This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗവര്‍ണര്‍ ജനറല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗവര്‍ണര്‍ ജനറല്‍
Governor General
ഒരു ഭരണാധിപസ്ഥാന നാമം. ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നീ പേരുകളിലറിയപ്പെടുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ തലവനാണ് ഗവര്‍ണര്‍ ജനറല്‍. ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ കോളനിയിലെ ഭരണം നടത്തുവാന്‍ ഗവര്‍ണര്‍ ജനറല്‍മാരെ നിയമിച്ചിരുന്നു. കോമണ്‍വെല്‍ത്തിലെ പല അംഗരാജ്യങ്ങളിലും ഇന്നും ബ്രിട്ടന്റെ പ്രതിനിധി എന്ന നിലയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലനില്ക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഗവര്‍ണര്‍ ജനറലിന് രാഷ്ട്രത്തലവനെന്നോ കോമണ്‍വെല്‍ത്ത് തലവനെന്നോ ഉള്ള പദവിയുണ്ടെങ്കിലും ഭരണത്തില്‍ ഇവര്‍ക്ക് വലിയ അധികാരമില്ല. ഈ രാജ്യങ്ങളിലെ മന്ത്രിസഭയുടെ ഉപദേശപ്രകാരം ബ്രിട്ടന്‍ നടത്തുന്ന ഈ നിയമനം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ നിന്നും തികച്ചും സ്വതന്ത്രമാണ്. ഗവര്‍ണര്‍ ജനറലായി നിയമിക്കപ്പെടുന്നത് മിക്കവാറും അതതു രാജ്യത്തെ പൗരന്മാര്‍ തന്നെയായിരിക്കും. മന്ത്രിമാരുടെ ഉപദേശപ്രകാരമുള്ള, ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ മാത്രമാണ് ഗവര്‍ണര്‍ ജനറലിന് നിര്‍വഹിക്കാനുള്ളത്. ആസ്റ്റ്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഗവര്‍ണര്‍ പദവി നിലവിലുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഔദ്യോഗിക പദവിയായിരുന്നു ഗവര്‍ണര്‍ ജനറല്‍. 1773-ലെ റെഗുലേറ്റിങ് ആക്റ്റനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ പദവി നിലവില്‍ വന്നു. ഗവര്‍ണര്‍ ജനറലിന്റെ അധികാരങ്ങളും പദവിയും പ്രസ്തുത ആക്റ്റില്‍ വ്യവസ്ഥ ചെയ്തിരിന്നു. 1784-ലെ പിറ്റ്സ് ഇന്ത്യ ആക്റ്റിലും 1786-ലെ സപ്ലിമെന്ററി ആക്റ്റിലും ഗവര്‍ണര്‍ ജനറലിന്റെ അധികാരങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്.
1774 മുതല്‍ 1950 വരെ ഇന്ത്യയില്‍ ഈ പദവി നിലവിലുണ്ടായിരുന്നു. വാറന്‍ ഹേസ്റ്റിങ്സായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ (1774-76). ഇദ്ദേഹം ബംഗാളില്‍ ഫോര്‍ട്ടുവില്യമിലെ ഗവര്‍ണര്‍ ജനറലായാണ് നിയമിതനായത്. 1833-ലെ ചാര്‍ട്ടര്‍ ആക്റ്റനുസരിച്ച് ഗവര്‍ണര്‍ ജനറലിന് അധികാരവ്യാപ്തി കൈവന്നതോടെ ഫോര്‍ട്ടുവില്യമിലെ ഗവര്‍ണര്‍ ജനറല്‍ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായി. ഈ മാറ്റം കണക്കിലെടുത്താല്‍ വില്യം ബെന്റിക് പ്രഭുവാണ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമര(1857)ത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയില്‍ നിന്ന് ബ്രിട്ടന്‍ നേരിട്ടേറ്റെടുത്തു. തുടര്‍ന്ന് വിക്റ്റോറിയ രാജ്ഞി പുറപ്പെടുവിച്ച വിളംബര(1858)ത്തോടുകൂടി ഗവര്‍ണര്‍ ജനറല്‍ വൈസ്രോയിയുടെ പദവിയും ഏറ്റെടുത്തു. കാനിങ്പ്രഭുവാണ് ആദ്യത്തെ വൈസ്രോയിയായി നിയമിതനായത്. ഗവര്‍ണര്‍ ജനറല്‍-ഇന്‍-കൗണ്‍സിലിന്റെ ഉപദേശമാരാഞ്ഞായിരുന്നു ഗവര്‍ണര്‍ ജനറല്‍ ഭരിച്ചിരുന്നത്. എന്നാല്‍ ആവശ്യമെന്നു തോന്നുന്നപക്ഷം കൗണ്‍സിലിന്റെ ഉപദേശം ഗവര്‍ണര്‍ ജനറലിനു തിരസ്കരിക്കാമായിരുന്നു. 1935-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ രാജ്ഞിയുടെ പ്രതിപുരുഷനായി. ഈ ആക്റ്റനുസരിച്ച് ലിന്‍ലിത്ഗോ പ്രഭുവാണ് രാജ്ഞിയുടെ ആദ്യത്തെ പ്രതിപുരുഷനായത്; അവസാനത്തെ പ്രതിപുരുഷന്‍ നണ്ട്മൗബാറ്റന്‍ പ്രഭുവും. ഗവര്‍ണര്‍ ജനറല്‍ ഇന്ത്യയില്‍ ഏറെക്കുറെ പരമാധികാരിയായാണ് ഭരണം നടത്തിയിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും സ്റ്റേറ്റ് സെക്രട്ടറിയുടെയും നിയന്ത്രണമുണ്ടായിരുന്നിട്ടും ഗവര്‍ണര്‍ ജനറല്‍ പ്രായോഗികമായി ഭരണം നിയന്ത്രിച്ചിരുന്നു.
ഇന്ത്യയിലെ ഇന്ത്യാക്കാരനായ ആദ്യത്തെയും അവസാനത്തെയും ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി ആയിരുന്നു.
ഗവര്‍ണര്‍ ജനറല്‍മാര്‍ / വൈസ്രോയിമാര്‍
1.വാറന്‍ഹേസ്റ്റിങ്സ് (1774-85)
2.മാക്ഫോര്‍സന്‍ (1785-86)
3.കോണ്‍വാലീസ് പ്രഭു (1786-93)
4.സര്‍. ജോണ്‍ ഷോര്‍ (1793-98)
5.വെല്ലസ്ളി പ്രഭു (1798-1805)
6.കോണ്‍വാലീസ് പ്രഭു (രണ്ടാംപ്രാവശ്യം-1805)
7.ബാര്‍ലൊ (1805-07)
8.മിന്റോ പ്രഭു (1807-13)
9.ഹേസ്റ്റിങ്സ് പ്രഭു (1813-23)
10.ആമേഴ്സ്റ്റ് പ്രഭു (1823-28)
11.വില്യം ബെന്റിക് പ്രഭു (1828-35)
12.മെറ്റ് കാഫ് (1835-36)
13.ഓക്ക്ലന്‍ഡ് പ്രഭു (1836-42)
14.എല്ലന്‍ബറോ പ്രഭു (1842-44)
15.ഹാര്‍ഡിഞ്ച് പ്രഭു (1844-48)
16.ഡല്‍ഹൌസി പ്രഭു (1848-56)
17.കാനിങ് പ്രഭു (1856-62 വൈസ്രോയി)
18.എല്‍ജിന്‍ പ്രഭു ക (1862-63)
19.ലോറന്‍സ് പ്രഭു (1864-69)
20.മേയോ പ്രഭു (1869-72)
21.നോര്‍ത്ത് ബ്രൂക്ക് പ്രഭു (1872-76)
22.ലിറ്റണ്‍ പ്രഭു (1876-80)
23.റിപ്പണ്‍ പ്രഭു (1880-84)
24.ഡഫറിന്‍ പ്രഭു (1884-88)
25.ലാന്‍ഡ്സ് ഡൗണ്‍ പ്രഭു (1888-94)
26.എല്‍ജിന്‍ പ്രഭു കക (1894-99)
27.കഴ്സണ്‍ പ്രഭു (1899-1905)
28.മിന്റോ പ്രഭു കക (1905-10)
29.ഹാര്‍ഡിഞ്ച് പ്രഭു കക (1910-16)
30.ചെംസ് ഫോര്‍ഡ് പ്രഭു (1916-21)
31.റീഡിങ് പ്രഭു (1921-26)
32.ഇര്‍വിന്‍ പ്രഭു (1926-31)
33.വില്ലിങ്ടണ്‍ പ്രഭു (1931-36)
34.ലിന്‍ലിത്ഗോ പ്രഭു (1936-43)
35.വേവല്‍ പ്രഭു (1943-47)
36.മൗണ്ട്ബാറ്റണ്‍ പ്രഭു (1947-48 ജൂണ്‍)
37.സി. രാജഗോപാലാചാരി (1948 ജൂണ്‍-50 ജനു.)