This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:08, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാത്ത്

Gath

ഫെലിസ്ത്യദേശത്തെ പഞ്ചനഗരങ്ങളില്‍ (Pentapolis) ഒന്ന്. മോശയ്ക്കു ശേഷം ഇസ്രയേല്‍ ജനതയുടെ നേതാവായി അവരോധിക്കപ്പെട്ട യോശുവ (Joshuva) അനാക്യരെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ അവര്‍ അഭയം കണ്ടെത്തിയ പട്ടണങ്ങളില്‍ ഒന്നാണിത് (യോശുവ :11 :1222). യെഹൂദായുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഈ നഗരത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഗാത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം റ്റെലസ്സഫി എന്നറിയപ്പെടുന്ന ഗ്രാമത്തിലാണ്. ഇക്കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല.

ഗാത്ത് ഏതെങ്കിലും ഗോത്രത്തിന് വിട്ടുകൊടുത്തതായി കാണുന്നില്ല. യഹോവയുടെ നിയമപെട്ടകം ഇവിടെ കൊണ്ടു വന്നതിനെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഉണ്ട് (1 ശാമുവേല്‍ : 5:8) ഗോലിയാത്തിന്റെ ജന്മനാടായിരുന്നു ഇത്. (1 ശാമുലവേല്‍ : 17:4, 2 ശാമുവേല്‍: 21 :19). ദാവീദ്, ശൌല്‍ രാജാവിനെ ഭയന്ന് ഒളിവിലായിരുന്ന കാലത്ത് സുരക്ഷിതത്വം തേടി ഗാത്ത് രാജാവായ ആഖീശിന്റെ അടുക്കല്‍ പോയി. (1 ശാമുവേല്‍ : 21 :10). ഏതാനും ഗാത്ത് നിവാസികള്‍ ദാവീദിന് അംഗരക്ഷകരായും ഉണ്ടായിരുന്നു. അബ്ശലോം രാജകുമാരന്റെ വിപ്ലവകാലത്ത് ഇവര്‍ ദാവീദിനോട് വിശ്വസ്തത കാട്ടി. ദീനവൃത്താന്തം പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നപ്രകാരം ദാവീദ് പിടിച്ചടക്കിയ ഗാത്ത്, പൗത്രന്‍ രെഹബെയാം കൂടുതല്‍ ഉറപ്പാക്കി. ആമോസ് പ്രവാചകന്‍ ഗാത്തിന് ഏതോ വിപത്ത് സംഭവിച്ചതിനെപ്പറ്റി പറഞ്ഞിട്ടുണ്ട് (ആമോസ് : 8 : 1-3). പില്ക്കാല പ്രവാചകന്മാര്‍ പഞ്ചനഗരത്തിലെ മറ്റു നാലു സ്ഥലങ്ങളെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഗാത്തിനെപ്പറ്റി മൗനം ദീക്ഷിക്കുന്നതിനാല്‍ ഈ നഗരം നശിച്ചുപോയി എന്നു കരുതപ്പെടുന്നു. ഇതിന്റെ നാശത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അജ്ഞാതമാണ്. കുരിശുയുദ്ധപ്പോരാളികള്‍ ഗാത്തിനെ കൂടുതല്‍ ശക്തമാക്കി. സലാദിന്‍ അതു കീഴടക്കിയെങ്കിലും താമസംവിനാ റിച്ചാഡ് ക തിരികെ പിടിച്ചു.

വലുതും പ്രാധാന്യം ഉണ്ടായിരുന്നതുമായ ഒരു നഗരമായിരുന്നു ഗാത്ത്. 1899-ല്‍ പലസ്തീനിയന്‍ പര്യവേഷണ സംഘം അവിടെ ഉത്ഖനനം നടത്തി. എങ്കിലും ആധുനിക കാലത്ത് ഗാത്തില്‍ ഉണ്ടായിട്ടുള്ള ഗ്രാമവും ആരാധനാസ്ഥലങ്ങളും ശ്മാശനവും കൂടുതല്‍ പഠനത്തിനു വിഘാതമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍