This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴിക്കോട് സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:39, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോഴിക്കോട് സര്‍വകലാശാല

University of Calicut

കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാല. യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ് എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാല 1968-ല്‍ സ്ഥാപിതമായി. കോഴിക്കോട് നഗരത്തില്‍നിന്നും 23 കി.മീ. അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്താണ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത്. തുടക്കത്തില്‍ നാല് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്പാര്‍ട്ട്മെന്റുകളും 54 കോണ്‍സ്റ്റിറ്റുവന്റ് കോളജുകളുമായി പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാല ഇന്ന് 31 പോസ്റ്റ്ഗ്രാജ്വേറ്റ് വകുപ്പുകളും 304 അഫിലിയേറ്റ് കോളേജുകളും ഗവേഷണസ്ഥാപനങ്ങളുമടങ്ങുന്നതുമായ ഒരു മികവുറ്റ സര്‍വകലാശാലയായി വളര്‍ന്നിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിനും സാങ്കേതിക വിജ്ഞാനത്തിനും ശാസ്ത്ര സാങ്കേതികഗവേഷണത്തിനും മുന്‍ തൂക്കം നല്കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ചു നടപ്പാക്കുക എന്നതായിരുന്ന കോഴിക്കോടു സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനതായ കലാസാംസ്കാരിക വളര്‍ച്ചയ്ക്കും വികാസത്തിനും പ്രത്യേക പരിഗണന നല്കണമെന്നതും സര്‍വകലാശാലയുടെ ലക്ഷ്യമാണ്.

ചരിത്രം. കേരളത്തില്‍ വര്‍ധിച്ചുവന്ന ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കോഴിക്കോട്ടും എറണാകുളത്തും ഓരോ സര്‍വകലാശാല സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച്, അതേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിന് 22 പേര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി കേരളസര്‍ക്കാര്‍ രൂപവത്കരിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ നിര്‍ദേശപ്രകാരം 1967 ഡി. 21-ന് കമ്മിറ്റിയുടെ ആദ്യയോഗം വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുകയും കോഴിക്കോട്ടും എറണാകുളത്തും ഓരോ സര്‍വകലാശാല സ്ഥാപിക്കേണ്ടതാവശ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരവും സൌകര്യവും ഉയര്‍ത്തുകയായിരിക്കണം ഈ സര്‍വകലാശാലകളുടെ മുഖ്യലക്ഷ്യം എന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ താത്പര്യപ്രകാരം കേരളത്തില്‍ പുതിയ സര്‍വകലാശാലകളുടെ അവശ്യകതയെ സംബന്ധിച്ചു പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി പ്രൊഫ. സാമുവല്‍ മത്തായിയുടെ നേതൃത്വത്തില്‍ കെ.പി. കേശവമേനോന്‍, പി.വി. ഹസന്‍കോയ, പി.കെ. അബ്ദുല്‍ ഗഫൂര്‍, പി. ഗോവിന്ദപ്പിള്ള, കെ.സി. ചാക്കോ എന്നിവര്‍ അംഗങ്ങളായി ഒരു സമിതിയെ നിയമിച്ചു. കമ്മിറ്റിയുടെ അനുകൂല തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കെ.സി. ചാക്കോയെ സ്പെഷ്യല്‍ ഓഫീസറായും എം. അബ്ദുല്‍ റഹ്മാനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും നിയമിച്ചുകൊണ്ട് സര്‍വകലാശാലയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1968-ല്‍ ഡോ.പി.എസ്. റെഡ്ഡിയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ സമിതി കേരളം സന്ദര്‍ശിക്കുകയും ഇതേ വര്‍ഷം ജൂല. 3-ന് സര്‍വകലാശാലയ്ക്ക് യു.ജി.സി.-യുടെ അനുമതി നല്‍കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് 1968 ജൂല. 23-ന് കേരളാ ഗവര്‍ണറുടെ ഉത്തരവുപ്രകാരം സര്‍വകലാശാല നിലവില്‍ വന്നു. പ്രൊഫ. കെ.സി. ചാക്കോ സര്‍വകലാശാലയുടെ പ്രോ-വൈസ്-ചാന്‍സലറായി നിയമിതനായി. വൈസ് ചാന്‍സലര്‍, രജിസ്റ്റ്രാര്‍ എന്നിവരുടെ എല്ലാവിധ അധികാരങ്ങളും ചാന്‍സലര്‍ ആയ ഗവര്‍ണര്‍ അദ്ദേഹത്തിനു നല്കിയിരുന്നു. 1968 ആഗ. 26-ന് കേരള നിയമസഭ ഗവര്‍ണറുടെ ഓര്‍ഡിനന്‍സിനു നിയമ സാധുത നല്കിക്കൊണ്ടു കോഴിക്കോടു സര്‍വകലാശാല ആക്റ്റിനു (Act 24 of 1968) അംഗീകാരം നല്കി. 1975 സെപ്. 9-ന് പ്രാബല്യത്തില്‍ വന്ന കോഴിക്കോടു സര്‍വകലാശാല ആക്റ്റ് (Act 5 of 1975) അനുസരിച്ചാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ ഭരണം നടന്നുവരുന്നത്. 1969 മെയ് 31-ന് സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറായി ഡോ.എം.എം. ഗാനി ചുമതലയേറ്റു. തുടര്‍ന്ന് സര്‍വകലാശാലയുടെ എല്ലാ അക്കാദമിക് ഭരണ വിഭാഗങ്ങളുടെയും കെട്ടിടങ്ങളുടെയും മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കപ്പെടുകയും അതുവരെ കോഴിക്കോട് പോളിടെക്നിക് കാമ്പസില്‍ താത്കാലികമായ പ്രവര്‍ത്തിച്ചിരുന്ന വൈസ് ചാന്‍സലറുടെ ഓഫീസ് 1969 ഒക്ടോബറില്‍ കോഴിക്കോട് സര്‍വകലാശാലാ കാമ്പസിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

1970-ഓടെ ബോട്ടണി, രസതന്ത്രം, ചരിത്രം, സുവോളജി എന്നീ പഠന വകുപ്പുകള്‍ കാമ്പസിലേക്കു വന്നു. തുടര്‍ന്ന് ക്രമേണ ഹോഡ്മന്‍ ലൈബ്രറി സൌകര്യങ്ങളും യാഥാര്‍ഥ്യമായി. 1974-ല്‍ ശാസ്ത്ര വിഭാഗങ്ങള്‍ക്കും ഭാഷാപഠന വകുപ്പുകള്‍ക്കുമായി കെട്ടിടങ്ങള്‍ നിലവില്‍ വന്നു. 1975-ഓടെ പഠന വകുപ്പുകളുടെ എണ്ണം 11 ആയി ഉയരുകയും തലശ്ശേരി, തൃശ്ശൂര്‍ എന്നിവടങ്ങള്‍ സര്‍വകലാശാല കേന്ദ്രങ്ങള്‍ നിലവില്‍ വരികയും ചെയ്തു. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ക്കുപുറമേ ഗവേഷണ പഠനങ്ങള്‍ക്കും സര്‍വകലാശാല തുടക്കമിട്ടു. 1968-ാം കാലയളവില്‍ അഫിലിയേറ്റ് കോളജുകളുടെ എണ്ണം 54 ആയി ഉയരുകയുണ്ടായി. പില്‍ക്കാലത്ത് ഡോ. നുര്‍ മുഹമ്മദ്, ഡോ. സുകുമാര്‍ അഴിക്കോട് (ആക്ടിങ് വി.സി.), പ്രൊഫ. എന്‍. പുരുഷോത്തമന്‍ (ആക്ടിങ്. വി.സി.), പ്രൊഫ. കെ. ജലീല്‍, പ്രൊഫ. ടി.കെ. രവീന്ദ്രന്‍, ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പ്രൊഫ. കെ.കെ.എന്‍. കുറുപ്പ്, പ്രൊഫ. സയ്യിദ് ഇഖ്ബാല്‍ ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകലാശാല വിപുലമായ പുരോഗതി കൈവരിച്ചു.

1976-ല്‍ സാമ്പത്തികശാസ്ത്രം (തൃശ്ശൂര്‍), ഗണിതശാസ്ത്രം, മനഃശാസ്ത്രം, മാസ് കമ്മ്യൂണിക്കേഷന്‍, റഷ്യന്‍ തുടങ്ങിയ വകുപ്പുകളും 1978-ല്‍ സംസ്കൃതം, സ്കൂള്‍ ഒഫ് ഡ്രാമ (തൃശ്ശൂര്‍), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ലൈഫ് സയന്‍സസ് എന്നീ പഠന വകുപ്പുകളും നിലവില്‍വന്നു. കൂടാതെ, ഹിന്ദി, മലയാളം, ചരിത്രം, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എം.ഫില്‍ കോഴ്സുകളും ഇതേ കാലയളവില്‍ ആരംഭം കുറിയ്ക്കുകയുണ്ടായി. ഫിസികസ് ഡിപ്പാര്‍ട്ട്മെന്റിനാണ് യു.ജി.സി. സഹായത്തോടെയുള്ള ആദ്യ പ്രോജക്ട് ലഭിക്കുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റേഡിയേഷന്‍ ലബോറട്ടറി, സെന്‍ട്രല്‍ വര്‍ക്ഷോപ്പ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ലബറോട്ടറി (യൂണിവേഴ്സിറ്റി സയന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍) എന്നിവ നിലവില്‍ വന്നതും അഞ്ചാംപദ്ധതി കാലത്തു തന്നെയാണ്. 1980-കളുടെ അവസാനത്തോടെ ഭരണവിഭാഗം ഓഫീസുകളും ശാസ്ത്രവകുപ്പുകളും കാമ്പസിലെ സ്ഥിരം കെട്ടിടങ്ങളിലേക്കു മാറി. തുടര്‍ന്ന് ഏഴാം പദ്ധതികാലത്ത് കൂടുതല്‍ സാങ്കേതിക സൌകര്യങ്ങള്‍ കൈവരിക്കുകയും തൊഴില്‍ അധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. 1986-ല്‍ തലശ്ശേരിയില്‍ ആന്ദ്രോപോളജി, സ്റ്റാറ്റിറ്റിക്സ് പഠന വകുപ്പുകള്‍ ആരംഭിച്ചു. 1987-ല്‍ യു.ജി.സി. സഹായത്തോടെ അക്കാദമിക് സ്റ്റാഫ് കോളജിനും 1988-ല്‍ യൂണിവേഴ്സിറ്റി ലീഡര്‍ഷിപ്പ് പരിപാടിക്കും തുടക്കം കുറിയ്ക്കപ്പെട്ടു. 1989-ലാണ് സര്‍വകലാശാല സ്വന്തമായി ഒരു പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നത്. ഇതോടെ അഞ്ച് ഗവേഷണ ജേര്‍ണലുകള്‍ പ്രസിദ്ധീകരണം ആരംഭിച്ചു.

എട്ടാം പദ്ധതിക്കാലയളവില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ബയോടെക്നോളജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ബയോടെക്നോളജി വകുപ്പ് നിലവില്‍ വന്നു (1995). ഓഡിയോ-വിഷ്വല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിതമായതും ഇക്കാലയളവിലാണ്.

90-കളുടെ അവസാനത്തോടെ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഫുഡ് ടെക്നോളജി, ഫാഷന്‍ ഡിസൈന്‍ തുടങ്ങിയ കോഴ്സുകളും ബി.എഡ് സെന്ററുകളും പ്രവര്‍ത്തനമാരംഭിച്ചു. 1997-ല്‍ വടകരയില്‍ പശ്ചിമേഷ്യന്‍ പഠനത്തിനായുള്ള കുഞ്ഞാലി മരയ്ക്കാര്‍ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ആരംഭിച്ചു. 1999-ലാണ് ഫോക്ലോര്‍ രംഗത്ത് പഠനപദ്ധതികള്‍ക്ക് തുടക്കമിടുന്നത്.

1968-ല്‍ 4 പഠന വകുപ്പുകളും 54 അഫിലിയേറ്റ് കോളജുകളും 44,000 വിദ്യാര്‍ഥികളുമുണ്ടായിരുന്നിടത്ത് നിലവില്‍ (2012) 304 അഫിലിയേറ്റു കോളജുകളിലായി 2 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ എന്നീ റവന്യൂജില്ലകളാണ് സര്‍വകലാശാലയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍.

മിക്കവാറും എല്ലാ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളിലും ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ഈ സര്‍വകലാശാലയില്‍ ഉണ്ട്. ഗവേഷണപ്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെനിന്ന് പി.എച്ച്ഡി. ബിരുദങ്ങളും നല്കിവരുന്നുണ്ട്.

കായികവിദ്യാഭ്യാസത്തിനും കായികപരിശീലനത്തിനും സര്‍വകലാശാലയില്‍ സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സര്‍വകലാശാലാ വളപ്പില്‍ ഒരു ഇന്‍ഡോര്‍ ജിംനേഷ്യത്തിന്റെ പണി പൂര്‍ത്തിയായി. ബഹുമുഖ ഉദ്ദേശ്യങ്ങളോടുകൂടിയ ഒരു സ്റ്റേഡിയത്തിന്റെ ജോലികള്‍ പുരോഗമിച്ചുവരുന്നു. സ്പോര്‍ട്സ് താരങ്ങള്‍ക്കു സര്‍വകലാശാല പല പ്രത്യേക സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തി പ്രോത്സാഹനം നല്കിവരുന്നുണ്ട്.

സര്‍വകലാശാലയുടെ ചാന്‍സലര്‍ സംസ്ഥാന ഗവര്‍ണറാണ്; വിദ്യാഭ്യാസമന്ത്രി പ്രോ. ചാന്‍സലറും. വൈസ് ചാന്‍സലറാണ് സര്‍വകലാശാലയുടെ മുഖ്യ ഭരണാധികാരി. വൈസ് ചാന്‍സലറെ അക്കാദമീയവും ഭരണപരവുമായ കാര്യങ്ങളില്‍ പ്രോ, വൈസ് ചാന്‍സലര്‍ സഹായിക്കുന്നു. ഗവണ്‍മെന്റ് നിയമിക്കുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുപുറമേ രജിസ്റ്റ്രാര്‍, ഫൈനാന്‍സ് ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരും വിവിധ ഫാക്കല്‍റ്റി ഡീന്‍മാരും വകുപ്പധ്യക്ഷന്മാരുമാണ് അതതു രംഗത്ത് ഭരണനിര്‍വഹണം നടത്തുന്നത്.

സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മിക്ക ഫാക്കല്‍റ്റികളും അധ്യയന-ഗവേഷണ വിഭാഗങ്ങളും സര്‍വകലാശാലയുടെ പ്രധാന കാമ്പസില്‍ തന്നെയാണ്. കൂടാതെ പരീക്ഷാഭവന്‍, അക്കാദമിക്ക് സ്റ്റാഫ് കോളജ്, കറസ്പോണ്ടന്‍സ് കോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈബ്രറി, സ്റ്റേഡിയം കോംപ്ളക്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, യൂണിവേഴ്സിറ്റി പ്രസ്, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീനിന്റെ ഓഫീസ്, അഡല്‍റ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, എന്‍.എസ്.എസ്. പ്രോഗാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ് തുടങ്ങിയവയും ഇവിടെ സ്ഥിതിചെയ്യുന്നു.

വിദ്യാര്‍ഥികള്‍ക്കു മെരിറ്റ് അടിസ്ഥാനത്തില്‍ നല്കപ്പെടുന്ന പല തലങ്ങളിലുള്ള സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്കോളര്‍ഷിപ്പും നല്കിവരുന്നു. പ്രാക്ടിക്കല്‍ ആവശ്യമുള്ള ശാസ്ത്രവിഷയങ്ങള്‍ ഒഴികെ മറ്റെല്ലാ വിഷയങ്ങള്‍ക്കും പ്രൈവറ്റായി പരീക്ഷയില്‍ ചേരുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ട്. ഈ ആനുകൂല്യം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ജൂണില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന അധ്യയനവര്‍ഷം വിവിധ സെമസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. സര്‍വകലാശാല പരീക്ഷകള്‍ സാധാരണയായി ഏപ്രില്‍-മേയ് മാസങ്ങളിലാണ് നടത്തുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായ ഹോസ്റ്റല്‍ സൗകര്യങ്ങളും വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ചികിത്സാ സൗകര്യങ്ങളും സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍