This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:09, 7 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗലീലി

Galilee

പശ്ചിമേഷ്യയില്‍ പലസ്തീന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. ബൈബിളില്‍ ഈ സ്ഥലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. സോളമന്‍ രാജാവ് ഭരിച്ചിരുന്ന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. യഹൂദര്‍ക്ക് ആധിപത്യം ലഭിച്ചെങ്കിലും അവര്‍ ഇവിടെ കുടിയേറിപ്പാര്‍ക്കുവാന്‍ പോയിരുന്നില്ല. ഈ സ്ഥലത്തെ ആദിമനിവാസികളെ നശിപ്പിക്കാതിരിക്കാന്‍ യഹൂദര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗലീലി എന്ന പദത്തിന്റെ അര്‍ഥം 'പുറംജാതിക്കാരുടെ അഥവാ വിജാതീയരുടെ പ്രവിശ്യ' എന്നാകുന്നു. ഈ പ്രദേശത്ത് യഹൂദര്‍ വസിക്കാതിരുന്നതുകൊണ്ടായിരിക്കാം ഇതിന് ഗലീലി എന്ന പേര്‍ ലഭിച്ചത്. ബി.സി. 734-ല്‍ തിഗ്ലത്ത് പീലിസര്‍(Tiglath Pileser) എന്ന പേര്‍ഷ്യന്‍ രാജാവ് ഈ സ്ഥലം പിടിച്ചടക്കി അസീറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. അസീറിയാ സാമ്രാജ്യം തകര്‍ന്നതിനുശേഷവും ഗലീലിയുടെമേല്‍ മറ്റു ചില വിദേശശക്തികള്‍ ആധിപത്യം പുലര്‍ത്തിപ്പോന്നു. ഒടുവില്‍ ഗലീലിപ്രദേശത്തെ മക്കബായര്‍ പിടിച്ചടക്കി. അതോടെ യഹൂദര്‍ ഗലീലിയിലേക്ക് കുടിയേറ്റമാരംഭിച്ചു. റോമാസാമ്രാജ്യത്തിന്റെ വികസനകാലത്ത് റോമന്‍സൈന്യം ഗലീലി പിടിച്ചടക്കി. അതിനെത്തുടര്‍ന്ന് ഈ പ്രദേശം റോമാസാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിത്തീര്‍ന്നു. പലവിധ ജനവര്‍ഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശമായി ഗലീലി അറിയപ്പെട്ടു. ക്രിസ്തുവിന്റെ കാലത്ത് ഗലീലിയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം യഹൂദരായിരുന്നു.

ഭൂമിശാസ്ത്രപരമായി ഗലീലിപ്രദേശം മേലേ ഗലീലി, കീഴേ ഗലീലി എന്നീ രണ്ടു മേഖലകളായി തിരിക്കപ്പെട്ടിരിക്കുന്നു. ഗലീലിയിലെ ചില പ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍നിന്നു വളരെ താഴെയാണ്. 600 മീറ്ററിലേറെ പൊക്കമുള്ള താബോര്‍ മല ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. മേലേ ഗലീലിയിലുള്ള ചില പര്‍വതനിരകള്‍ക്ക് 1200 മീറ്ററിലേറെ പൊക്കമുണ്ട്. ഗലീലിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഈ പര്‍വതനിരകളാണ്. ഈ പര്‍വതങ്ങളുടെ സാന്നിധ്യം കാരണം ഇവിടെ ധാരാളം മഴ ലഭിക്കുന്നു. മേലെ ഗലീലിയിലെ പ്രധാന കാര്‍ഷികവിഭവങ്ങള്‍ ഒലീവ്, മുന്തിരി എന്നിവയാണ്. കീഴേ ഗലീലിയില്‍ ഗോതമ്പ്, പരുത്തി, പുകയില മുതലായവ സമൃദ്ധമായി കൃഷി ചെയ്യുന്നു. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള നസറേത്ത്, നായിം, കഫര്‍നാം, കാനാ, തിപേരിയൂസ് തുടങ്ങിയ നഗരങ്ങള്‍ ഗലീലി പ്രദേശത്താണ്.

ക്രിസ്തു തന്റെ ജീവിതകാലത്തെ നല്ലൊരുഭാഗം ഗലീലിയിലാണ് ചെലവഴിച്ചത്. ഇക്കാരണത്താല്‍ ഗലീലേയന്‍ എന്ന പേരിലും ക്രിസ്തു അറിയപ്പെടുന്നു. സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലുടനീളം ക്രിസ്തു സഞ്ചരിച്ചു. നസറേത്തില്‍ താമസിച്ചിരുന്ന കാലത്ത് സ്നാപക യോഹന്നാനില്‍ നിന്ന് സ്നാനം സ്വീകരിച്ചശേഷം കഫര്‍നാമിനെ തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തു. ഗലീലിക്കടലിന്റെ തീരത്തുകൂടി സഞ്ചരിച്ചുകൊണ്ട് അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു (മത്തായി 11:4-6). അവിടെ എതിര്‍പ്പ് വര്‍ധിക്കുന്നവെന്ന് മനസ്സിലാക്കിയപ്പോള്‍ ക്രിസ്തു ടയര്‍, സീദോന്‍, കേസറിയ, ഫിലിപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ക്രിസ്തു തന്റെ അദ്ഭുതങ്ങള്‍ അധികവും പ്രവര്‍ത്തിച്ചത് ഗലീലിപ്രദേശത്തുവച്ചായിരുന്നു (മത്തായി 11:20-24). ശത്രുക്കളില്‍ നിന്നുള്ള എതിര്‍പ്പുകാരണം അദ്ദേഹം ഗലീലി തടാകമേഖല വിട്ടകന്നപ്പോള്‍ ആ പ്രദേശത്തിന്റെ മേല്‍ ശാപമേറ്റുവെന്ന് ക്രിസ്തുശിഷ്യന്മാര്‍ വിശ്വസിച്ചിരുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു., സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B2%E0%B5%80%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍