This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാണ്ഡീവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാണ്ഡീവം

അര്‍ജുനനു വരുണന്‍ നല്‍കിയ വില്ല്. ഇത് ബ്രഹ്മാവില്‍ നിന്ന് ഇന്ദ്രനു ലഭിച്ചു. ഇന്ദ്രന്‍ വരുണനു നല്കി. വരുണനില്‍ നിന്ന് അഗ്നിദേവനു കിട്ടി. ഖാണ്ഡവവനം ദഹിക്കുന്ന സമയത്ത് അഗ്നിദേവന്‍ അര്‍ജുനന്റെ സഹായമപേക്ഷിച്ചു. വനം ദഹിക്കുമ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിച്ചാല്‍ മഴയെ തടഞ്ഞു നിര്‍ത്തിക്കൊള്ളാമെന്ന് അര്‍ജുനന്‍ ഏറ്റു. ഇന്ദ്രനെ തോല്പിക്കത്തക്ക വിധത്തിലുള്ള അസ്ത്രങ്ങള്‍ അര്‍ജുനന്റെ പക്കല്‍ ഇല്ലെന്നു മനസ്സിലാക്കിയ അഗ്നിദേവന്‍ വരുണനെ പ്രസാദിപ്പിച്ചു. അതിന്റെ ഫലമായി വരുണന്‍ ചന്ദ്രന്റെ കൈവശമിരുന്ന ഗാണ്ഡീവവും 'അക്ഷയതൂണീര'വും നാലു വെള്ളക്കുതിരകളെ പൂട്ടിയ രഥവും അര്‍ജുനനു സമ്മാനിച്ചു.

ഗാണ്ഡീവത്തിന്റെ ദിവ്യശക്തിയെക്കുറിച്ചുള്ള പ്രസ്താവം മഹാഭാരതത്തില്‍ കാണാം. ഒരു ലക്ഷംപേരെ ഒരേസമയം നേരിടാന്‍ കഴിവുള്ള ഈ വില്ലുകൊണ്ട് മനുഷ്യരെയും ദേവന്മാരെയും തോല്പിക്കാം, ഇതിന്റെ സഹായത്താലാണ് അര്‍ജുനന്‍ മഹാഭാരതയുദ്ധമുള്‍പ്പെടെ പല യുദ്ധങ്ങളും ജയിച്ചത്. ഗീതോപദേശത്തിനു മുമ്പ് അര്‍ജുനന്റെ കൈയില്‍ നിന്ന് ഗാണ്ഡീവം താഴെ വീഴുന്നതായി ഗീതയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശിവനുമായുള്ള യുദ്ധത്തില്‍ ഈ ചാപദണ്ഡം കൊണ്ടു ശിവന്റെ ശിരസ്സില്‍ പ്രഹരിച്ചു; ഇന്ദ്രനെപ്പോലും തോല്പിച്ചു. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം ദ്വാരകയില്‍ നിന്നു മടങ്ങവേ വേടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ അര്‍ജുനന് ഈ ദിവ്യധനുസ്സ് പ്രയോജനപ്പെട്ടില്ല. ഒടുവില്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് പാണ്ഡവന്മാര്‍ മഹാപ്രസ്ഥാനത്തിനൊരുങ്ങി. അര്‍ജുനന്റെ കൈവശം ഗാണ്ഡീവം ഉണ്ടായിരുന്നു. അപ്പോള്‍ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് വരുണനില്‍നിന്നും വാങ്ങിയ ഗാണ്ഡീവം മടക്കിക്കൊടുക്കണമെന്നു അര്‍ജുനനോട് അപേക്ഷിച്ചു. ഉടനെ അര്‍ജുനന്‍ ഈ ദിവ്യധനുസ്സും അക്ഷയതൂണീരവും സമുദ്രത്തില്‍ നിക്ഷേപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍