ലബോറട്ടറി (NCL); പൂണെ, സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CECRI); കരെയ്ക്കുടി, സെന്‍ട്രല്‍ സോള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CSMCRI); ഭവനഗര്‍, നോര്‍ത്ത്-ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (NEIST); ജോര്‍ഹട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ ടെക്നോളജി (IICT); ഹൈദരാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം (IIP); ഡെറാഡൂണ്‍, സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTRI); മൈസൂര്‍, സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CDRI); ലക്നൌ, സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CLRI); അഡയാര്‍ ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കല്‍ ബയോളജി (IICB); കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB); ഡല്‍ഹി, നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NBRI); ലഖ്നൌ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിന്‍ (IIIM); ജമ്മു, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ളാന്റ്സ് (CIMAP); ലഖ്നൗ, സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി (CCMB); ഹൈദരാബാദ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മൈനിങ് ആന്‍ഡ് ഫ്യൂവല്‍ റിസര്‍ച്ച് (CIMFR); ധന്‍ബാദ്, സെന്‍ട്രല്‍ ഗ്ളാസ് ആന്‍ഡ് സിറാമിക്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CGCRI); കൊല്‍ക്കത്ത, നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി (NML); ജംഷഡ്പൂര്‍, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CRRI); ന്യൂഡല്‍ഹി, സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CBRI); റൂര്‍ക്കി, സെന്‍ട്രല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMERI); ദുര്‍ഗാപ്പൂര്‍; നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NEERI); നാഗ്പൂര്‍, നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറി (NAL); ബംഗളൂരു, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മിനറല്‍സ് ആന്‍ഡ് മറ്റീരിയല്‍സ് ടെക്നോളജി (IMMT); ഭുവനേശ്വര്‍, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ (SERC); ചെന്നൈ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (NIIST); തിരുവനന്തപുരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോബിയന്‍ ടെക്നോളജി (IMTECH); ചണ്ഡീഗഢ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിമാലയന്‍ ബയോറിസോര്‍സ് ടെക്നോളജി (IHBT); പാലംപൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ റിസോര്‍സസ് (NISCAIR); ന്യൂഡല്‍ഹി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസ് (NISTADS); ന്യൂഡല്‍ഹി, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് പ്രോസസ്സസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (AMPRI); ഭോപ്പാല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി റിസര്‍ച്ച് (IITR); ലഖ്നൗ.

(ഡോ. വി. എസ്. പ്രസാദ്., സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍