This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുര്‍ ആന്‍ (ഖുറാന്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:04, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖുര്‍ ആന്‍ (ഖുറാന്‍)

ഇസ്ലാമിക വിശുദ്ധഗ്രന്ഥം. ഇസ്ലാം മത വിശ്വാസപ്രകാരം മനുഷ്യരാശിയുടെയും സംസ്കാരത്തിന്റെയും ഉത്പത്തി ചരിത്രത്തിലേക്കും ജീവിതപദ്ധതികളിലേക്കും വെളിച്ചം വീശുന്ന ഒരു വേദഗ്രന്ഥമാണിത്.

പ്രവാചകനായ മുഹമ്മദ് നബിക്ക് 23 വര്‍ഷത്തെ പ്രവാചകത്വജീവിതത്തിനിടയ്ക്ക് 'ജിബ്രീല്‍' എന്ന മാലാഖ വഴി അല്ലാഹു (ദൈവം) അറബിഭാഷയില്‍ അവതരിപ്പിച്ചു നല്‍കിയ ദിവ്യവചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ ആന്‍. ലോകജനതയുടെ വിജയവും മോക്ഷവുമാണ് ഖുര്‍ ആന്‍ വിതരണത്തിലൂടെ അല്ലാഹൂ ലക്ഷ്യമാക്കിയിട്ടുള്ളത്.

ഖുര്‍ ആന്‍ പാരായണം

ഖുര്‍ ആനിലെ അമൂല്യ തത്ത്വങ്ങളും മഹത് സിദ്ധാന്തങ്ങളും ആദരണീയമായ വിധികളും അതിന്റെ മഹത്വം പ്രകടമാക്കുന്നവയാണ്. അറബി ഭാഷാ സാഹിത്യത്തിലെ സമുന്നതഗ്രന്ഥമായി ഖുര്‍ ആന്‍ കരുതപ്പെടുന്നു. അതിന്റെ ശൈലി അനുകരിക്കാനാവാത്ത വിധം കാവ്യാത്മകവും അത്യുന്നതവുമാണ്. ദൈവീകഗ്രന്ഥങ്ങളില്‍ ഏറ്റവും ഒടുവിലത്തെ വേദഗ്രന്ഥമായി വിശുദ്ധഖുര്‍ആന്‍ കരുതപ്പെടുന്നു.

വായന, വായിക്കപ്പെടേണ്ടത്, വായിക്കപ്പെടുന്നത് എന്നൊക്കെയാണ് ഖുര്‍ ആന്‍ എന്ന പദത്തിനര്‍ഥം. ഖുര്‍ ആനില്‍ 'വായിക്കപ്പെടുന്ന രേഖ' എന്ന അര്‍ഥത്തില്‍ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട് (13:31). അല്‍-കിത്താബ്, അല്‍-ഫുര്‍ഖാന്‍, അദ്ദിക്ര്‍, അത്തന്‍സീല്‍ എന്നീ പേരുകളും ഖുര്‍ ആനുണ്ട്. നൂര്‍, ഹുദാ, മുബാറക്, ദിക്റാ, മുബീന്‍, ബുഷ്റ, ബഷീര്‍ തുടങ്ങിയവ ഖുര്‍ആനില്‍ത്തന്നെ കാണാവുന്ന വിശേഷണ നാമങ്ങളാണ്. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് 'ഫുര്‍ഖാന്‍' (സത്യാസത്യ വിവേചകം) എന്നാണ്.

ഏഴാം ശതകത്തില്‍ സമാഹരിക്കപ്പെട്ട ഖുര്‍ ആനില്‍ ചെറുതും വലുതുമായ 114 സൂറത്തു(അധ്യായങ്ങള്‍)കളും 584 റുക്നു(ഖണ്ഡികകള്‍)കളും 6666 ആയത്തു(സൂക്തങ്ങള്‍)കളും 86430 കലിമത്തു(പദങ്ങള്‍)കളും 3,23,760 ഹര്‍ഫു(അക്ഷരങ്ങള്‍)കളും ഉണ്ട്. പാരായണ സൌകര്യത്തിനായി ഏകദേശം തുല്യവലുപ്പത്തിലുള്ള 30 ഭാഗങ്ങള്‍ (ജുസ്അ്) ആയി ഖുര്‍ ആന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ഓരോഭാഗവും 'നിസ്ഫ്' (1/2)കളായും. 'റുബൂഅ്' (1/4)കളായും ഭാഗിച്ചിട്ടുണ്ട്. അവ വീണ്ടും 1/8 ആയും 1/4 ആയും 1/2 ആയും 3/4 ആയും വിഭജിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ ആന്‍ അവതരണം. മുഹമ്മദ് നബിക്ക് 40-ാമത്തെ വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ചില വ്യക്തമായ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. തന്റെ ജനത വിഗ്രഹാരാധനയിലും അന്ധവിശ്വാസത്തിലും മുഴുകിയിരിക്കുന്നതില്‍ നബി ദുഃഖാകുലനായിരുന്നു. ഈ ഹൃദയവ്യഥയില്‍നിന്നു താത്കാലികമായെങ്കിലും മുക്തിലഭിക്കുന്നതിനുവേണ്ടി ഹിറാഗുഹയില്‍ ചെന്നു ധ്യാനമിരിക്കുക പതിവായിരുന്നു. മക്കയില്‍നിന്ന് ഏതാണ്ട് 3 കി.മീ. വടക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന 'ജബലുനൂര്‍' എന്ന പര്‍വതത്തിനു മുകളിലായിരുന്നു ഈ ഗുഹ. 610 ആ. 6 നു വിശുദ്ധ റംസാനിലെ 'ലയ്ലത്തുല്‍ ഖദ്ര്‍' എന്ന ശ്രേഷ്ഠരാവില്‍ പ്രഭാതത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് പ്രസ്തുത ഗുഹയില്‍ ധ്യാനനിമഗ്നനായിരുന്ന മുഹമ്മദിന്റെ അടുക്കല്‍ ദൈവദൂതനായ 'ജിബ്രീല്‍' എന്ന മാലാഖ പ്രത്യക്ഷപ്പെടുകയും ദൈവത്തില്‍നിന്നുള്ള ഖുര്‍ ആനിന്റെ ആദ്യ വചനങ്ങള്‍ ഓതി കേള്‍പ്പിക്കുകയും ചെയ്തു. ആ വചനങ്ങള്‍ ഇപ്രകാരമാണ്. വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍നിന്നു സൃഷ്ടിച്ചു, വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചവനാണ് (96:1-5). എഴുത്തും വായനയുമാണ് മനുഷ്യന് അറിവു ലഭിക്കാനുള്ള രണ്ട് മാര്‍ഗങ്ങള്‍. ഇവ രണ്ടും ദൈവം മനുഷ്യര്‍ക്കു നല്കിയ രണ്ടു പ്രത്യേകാനുഗ്രഹങ്ങളാണെന്ന് ഇതില്‍ സൂചിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ ഉദ്ഭവത്തെക്കുറിച്ച് ചിന്തിക്കുന്ന പക്ഷം സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തിലേക്ക് അവനെ അതു നയിക്കുന്നതും ദൈവത്തിന്റെ ആജ്ഞയ്ക്കൊത്ത് ജീവിക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നതുമാകുന്നു. ഇതാണ് ഒന്നാമതായി അവതരിച്ച വചനങ്ങളുടെ ആശയം. ഇതായിരുന്നു ഖുര്‍ ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് മുതല്‍ 23 വര്‍ഷക്കാലം കൊണ്ട് വിവിധ സന്ദര്‍ഭങ്ങളിലായി അല്പാല്പമായാണ് ഖുര്‍ ആന്‍ ആശയങ്ങള്‍ പൂര്‍ണമായത്.

ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്ക് പേരുനല്‍കുന്നതില്‍ മൂന്നു രീതികളാണ് അവലംബിച്ചിരിക്കുന്നത്. (1) അധ്യായത്തിലെ മൊത്തം ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പേര്- ഉദാഹരണത്തിന് 112-ാം അധ്യായമായ 'ഇഖ്ലാസ്'. (2) ഒരധ്യായത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഏതെങ്കിലും സംഭവത്തെ അനുസ്മരിച്ചിരിക്കുന്ന പേര്. ഉദാഹരണത്തിന് രണ്ടാം അധ്യായമായ 'അല്‍ബഖറ'. (3) ഒരധ്യായത്തിന്റെ ആദ്യത്തിലോ ഇടയ്ക്കോ ഉപയോഗിച്ചിട്ടുള്ള പദമോ അക്ഷരമോ കൊണ്ടുള്ള പേര്. ഉദാഹരണത്തിന് 50-ാം അധ്യായമായ 'ഖാഫ്', 114-ാം അധ്യായമായ 'നാസ്'.

ഖുര്‍ ആനിലെ അധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് അവയുടെ അവതരണക്രമം അനുസരിച്ചല്ല. ഓരോഭാഗവും അവതരിപ്പിക്കുമ്പോള്‍ അത് ഇന്ന അധ്യായത്തില്‍ ചേര്‍ക്കുക, ഇന്ന ഭാഗത്ത് ചേര്‍ക്കുക എന്നിങ്ങനെ നബിനിര്‍ദേശം നല്‍കുമായിരുന്നു. ഓരോ അധ്യായത്തെയും 'ബിസ്മില്ലാഹിര്‍ഹ്മാനിര്‍റഹീം' എന്ന പ്രത്യേക സൂക്തം കൊണ്ട് വേര്‍തിരിക്കുകയും ചെയ്തിരിക്കുന്നു. (ഒമ്പതാം അധ്യായമായ 'തൗബ'യുടെ ആദ്യത്തില്‍ മാത്രമാണ് 'ബിസ്മി' ഇല്ലാത്തത്. മറ്റുള്ള അധ്യായങ്ങള്‍ക്കെന്ന പോലെ ഈ അധ്യായത്തിന്റെ ആരംഭത്തില്‍ 'ബിസ്മി' അവതരിച്ച് കിട്ടിയില്ല എന്നതാണ് കാരണം.) അധ്യായങ്ങളുടെ വലുപ്പവും ഏറെക്കുറെ വിഷയങ്ങളും പരിഗണിച്ചാണ് ഖുര്‍ ആന്‍ ക്രമീകരിച്ചിരിക്കുന്നത്. സൂറത്തുകളുടെ ദൈര്‍ഘ്യം അടിസ്ഥാനപ്പെടുത്തി പണ്ഡിതന്മാര്‍ അവയെ ത്വിവാല്‍, മിഈന്‍, മസാനി, മുഫസ്സ്വല്‍ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ഏറ്റവും വലിയ അധ്യായം 'അല്‍ബക്കറ'യും (286 വചനങ്ങള്‍) സൂക്തം അല്‍ബക്കറയില്‍ ഉള്ള 'ആയത്തുദ്ദയ്നു'മാണ്. ഏറ്റവും ചെറിയ അധ്യായം 'അല്‍ കൗസര്‍' (3 വചനങ്ങള്‍) ആണ്. പ്രഥമാധ്യായം സൂറത്തുല്‍ ഫാത്തിഹയും (7 സൂക്തങ്ങള്‍) അവസാനത്തേത് സൂറത്തുന്നാ സു(6 സൂക്തം)ക്തവുമാണ്. അവതരണകാലവും സ്ഥലവും മാനദണ്ഡമാക്കി അധ്യായങ്ങളെ (സൂറ) 'മക്കി'യെന്നും 'മദനി'യെന്നും വേര്‍തിരിക്കാം. പ്രവാചകത്വം ലഭിച്ച ആദ്യത്തെ 13 വര്‍ഷങ്ങളില്‍ നബി മക്കയിലായിരിക്കെ അവതരിച്ച അധ്യായങ്ങളാണ് 'മക്കിസൂറ' എന്നറിയപ്പെടുന്നത്. ഹിജ്റയ്ക്കുശേഷമുള്ള 10 വര്‍ഷം അവതരിക്കപ്പെട്ടവയാണ് 'മദനി സൂറകള്‍'. പ്രതിപാദനരീതിയിലും ശൈലിയിലും വിഷയത്തിലും മക്കി, മദനി സൂറകള്‍ക്ക് ഏറെ പ്രത്യേകതയുണ്ട്. ഏകദൈവവിശ്വാസം, പ്രവാചകത്വം, പരലോകം, പുനരുത്ഥാനം എന്നീ വിഷയങ്ങള്‍, സ്വര്‍ഗം, നരകം, രക്ഷാശിക്ഷകള്‍ എന്നിവയെക്കുറിച്ചുള്ള സൂചനകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുടെ വിവരണം, ഗുണപാഠകഥകള്‍ തുടങ്ങിയവ മക്കി സൂറകളുടെ സവിശേഷതയാണ്, കടമകളും ബാധ്യതകളും, ശിക്ഷാവിധികള്‍, ഈശ്വരാരാധന, വ്യവഹാരങ്ങള്‍, കുടുംബബന്ധങ്ങള്‍, ഭരണം, നിയമകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ 'മദനിസൂറ'കളിലാണ് അധികമായി കാണുന്നത്. 'മദനീസൂറ'കള്‍ താരതമ്യേന ദീര്‍ഘമായവയാണ്. ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ ശൈലിയിലും സ്വരത്തിലും സാമാന്യം വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. ഖുര്‍ആനിലെ 86 സൂറകള്‍ (അധ്യായങ്ങള്‍) മക്കീസൂറകളായി എണ്ണപ്പെടുന്നു. ഇവയില്‍ 2, 3, 17, 23, 33, 34, 37, 39, 41, 42, 44, 45, 46, 47, 49, 50, 51, 52, 53, 54, 55, 57, 58, 59, 60, 62, 63, 65, 66, 69, 70, 72, 75, 84, 85 എന്നീ നമ്പര്‍ സൂറത്തുകളില്‍ മദീനയില്‍ അവതരിച്ച ഏതാനും സൂക്തങ്ങളും ഉള്‍പ്പെടുന്നു. ഏകദേശം ഖുര്‍ ആനിന്റെ മൂന്നില്‍ ഒരു ഭാഗം-മദീനാ ഘട്ടത്തിലും ബാക്കിയുള്ളവ മക്കാഘട്ടത്തിലുമാണ് പ്രവാചകന് അവതരിച്ചു കിട്ടിയിട്ടുള്ളത്.

ക്രോഡീകരണം. അല്പാല്പമായി 23 വര്‍ഷം കൊണ്ടാണ് ഖുര്‍ ആന്‍ അവതരണം പൂര്‍ത്തിയായത്. ഒരിക്കല്‍ അവതരിച്ച ഭാഗത്തിന്റെ തുടര്‍ച്ചയായിക്കൊള്ളണമെന്നില്ല അടുത്ത് ലഭിച്ചത്. ആദ്യം മുതല്‍ അവസാനം വരെ ഒരേ ക്രമത്തില്‍ അവതരിക്കാറുമില്ല. എന്നാല്‍ അതാതു സമയത്ത് അവതരിക്കുന്ന ഭാഗങ്ങള്‍ എഴുതി വയ്ക്കുവാന്‍ നബി തന്റെ എഴുത്തുകാരോട് കല്പിക്കുമായിരുന്നു. മക്കയിലായിരുന്നപ്പോഴും മദീനയിലായിരുന്നപ്പോഴും നബിക്ക് നിശ്ചിത എഴുത്തുകാരുണ്ടായിരുന്നു. ഇന്നിന്നഭാഗം അതു ഉള്‍ച്ചേരേണ്ട അധ്യായത്തില്‍ കൃത്യമായഭാഗത്ത് ചേര്‍ക്കണമെന്നും നബി പ്രത്യേകനിര്‍ദേശം കൊടുത്തിരുന്നു. അവരത് അപ്പോള്‍ത്തന്നെ എഴുതി സൂക്ഷിക്കുകയും ചെയ്യുമായിരന്നു. ഈത്തപ്പനയുടെ വീതിയുള്ള മടല്‍, മരത്തൊലി, മൃഗത്തോല്‍, കല്ല്, മരം, എല്ലിന്‍ കഷണങ്ങള്‍ എന്നിവ ഖുര്‍ ആന്‍ എഴുതാന്‍ ഉപയോഗിച്ചിരുന്നു. നബിയുടെ എഴുത്തുകാര്‍ ആദ്യം മുതല്‍ അവസാനഭാഗം വരെ ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും ഖുര്‍ ആനിന്റെ ക്രമീകരണവും ഗ്രന്ഥവത്കരണവും അതെഴുതി സൂക്ഷിക്കലും അതിന്റെ സാക്ഷാത് ക്രമത്തോടുകൂടി മനഃപാഠമാക്കലുമെല്ലാം നബിയുടെ കാലത്തുതന്നെ പൂര്‍ത്തിയായിരുന്നു. അതുപോലെ ആ കാലഘട്ടത്തില്‍ത്തന്നെ നിരവധിപേര്‍ ഖുര്‍ ആന്‍ മനഃപാഠമാക്കിയിരുന്നു. നബിയുടെ നിര്യാണത്തിനുശേഷം അബൂബക്കര്‍ സിദ്ദീഖ് ഒന്നാമത്തെ ഖലീഫയായി. അക്കാലത്ത് നടന്ന നിരവധി യുദ്ധങ്ങളില്‍ വളരെ പ്രസിദ്ധമായതാണ് മുസൈലിമത്ത് എന്ന വ്യാജപ്രവാചകനുമായി നടന്ന യമാമയുദ്ധം. ഈ യുദ്ധത്തില്‍ ഖുര്‍ ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുകണക്കിന് സ്വഹാബികള്‍ രക്തസാക്ഷികളായി. ഇത് ഉമറുല്‍ ഫാറൂഖിനെ അത്യധികം ചിന്താകുലനാക്കി. തുടര്‍ന്ന്, ഖുര്‍ ആന്‍ ആദ്യന്തം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്ന് ഉമര്‍ ഖലീഫ അബൂബക്കറിനോട് ആവശ്യപ്പെട്ടു. തിരുമേനി ചെയ്യാത്ത ഒരു പ്രവൃത്തി താന്‍ ചെയ്യില്ലെന്നു പറഞ്ഞ് അബൂബക്കര്‍ ആദ്യം വിസമ്മതിച്ചെങ്കിലും അതിന്റെ ആവശ്യകത ബോധ്യമായതോടെ അദ്ദേഹം അതിന് തയ്യാറാവുകയും നബിയുടെ വഹ്യ് എഴുത്തുകാരില്‍ തലവനായിരുന്ന സൈദ് ബിന്‍ സാബിതിനെ ആ ദൗത്യം ഏല്പിക്കുകയും ചെയ്തു. താന്‍ എഴുതിവച്ചിരുന്നതിനെയോ തന്റെ മനഃപാഠത്തേയോ മാത്രം ആശ്രയിക്കാതെ അനവധി സ്വഹാബാക്കളെ (പ്രവാചകാനുയായികള്‍) സാക്ഷിനിര്‍ത്തി സംശയത്തിന് യാതൊരു പഴുതുമില്ലാത്തവണ്ണം സൈദ് അത് പൂര്‍ത്തിയാക്കി. ഒരു ഏടി(ഗ്രന്ഥം)ല്‍ ഖുര്‍ ആനിന്റെ ആദി മുതല്‍ അന്ത്യം വരെ സമാഹരിക്കപ്പെട്ടു. ഈ ഏടിന് അബൂബക്കര്‍ 'മുസ്ഹഫ്' (രണ്ടു ചട്ടക്കിടയില്‍ ഏടാക്കപ്പെട്ടത്) എന്ന് നാമകരണം ചെയ്തു. തന്റെ വിയോഗം വരെ അബൂബക്കറും പിന്നീട് രണ്ടാം ഖലീഫ ഉമറും അതിനുശേഷം അദ്ദേഹത്തിന്റെ മകളും നബിയുടെ പത്നിയുടെ ഹഫ്സയും ആ മുസ്ഹഫ് സൂക്ഷിച്ചിരുന്നു. മൂന്നാംഖലീഫ ഉസ്മാന്റെ കാലമായപ്പോള്‍ ഇസ്ലാം ഭൂഖണ്ഡങ്ങള്‍ കടന്ന് വ്യാപിക്കുകയുണ്ടായി. പലദേശക്കാരും പലഭാഷക്കാരും ഇസ്ലാമിലേക്കുവന്നു. അവര്‍ അറബിഭാഷയില്‍ വേണ്ടത്ര അവഗാഹമില്ലാത്തവരായിരുന്നതിനാല്‍ ഖുര്‍ ആന്‍ പാരായണത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങി. ഈ വിവരം ഹുദൈഫത്തുബ്നുല്‍ യമാന്‍ എന്ന സ്വഹാബി ഉസ്മാനെ ധരിപ്പിക്കുകയും ഒരു ഏകീകൃതഭാവം ഖുര്‍ ആന് നല്‍കാത്തപക്ഷം മുന്‍വേദങ്ങളില്‍ വ്യത്യാസമുണ്ടായതുപോലെ ഖുര്‍ ആനിലും സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഖലീഫ ഹഫ്സയുടെ പക്കല്‍ സൂക്ഷിച്ചിരുന്ന ഖുര്‍ ആനിന്റെ കോപ്പി കൊണ്ടുവരാന്‍ കല്പിച്ചു. അതിന്റെ ഏഴു പകര്‍പ്പുകളെടുക്കാന്‍ നബിയുടെ എഴുത്തുകാരില്‍ പ്രധാനിയും ഖുര്‍ ആന്‍ 'മുസ്ഹഫ്' ആയി പകര്‍ത്തിയെഴുതുകയും ചെയ്ത സൈദുബ്നു സാബിതിനെത്തന്നെ ചുമതലപ്പെടുത്തി. പകര്‍ത്തപ്പെട്ട കോപ്പികള്‍ നാടിന്റെ വിവിധ ഭാഗത്തേക്കും ഉസ്മാന്‍ എത്തിച്ചുകൊടുത്തു. ഖുര്‍ ആന്‍ പാരായണം പ്രസ്തുത മുസ്ഹഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന് ഖലീഫ വിളംബരപ്പെടുത്തുകയും ചെയ്തു. ഇക്കാരണത്താല്‍ ഈ ഖുര്‍ ആന്‍ 'ഉസ്മാനീ മുസ്ഹഫ്' ഇതിന്റെ പകര്‍പ്പുകളാണ് എന്നു പറയപ്പെടുന്നു. അല്‍-മസ്വാ ഹിഫുല്‍ അ ഇമ്മത് എന്ന പേരില്‍ അറിയപ്പെടുന്നു. ലോകം മുഴുവന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള മുസ്ഹഫുകള്‍. അച്ചടി നിലവില്‍വന്നതോടെ ഉസ്മാനീ മുസ്ഹഫ് അവലംബമാക്കി തുര്‍ക്കി, ഇറാന്‍, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ നാടുകളിലെ മുസ്ലിം ഭരണാധികാരികള്‍ ആധികാരികമായ മുസ്ഹഫുകള്‍ അച്ചടിച്ച് വിതരണം ചെയ്തു. ഇന്ന് അഞ്ചു വന്‍കരകളിലായി 125 കോടിയിലധികം വരുന്ന മുസ്ലിങ്ങള്‍ യാതൊരു വ്യത്യാസവും വൈരുധ്യവുമില്ലാതെ ഏകരൂപത്തില്‍ അതേ മുസ്ഹഫിന്റെ പകര്‍പ്പുകള്‍ ഉപയോഗിക്കുന്നു.

ഖുര്‍ ആന്‍ ഗ്രന്ഥരൂപത്തില്‍ എഴുതപ്പെട്ടുവെങ്കിലും അവതരണകാലം മുതല്‍ ഇന്നുവരെയും ഖുര്‍ ആന്‍ മനഃപാഠമാക്കുക എന്ന സമ്പ്രദായം ലോകത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഖുര്‍ ആന്‍ മനഃപാഠമാക്കിയവര്‍ 'ഹാഫിളു'കള്‍ എന്നാണ് അറിയപ്പെടുന്നത്.

വിശുദ്ധ ഖുര്‍ ആനിലെ ചില വചനങ്ങള്‍ വ്യത്യസ്ത രൂപങ്ങളില്‍ വായിക്കാവുന്നതാണ്. പ്രസ്തുതരൂപങ്ങള്‍ക്ക് 'ഖിറാ അത്തു'കള്‍ (ഉച്ചാരണത്തിലെ ഭിന്നപാഠങ്ങള്‍) എന്നു പറയുന്നു. വിവിധ രൂപങ്ങളില്‍ ഖുര്‍ ആന്‍ പാരായണം ചെയ്യുമ്പോള്‍ അര്‍ഥത്തിനോ, ആശയത്തിനോ വ്യത്യാസം വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഖുര്‍ ആനിന്റെ ഭാഷയും സാഹിത്യമൂല്യവും. അറബിഭാഷയിലാണ് ഖുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത്. അവതരിപ്പിക്കപ്പെട്ട ഭാഷയില്‍ അതേപടി നിലകൊള്ളുകയും ഒപ്പം ആ ഭാഷയെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുകയും ചെയ്ത ഒരേ ഒരു ഗ്രന്ഥം ഖുര്‍ ആന്‍ മാത്രമാണ്. വേറൊരു മതഗ്രന്ഥത്തിനും അവതരിപ്പിച്ച ഭാഷ അതേപടി നിലനിര്‍ത്താനോ വളര്‍ത്താനോ കഴിഞ്ഞിട്ടില്ല. ഖുര്‍ ആനിന്റെ ഭാഷ 15 നൂറ്റാണ്ടുകള്‍ക്കുശേഷവും സജീവമായി നിലനില്‍ക്കുന്നു. ഖുര്‍ ആനിലെ ഒരു പദവും ഇന്നുവരെ മാറ്റുകയോ പുതിയ ഒരു വാക്കുപോലും അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. ഖുര്‍ ആനിലെ ഓരോ പ്രയോഗവും അറബിയില്‍ ഇന്നും ഉപയോഗിക്കപ്പെടുന്നു. അറബിസാഹിത്യത്തില്‍ ഇന്നും ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന ഗ്രന്ഥം ഖുര്‍ ആനാണ്. പ്രവാചകന്റെ കാലത്ത് ഖുര്‍ ആന്‍ പ്രയോഗിച്ച ഭാഷയാണ് അറബിയില്‍ ഇന്നും വാമൊഴിയുടെയും വരമൊഴിയുടെയും ശുദ്ധമായ ഭാഷ. ഖുര്‍ ആന്‍ ഗദ്യമോ പദ്യമോ അല്ല. അതു രണ്ടുമല്ലാത്തതുമല്ല. സവിശേഷവും തനതുമായ ശൈലിയാണ് രചനയിലും പാരായണത്തിലും ഖുര്‍ ആനിലുള്ളത്.

ഉള്ളടക്കം. സാധാരണയായി ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിത വിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളും വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥപരമായ ഒരു ക്രമത്തിലായിരിക്കും. എന്നാല്‍ ഖുര്‍ ആനില്‍ ഇതു വ്യത്യസ്തമാണ്. വിഷയങ്ങള്‍ ഇടവിട്ട് മാറിമാറി വന്നു കൊണ്ടിരിക്കും. ഒരേ വിഷയം തന്നെ ഭിന്ന രീതികളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. വിഷയങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായും ചിലപ്പോള്‍ പെട്ടെന്ന് ആരംഭിക്കുന്നതായും മറ്റു ചിലപ്പോള്‍ ഒരു വിഷയത്തിന്റെ മധ്യത്തില്‍ മറ്റൊന്നുകൂടി പറയുന്നതായുമുണ്ട്. സംബോധിതരും സംബോധകനും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നതായും ചിലപ്പോള്‍ പലദിശകളിലേക്കും തിരിയുന്നതായും കാണാവുന്നതാണ്. സദ്ഗുണങ്ങള്‍, സദാചാര നിയമങ്ങള്‍, നീതിന്യായ വ്യവസ്ഥകള്‍, ഭരണതന്ത്രങ്ങള്‍, പുരാതന ജനസമൂഹങ്ങളുടെ സംഭവങ്ങള്‍, ചരിത്രകഥകള്‍, ഉപരിലോകത്തെ സംഭവവികാസങ്ങള്‍, ആകാശ-ഗോള-നക്ഷത്ര-മേഘ-വര്‍ഷാദി കാര്യങ്ങള്‍, സസ്യജന്തു-പറവകളെക്കുറിച്ചുള്ള വിവരങ്ങള്‍, ഭൗതികവസ്തുക്കളുടെയും സ്വര്‍ഗനരകങ്ങളുടെയും വിവരങ്ങള്‍, ലോകാരംഭം, മനുഷ്യോത്പത്തി, ലോകാവസാനം, പരലോകം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍, പൂര്‍വവേദങ്ങളിലെ ഉപദേശങ്ങള്‍, സത്യവിശ്വാസി, കപടവിശ്വാസി, അവിശ്വാസി, ബഹുദൈവവിശ്വാസി എന്നിവരുടെ ലക്ഷണങ്ങള്‍, സജ്ജനങ്ങളും അവര്‍ക്കുള്ള പ്രതിഫലവും, ദുര്‍ജനങ്ങളും അവര്‍ നേരിടേണ്ടിവരുന്ന ശിക്ഷകളും ദയാകാരുണ്യം, സ്നേഹം, സൗഹാര്‍ദം, ക്ഷമ, ഐക്യം, പരസ്പരസഹകരണം, അനാഥരോടും അശരണരോടും അനുവര്‍ത്തിക്കേണ്ട സമീപനം, പാപികളോടും ദുഷ്ടന്മാരോടും സ്വീകരിക്കേണ്ട നിലപാട്, മാനസിക-ശാരീരിക-ആത്മീയ വികാരങ്ങള്‍, അവയെക്കുറിച്ചുള്ള ചിന്തകളും പ്രവൃത്തികളും, അനുഷ്ഠാനകര്‍മങ്ങള്‍, ലൗകികാചാരക്രമങ്ങള്‍, സ്ത്രീകള്‍, അവരോട് പാലിക്കേണ്ട മര്യാദകള്‍, സര്‍വോപരി ലോകരക്ഷിതാവിന്റെ മഹത്ത്വം, ഔന്നത്യം, ശക്തി, കാരുണ്യം, അനുഗ്രഹം തുടങ്ങി മനുഷ്യന്റെ ഐഹികവും പാരത്രികവുമായ സകലകാര്യങ്ങളും ദൃഷ്ടാന്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും ഉദാഹരണങ്ങള്‍ നിരത്തിയും വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു.

സാധാരണ ഗ്രന്ഥങ്ങളിലേതുപോലെ പാഠങ്ങളായോ അധ്യായങ്ങളായോ ഈ വിഷയങ്ങളെ തരംതിരിച്ച് ചേര്‍ത്തിട്ടില്ല. ഇടകലര്‍ന്നും, ചിലതിനെ പലപ്പോഴും ആവര്‍ത്തിച്ചും ഇടയ്ക്കിടെ സന്മാര്‍ഗോപദേശങ്ങളും തത്ത്വചിന്തകളും യുക്തിന്യായങ്ങളും ഉദാഹരണങ്ങളും ചേര്‍ത്തും ഖുര്‍ ആന്‍ വര്‍ണിച്ചിരിക്കുന്നു. ഇങ്ങനെ പ്രതിപാദനരീതി നീളുന്ന ഖുര്‍ ആനില്‍ എവിടെയെങ്കിലും ഒരു ചേര്‍ച്ചക്കേടോ പൂര്‍വാപരവൈരുധ്യമോ, വ്യാകരണനിയമങ്ങളില്‍ നേരിയ പിഴവോ രസഭംഗമോ സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല വ്യത്യസ്ത വിഷയങ്ങളെ കൂട്ടിയിണക്കിയിരിക്കുന്ന രീതിയും ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്ന സന്ദര്‍ഭവും ഹൃദയംഗവും അനുപമവുമാണുതാനും. ആദി മുതല്‍ അവസാനം വരെ ചമത്ക്കാര ചാതുര്യപൂര്‍ണവും കരുണാമധുരവും സന്മാര്‍ഗ പ്രദീപവുമാണ്. പ്രതിപാദനം, ഉള്ളടക്കം, രചന, സംഗീതാത്മക ഗദ്യശൈലി, വശ്യമായ ശബ്ദസൗകുമാര്യം എന്നിവയിലെല്ലാം ഇത് നിസ്തുലമായി നിലകൊള്ളുന്നു. ഖുര്‍ ആനിലെ മുഖ്യതത്ത്വങ്ങളും മഹത് സിദ്ധാന്തങ്ങളും ആദരണീയമായ വിധികളും അതിന്റെ മഹത്ത്വം പ്രകടമാക്കുന്നവയാണ്.

ലക്ഷ്യം. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായാണ് അവതരിപ്പിച്ചിട്ടുള്ളത്. മൊത്തം മാനവരാശിക്കുള്ള മാര്‍ഗദര്‍ശനമാണ് ഈ ആഹ്വാനങ്ങള്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അറബികളെ അഭിസംബോധന ചെയ്യുകയും അവരുടെ അഭിരുചികളും ആചാരങ്ങളും വിവരിക്കുകയും ചെയ്യുന്നു. മാനവ വ്യവസ്ഥിതിക്കടിസ്ഥാനമായി ഗ്രന്ഥം ഉന്നയിക്കുന്ന സിദ്ധാന്തങ്ങളെ ഗ്രന്ഥം ആരുടെ ഇടയിലാണോ അവതരിപ്പിക്കപ്പെട്ടത് ആ ജനതയുടെ മനസ്സില്‍ ആഴത്തില്‍ കരുപ്പിടിപ്പിക്കുകയും അങ്ങനെ ഒരു ജീവിത വ്യവസ്ഥിതി വിജയകരമായി കെട്ടിപ്പടുക്കുകയും അതുവഴി ലോകത്തിനു മുന്നില്‍ ഒരു മാതൃക സമര്‍പ്പിക്കുകയുമാണ്. അപ്പോള്‍ മറ്റുള്ളവര്‍ ഇത് ശ്രദ്ധിക്കുമെന്നും ചിന്താശീലരായ ആളുകള്‍ ഖുര്‍ ആന്‍ മനസ്സിലാക്കുമെന്നും അവതരിപ്പിക്കുന്ന ജീവിതപദ്ധതി തങ്ങളിലും നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും തത്ഫലമായി മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനം സാധ്യമാകും എന്നുമാണ് ഖുര്‍ ആന്‍ ലക്ഷ്യമിടുന്നത്. ഖുര്‍ ആന്‍ സശ്രദ്ധം വായിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നു.

ഖുര്‍ ആനും ഹദീസും. മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനായി ദൈവം നല്‍കിയ പ്രമാണങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ദിവ്യവെളിപാടുകളാണ് ഖുര്‍ ആന്‍. എന്നാല്‍ അവ ചൂണ്ടിക്കാണിച്ചു കൊടുക്കപ്പെട്ടതുകൊണ്ടുമാത്രം മനുഷ്യര്‍ക്ക് ആ ലക്ഷ്യം പ്രാപിക്കാന്‍ കഴിയില്ല. ഖുര്‍ ആനിലെ തത്ത്വങ്ങളും സിദ്ധാന്തങ്ങളും അടിസ്ഥാനമാക്കി മനുഷ്യജീവിതത്തെ ക്രമീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയെന്നും പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പ്രായോഗിക ജീവിതത്തിലൂടെ പ്രവാചകന്‍ ലോകത്തിന് കാട്ടിക്കൊടുത്തു. പ്രവാചകന്റെ ജീവിതമാതൃക ലോകത്ത് തുല്യതയില്ലാത്തതാണ്. മുഹമ്മദ് നബിയുടെ ഈ ഉത്തമ ജീവിത മാതൃകയാണ് 'സുന്നത്തെ'ന്നും 'ഹദീസെ'ന്നും അറിയപ്പെടുന്നത്. പ്രവാചകനില്‍നിന്നും ഉദ്ധരിക്കപ്പെട്ട വചനമോ കര്‍മമോ അനുവാദമോ ആണ് ഹദീസ്. ഖുര്‍ ആന്‍ പാരായണം ആരാധനയും നമസ്കാരത്തിലെ നിര്‍ബന്ധ ഘടകവുമാണ്. ഹദീസ് പാരായണം ആരാധനയല്ല എന്നാല്‍ വിശദമായ ഖുര്‍ ആന്‍ പഠനത്തിന് ഹദീസ് അത്യാവശ്യവുമാണ്.

നബിയുടെ വിശദീകരണവും ജീവിത മാതൃകയും 'സീറത്തുര്‍റസൂല്‍' (പ്രവാചക ചരിത്രം) 'സുന്നത്തൂര്‍റസൂല്‍' (പ്രവാചകചര്യ) 'ഹദീസുര്‍റസൂല്‍' (പ്രവാചകഭാഷ്യം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. 'സുന്നത്ത്' അഥവാ 'ഹദീസ്' ഖുര്‍ ആനിന്റെ ദൃഷ്ടിയില്‍ അംഗീകൃത പ്രമാണമാകുന്നു. ഖുര്‍ ആനും ഹദീസും ചേരുമ്പോള്‍ ഉത്തമ മനുഷ്യജീവിത മാതൃകയായിത്തീരുന്നു.

ഖുര്‍ ആന്‍ പരിഭാഷകള്‍. പ്രവാചകന്‍ തന്നെയാണ് ഖുര്‍ആനിന്റെ പ്രഥമ വ്യാഖ്യാതാവ്. പ്രസ്തുത വ്യാഖ്യാനങ്ങള്‍ ഹദീസുകളുടെ രൂപത്തില്‍ ലഭ്യമാണ്. സ്വഹാബികള്‍ 4 ഖലീഫമാര്‍, ഇബ്നുമസ്ഊദ്, ഉബയ്യ് ബ്ന്‍ കഅ്ബ്, സൈദുബ്നു സാബിത്, അബൂ മൂസല്‍ അഷ്അരി, അബ്ദുല്ലാഹി ബ്ന്‍ സുബൈര്‍, അനസ്ബ്ന്‍ മാലിക്, അബ്ദുല്ലാഹിബ്ന്‍ ഉമര്‍, ആഇഷ തുടങ്ങിയവര്‍ ഖുര്‍ആനിന് വിശദീകരണം നല്‍കിയവരാണ്.

ഉമവികളുടെ കാലത്താണ് ഖുര്‍ ആന്‍ വ്യാഖ്യാനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ തയ്യാറാക്കപ്പെട്ടത്. ഇന്ന് ലോകത്തിലെ എല്ലാ പ്രമുഖ ഭാഷകളിലും ഖുര്‍ആന്‍ വിവര്‍ത്തനമുണ്ട്. തഫ്സീര്‍ അല്‍-ത്വബരി (ത്വബരി), താഫ്സീര്‍ ഇബ്ന്‍ കസീര്‍ (ഇബ്ന്‍ കസീര്‍), അല്‍-തഫ്സീര്‍ അല്‍-കബീര്‍ (ഫഖ്റുദ്ദീന്‍ റാസി), മ ആനി അല്‍ഖുര്‍ആന്‍ (അല്‍-ഫര്‍റാഅ്), ഫീ ളിലാലില്‍ ഖുര്‍ആന്‍ (സയ്യിദ് ഖുതുബ്) അല്‍-മനാര്‍ (മുഹമ്മദ് റശീദ്റിഉ) എന്നിവ അറബിഭാഷയില്‍ തയ്യാറാക്കപ്പെട്ട ശ്രദ്ധേയമായ ഏതാനും ഖുര്‍ആന്‍ തഫ്സീറു(വിശദീകരണം)കളാണ്. ഷാ വലിയുള്ളാ അദ്ദഹ്ലവിയുടെ ഫത്ഹുര്‍റഹ്മാന്‍ (പേര്‍ഷ്യന്‍), ഇബ്റാഹീം ഹില്‍മിയുടെ തര്‍ജുമതെ അല്‍-ഖുര്‍ ആന്‍ (തുര്‍ക്കി) മൌലാനാ അബ്ദുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ ആന്‍ (ഉര്‍ദു), അബുല്‍ അഅ്ലാ മൗദൂദിയുടെ തര്‍ജുമായെ ഖുര്‍ ആന്‍ (ഉര്‍ദു) തുടങ്ങിയവയും ശ്രദ്ധേയങ്ങളാണ്. എം.എം. ഹക്ത്താള്‍, അബ്ദുല്ലാ യൂസുഫ് അലി തുടങ്ങിയവരുടെ ഇംഗ്ലീഷ് പരിഭാഷകളും വ്യാഖ്യാനങ്ങളും പ്രശസ്തമാണ്.

മലയാളമുള്‍പ്പെടെ മിക്ക ഇന്ത്യന്‍ ഭാഷകളിലും ഖുര്‍ ആന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ അറയ്ക്കല്‍ കൊട്ടാരത്തിലെ മായന്‍കുട്ടി എളയ അറബി-മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ച ആറ് വാല്യങ്ങളിലായുള്ള തര്‍ജുമത്തു തഫ്സീറില്‍ ഖുര്‍ ആന്‍ ആണ് കേരളത്തിലെ പ്രമുഖ ഖുര്‍ ആന്‍ വിവര്‍ത്തന ഗ്രന്ഥം. ഒന്നാംവാല്യം ഹി. 1287-ലും ആറാം വാല്യം ഹി. 1294-മാണ് പ്രസിദ്ധീകരിച്ചത്. ശുദ്ധമായ മലയാളത്തില്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തിനായുള്ള ശ്രമം നടത്തിയത് വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്. സി.എന്‍. അഹമ്മദ് മൌലവിയുടെ വിവര്‍ത്തനത്തിന് രണ്ട് വാല്യങ്ങളുണ്ട്. മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടെ വിവര്‍ത്തനവും ഖുര്‍ ആനിലെ ഓരോ വാക്കിന്റെയും അര്‍ഥത്തോടെ മുഹമ്മദ് അമാനി മൗലവി തയ്യാറാക്കിയ പരിഭാഷയും കെ. ഉമര്‍ മൗലവിയുടെ വിവര്‍ത്തനവും മലയാള പരിഭാഷയില്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്. മൌലാനാ മൌദൂദിയുടെ ഉര്‍ദുപരിഭാഷയായ തഫ്ഹീമുല്‍ ഖുര്‍ ആന്റെ മലയാള വിവര്‍ത്തനം ഖുര്‍ ആന്‍ അവതരണത്തിന്റെ ചരിത്രപശ്ചാത്തല വിവരണം കൂടി ഉള്‍പ്പെട്ടതാണ്. ഇത് വിപുലമായ ഒരു വ്യാഖ്യാനഗ്രന്ഥമാണ്. കുഞ്ഞുമുഹമ്മദ് പറപ്പൂരും ചെറിയ മുണ്ടം അബ്ദുല്‍ ഹമീദും ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ ആന്‍ പരിഭാഷ, ഖാളി ഷിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ വിവര്‍ത്തനം ചെയ്ത സമ്പൂര്‍ണ ഖുര്‍ ആന്‍ പരിഭാഷ ഹാഫിസ്. പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൗലവിയുടെ അല്‍-ഖുര്‍ ആന്‍, കെ.വി. മുഹമ്മദ് മുസ്ലിയാര്‍ കുറ്റനാടിന്റെ ഫത്ഹുര്‍റഹ് മാന്‍ ഫീ തഫ്സീരില്‍ ഖുര്‍ ആന്‍, കെ.വി. മുഹമ്മദ് മുസ്ലിയാര്‍ പന്താവൂരിന്റെ ബയാനുല്‍ ഖുര്‍ ആന്‍, പ്രൊഫ. വി. മുഹമ്മദിന്റെ അല്‍ ഖുര്‍ആന്‍ എന്നിവ മലയാളത്തില്‍ ലഭ്യമാകുന്ന ഖുര്‍ ആന്‍ വിവര്‍ത്തനഗ്രന്ഥങ്ങളാണ്. വി.എസ്. സലീം, കുഞ്ഞിമുഹമ്മദ് പുലവത്ത് എന്നിവരുടെ ഖുര്‍ ആന്‍ മലയാളസാരം, കെ.അബ് ദുര്‍റഹ്മാന്‍, പി.എ. കരീം, കെ.എ. റഊഫ് എന്നിവരുടെ ഖുര്‍ ആന്‍ പരിഭാഷ തുടങ്ങിയവ ഖുറാനിന്റെ അറബിമൂലമില്ലാതെ മലയാള വിവരണം മാത്രമുള്ള കൃതികളാണ്. അമൃതവാണി(കെ.ജി. രാഘവന്‍ നായര്‍), ദിവ്യദീപ്തി (കോന്നിയൂര്‍ രാഘവന്‍ നായര്‍) എന്നിവ ഖുര്‍ ആനികാശയങ്ങളുടെ പദ്യാവിഷ്കാരങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍