This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖേത്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖേത്രി
Khetri
രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഝുന്‍ഝുനു ജില്ലയില്‍പ്പെട്ട പട്ടണം. 28° വടക്ക് 75°47' കിഴക്ക് ജയ്പൂരില്‍ നിന്ന് 128 കി.മീ. വടക്കായി, ചൂഴ്ന്ന് ഉയരംകുറഞ്ഞ മലനിരകളായി സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മലനിരകളിലൊന്നായ ആരവല്ലി വ്യൂഹത്തില്‍പ്പെട്ടതാണിവ. ഖേത്രിയുടെ പ്രാന്തത്തില്‍ നിന്ന് ആരംഭിക്കുന്ന ആരവല്ലി നിരകള്‍ ഘട്ബ്രഹ്മവരെ 550 കി.മീ. നീളത്തില്‍ തുടര്‍ന്നുകാണുന്നു.
മുന്‍കാലത്ത് ജയ്പൂര്‍ രാജാവിന്റെ സാമന്തപദവിയുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു ഖേത്രി. സമുദ്രനിരപ്പില്‍ നിന്ന് 712 മീ. ഉയരത്തിലുള്ള കുന്നിന്‍പുറത്തു നിര്‍മിച്ച കോട്ട ഇന്നും, ജീര്‍ണാവസ്ഥയിലെങ്കിലും നിലവിലുണ്ട്. ഖേത്രിയിലെ നാടുവാഴിയായിരുന്ന അഭയചന്ദ്രന്‍ ഒന്നാം മറാത്തായുദ്ധത്തില്‍ ബ്രിട്ടീഷ് പക്ഷത്ത് നിലകൊണ്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇവിടത്തെ ആധുനിക ഭരണാധികാരികളില്‍ ഒരാള്‍ സ്വാമി വിവേകാനന്ദന് 'ഷിക്കാഗോ സര്‍വമത സമ്മേളന'ത്തില്‍ പങ്കെടുക്കാന്‍ വേണ്ട ധനസഹായം നല്കിയെന്ന് രേഖകള്‍ വെളിവാക്കുന്നു. സ്വാതന്ത്യ്രപ്രാപ്തിയെത്തുടര്‍ന്ന് ഖേത്രി രാജ്യം ഭാരതത്തിന്റെ ഭാഗമായിത്തീര്‍ന്നു.
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര കമ്പോളത്തില്‍ മികച്ച സ്ഥാനം നേടിക്കൊടുക്കുവാന്‍ പോന്ന കനത്ത ചെമ്പയിര്-നിക്ഷേപങ്ങളാണ് ഖേത്രിയുടെ ഇപ്പോഴത്തെ പ്രാധാന്യത്തിനു നിദാനം. പട്ടണത്തിന്റെ അതിരില്‍ തുടങ്ങി 26 കി.മീ. നീളത്തില്‍ കിടക്കുന്ന ഖേത്രി-സിങ്ഘാന മേഖലയിലെ താരതമ്യേന പൊക്കം കുറഞ്ഞ മലകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പുഖനിയായി വികസിച്ചിരിക്കുന്നു. ചെമ്പും ഇരുമ്പും കലര്‍ന്ന സള്‍ഫേറ്റ് അയിരാണ് ഇവിടെ നിക്ഷിപ്തമായിരിക്കുന്നത്. ഖേത്രിയിലെ ചെമ്പുഖനനത്തിന്റെ ചുമതല പൊതുമേഖലയില്‍പ്പെട്ട ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ്. ഖേത്രിക്കു സമീപം കുറഞ്ഞ നിലവാരത്തിലുള്ള ഇരുമ്പയിരുനിക്ഷേപങ്ങളും ധാരാളമായുണ്ട്; ഫോസ്ഫറസിന്റെ അംശം നന്നേ കൂടുതലായതിനാല്‍ ഇവ സാമ്പത്തിക പ്രാധാന്യം അര്‍ഹിക്കുന്നില്ല.
(എന്‍.ജെ.കെ നായര്‍)