This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈസ്റ്റ്, ഹൈന് റിഷ് ഫൊണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:23, 8 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ക്ലൈസ്റ്റ്, ഹൈന് റിഷ് ഫൊണ്‍

Kleist, Heinrich von (1777 - 1811)

ജര്‍മന്‍ നാടകകൃത്തും സാഹിത്യകാരനും. ഫ്രാങ്ക്ഫുര്‍ട്ട് നഗരത്തില്‍ 1777 ഒ. 21-ന് ജനിച്ചു. മികച്ച സാഹിത്യ രചയിതാവായിരുന്ന ഇദ്ദേഹം സമകാലികരായ ഗെയ്ഥെയുടെയും ഷില്ലറുടെയും മറവില്‍ അധികം അറിയപ്പെടാതെ പോയി. ക്ലൈസ്റ്റിന്റെ പല കൃതികളും ഇദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകൃതമായത്. 1826-ല്‍ മൂന്നു ഭാഗങ്ങളായി മരണാനന്തര പ്രസിദ്ധീകരണങ്ങള്‍ (Kleists, hinter lassene Schriften) ഡബ്ള്യു തീക്ക് പ്രകാശിപ്പിച്ചു. ഇതില്‍ പ്രിന്‍സ് ഫ്രീഡ്റിഷ് ഫൊണ്‍ ഹോംബുര്‍ഗ് (Prinz Friedrich von Homburg), ഡീ ഹെര്‍മന്‍ഷ്ളിഹ്റ്റ് (ഹെര്‍മന്റെ പോര്‍ക്കളം, Die Hermannschlacht) തുടങ്ങിയ നാടകങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായ അനുബന്ധ കൃതികള്‍ 1862-ല്‍ ആര്‍. കൊയ്പക്കെ പ്രകാശിപ്പിച്ചു. എല്ലാ കൃതികളും അഞ്ചുഭാഗങ്ങളായി 1904-ലും ഏഴുഭാഗങ്ങളായി 1964-ലും പുറത്തുവന്നു. ജര്‍മന്‍ ആസ്വാദകലോകം താമസിച്ചാണെങ്കിലും ക്ലൈസ്റ്റിനെ കണ്ടെത്തി.

വേദികളിലുടെ ജനപ്രീതിനേടിയ ഡാസ് കാത്ഹെന്‍ ഫൊണ്‍ ഹൈല്‍ ബ്രൊണ്‍ (Das Kathehen von Heilbronn, 1808), നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി സ്നേഹത്തിലൂടെ മൃഗീയശക്തിയെ ജയിക്കുന്ന കഥയാണ്. ആംഫിട്രയോണ്‍ (Amphytrion, 1807 ), പെന്റിഡീലിയ (Penthesilea, 1808), ഡെര്‍ സെര്‍ബ്രോഹെനെക്രുഗ് (Der, zerbrochene krug,1881) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളാണ്. മൃദുലഭാവങ്ങള്‍ മാത്രം രംഗത്തുകണ്ടു ശീലിച്ചവര്‍ ഇവയിലെ തീവ്രവും ക്ഷോഭജനകവുമായ രംഗങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും ക്രമേണ ക്ലൈസ്റ്റിന്റെ പുതുമ അംഗീകരിക്കപ്പെട്ടു.

ജീവിതവും ആദര്‍ശവും കൂട്ടിയിണക്കാനുള്ള ആഗ്രഹമാണ് മൈക്കല്‍ കോലാസ് (Michael Kohlhaas), മാര്‍ക്വിസ് ഒഫ് ഒ (Marquise of O), എന്നീ നോവലുകളില്‍. സമുദായത്തില്‍ പദവിയോ പ്രമാണിത്തമോ ഇല്ലാത്ത ഒരു മനുഷ്യന്‍ സ്വന്തം ജീവിതം പണയപ്പെടുത്തി തനിക്കു നിഷേധിക്കപ്പെട്ട നീതിക്കുവേണ്ടി പോരാടുന്ന കഥയാണ് മൈക്കല്‍ കോലാസ്, ദാസ് എര്‍ഡ്ബേബെന്‍ ഇന്‍ ചിലി (ചിലിയിലെ ഭുകമ്പം). ഡി ഫെര്‍ ലൊബുന്‍ഗ് ഇന്‍ സാന്‍ഡൊമിനിഗൊ (സാന്‍ഡൊമിനിഗൊയിലെ വിവാഹനിശ്ചയം), ദസ് ബെറ്റന്‍ വൈബ് ഫൊണ്‍ ലൊക്കാര്‍ണൊ (ലൊക്കാര്‍ണൊവിലെ ഭിക്ഷക്കാരി) എന്നിവ മറ്റു കഥകളില്‍പ്പെടുന്നു. ഉപന്യാസങ്ങളില്‍ പ്രധാനപ്പെട്ടവ, സംസാരത്തിലൂടെ ആശയത്തിനുണ്ടാവുന്ന വളര്‍ച്ചയെപ്പറ്റിയും പാവക്കൂത്തിനെപ്പറ്റിയും പ്രഷ്യന്‍ യുദ്ധസംഭവങ്ങളെപ്പറ്റിയും എഴുതിയവയാണ്. നെപ്പോളിയനെതിരായി എഴുതിയ ജര്‍മന്‍ ദേശഭക്തി കവിതകളാണ് ക്രീഗ്സ് ലിറിക് (യുദ്ധകാവ്യം), ക്രീഗ്സ് ലീഡ് ദേയഡോയ്സ്ഷന്‍ (ജര്‍മന്‍ പടപ്പാട്ട്) തുടങ്ങിയവ. ഇദ്ദേഹം നടത്തിയ ബര്‍ലിനര്‍ അബന്‍ഡബ്ളാറ്റര്‍ (Berliner Abendhlatter) എന്ന പത്രം പ്രഷ്യന്‍ ഗവണ്‍മെന്റ് കണ്ടുകെട്ടി.

ക്ലൈസ്റ്റിന്റെ കൃതികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഈ നൂറ്റാണ്ടില്‍ ചിലര്‍ ഇദ്ദേഹത്തെ കീര്‍ക്ഗാഡിന്റെ മുന്‍ഗാമിയായ ചിന്തകനായും മറ്റു ചിലര്‍ ഫ്യൂഡലിസത്തിന്റെ ചിന്തകനായും വിശേഷിപ്പിക്കാറുണ്ട്. നോവലുകളിലെ ഉത്കടമായ ലൈംഗികതയില്‍ ആധുനികമനശ്ശാസ്ത്ര ദര്‍ശനവും ചിലര്‍ കണ്ടെത്തുന്നു.

1811 ന. 21-ന് ഇദ്ദേഹം വെടിവച്ച് ആത്മഹത്യ ചെയ്തു.

(ഡോ. വോള്‍ഫ് ഗാങ് ആഡം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍