This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, അല്ലാവുദ്ദീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:09, 10 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖാന്‍, അല്ലാവുദ്ദീന്‍

Khan Allauddin (1862 - 1972)

അല്ലാവുദ്ദീന്‍ ഖാന്‍

ഹിന്ദുസ്ഥാനി സംഗീതവിദ്വാന്‍. 1862 ഒ. 2-ന് ശിവപുരിയില്‍ (ത്രിപുര) ജനിച്ചു. ആലം എന്നായിരുന്നു യഥാര്‍ഥ നാമധേയം. സിത്താര്‍വിദ്വാനായിരുന്ന പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ സംഗീതോപാസന മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ കൈമുതല്‍. വളരെ ചെറുപ്പത്തിലേ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്തയിലെ താമസത്തിനിടയില്‍ പല സംഗീതോപകരണങ്ങളും വായിക്കാന്‍ പഠിച്ചു. കൊല്‍ക്കത്തയിലെ മിനര്‍വാ നാടകക്കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്നുവയ്ക്കുകയും സംഗീത പഠനത്തിലേക്കു തിരിയുകയുമാണുണ്ടായത്. അഹമ്മദ് അലിഖാന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവഗാഹം നേടിയ അല്ലാവുദ്ദീന്‍ ഉത്തരേന്ത്യന്‍ സംഗീതലോകത്ത് അല്പകാലത്തിനുള്ളില്‍ത്തന്നെ പ്രഗല്ഭനായിത്തീര്‍ന്നു.

സംഗീതസംവിധായകന്‍ എന്ന നിലയിലും കിടയറ്റ സംഗീതാചാര്യന്‍ എന്ന നിലയിലും ഇദ്ദേഹത്തിന്റെ സ്ഥാനം ശ്രദ്ധേയമാണ്. പ്രസിദ്ധ സംഗീതവിദ്വാന്മാരായ പന്നലാല്‍ ഘോഷ്, പണ്ഡിറ്റ് രവിശങ്കര്‍, ആര്‍.എന്‍. ഘോഷ് തുടങ്ങി വളരെയധികം പേര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്. അല്ലാവുദ്ദീനിലെ സംഗീതസംവിധായകന്‍ ഇന്ത്യയ്ക്കു വെളിയിലും പ്രസിദ്ധനാണ്. ഉദയശങ്കറിന്റെ നൃത്തസംഘത്തിലെ അംഗമായിരുന്ന ഖാന്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി.

ഹിന്ദുസ്ഥാനി സംഗീതരംഗത്ത് നല്കിയിട്ടുള്ള മികവുറ്റ സേവനങ്ങളെ മാനിച്ച് രാഷ്ട്രം ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്കി ആദരിക്കുകയുണ്ടായി. ശാന്തിനികേതനില്‍ നിന്നുള്ള പുരസ്കാരം, താന്‍സേന്‍ സംഗീതസമിതിയുടെ അവാര്‍ഡ്-അഫിതാബ് ഇഹിങ്-ആദിയായ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ലഖ്നൗവിലെ സര്‍വകലാശാല സംഗീതാചാര്യ ബിരുദം നല്കി ആദരിച്ചിട്ടുണ്ട്, സരോദിനു പുറമേ വയലിന്‍, ക്ലാരിനെറ്റ്, സിത്താര്‍, മൃദംഗം, തബല, വീണ, ഷെഹനായ്, സ്വരസിംഗാര്‍ മുതലായ സംഗീതോപകരണങ്ങളും വിദഗ്ധമായി വായിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

1972 സെപ്. 6-ന് 110-ാം വയസില്‍ അല്ലാവുദ്ദീന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍