This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധി, ദേവദാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:11, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി, ദേവദാസ്

Gandhi, Devadas (1900 - 58)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. മഹാത്മാഗാന്ധിയുടെ പുത്രനായി 1900 മേയ് 22-ന് ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇന്ത്യയിലുമായിരുന്നു. 1915 മുതല്‍ ഗാന്ധിജി അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് ആശ്രമം സ്ഥാപിച്ച് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ മുഴുകി. ഇത് ദേവദാസ് ഗാന്ധിയിലും ആവേശമുണര്‍ത്തി. 1916 മുതല്‍ ദേവദാസ് പിതാവിനോടൊപ്പം ദേശീയസമരത്തില്‍ സജീവമായി പങ്കെടുത്തു. പ്രസിദ്ധമായ ചമ്പാരന്‍ സത്യഗ്രഹരംഗത്ത് യുവാവായ ദേവദാസ് ഗാന്ധിയുടെ സാന്നിധ്യം വിദ്യാര്‍ഥികള്‍ക്കിടയില്‍ ആവേശമുണര്‍ത്തി. 1920-നുശേഷമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും ദേവദാസ് ഗാന്ധിയും പങ്കാളിയായിരുന്നു. അനേകം തവണ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിന്റെ നടത്തിപ്പില്‍ ദേവദാസ് ഗാന്ധി തന്റെ പിതാവിനെ വളരെയേറെ സഹായിച്ചിരുന്നു. 'ഇന്ത്യന്‍ ദേശീയതയുടെ ജിഹ്വ' എന്നറിയപ്പെട്ടിരുന്ന യങ് ഇന്ത്യയില്‍ മഹാത്മജിയുടേതായി പ്രത്യക്ഷപ്പെട്ടിരുന്ന ശക്തമായ ലേഖനങ്ങളില്‍ പലതും രചിച്ചിരുന്നത് യഥാര്‍ഥത്തില്‍ ദേവദാസ് ഗാന്ധിയായിരുന്നു. പില്ക്കാലത്ത് ഇദ്ദേഹം 'ഹിന്ദുസ്ഥാന്‍ ടൈംസ്' ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഈ പദവിയില്‍ ഇരുന്നുകൊണ്ട് ഇദ്ദേഹം ഇന്ത്യക്കാരില്‍ ദേശീയബോധവും സ്വാതന്ത്ര്യബോധവും ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. 1933-ല്‍ ദേവദാസ് ഗാന്ധി വിവാഹിതനായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ഒന്നാംകിട നേതാക്കളില്‍ ഒരാളായിരുന്ന സി. രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയായിരുന്നു വധു. രണ്ടു പ്രാവശ്യം അഖിലേന്ത്യാ പത്രം ഉടമ സംഘടനയുടെ പ്രസിഡന്റ് പദവും മൂന്നുപ്രാവശ്യം അഖിലേന്ത്യാ പത്രാധിപസംഘടനയുടെ പ്രസിഡന്റ് പദവും ദേവദാസ് ഗാന്ധി അലങ്കരിച്ചു. റായിട്ടര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ആയും പി ടി ഐ (Press Trust of India)യുടെ ചെയര്‍മാന്‍ ആയും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1947-ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കൈവന്നപ്പോള്‍ ഭരണരംഗത്തു വളരെ ഉന്നതമായ സ്ഥാനമാനങ്ങള്‍ നേടുവാന്‍ ഇദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിതാവിന്റെ മാതൃക അനുകരിച്ച് സ്ഥാനമാനങ്ങള്‍ കാംക്ഷിക്കാതെ സാമൂഹികപ്രവര്‍ത്തനരംഗത്തുതന്നെ തുടരുകയാണു ചെയ്തത്. 1958-ല്‍ ദേവദാസ് ഗാന്ധി അന്തരിച്ചു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍