This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ണിഷ്‌ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:34, 6 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോര്‍ണിഷ്‌ സാഹിത്യം

Cornish Literature

ബ്രിട്ടന്റെ തെക്കുപടിഞ്ഞാറ്‌ കോണ്‍വാള്‍ ദേശത്ത്‌ സംസാരിച്ചിരുന്ന കോര്‍ണിഷില്‍ (കെല്‍റ്റിക്‌-ഇലഹശേര ഭാഷാഗോത്രം) ഉണ്ടായ സാഹിത്യം. 18-ാം ശതകത്തിന്റെ അന്ത്യത്തോടെ കോര്‍ണിഷ്‌ ഒരു മൃതഭാഷയായിത്തീര്‍ന്നു. ഇതിന്റെ പുനരുജ്ജീവനത്തിനുവേണ്ടി ആര്‍.എം. നാന്‍സിന്റെ (1873-1959) നേതൃത്വത്തില്‍ ചില ഗീതികാവ്യങ്ങളും ഒരു നാടകവും പ്രസിദ്ധീകരിച്ചുവെങ്കിലും ഗണ്യമായ പുരോഗതി ഉണ്ടായില്ല. ശുഷ്‌കമായ ഒരു സാഹിത്യ സമ്പത്തേ ഈ ഭാഷയ്‌ക്കുള്ളു. നിലവിലുള്ളവയില്‍ അമൂല്യമെന്നു കരുതാവുന്നവ ചുരുക്കമാണ്‌.

ബോദ്‌മിന്‍ സുവിശേഷങ്ങളിലെയും (Bodmin Gospels) ഡൂംസ്‌ഡേ ബുക്കിലെയും (Doomsday Book) വ്യക്തിനാമങ്ങളും, ചില ലാറ്റിന്‍ മൂലഗ്രന്ഥങ്ങളുടെ ഭാഷ്യങ്ങളുമാണ്‌ ഏറ്റവും പ്രാചീനമായ കോര്‍ണിഷ്‌ രേഖകള്‍. 10-ാം ശതകത്തിലെ ബോദ്‌മിന്‍ സുവിശേഷങ്ങളില്‍ കോര്‍ണിഷ്‌ അടിമകള്‍ക്കു സ്വാതന്ത്ര്യം കൊടുത്തതിന്റെ രേഖകളുണ്ട്‌. അടിമകളുടെയും സാക്ഷികളുടെയും പേരുകളില്‍നിന്ന്‌ ഏതാണ്ട്‌ 200 കോര്‍ണിഷ്‌ വാക്കുകളുടെ ശേഖരം ലഭിച്ചിട്ടുണ്ട്‌. പഴയ കോര്‍ണിഷ്‌ ഭാഷയുടെ ഏകദേശരൂപം ഈ പ്രാചീനലിഖിതത്തില്‍ നിന്നു ലഭിക്കുന്നു. ഏല്‍ഫ്രിക്കിന്റെ (Aelfric) ലത്തീന്‍ ആംഗ്‌ളോ സാക്‌സന്‍ഗ്‌ളോസറിയെ ആധാരമാക്കി, 12-ാം ശതകത്തില്‍ എഴുതിയ ഒരു പദകോശവും ആദ്യകാല കോര്‍ണിഷ്‌ കൃതികളില്‍ ഉള്‍പ്പെടുന്നു.

എ.ഡി. 1200-ല്‍ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന എ പ്രൊഫസി ഒഫ്‌ മെര്‍ലിന്‍ (A Prophecy of Merlin) എന്ന കൃതി കണ്ടുകിട്ടിയില്ല. ലഭ്യമായ ഏറ്റവും പ്രാചീന കോര്‍ണിഷ്‌ സാഹിത്യം 1400-ല്‍ എഴുതിയ ഒരു കൃതിയിലെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള 41 വരികളാണ്‌.

15-ാം ശതകത്തിലെ സംഭാവനയായ പാസ്‌കന്‍ ആര്‍ഗന്‍ ആര്‍ലൂത്‌ (Pascon Argon Arluth) എന്ന കൃതി യേശുക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ പദ്യരൂപത്തില്‍ വിവരിക്കുന്നു. മധ്യകാലഘട്ടമാണ്‌ കോര്‍ണിഷ്‌ സാഹിത്യത്തിന്റെ സുവര്‍ണദശ. ഇക്കാലത്ത്‌ എഴുതപ്പെട്ട നാടകങ്ങള്‍ക്കു ബ്രിട്ടനില്‍ അന്നു നിലവിലുണ്ടായിരുന്ന "മിറാക്‌ള്‍ ആന്‍ഡ്‌ മൊറാലിറ്റി' നാടകങ്ങളോടു സാമ്യമുണ്ട്‌. തുറസ്സായ സ്ഥലങ്ങളില്‍ അരങ്ങേറിയിരുന്ന അവ ക്രിസ്‌തുമത വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്നു. അവയില്‍ പ്രധാനമാണ്‌ ഓര്‍ഡിനാലിയ (Ordinalia) എന്ന നാടകത്രയം (Trilogy).

മതസാഹിത്യകൃതികള്‍ക്കാണ്‌ ഈ ഭാഷയില്‍ മറ്റു കൃതികളെക്കാള്‍ പ്രചാരം ലഭിച്ചിരുന്നത്‌. കണ്ടുകിട്ടിയ കൃതികള്‍ കുറവാണെങ്കിലും കോണ്‍വാളിനോടു ബന്ധപ്പെടുത്തി ധാരാളം പ്രാചീന കെല്‍റ്റിക്‌ ഇതിഹാസങ്ങള്‍ ഉണ്ടായിരിക്കാം. ആര്‍തര്‍ രാജാവിന്റെ കഥകളില്‍ കോണ്‍വാള്‍ എന്ന സ്ഥലത്തിനുണ്ടായിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്‌. ആംഗ്ലോ-നോര്‍മന്‍ എഴുത്തുകാരനായ ബെറൗളിന്റെ (Beroul) കൃതികളിലും കോര്‍ണിഷ്‌ സ്വാധീനം കാണുന്നു. പഴയ ഫ്രഞ്ച്‌ ഇതിഹാസങ്ങളില്‍ ധാരാളം കെല്‍റ്റിക്‌ പേരുകള്‍ കാണാം. വെല്‍ഷ്‌ ഭാഷയിലെയും കോര്‍ണിഷ്‌ ഭാഷയിലെയും രേഖകളായിരിക്കാം ഇവയ്‌ക്കാധാരം. കണ്ടുകിട്ടാത്ത മതേതര കൃതികള്‍ ഈ ഭാഷയിലുണ്ടായിരിക്കാം.

വില്യം ഗ്വാവാസ്‌ (William Guavas), ഡോ. വില്യം ബോര്‍ലേസ്‌ (Dr. William Borlase), എഡ്‌വേഡ്‌ ലോയ്‌ഡ്‌ (Edward Lhuyd) എന്നീ പുരാതത്വവിജ്ഞാനികളുടെ ശ്രമഫലമായി ചില സാഹിത്യകൃതികള്‍ 17-18 ശതകങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. ഒരു നാടോടിക്കഥയും കുറച്ചു പാട്ടുകളും ബൈബിളില്‍ നിന്നു ചില വിവര്‍ത്തനശകലങ്ങളും ഇതില്‍പ്പെടുന്നു. ജോണ്‍ ഒഫ്‌ ചിയന്നോര്‍ (John of Chyannor) എന്ന നാടോടിക്കഥ നിക്കോളസ്‌ ബോസന്‍ (Nicholas Boson) 1660-70-ല്‍ എഴുതിയതാണ്‌. ഇക്കാലത്തെ കൃതികളെ ആധുനിക കോര്‍ണിഷ്‌ സാഹിത്യം എന്നു പരിഗണിക്കാം. ആധുനിക കോര്‍ണിഷില്‍ സൂത്രവാക്യ രൂപത്തിലുള്ള പദ്യഗദ്യശകലങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്‌. ശബ്‌ദാവലികളും നിഘണ്ടുക്കളും ഇക്കാലത്തുണ്ടായി. എഡ്‌വേഡ്‌ ലോയ്‌ഡ്‌ നിര്‍മിച്ച ആര്‍ക്കിയോളിയ ബ്രിട്ടാനിക്ക(Archaeologia Britannica)യിലെ ഒരു ഭാഗത്ത്‌ കോര്‍ണിഷ്‌ വ്യാകരണം പ്രതിപാദിക്കുന്നു.

20-ാം ശതകത്തിന്റെ അവസാനദശകത്തില്‍ വിവിധ മാധ്യമങ്ങളിലേക്ക്‌ വ്യാപിച്ച കോര്‍ണിഷ്‌ സാഹിത്യം കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. മൂന്ന്‌ നോവലുകള്‍ ഇക്കാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മെല്‍വില്ലീ ബെന്നറ്റോ 1984-ല്‍ രചിച്ച ആന്‍ ഗുരുണ്‍ വേസേക്‌ അ ഗെല്‍ ത്യാ (The Bloody crown of the celtic countries), മൈക്കല്‍ വാല്‍മര്‍ 1989-ല്‍ രചിച്ച ജോറി (Jory), ഗൈഗോണ്‍സ്‌ (Dyroans-1998), എന്നീ നോവലുകള്‍ക്കുപുറമേ ടിം സോണ്ടേഴ്‌സ്‌, നിക്കോളാസ്‌ വില്യംസ്‌ തുടങ്ങിയവരുടെ കവിതകളും ഇക്കാലയളവില്‍ കോര്‍ണിഷ്‌ സാഹിത്യശാഖയെ സമ്പന്നമാക്കി. സമീപകാലത്ത്‌ നിരവധി ഇംഗ്ലീഷ്‌ രചനകള്‍ കോര്‍ണിഷ്‌ ഭാഷയിലേക്ക്‌ തര്‍ജുമ ചെയ്യപ്പെടുന്നുണ്ട്‌. നോ. കെല്‍റ്റിക്‌ ഭാഷകള്‍

(ഉഷാ നമ്പൂതിരിപ്പാട്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍