This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗോപാധ്യായ, സുനില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:10, 16 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗംഗോപാധ്യായ, സുനില്‍

Gangopadhay, Sunil (1934 -2012 )

ബംഗാളിസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ അദ്ധ്യക്ഷനും. കവിത, നോവല്‍, നാടകം, വിമര്‍ശനം, തിരക്കഥ, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനാണ് സുനില്‍ ഗംഗോപാധ്യായ. 'നീലലോഹിത്', 'സനാതന്‍പഥക്' 'നീല്‍ ഉപാധ്യായ്' എന്നിവയാണ് ഇദ്ദേഹത്തിന്റെ തൂലികാനാമങ്ങള്‍.

1934 സെപ്. 7-ന് ബംഗ്ളാദേശിലുള്‍പ്പെട്ട ഫരീദ്പൂരില്‍ ജനിച്ചു. ഇന്ത്യാവിഭജനത്തിനുമുമ്പ് കൊല്‍ക്കത്തയിലാണ് താമസിച്ചിരുന്നത്. കൊല്‍ക്കത്താ സര്‍വകലാശാലയില്‍നിന്നും എം.എ. ബിരുദം കരസ്ഥമാക്കി.

200-ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള സുനില്‍ ഗംഗോപാധ്യായ കവി എന്ന നിലയിലാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത.് ഇദ്ദേഹത്തിന്റെ 'നിഖിലേഷ്', 'നീര' എന്നീ കാവ്യപരമ്പരകള്‍ ഏറെ പ്രസിദ്ധങ്ങളാണ്. ഏക-എബാങ് കായേക്ജന്‍ (1958), അമര്‍സ്വപ്ന (1972), ബന്ദി ജേഗേ അച്ഛി (1974), ജാഗരണ്‍ ഹേമബര്‍ന (1974), അമീകീ രകംഭാഭേബെഞ്ചേ അച്ഛി (1975), ഡന്റാവുസുന്ദര്‍ (1975), എസേഛി ദൈബ പിക്നികേ (1977), രാത്രിര്‍രെന്‍ദേവൂസ്, സാദാപ്രിഷ്ഠ, തോമര്‍ സംഗേ (1980) തുടങ്ങിയ കാവ്യസമാഹാരങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

1960-കളില്‍ നോവല്‍രംഗത്ത് പ്രവേശിച്ചു. ആത്മപ്രകാശ് �(1966), സരള്‍സത്യ (1969), തുമികേ (1970), അര്‍ജുന്‍ (1971), കാലോരാസ്താസാദാബദി (1971), സുഖ് അസുഖ് (1971), ജീബന്‍ജേരകം (1971), സോണാലി ദുഃഖ (1972), ഭയങ്കര്‍ സുന്ദര്‍ (1972), കബി ഒ നര്‍ത്തകി �(1972), നാദിര്‍ പരേഖേലാ (1972), സ്വര്‍ഗേര്‍നിചേമനുഷ് (1973), അമി-ഐസേ (1974), പ്രകാശ്യദിബലോകേ (1974), മനേ മനേ ഖേലാ (1976), ബന്ധുബാന്ധബ് (1976), ഛബിര്‍മനുഷ് (1977), പൊയേര്‍തലര്‍മതി (1978), ഗരമബാത്ത് അതബ നിചക് ഭൂതേര്‍ ഗംപോ (1978), നഭജാത്ക (1979), ഷെയ്സമോയ് (2 വാല്യം, 1985), പ്രാണേര്‍ പഹാരി, രാജാ-റാണി (നാടകങ്ങള്‍), സനാതന്‍പതേകര്‍ ചിന്താ (1977) (നിരൂപണകൃതി), സബുജ് ദ്വിപേര്‍ രാജ, ദുങ്ക (ബാലസാഹിത്യകൃതികള്‍), 'അന്യദേശേര്‍ കവിത' (കാവ്യവിവര്‍ത്തനം) തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഷെയ്സമോയ് എന്ന നോവലിന് സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് (1985). ഇദ്ദേഹത്തിന്റെ നോവലുകള്‍ നിരവധി ഭാരതീയഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ, ആരണ്യേര്‍-ദിന്‍രാത്രി, പ്രതിധ്വനി എന്നിവ സത്യജിത്റേയും റൊതിന്‍ജാന്‍ മൃണാര്‍സെന്നും ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഹീരക് ദീപ്തി എന്ന നോവലിനെ അധികരിച്ചാണ് ശ്യാമപ്രസാദ് മലയാളത്തില്‍ ഒരേ കടല്‍ എന്ന ചലച്ചിത്രം ഒരുക്കിയത്.

1972-ലെയും 89-ലെയും ആനന്ദസമ്മാന്‍, ബങ്കിം പുരസ്കാരം (1983), സാഹിത്യ അക്കാദമി അവാര്‍ഡ് (1985) തുടങ്ങി നിരവധി പുരസ്കാരങ്ങളും അവാര്‍ഡുകളും സുനില്‍ ഗംഗോപാധ്യായയ്ക്ക് ലഭിച്ചു. സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം 2002-ല്‍ കൊല്‍ക്കത്തയിലെ ഷെരിഫായി തെരഞ്ഞെടുക്കപ്പെട്ടു.

കൃത്തിബാസ് (1984) എന്ന മാസികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, 'ബുധ്സന്ധ്യ' എന്ന സാഹിത്യസ്ഥാപനത്തിന്റെ പ്രസിഡന്റായും ആനന്ദബസാര്‍ പത്രികയുടെ അസോസിയേറ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2012 ഒക്. 22 ന് കൊല്‍ക്കത്തയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍