This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണപതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:46, 19 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണപതി

ആനയുടെ മുഖമുള്ള ഒരു ദേവന്‍. പാര്‍വതീ പരമേശ്വരന്മാരുടെ പുത്രനായിട്ടാണ് പുരാണങ്ങളില്‍ ഈ ദേവന്‍ പരാമൃഷ്ടനായിട്ടുള്ളത്. അഥര്‍വ ശിരോപനിഷത്തില്‍ വിനായകനെ രുദ്രനു തുല്യനായി ഗണിക്കുന്നു.

തടിയില്‍ തീര്‍ത്ത ഗണപതിശില്പം

ഗണേശ്വരന്മാരും വിനായകന്മാരുമാണ് ലോകദൈവങ്ങള്‍ എന്ന് മഹാഭാരതത്തില്‍ (XIII, 150-25) പറയുന്നു. മാനവഗൃഹ്യസൂത്രത്തില്‍ നാലു വിനായകന്മാരെ സൂചിപ്പിക്കുന്നു; സാലകണ്ഠാങ്കടന്‍, കൂശ്മാണ്ഡരാജപുത്രന്‍, ഊശ്മിതന്‍, ദേവയജനന്‍ എന്നിങ്ങനെ. വിഗ്രഹശാസ്ത്രഗ്രന്ഥങ്ങളില്‍ ഗണേശന്റെ 24 രൂപങ്ങള്‍ പറയുന്നുണ്ട്. വിനായകന്‍, ഗണാധീശന്‍, വിഘ്നേശ്വന്‍, പ്രമഥാധിപന്‍, ഗണേശന്‍, വീജഗണപതി, ഹേരംബന്‍, വക്രതുണ്ഡന്‍, ബാലഗണപതി, ഭക്തവിഘ്നേശന്‍, ശക്തിഗണേശന്‍, ധ്വജഗണാധിപന്‍, പിങ്ഗളഗണപതി, ഉച്ഛിഷ്ടഗണപതി, ലക്ഷ്മീഗണേശന്‍, മഹാഗണേശന്‍, ഭുവനേശന്‍, ഗണപതി, നൃത്ത ഗണപതി, ഊര്‍ധഗണേശന്‍, പ്രസന്നഗണേശന്‍, ഉന്മത്തവിനായകന്‍, ഹരീന്ദ്രഗണേശന്‍ എന്നിവയാണവ.

ഗണപതിയുടെ ജനനത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും പല കഥകള്‍ പ്രചാരത്തിലുണ്ട്. പരമശിവന്‍ കൊമ്പനാനയായും പാര്‍വതി പിടിയാനയായും വനത്തില്‍ ക്രീഡകള്‍ ചെയ്തു രസിച്ചുവന്നപ്പോള്‍ പാര്‍വതി ഗര്‍ഭിണിയായെന്നും അങ്ങനെയാണ് ഗണപതിയെ പ്രസവിച്ചതെന്നും അതുകൊണ്ടാണ് ഗണപതിക്ക് ആനയുടെ മുഖം കിട്ടിയതെന്നും ഉത്തരരാമായണത്തില്‍ പ്രസ്താവിച്ചുകാണുന്നു. പാര്‍വതി പാപകാരനായ ശനിഗ്രഹത്തെ ഗണപതിക്കു കാണിച്ചുകൊടുത്തപ്പോള്‍ ശനിയുടെ ദൃഷ്ടിപാതം കൊണ്ട് ഗണപതിയുടെ തല ദഹിച്ചുപോയെന്നും, തത്സ്ഥാനത്ത് ആനത്തല വച്ചു കൂട്ടിയിണക്കിയതിനാലാണ് ഗണപതിക്ക് ഗജമുഖം കിട്ടിയതെന്നും കഥയുണ്ട്. ഗണപതിക്ക് ആനത്തല കിട്ടിയതിനെപ്പറ്റി മറ്റൊരു കഥ: ഒരിക്കല്‍ പാര്‍വതി ഗണപതിയെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തിയിട്ടു കുളിക്കാന്‍ പോയി. ആ അവസരത്തില്‍ ശിവന്‍ വാതില്‍ക്കലെത്തി മുറിയിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗണപതി തടഞ്ഞു. ക്രുദ്ധനായ ശിവന്‍ ഗണപതിയുടെ തല വെട്ടിക്കളഞ്ഞു. പാര്‍വതി കോപിക്കാതിരിക്കാനായി പിന്നീട് ശിവന്‍ ഒരു ആനത്തല വെട്ടി ഗണപതിക്ക് വച്ചുകൊടുത്തു. കശ്യപശാപമാണ് ഗണപതിയുടെ തലപോകാന്‍ കാരണമെന്ന് ഇനിയുമുണ്ട് ഒരു കഥ.

പദ്മപുരാണത്തില്‍ ഗണപതിയുടെ വിവാഹം വര്‍ണിക്കുന്നുണ്ട്. വിവാഹപ്രായമെത്തിയ സുബ്രഹ്മണ്യനോടും ഗണപതിയോടും, ആദ്യം ലോകം ചുറ്റിവരുന്നവന് ആദ്യം വിവാഹം നടത്തിക്കൊടുക്കുമെന്ന് ശിവന്‍ പറഞ്ഞുവത്രെ. സുബ്രഹ്മണ്യന്‍ തത്ക്ഷണം തന്റെ മയില്‍വാഹനത്തിലേറി ലോകം ചുറ്റാന്‍ പുറപ്പെട്ടു. ഗണപതിയാകട്ടെ, മാതാപിതാക്കളെ ഒന്നു വലംവച്ചു വന്നു. ഉമാമഹേശ്വരന്മാരില്‍ ഭൂലോകം മുഴുവന്‍ സ്ഥിതിചെയ്യുന്നു എന്നതാണ് ഗണേശന്റെ ന്യായം. സന്തുഷ്ടരായ പാര്‍വതീപരമേശ്വരന്മാര്‍ സിദ്ധി, ബുദ്ധി എന്ന രണ്ടു കന്യകമാരെ ഗണപതിക്ക് വിവാഹം ചെയ്തു കൊടുത്തു.

വ്യാസഭാരതം കേട്ടെഴുതിയത് ഗണപതിയാണെന്നാണ് വിശ്വാസം. തന്റെ മനോമുകുരത്തില്‍ തോന്നിയ ഭാരതം കഥ, പറഞ്ഞുകൊടുത്താല്‍ എഴുതിയെടുക്കാന്‍ പറ്റിയ ഒരാളെ വേണമെന്ന് വ്യാസന്‍ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടപ്പോള്‍ ബ്രഹ്മാവ് നിയോഗിച്ചത് ഗണപതിയെയാണ്. എഴുത്താണിനിര്‍ത്താന്‍ ഇടയുണ്ടാക്കാതെ അനര്‍ഗളം കാവ്യം മുഴുവന്‍ ചൊല്ലിത്തന്നാല്‍ എഴുതാമെന്നായിരുന്നു ഗണപതിയുടെ വ്യവസ്ഥ. അര്‍ഥം മനസ്സിലാക്കിയേ എഴുതാവൂ എന്ന ഒരു പ്രതി വ്യവസ്ഥയും വ്യാസന്‍ ഉന്നയിച്ചു. കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മൂന്നു വര്‍ഷം കൊണ്ട് ഭാരതം പൂര്‍ത്തിയാക്കി (ആദിപര്‍വം, ഒന്നാം അധ്യായം).

പരശുരാമനുമായി കൈലാസത്തില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഗണപതിയുടെ ഒരു കൊമ്പു നഷ്ടപ്പെട്ടു. ഒരിക്കല്‍ ദക്ഷിണഭാരതത്തില്‍ കനത്ത വേനല്‍ വന്നപ്പോള്‍ ശിവനെ അഭയം പ്രാപിച്ചുകിട്ടിയ വരപ്രസാദമായ കാവേരിയെയും കമണ്ഡലുവിലാക്കി തെക്കോട്ടു നടന്ന അഗസ്ത്യനെ അസൂയാലുവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം ഗണപതി തടഞ്ഞതായി സ്കന്ദപുരാണത്തില്‍ (ആരണ്യകാണ്ഡം) കാണുന്നു. താരകാസുരനിഗ്രഹത്തിന് സുബ്രഹ്മണ്യനെ ആശീര്‍വദിച്ചയ്ക്കാന്‍ അഭിഷേകത്തിനുയര്‍ന്ന ഇന്ദ്രബാഹുക്കള്‍ സ്തംഭിക്കുകയും, ഗണേശന്റെ പ്രീതിദോഷമാണ് അങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് പരമേശ്വരന്‍ പറയുകയും, അതനുസരിച്ച് ദേവേന്ദ്രന്‍ വിഘ്നേശ്വരപൂജചെയതപ്പോള്‍ സ്തംഭനാവസ്ഥ നീങ്ങിയെന്നും കഥാസരിത്സാഗരത്തിലെ ആറാം തരംഗത്തില്‍ ഒരു കഥയുണ്ട്. എല്ലാ വൈദികതാന്ത്രിക കര്‍മങ്ങളും ഇന്നും ഗണപതി നിവേദ്യത്തോടെയാണ് ആരംഭിക്കുന്നത്.

പരമശിവന്റെ ഭൂതഗണങ്ങളുടെ നായകനാണ് ഗണപതി. ഗജമുഖന്റെ തുമ്പിക്കൈ ഇടത്തോട്ടു പിരിഞ്ഞുകാണുന്നെങ്കില്‍ അതിനെ ഇടംപിരിയെന്നും വലത്തോട്ടാണെങ്കില്‍ അതിനെ വലംപിരി എന്നും പറയുന്നു. ഭക്ഷണപ്രിയനായ ഗണപതിയുടെ ഭീമാകാരമായ വയറ്റില്‍ പ്രപഞ്ചഗോളങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു വിശ്വാസം. ഗജമുഖവാഹനം എലിയാണ്.

ഹിന്ദുക്കളുടെ വിശ്വാസപ്രകാരം കാര്യങ്ങള്‍ നിര്‍വിഘ്നം നടത്തുന്നതിനും കാര്യങ്ങള്‍ക്കു വിഘ്നം വരുത്തുന്നതിനും കഴിവുള്ള ദേവനാണ് ഗണപതി. അതിനാല്‍ നല്ല കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ നിര്‍വിഘ്ന സമാപനത്തിനുവേണ്ടി ഗണപതിയെ പൂജിക്കണം എന്ന വിശ്വാസം ഹിന്ദുക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഇതിനായി ഗണപതിപൂജയും ഗണപതിഹോമവും നടത്താറുണ്ട്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാരംഭത്തിനുമുമ്പ് ഹരിഃശ്രീഗണപതയേ നമഃ എന്നു ചൊല്ലി ഗണപതിയെ സ്മരിക്കുന്ന പതിവ് ഉണ്ടായത്.

നമ്പൂതിരിമാരുടെ ഇടയില്‍ നിലനിന്നിരുന്ന ഒരു ആചാരമാണ് ഗണപതിക്കിടുക എന്നത്. കാതുകുത്തി ഉടുത്തൊരുങ്ങിയ പെണ്‍കിടാങ്ങള്‍ പതിവായി കിഴക്കോട്ടു തിരിഞ്ഞിരുന്ന് അപ്പം, അട എന്നിവ ഗണപതിക്കു നിവേദിക്കുന്ന ചടങ്ങാണിത്.

ലളിതാസഹസ്രനാമത്തില്‍ മൂലഗണപതിയെക്കുറിച്ച് പറയുന്നുണ്ട്. ഷണ്‍മതങ്ങളിലൊന്നായ ഗാണപത്യം അനുസരിച്ച് ആദിഗണപതിയാണ് സര്‍വേശ്വരന്‍. മൂലഗണപതിയെ നമസ്കരിച്ചിട്ടാണത്രെ പാര്‍വതീപരമേശ്വരന്മാര്‍ വിവാഹം ചെയ്തത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലും മൂലഗണപതിയുടെ പ്രതിഷ്ഠ ഉണ്ട്.

ശിവനുമായി ബന്ധപ്പെട്ട ദേവന്മാരില്‍ പ്രമുഖനായ ഗണപതിയെ എ.ഡി. 6-ാം ശതകം മുതല്‍തന്നെ ദക്ഷിണ ഭാരതത്തില്‍ ആരാധിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്. ഇന്നു കാണുന്ന ഗണപതി വിഗ്രഹങ്ങള്‍ എല്ലാംതന്നെ എ.ഡി. 6-ാം ശതകത്തിനു ശേഷം നിര്‍മിക്കപ്പെട്ടവയാണെന്നു കരുതപ്പെടുന്നു. നില്‍ക്കുന്നതും ഇരിക്കുന്നതും നൃത്തം ചവിട്ടുന്ന രീതിയിലുള്ളതുമായ ഗണപതിവിഗ്രഹങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. പ്രപഞ്ചജനയിതാവും പരമസത്യവും മഹാഗണപതിയാണെന്നും ഈ പ്രതിഭാസപ്രപഞ്ചത്തിനും ബ്രഹ്മാവു തുടങ്ങിയ ഈശ്വരന്മാര്‍ക്കും ഹേതു ഹരീന്ദ്രഗണപതിയാണെന്നും വിശ്വാസം ഉണ്ട്. മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ഥി ദിവസം ഗണപതിവിഗ്രഹം കടലില്‍ ഒഴുക്കുന്ന പതിവുണ്ട്. കേരളത്തിലും ഗണപതി ആരാധന നടന്നു വരുന്നു. കേരളത്തിലുള്ള ഗണപതി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊട്ടാരക്കരയിലെ മഹാഗണപതിക്ഷേത്രവും തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതികോവിലും. മറ്റു ക്ഷേത്രങ്ങളില്‍ മുഖ്യവിഗ്രഹത്തിന്റെ വലതുഭാഗത്താണ് ഗണപതിയുടെ സ്ഥാനം. കംബോഡിയ, സയാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഗണപതി പൂജ നിലവിലുണ്ട്.

ഭാരതീയര്‍ കാവ്യരചനാരംഭത്തിലും ഗണപതിയെ സ്തുതിച്ചിരുന്നു. വിഘ്നേശ്വരനെ വാഴ്ത്തിക്കൊണ്ടുള്ള സ്തോത്രങ്ങളും കൃതികളും എല്ലാ ഭാരതീയ ഭാഷാസാഹിത്യങ്ങളിലും കാണാം. വള്ളത്തോള്‍ നാരായണമേനോന്റെ ഗണപതി എന്ന ഖണ്ഡകാവ്യത്തില്‍ (1914) 101 സ്ലോകങ്ങളില്‍ ഗണപതി ഗജമുഖനായ കഥയാണ് പ്രതിപാദിക്കുന്നത്. വള്ളത്തോളിന്റെ മറ്റൊരു ഖണ്ഡകാവ്യമായ ശിഷ്യനും മകനിലും ഗണപതി മുഖ്യ കഥാപാത്രമാണ്. കുഞ്ചന്‍ നമ്പ്യാരുടെയും വെണ്‍മണി വിഷണുനമ്പൂതിരിപ്പാടിന്റെയും ഗണപതി പ്രാതല്‍, കോഴിക്കോട്ടു മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെയും ഏ.ആര്‍. രാജരാജവര്‍മയുടെയും ഗണേശാഷ്ടകം, ശ്രീനാരായണഗുരുവിന്റെ വിനായകാഷ്ടകം, അഴകത്തു പദ്മനാഭക്കുറുപ്പിന്റെ ശ്രീ ഗണേശപുരാണം കിളിപ്പാട്ട്, മച്ചാട്ടു നാരായണനിളയതിന്റെ ഗണപതി സുബ്രഹ്മണ്യ കലഹംപാട്ട്, പുതുക്കാട്ടുമഠത്തില്‍ കൃഷ്ണനാശാന്റെ ഗണേശപുരാണം എന്നീ കൃതികളും സ്മരണീയമാണ്. നോ. ഗണപതിനിവേദ്യം; ഗണപതി ഹോമം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%A3%E0%B4%AA%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍