This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗദ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:14, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗദ്യം

ഛന്ദോബദ്ധമല്ലാത്ത വാങ്മയം. ഗദ്യം, പദ്യം എന്ന് രണ്ടായി വിഭജിക്കാവുന്ന വാങ്മയങ്ങളില്‍ ആദ്യം ഉണ്ടായത് ഗദ്യം ആയിരിക്കണം. എന്നാല്‍ വേഗം മൂപ്പെത്തിയത് പദ്യമാണ്. അതുകൊണ്ടായിരിക്കാം 'ഇളയവള്‍ ചേച്ചിയായി' എന്ന് പദ്യത്തെക്കുറിച്ച് എം.പി. പോള്‍ പറഞ്ഞത്.

ചരിത്രം, ഭൂമിശാസ്ത്രം, ഗണിതം, ഭൗതികം, ജ്യോതിശ്ശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം തുടങ്ങിയവയും ചെറുകഥ, നോവല്‍, നാടകം തുടങ്ങിയ ശുദ്ധസാഹിത്യങ്ങളും ഗദ്യത്തിന്റെ വിഭാഗത്തിലാണ് പെടുന്നത്. ഛന്ദോബദ്ധമല്ല പദ്യം എന്നു പറയുന്നത് ഒരു പ്രത്യേക അര്‍ഥത്തിലാണ്. ഗദ്യത്തിനും ഒരു താളമുണ്ട്. ആ താളം പദ്യത്തിന്റേതില്‍നിന്ന് വ്യത്യസ്തമാണ്.

പദ്യത്തിന്റെ താളത്തിന് നിയതമായ ഒരു കണക്കുണ്ട്. സംസ്കൃതത്തിലെ ഛന്ദസ്സുകള്‍ക്കും ആ ഛന്ദസ്സുകള്‍ക്കുള്ളിലെ വൃത്തഭേദങ്ങള്‍ക്കും അളന്നുമുറിച്ച ചില കണക്കുകള്‍ ഉണ്ട്. ഛന്ദസ് എന്നു പറയുമ്പോള്‍ ഒരു പാദത്തില്‍ ഇത്ര വര്‍ണങ്ങളേ പാടുള്ളൂ എന്ന നിയന്ത്രണമാണ് അര്‍ഥമാക്കുന്നത്. തുടര്‍ന്ന് വൃത്തം എന്നുകൂടി വ്യവച്ഛേദിച്ചപ്പോള്‍ ഓരോ പാദത്തിലെയും വര്‍ണങ്ങളുടെ ഗുരുലഘു ക്രമങ്ങളുടെ വിന്യാസരീതിയും നിഷ്കൃഷ്ടമായി. എന്നാല്‍ ഗദ്യത്തിന്റെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ല.

ഗദ്യത്തിന്റെ താളം പദവിന്യാസക്രമത്തിന്റെ താളമാണ്. അത് 'പ്രതിജനഭിന്നം' ആയിരിക്കും. 'ട്യഹല ശ വേല ാമി' എന്നു പറയുമ്പോള്‍ ഇത്രത്തോളം വ്യാപ്തിയുണ്ട്. രണ്ടുപേരുടെ ഗദ്യം ഒരുപോലെയാവാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ടോ അതില്‍ക്കൂടുതലോ ആളുകളുടെ പദ്യരൂപം ഏതാണ്ട് ഒരുപോലെ ആയെന്നുവരാം. വസന്തതിലകമോ മാലിനിയോപോലുള്ളവ വൃത്തമായി സ്വീകരിക്കുമ്പോള്‍ ആ വൃത്തത്തില്‍ വര്‍ണങ്ങളുടെ ഗുരുലഘുക്രമങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീര്‍ച്ചപ്പെട്ടു കഴിഞ്ഞു. ഗദ്യം ഇക്കാര്യത്തില്‍ സര്‍വതന്ത്ര സ്വതന്ത്രമാണ്.

കവിതയും പദ്യവും ഒന്നല്ല. ഏതു കാര്യവും ഛന്ദസ്കൃതഭാഷയില്‍ പറഞ്ഞാല്‍ അതു പദ്യമായി.

'ഋജുരേഖകള്‍ ഖണ്ഡിച്ചാല്‍

എതിര്‍ കോണുകള്‍ തുല്യമാം.'

ഇതു പദ്യമാണ്, കവിതയല്ല. 'രണ്ടു ഋജുരേഖകള്‍ പരസ്പരം ഖണ്ഡിക്കുമ്പോള്‍ ഉണ്ടാകുന്ന വിപരീത കോണുകള്‍ തുല്യമായിരിക്കും' എന്ന് ഈ പദ്യത്തെ ഗദ്യമാക്കാം. ആദ്യത്തെ രീതിയില്‍ അനുഷ്ടുപ്പ് എന്നു പറയുന്ന ഛന്ദസ്സിന്റെ താളമുണ്ട്. അത് പ്രകടവുമാണ്. എന്നാല്‍ രണ്ടാമത്തെ (ഗദ്യരൂപത്തിലുള്ളത്)തിനും താളം പ്രകടമല്ല. അവിടെയും താളമുണ്ട്. മറ്റൊരാള്‍ക്ക് ആ ആശയം 'രണ്ടു ഋജുരേഖകള്‍ പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന നേര്‍വിപരീതകോണുകള്‍ തുല്യമായിരിക്കും' എന്നു പറയാം. അപ്പോള്‍ താളം മാറി. അതുകൊണ്ടാണ് ഗദ്യത്തിലെ താളം എഴുത്തുകാരന്റെ ഹൃദയത്തിന്റെ താളമാണ് എന്നു പറയുന്നത്.

ഭാരതീയ സാഹിത്യത്തില്‍, വിശേഷിച്ചും സംസ്കൃതസാഹിത്യത്തില്‍ ഗദ്യത്തിനെക്കാള്‍ പ്രാമാണ്യം പദ്യത്തിനാണ്. കാദംബരി, ദശകുമാരചരിതം, ഹര്‍ഷചരിതം എന്നിങ്ങനെ ചില കൃതികളേ ഗദ്യവിഭാഗത്തില്‍ കാണാനുള്ളൂ. എന്നാല്‍ ഗദ്യം എന്ന് ഒരു വിഭാഗം സാങ്കേതികാര്‍ഥത്തില്‍ പലപ്പോഴും പ്രയോഗിച്ചു കാണുന്നുണ്ട്. ചമ്പു എന്ന സാഹിത്യ വിഭാഗത്തെക്കുറിച്ചു പറയുന്നിടത്താണ് ഈ ഗദ്യം കടന്നുവരുന്നത്.

ചമ്പുക്കളിലെ 'ഗദ്യം' ഒരു പ്രത്യേകതരത്തില്‍ ഉള്ളതാണ്. സംസ്കൃതഛന്ദസ്സില്‍ അല്ലാത്തതെല്ലാം ഇവിടെ ഗദ്യമാണ്. ഈ ഗദ്യം രണ്ടുതരത്തില്‍ ഉണ്ട്: (1) വൃത്തബന്ധി (2) വൃത്തഗന്ധി. വൃത്തബന്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സംസ്കൃതവൃത്തങ്ങളില്‍നിന്നു വിഭിന്നമായി ഏതെങ്കിലും നാടന്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടത് എന്നാണ്. മണിപ്രവാള ചമ്പുക്കളില്‍ അധികപങ്കും ഓട്ടന്‍തുള്ളലില്‍ ഉപയോഗിക്കുന്ന 'തരംഗിണി' വൃത്തവുമായി ബന്ധപ്പെട്ടതാണ്. ഏതു വൃത്തത്തിനോടാണ് ബന്ധമെന്നു പറയാന്‍ പറ്റാത്തതും അതേസമയം സവിശേഷമായ ഒരു താളമുള്ളതും ഛന്ദസ്കൃതം അല്ലാത്തതും ആയ ചില ഗദ്യങ്ങള്‍ ഉണ്ട്.

"മൂര്‍ത്തിരിവ സൗഭാഗ്യസ്യ, സ്ഫൂര്‍ത്തിരിവ സൗന്ദര്യസ്യ, കീര്‍ത്തിരിവ മന്മഥസ്യ, സംഭവസ്ഥാനമിവ വിലാസാനാം, സങ്കേത ഭൂമിരിവ സകല നാരീഗുണാനാം.... എന്നിങ്ങനെ പോകുന്ന ഭാഷാനൈഷധം ചമ്പുവിലെ തനി സംസ്കൃതഗദ്യവും.

"അഥ താം മിന്റിപ്പുണരൊത്ത പുഞ്ചിരികൊണ്ടും, കാര്‍മുകിലൊത്ത വേണീഭരം കൊണ്ടും... എന്നിങ്ങനെയുള്ള ഉണ്ണിയാടീചരിതത്തിലെ മണിപ്രവാളഗദ്യവും താളബദ്ധമാണ്. അതേസമയം ഇവയെ ഏതെങ്കിലും ഛന്ദസ്സിന്റെ വേലിക്കെട്ടില്‍ ഒതുക്കിനിര്‍ത്താന്‍ ആവുകയില്ല.

പദ്യനിര്‍മാണത്തെക്കാള്‍ വളരെയേറെ പ്രയാസമുള്ള കാര്യമാണ് ഗദ്യനിര്‍മാണം ('ഗദ്യം കവീനാം നികഷം വദന്തി' എന്നുണ്ടല്ലോ).

ഗദ്യം മലയാളത്തില്‍. ശിലാശാസനങ്ങള്‍, ചെപ്പേടുകള്‍, ഗ്രന്ഥവരികള്‍ എന്നിവയാണ് മലയാളത്തിന്റെ ഗദ്യപാരമ്പര്യത്തിന്റെ ആദ്യകാലത്തെ മാതൃകകള്‍. ഇപ്പറഞ്ഞവയില്‍ ആദ്യത്തേത് രണ്ടും രാജകീയ ശാസനങ്ങളോ നിര്‍ദേശങ്ങളോ ആണ്. അവയ്ക്ക് സാധാരണ ഗദ്യരീതിയോട് അധികമൊന്നും അടുപ്പം കാണാന്‍ വഴിയില്ല. ഗ്രന്ഥവരികള്‍ കാര്യമാത്രപ്രസക്തമായ വിവരണങ്ങളും കണക്കുകളും ആയതുകൊണ്ട് അവ മിക്കവാറും നിത്യവ്യവഹാരഭാഷയുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്നുണ്ട്.

ഭാഷാകൗടലീയം, ശിവരാത്രിമാഹാത്മ്യം, നളോപാഖ്യാനം, അംബരീഷചരിതം തുടങ്ങിയ ഗദ്യകൃതികളില്‍ ഒരു പ്രത്യേകതാളം കാണാം. ഒരു തരത്തിലും അവയ്ക്ക് ഛന്ദസ്സുമായി ബന്ധമില്ല. എങ്കിലും അവയിലെ താളം സാധാരണ സംഭാഷണഭാഷയുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഭാഷാകൌടലീയത്തിലെ ഗദ്യം പലതുകൊണ്ടും ശ്രദ്ധേയമാണ്. ചൂര്‍ണികാവാക്യരീതിയിലാണ് മിക്ക ഭാഗങ്ങളിലെയും പ്രതിപാദനം.

'വിഷം പട്ടത് തീയിലിട്ടാല്‍ കറുക്കും. ചോറ്റിനുടയ ആവതിയും കറുത്തിരിക്കും. പക്ഷികള്‍ ഉണ്ണിച്ചാല്‍ ചാം. കഠിനങ്കളായവ മൃദുക്കളാം. മൃദുകളായ ലഡ്ഡു പ്രഭൃതികള്‍ കഠിനങ്കളാം.' പണ്ടത്തെ മലയാളത്തിന്റെ വ്യാകരണസമ്പ്രദായം മാറ്റിനിര്‍ത്തിയാല്‍ ഈ ഗദ്യം അങ്ങേയറ്റം സരളമാണെന്നു വ്യക്തം. എന്നാല്‍ ഇതിന് വിപരീതമായി അത്യന്തദീര്‍ഘമായ വാക്യങ്ങള്‍ ബ്രഹ്മാണ്ഡപുരാണം ഗദ്യത്തില്‍ ധാരാളമുണ്ട്.

കേരളത്തില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപ്രചാരണത്തിന് വന്നപ്പോള്‍ ഒരു പ്രത്യേകതരം ഗദ്യം അവര്‍ ഇവിടെ അവതരിപ്പിച്ചു. കേള്‍ക്കുന്ന മാത്രയില്‍ അര്‍ഥം മനസ്സിലാക്കാന്‍ പറ്റുന്ന ഗദ്യമായിരുന്നു അവരുടേത്.

ഇംഗ്ലീഷുഭാഷയുമായുള്ള സമ്പര്‍ക്കവും ഗാഢപരിചയവും മലയാളഗദ്യത്തിന് പുതുജീവന്‍ നല്കി. സാഹിത്യത്തിലെ നൂതനപ്രസ്ഥാനങ്ങളുമായി പരിചയപ്പെടുവാനും അതുവഴി വിവിധ ശാഖകളില്‍ മലയാളഗദ്യം വികസിക്കുവാനും ഇതു കാരണമായിത്തീര്‍ന്നു.

(പ്രൊഫ. കെ.ബി. കര്‍ത്താ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍