This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാര്‍ത്തൂം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാര്‍ത്തൂം
Khartoum
സുഡാന്റെ തലസ്ഥാന നഗരം. ഈജിപ്തിലെ കെയിറോയില്‍ നിന്ന് ഉദ്ദേശം 1,600 കി.മീ. തെക്കുമാറി, 'ബ്ളൂനൈല്‍'-'വൈറ്റ്നൈല്‍' നദികളുടെ സംഗമസ്ഥാനത്താണ് നഗരം സ്ഥിതിചെയ്യുന്നത്. സുഡാനിലെ ഏറ്റവും വലുപ്പമേറിയ നഗരകേന്ദ്രമാണ് ഖാര്‍ത്തൂം. ഓംഡര്‍മാന്‍, ഖാര്‍ത്തൂം നോര്‍ത്ത് എന്നീ പട്ടണങ്ങള്‍ തലസ്ഥാന നഗരിക്കു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. ഈ മൂന്നു നഗരങ്ങളും ചേര്‍ന്ന പ്രദേശം സുഡാനിലെ എല്ലാ വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ്. ജനസംഖ്യ: 19,74,647 (2010).
ഈജിപ്തുകാര്‍ സുഡാനെ കീഴടക്കിയശേഷം, 1823-ല്‍ അവര്‍ സ്ഥാപിച്ചതാണ് ഖാര്‍ത്തൂം നഗരം. 1869-ല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഖെദീപ് ഇസ്മെയില്‍ ബ്രിട്ടീഷുകാരനായിരുന്ന സാമുവല്‍ ബേക്കറിനെ, ദക്ഷിണസുഡാന്‍കൂടി ഉത്തരസുഡാനോടു ചേര്‍ക്കുന്നതിനും അടിമക്കച്ചവടം നിര്‍ത്തലാക്കുന്നതിനും നിയോഗിച്ചു. എന്നാല്‍, 'ദൈവത്താല്‍ നിര്‍ദേശിക്കപ്പെട്ട വഴികാട്ടി' (mahdi) എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു മതനേതാവായ മുഹമ്മദ് അഹമ്മദ്, ഇസ്ലാമിനെ നവീകരിക്കുന്നതിനും എല്ലാ വിദേശികളെയും സുഡാന്റെ മണ്ണില്‍ നിന്ന് ഓടിക്കുന്നതിനുമായി ഒരു വിപ്ലവത്തിനു രൂപം നല്കി (1881). തുടര്‍ന്ന് ചാള്‍സ് ഗോര്‍ഡന്‍ എന്ന ജനറലിനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് സുഡാനിലേക്കയച്ചു. ഖാര്‍ത്തൂമില്‍ നിന്ന് ഈജിപ്ഷ്യന്‍ പട്ടാളത്തെ മുഴുവന്‍ ഒഴിച്ചുവിടുകയെന്നതായിരുന്നു ഇദ്ദേഹത്തിനു നല്കിയിരുന്ന നിര്‍ദേശം. എന്നാല്‍ ജനറല്‍ ഗോര്‍ഡന്‍ ഖാര്‍ത്തൂമിന് പ്രതിരോധമേര്‍പ്പെടുത്തുകയാണ് ചെയ്തത്. ഒരു വര്‍ഷം നീണ്ടു നിന്ന യുദ്ധത്തിനുശേഷം 1885 ജനുവരിയില്‍ ഗോര്‍ഡന്‍ കൊല്ലപ്പെട്ടു. 1898 ആയപ്പോഴേക്കും വിപ്ലവം പൂര്‍ണമായി അവസാനിക്കുകയും ഈജിപ്തും ബ്രിട്ടനും ഒരുമിച്ച് സുഡാന്‍ ഭരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജനറല്‍ കിഷ്നര്‍ ആയിരുന്നു ഈ ഭരണമാറ്റം നടപ്പില്‍ വരുത്തിയത്. അന്നുമുതല്‍ 1956 വരെയും ആംഗ്ലോ-ഈജിപ്ഷ്യന്‍ സുഡാന്റെ തലസ്ഥാനമായിരുന്നു ഖാര്‍ത്തൂം. 1956-ല്‍ സുഡാന്‍ സ്വതന്ത്രരാഷ്ട്രമായതിനുശേഷവും തലസ്ഥാനനഗരിക്കു മാറ്റമൊന്നുമുണ്ടായില്ല.
എത്നോഗ്രാഫിക് മ്യൂസിയം, സുഡാന്‍ മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയാണ് ഖാര്‍ത്തൂമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍.