This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ത്തജലമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:36, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗര്‍ത്തജലമേഖല

Deep-sea Zone

സമുദ്രത്തിന്റെ അഗാധതയില്‍ത്തന്നെ ആഴംകൂടി, തൂക്കായ ചരിവുകളോടെ കാണപ്പെടുന്ന വിസ്തൃതി കുറഞ്ഞ ദ്രോണികള്‍ (troughs). കടലിന്റെ അടിത്തറയില്‍ അഗ്നിപര്‍വതപ്രക്രിയ സജീവമായി തുടര്‍ന്നുപോരുന്ന പ്രത്യേകമേഖലകളിലാണ് ആഴക്കൂടുതലുള്ള ഗര്‍ത്തങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ മിക്കതിന്റെയും സ്ഥാനം പസിഫിക് സമുദ്രത്തിന്റെ പരിധിയിലുള്ള അഗ്നിപര്‍വത-ഭൂകമ്പ മേഖലയിലാണ്. ഗര്‍ത്തങ്ങള്‍ ഏറിയകൂറും ഇടുങ്ങി ദ്രോണീരൂപത്തിലുള്ളവയാണ്. കൂട്ടത്തില്‍ ഏറ്റവും ആഴം കൂടിയവയായി കരുതപ്പെടുന്നത് ജപ്പാന്‍ തീരത്തുള്ള ടസ്കറോറ, തെക്കേ അമേരിക്കന്‍ തീരത്തെ അറ്റക്കാമാ എന്നീ ഗര്‍ത്തങ്ങളാണ്.

കടലിന്റെ അഗാധതലത്തില്‍നിന്ന് എഴുന്നുനില്ക്കുന്ന ഉന്നതതടങ്ങളുടെ അടിവാരങ്ങളിലും ഗര്‍ത്തമേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ധ്വാനികമാപനം (echo-sounding) ഉപയോഗിച്ച് ഈ മേഖലകളുടെ ആഴം നിര്‍ണയിക്കാം. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ തീരത്തുനിന്ന് 74 കി.മീ. ദൂരെ 9,780 മീ. ആഴത്തിലും, ലഡ്രോണ്‍ ദ്വീപുകള്‍ക്കടുത്ത് 9,634 മീ. ആഴത്തിലുള്ള രണ്ട് വന്‍ഗര്‍ത്തങ്ങളുണ്ട്. അത്ലാന്തിക് സമുദ്രത്തില്‍ ഗര്‍ത്തജലമേഖലകള്‍ പൊതുവേ കുറവാണ്. പ്യൂര്‍ട്ടോ റീകോ ദ്വീപിന് വടക്കുള്ള ബ്ളേക് ഗര്‍ത്തത്തിന് 8,341 മീ. ആഴമുണ്ട്. പടിഞ്ഞാറ് മധ്യരേഖയോടടുത്ത് സ്ഥിതിചെയ്യുന്ന റൊമാന്‍ഷേ ഗര്‍ത്തത്തിന്റെ ആഴം 7,370 മീ. ആണ്. ടോങ്ഗാ ദ്വീപുകള്‍ക്കടുത്തുനിന്ന് ന്യൂസിലന്‍ഡ് തീരംവരെ നീണ്ടുകിടക്കുന്ന ഗര്‍ത്തജലമേഖലയ്ക്കാണ് കൂട്ടത്തില്‍ ഏറ്റവുമധികം വ്യാപ്തിയുള്ളത്.

പുതിയ കാഴ്ചപ്പാടില്‍ 2000 ഫാതമിലേറെ (3657.6 മീ.) ആഴമുള്ള കടല്‍ത്തറകളെയെല്ലാം ഗര്‍ത്തജലമേഖലകളായി പരിഗണിക്കാം. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഇവിടെ സസ്യങ്ങളുടെ വളര്‍ച്ച അസാധ്യമാണ്. എന്നാല്‍ ചുരുക്കം ചില ജന്തുക്കള്‍ ഇവിടെയുണ്ട്. താപനില, പ്രാണവായുവിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ച് ഇവയുടെ സ്വഭാവവിശേഷങ്ങളില്‍ വൈവിധ്യം ദര്‍ശിക്കാം. ഉപരിതലത്തില്‍നിന്ന് അടിഞ്ഞെത്തുന്ന ജൈവവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഗര്‍ത്തജലമേഖലയിലെ കടല്‍ത്തറ വിശേഷയിനം ചെങ്കളിമണ്ണ് (red clay) മൂടിക്കിടക്കുന്നതാണ്.

(എ. മിനി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍