This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീലിയന്‍ ഉപഗ്രഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:11, 7 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗലീലിയന്‍ ഉപഗ്രഹങ്ങള്‍

Galiliean Satellites

വ്യാഴത്തിന്റെ നാലു വലിയ ഉപഗ്രഹങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പൊതു സംജ്ഞ. 1610-ല്‍ ഗലീലിയോ ഗലീലിയാണ് താന്‍ നിര്‍മിച്ച ടെലിസ്കോപ്പിലൂടെ ഈ ഉപഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തിയത്. ഗലീലിയോയുടെ സ്മരണാര്‍ഥം ഇവയ്ക്കു ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു പേര് നല്‍കപ്പെട്ടു. അയോ (lo), ഒയ്റോപ്പ (Europa), ഗാനിമീഡ് (Ganemede), കാലിസ്റ്റൊ (Calisto) എന്നീ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഗലീലിയോ ഈ ഉപഗ്രഹങ്ങളെ കണ്ടെത്തുന്നതിന് മുമ്പുവരെ ജ്യോതിര്‍ഗോളങ്ങളെല്ലാം ഭൂമിയെയാണ് പ്രദക്ഷിണം ചെയ്യുന്നത് എന്ന സങ്കല്പമായിരുന്നു ഏറെപ്പേരും വച്ചുപുലര്‍ത്തിയിരുന്നത്. കോപ്പര്‍നിക്കസ്സിന്റെ സൗരകേന്ദ്രസിദ്ധാന്തം കത്തോലിക്കാസഭയുടെ എതിര്‍പ്പുമൂലം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഗലീലിയോയുടെ കണ്ടെത്തലോടെ എല്ലാ ഖഗോളവസ്തുക്കളും ഭൂമിയെത്തന്നെ ചുറ്റണമെന്നില്ല എന്നു വന്നു. അതോടെ സൗരകേന്ദ്രസിദ്ധാന്തത്തിന് കൂടുതല്‍ സീകാര്യത ലഭിച്ചു.

1979-ലെ വൊയേജര്‍ പര്യവേക്ഷണങ്ങള്‍ വരെ ഗലീലിയന്‍ ഉപഗ്രഹങ്ങളെ സംബന്ധിച്ചു പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1995-ല്‍ വിക്ഷേപിച്ച് 2003-ല്‍ പര്യവേക്ഷണം പൂര്‍ത്തിയാക്കിയ ഗലീലിയോ ഓര്‍ബിറ്റര്‍ എന്ന ബഹിരാകാശ പര്യവേക്ഷണ വാഹനം ഈ ഉപഗ്രഹങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്കുകയുണ്ടായി. അവയുടെ ആന്തരിക സാന്ദ്രതാവിന്യാസം, കാന്തിക മണ്ഡലം എന്നിവയെ സംബന്ധിക്കുന്ന വിലപ്പെട്ട വിവരങ്ങളാണ് അവയിലേറെയും. വ്യാഴത്തിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അയോ എന്ന ഉപഗ്രഹത്തിന് ഏകദേശം ഭൂമിയുടേതിന് സമമായ ഘടനയാണുള്ളതെന്ന വിവരവും ഈ പര്യവേക്ഷണത്തിലൂടെ ലഭ്യമായി. ഇരുമ്പിനാല്‍ സമ്പുഷ്ടമായ കേന്ദ്രവും ശിലകളാല്‍ ആവൃതമായ മാന്റിലും, ഹിമാവരണ ബാഹ്യപാളിയുമാണതിനുള്ളത്. ഏറ്റവും ബാഹ്യ ഉപഗ്രഹമായ കാലിസ്റ്റൊയ്ക്ക് താരതമ്യേന സാന്ദ്രത കുറവാണ്. വ്യാഴത്തില്‍ നിന്ന് അകലുന്തോറും സാന്ദ്രത കുറഞ്ഞും പുറത്തെ ഹിമപാളിയുടെയും അതിനിടയിലെ പാറകളുടെയും അളവ് കൂടിയും വരുന്നു. അയോവിലെ അഗ്നിപര്‍വതനവും ഹിമപാളികളാല്‍ ആവരണം ചെയ്യപ്പെട്ട ഒയ്റോപ്പയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന പൊട്ടലുകളും വേലാര്‍ താപനത്തിന്റെ (Tidal heating) ഫലമായി രൂപപ്പെടുന്നതാണെന്നാണ് ആധുനിക ജ്യോതിശ്ശാസ്ത്രജ്ഞരുടെ നിഗമനം. ഗാനിമീഡ്, കാലിസ്റ്റൊ എന്നീ ഉപഗ്രഹങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള രൂപീകരണത്തിനു നിദാനവും ഈ പ്രതിഭാസമാണെന്നാണ് കരുതപ്പെടുന്നത്.

ഒയ്റോപ്പയിലെ ഹിമപാളികള്‍ക്കടിയില്‍ വിശാലമായ ജലസമുദ്രം വരെയുണ്ടാകാം എന്നും ജ്യോതിശ്ശാസ്ത്രജ്ഞര്‍ അഭ്യൂഹിക്കുന്നു. നോ: ഗലീലിയന്‍ ഓര്‍ബിറ്റര്‍, വ്യാഴം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍