This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1935

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:42, 7 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റ്, 1935

Government of India Act, 1935

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണനടത്തിപ്പിനുവേണ്ടി 1935-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമം. ഈ നിയമത്തിലെ പല വ്യവസ്ഥകളും (ഉദാ. അധികാരവിഭജനം) സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കിയപ്പോള്‍ അടിസ്ഥാനമായെടുത്തിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണപരിഷ്കാരം സംബന്ധിച്ച് 1933 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറത്തിറക്കിയ ധവളപത്രം ഏപ്രിലില്‍ ലിന്‍ലിത്ഗോ പ്രഭു അധ്യക്ഷനായുള്ള ജോയിന്റ് സെലക്റ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടുകയുണ്ടായി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ (1934 ഒക്ടോബര്‍) അടിസ്ഥാനത്തിലാണ് ഈ നിയമത്തിന് രൂപം നല്കിയത്.

1935 ഫെ. 5-ന് ഇന്ത്യാ സെക്രട്ടറി സര്‍ സാമുവല്‍ ഫോര്‍ ഈ നിയമത്തിനാധാരമായ ബില്‍ കോമണ്‍സ് സഭയില്‍ അവതരിപ്പിച്ചു. കോമണ്‍സ് സഭയിലും പ്രഭുസഭയിലും പാസായി. രാജകീയ അംഗീകാരം ലഭിച്ച 1935 ആഗ. 4-ന് ഇത് നിയമമായി.

ചില വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്ത്യയെയും നാട്ടുരാജ്യങ്ങളെയും ചേര്‍ത്ത് ഒരു അഖിലേന്ത്യാ ഫെഡറേഷന്‍ രൂപവത്കരിക്കാനും സംസ്ഥാനത്തിന്റെ ദ്വിഭരണത്തിനു പകരം പൂര്‍ണ സ്വയംഭരണം ഏര്‍പ്പെടുത്താനും ഈ നിയമം വ്യവസ്ഥ ചെയ്തു. കേന്ദ്രത്തില്‍ ദ്വിഭരണം ഏര്‍പ്പെടുത്താനും നിയമനിര്‍മാണസഭ വിപുലീകരിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. നിയമനിര്‍മാണാധികാരം മൂന്നു പ്രത്യേക ലിസ്റ്റുകളായി വിഭജിച്ചു; ഫെഡറല്‍ക്കോടതി സ്ഥാപിക്കുവാനും വ്യവസ്ഥയുണ്ടായി.

ഫെഡറേഷനും പ്രവിശ്യാസ്വയംഭരണവും. 1935-ലെ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ യൂണിറ്ററി ഗവണ്‍മെന്റായിരുന്നു ഇന്ത്യയ്ക്കുവേണ്ടി രൂപവത്കരിച്ചിരുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ചേര്‍ന്ന് ഒരു അഖിലേന്ത്യാ ഫെഡറേഷന്‍ ഉണ്ടാകണമെന്ന് 1935-ലെ ആക്റ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. നാട്ടുരാജ്യങ്ങള്‍ക്ക് ഫെഡറേഷനില്‍ ചേരുന്നതിനെപ്പറ്റി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്കിയിരുന്നു. നാട്ടുരാജ്യങ്ങള്‍ ഫെഡറേഷനില്‍ ചേരുന്നതിനും വിസമ്മതിച്ചതിനാല്‍ ഫെഡറേഷന്‍ രൂപംകൊണ്ടില്ല. ബ്രിട്ടീഷ് സിംഹാസനത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ ജനറലാണ് ഫെഡറേഷന്‍ എക്സിക്യൂട്ടീവിന്റെ തലവന്‍. തന്റെ ഭരണത്തിനു ഗവര്‍ണര്‍ ജനറലിന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോടു മാത്രമേ സെക്രട്ടറി ഒഫ് സ്റ്റേറ്റ് വഴി ഉത്തരവാദിത്തമുണ്ടായിരുന്നുള്ളൂ. ഗവര്‍ണര്‍ ജനറലിനെ സഹായിക്കാനും ഉപദേശിക്കാനുമായി ഒരു മന്ത്രിസഭ ഉണ്ടെങ്കിലും മന്ത്രിമാരുടെ ഉപദേശം സ്വീകരിക്കാതെതന്നെ സ്വന്തമായ തീരുമാനമെടുക്കാനും വിവേചനാധികാരം ഉപയോഗിക്കുന്നതിനുമുള്ള അധികാരം ഗവര്‍ണര്‍ ജനറലിനുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഭരണനടത്തിപ്പിന് കൗണ്‍സിലര്‍മാരെയും സാമ്പത്തിക ഉപദേഷ്ടാവിനെയും അഡ്വക്കേറ്റ് ജനറലിനെയും നിയമിക്കുവാന്‍ ഗവര്‍ണര്‍ ജനറലിനെ അധികാരപ്പെടുത്തിയിരുന്നു.

സംസ്ഥാനങ്ങളില്‍ 1919-ലെ നിയമപ്രകാരം നിലവില്‍വന്ന ദ്വിഭരണത്തിനു പകരം പ്രവിശ്യാസ്വയംഭരണം ഏര്‍പ്പെടുത്താന്‍ 1935-ലെ നിയമം വ്യവസ്ഥചെയ്തു. ഏപ്രിലില്‍ പ്രവിശ്യാനിയമനിര്‍മാണസഭയുടെയും കേന്ദ്രനിയമനിര്‍മാണസഭയുടെയും നിയമനിര്‍മാണാധികാരം വിഭജിച്ചിരുന്നു. പ്രവിശ്യകളെ സ്വതന്ത്രഭരണ യൂണിറ്റുകളായി പരിഗണിച്ചിരുന്നു. പ്രവിശ്യകളുടെ ഭരണത്തലവനായ ഗവര്‍ണര്‍, ഗവര്‍ണര്‍ജനറലിന്റെ കീഴുദ്യോഗസ്ഥനായിരുന്നില്ല. പ്രവിശ്യാനിയമസഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിമാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനായിരുന്നു.

പ്രവിശ്യാസ്വയംഭരണത്തിനു വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും ചില മേഖലകളില്‍ കേന്ദ്രഗവണ്‍മെന്റിന് പ്രവിശ്യകളുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്ക് ചില കാര്യങ്ങളില്‍ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശവും വിവേചനാധികാരവും ഈ നിയമം അനുവദിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഗവര്‍ണര്‍ മന്ത്രിമാരുടെ ഉപദേശം കണക്കിലെടുക്കാതെ ഗവര്‍ണര്‍ ജനറലിന്റെ നിയന്ത്രണവും നിര്‍ദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിയിരുന്നു. ഈ വ്യവസ്ഥയിലൂടെ ഗവര്‍ണര്‍പദവി സെക്രട്ടറി ഒഫ് സ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിനു വിധേയമാകുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ പ്രവിശ്യാസ്വയംഭരണം എന്ന തത്ത്വത്തിനു വിരുദ്ധമായിരുന്നു.

കേന്ദ്രത്തില്‍ ദ്വിഭരണം. 1935-ലെ നിയമം കേന്ദ്രത്തില്‍ ദ്വിഭരണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഫെഡറല്‍ ഭരണവിഷയങ്ങളെ റിസര്‍വ്ഡ്, ട്രാന്‍സ്ഫേര്‍ഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി. റിസര്‍വു ചെയ്ത വിഷയങ്ങളിലുള്‍പ്പെടുന്ന പ്രതിരോധം, വിദേശബന്ധം, മതപരമായ കാര്യങ്ങള്‍ തുടങ്ങിയവയുടെ ഭരണം ഗവര്‍ണര്‍ ജനറല്‍ നിര്‍വഹിക്കും. ഇദ്ദേഹത്തെ സഹായിക്കാനായി 'കൗണ്‍സിലര്‍'മാരെ (മൂന്നില്‍ കവിയാതെ) നിയമിക്കാം. ഈ കൗണ്‍സിലര്‍മാര്‍ക്ക് നിയമനിര്‍മാണസഭയോട് ഉത്തരവാദിത്തമില്ല. ഗവര്‍ണര്‍ ജനറലിനോട് മാത്രം ഉത്തരവാദപ്പെട്ടവരാണ്. ട്രാന്‍സ്ഫര്‍ ചെയ്ത വിഷയങ്ങളെ ഭരണനടത്തിപ്പിന് നിയമസഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഗവര്‍ണര്‍ ജനറല്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ വിഷയങ്ങളുടെ കാര്യത്തിലും 'പ്രത്യേക ഉത്തരവാദിത്തം' എന്ന വ്യവസ്ഥയിലൂടെ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ ജനറലിന് നിരസിക്കാമായിരുന്നു. സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ നിര്‍ദേശവും നിയന്ത്രണവും അനുസരിച്ചാണ് പ്രത്യേക ഉത്തരവാദിത്തത്തെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ ജനറല്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്.

എന്നാല്‍ കൗണ്‍സിലര്‍മാരെയോ മന്ത്രിസഭയെയോ നിയമിക്കുകയുണ്ടായില്ല. 1919-ലെ ആക്റ്റിന്‍പ്രകാരം നിലവില്‍ വന്ന എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഗവര്‍ണര്‍ ജനറലിനെ ഉപദേശിക്കുവാന്‍ വേണ്ടി 1947 വരെ തുടര്‍ന്നത്.

നിയമനിര്‍മാണസഭ. ഈ നിയമപ്രകാരം ഫെഡറല്‍ നിയമനിര്‍മാണസഭയ്ക്ക് ഹൌസ് ഒഫ് അസംബ്ലി, കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ഉപരിസഭയായ കൗണ്‍സില്‍ ഒഫ് സ്റ്റേറ്റിലെ അംഗസംഖ്യ 260-ഉം കീഴ്സഭയായ ഹൌസ് ഒഫ് അസംബ്ലിയിലെ അംഗസംഖ്യ 375-ഉം ആയിരുന്നു. കേന്ദ്ര നിയമനിര്‍മാണസഭയ്ക്കുമേല്‍ നിരവധി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

1. ഗവര്‍ണര്‍ ജനറലിനും ബ്രിട്ടീഷ് ഗവണ്‍മെന്റിനും കേന്ദ്ര നിയമസഭ പാസ്സാക്കുന്ന ബില്ലുകളിന്മേല്‍ വീറ്റോ അധികാരം;

2. പ്രത്യേക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ജനറലിന് കേന്ദ്രനിയമസഭാനടപടികള്‍ നിര്‍ത്തിവയ്ക്കാനും പകരം നിയമനിര്‍മാണം നടത്താനും അധികാരം;

3. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിയമത്തെയോ ഗവര്‍ണര്‍ ജനറലിന്റെയോ ഗവര്‍ണറുടെയോ ആക്റ്റിനെയോ ബന്ധപ്പെടുത്തിയുള്ള നിയമനിര്‍മാണനടപടികള്‍ക്ക് ഗവര്‍ണര്‍ ജനറലിന്റെ മുന്‍കൂര്‍ അനുമതി വാങ്ങുക.

പ്രവിശ്യാനിയമസഭകളുടെ മേലും സമാനമായ ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. ആറു പ്രവിശ്യകളിലെ നിയമസഭകള്‍ ലെജിസ്ലേറ്റീവ് അസംബ്ലി, ലെജിസ്ലേറ്റിവ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളോടു കൂടിയവയുമായിരുന്നു. മറ്റു പ്രവിശ്യകളിലേത് ഏക മണ്ഡലസഭയും.

അധികാരവിഭജനം. കേന്ദ്രവും ഘടകങ്ങളും തമ്മിലുള്ള അധികാരവിഭജനത്തിന് 1935-ലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഫെഡറല്‍ ലിസ്റ്റ്, പ്രവിശ്യാലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകളായാണ് അധികാരവിഭജനം നടത്തിയത്. കേന്ദ്രനിയമസഭയ്ക്ക് നിയമനിര്‍മാണാധികാരമുള്ള എല്ലാ വിഷയങ്ങളും ഫെഡറല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യം, നാണയം, സായുധസേന, സെന്‍ട്രല്‍ സര്‍വീസ്, റെയില്‍വേ, കമ്പിത്തപാല്‍ തുടങ്ങിയ 59 ഇനങ്ങളാണ് ഫെഡറല്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പ്രവിശ്യാനിയമസഭകള്‍ക്കു നിയമനിര്‍മാണാവകാശമുള്ള പൊലീസ്, വിദ്യാഭ്യാസം, പ്രാദേശിക സ്വയംഭരണം തുടങ്ങിയ 54 ഇനങ്ങള്‍ അടങ്ങിയതാണ് പ്രവിശ്യാലിസ്റ്റ്. ഫെഡറല്‍ നിയമസഭയ്ക്കും പ്രവിശ്യാനിയമസഭയ്ക്കും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ ക്രിമിനല്‍ നിയമവും നടപടിക്രമവും തുടങ്ങി 35 ഇനങ്ങളാണുള്ളത്. എന്നാല്‍ അധികാരത്തര്‍ക്കമുണ്ടാകുമ്പോള്‍ ഫെഡറല്‍ നിയമമായിരിക്കും നിലനില്‍ക്കുന്നത്. ശിഷ്ടാധികാരങ്ങളുടെ (Residuary powers) ചുമതല ഗവര്‍ണര്‍ ജനറലിനാണ് നല്കിയിരുന്നത്

ഗവര്‍ണര്‍ ജനറല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ ഫെഡറല്‍ നിയമസഭയ്ക്കും പ്രവിശ്യാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താമായിരുന്നു.

ഫെഡറല്‍ കോടതി. ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നതനുസരിച്ച് ഫെഡറല്‍ കോടതി നിലവില്‍ വന്നു.

പ്രാതിനിധ്യസ്വഭാവം. 1935-ലെ നിയമത്തില്‍ മുസ്ലിം, സിക്ക്, യൂറോപ്യന്‍, ഇന്ത്യന്‍ ക്രിസ്ത്യന്‍, ആംഗ്ളോ-ഇന്ത്യന്‍ എന്നീ വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രത്യേകം പ്രാതിനിധ്യം വ്യവസ്ഥ ചെയ്തിരുന്നു.

നിയമത്തിന്റെ പരാജയം 1929-ല്‍ വാഗ്ദാനം ചെയ്തിരുന്ന പുത്രികാരാജ്യപദവി (ഉീാശിശീി ടമേൌ) നല്കുന്നതിനുള്ള വ്യവസ്ഥകളൊന്നുംതന്നെ ഈ നിയമത്തില്‍ ഉണ്ടായിരുന്നില്ല. നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാനങ്ങളെയും ഫെഡറേഷനില്‍ ചേര്‍ക്കുന്നതിന് സ്വീകരിച്ച വ്യത്യസ്ത മാനദണ്ഡം, ഫെഡറല്‍ നിയമനിര്‍മാണസഭയുടെമേല്‍ ഗവര്‍ണര്‍ ജനറലിനു നല്‍കിയ അധികാരത്തിലൂടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ഉത്തരവാദഭരണം നടപ്പിലാക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍, നിയമം ഭേദഗതി ചെയ്യുവാനുള്ള സ്വാതന്ത്ര്യനിഷേധം തുടങ്ങി വിവിധകാരണങ്ങളാല്‍ ഈ നിയമം ഇന്ത്യയ്ക്ക് സ്വീകാര്യമായിരുന്നില്ല. മുസ്ലിംലീഗും കോണ്‍ഗ്രസ്സും ഈ നിയമത്തെ വിമര്‍ശിച്ചു. കുത്തഴിഞ്ഞ ഭരണപരിഷ്കാരമെന്നാണ് ജിന്ന ഇതിനെപ്പറ്റി പരാമര്‍ശിച്ചത്. അടിമത്തത്തിന്റെ ഒരു പുതിയ അധ്യായമായി നെഹ്റു ഇതിനെ വിമര്‍ശിച്ചു. 1936 ഏപ്രിലില്‍ ലക്നൗവില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ഈ നിയമത്തെ തള്ളിപ്പറഞ്ഞു. 1937 മാ. 18-ന് ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു.

1939 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്താനുദ്ദേശിച്ചിരുന്ന ഈ നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനും ഈ നിയമത്തില്‍ നിര്‍ദേശിച്ചിരുന്ന ഫെഡറല്‍ സംവിധാനം സ്വീകാര്യമായിരുന്നില്ല. തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന കാരണത്താല്‍ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ ഫെഡറേഷനില്‍ ചേരാന്‍ വിമുഖത കാട്ടി. തന്മൂലം ഫെഡറല്‍ പദ്ധതി പ്രാവര്‍ത്തികമായില്ല. 1939 സെപ്. 11-ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഈ നിമയത്തിലെ ഫെഡറല്‍ഭാഗം ഉപേക്ഷിക്കേണ്ടതായിവന്നു. നിയമത്തില്‍ ലക്ഷ്യമിട്ടിരുന്ന കേന്ദ്രഭരണസംവിധാനമോ നിയമനിര്‍മാണസഭയോ സ്ഥാപിതമായില്ല. 1919-ലെ നിയമമനുസരിച്ചുള്ള കേന്ദ്രഭരണം തുടരുകയാണുണ്ടായത്.

ഈ നിയമം ലക്ഷ്യമിട്ടിരുന്നതില്‍ പ്രവിശ്യാസ്വയംഭരണപദ്ധതി മാത്രമാണ് നടപ്പില്‍ വരുത്താന്‍ സാധിച്ചത്. ദൈനംദിന ഭരണത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാവുകയില്ലെന്നു ഗവര്‍ണര്‍ ജനറലിന്റെ (ലിന്‍ ലിത്ഗോ പ്രഭു) ഉറപ്പുലഭിച്ച (1937 ജൂണ്‍) ശേഷം ഏഴു പ്രവിശ്യകളില്‍ കോണ്‍ഗ്രസ് മന്ത്രിസഭയും, രണ്ടു പ്രവിശ്യകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയും മറ്റു രണ്ടു പ്രവിശ്യകളില്‍ കോണ്‍ഗ്രസ്സിതര മന്ത്രിസഭയും രൂപവത്കൃതമായി (1937 ജൂല.). എന്നാല്‍ രണ്ടാംലോകയുദ്ധത്തില്‍ യുദ്ധകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് നിഷേധിച്ചതുമൂലം 1939 നവംബറില്‍ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു. പകരം ഏര്‍പ്പാടെന്ന നിലയില്‍ ന്യൂനപക്ഷ മന്ത്രിസഭ രൂപവത്കരിക്കുകയോ, നിയമത്തിലെ 93-ാം വകുപ്പുപ്രകാരം ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കുകയോ ആണുണ്ടായത്. അപ്രകാരം പ്രവിശ്യാസ്വയംഭരണപദ്ധതിയും വിജയപ്രദമായി നടപ്പിലാക്കുവാന്‍ സാധിച്ചില്ല.

(ജെ.ആര്‍. സുഗുണ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍