This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറല്‍ മത്സ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:06, 6 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോറല്‍ മത്സ്യങ്ങള്‍

Coral fishes

പവിഴപ്പുറ്റുകള്‍ ധാരാളമായി വളരുന്ന സമുദ്രതീരങ്ങളിലെ വര്‍ണഭംഗിയുള്ള പലജാതി മത്സ്യങ്ങള്‍.

കോറല്‍ മത്സ്യങ്ങള്‍

പവിഴപ്പുറ്റുകള്‍ ധാരാളമായി കണ്ടുവരുന്നത്‌ തെളിമയാര്‍ന്ന ആഴംകുറഞ്ഞ കടലോരങ്ങളിലാണ്‌. പവിഴപ്പുറ്റുകള്‍ വളരുന്ന കടലോരങ്ങള്‍ക്ക്‌ പല പ്രത്യേകതകളുമുണ്ട്‌. ജന്തുലോകത്തിലെ വിവിധ മണ്ഡലങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന അനേകജാതി ജന്തുസമൂഹങ്ങള്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ വസിക്കുന്നു.

ഈ ജന്തുസമൂഹങ്ങളില്‍, രൂപഭംഗിയിലും സ്വഭാവ വൈചിത്യ്രത്തിലും ആരെയും വശീകരിക്കുന്നവയാണു കോറല്‍ മത്സ്യങ്ങള്‍. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ കറുത്ത വത്മാല്‍ മത്സ്യം എന്നറിയപ്പെടുന്ന പ്‌ളാടാക്‌സ്‌ ടീറാ (Platax teira). വരയന്‍ കുതിരയെപ്പോലെ ശരീരത്തില്‍ വെളുപ്പും കറുപ്പും ഇടകലര്‍ന്ന വരകളോടുകൂടിയ ഈ മത്സ്യത്തിനു ഒരു വത്മാലിന്റെ രൂപസാദൃശ്യമുണ്ട്‌. ചെറുപ്രായത്തില്‍ ഇതിന്റെ ചിറകുകള്‍ വത്മാലിന്റെ ചിറകുകള്‍പോലെ തോന്നും. എന്നാല്‍ വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ചിറകുകള്‍ ക്രമേണ ചെറുതാകുന്നു. വിശപ്പും വിക്ഷോഭവും വരുമ്പോള്‍ കറുത്ത വത്മാല്‍മത്സ്യത്തിന്റെ കറുത്ത വരകള്‍ കടുംകറുപ്പായിത്തീരുന്നു.

"നീലവരയന്‍ പൂമ്പാറ്റമത്സ്യം' എന്നു സാധാരണ വിളിക്കുന്ന മറ്റൊരു കോറല്‍ മത്സ്യത്തിന്റെ ശാസ്‌ത്രനാമം പൊമാകാന്‍ഥസ്‌ അനുലാരിസ്‌ (Pomacanthus annularis)എന്നാണ്‌. വളര്‍ച്ച പ്രാപിച്ച ഇത്തരമൊരു മത്സ്യത്തിന്‌ പൂമ്പാറ്റയെപ്പോലെ ആകര്‍ഷകമായ വര്‍ണഭംഗിയാണുള്ളത്‌. ചെറുപ്രായത്തില്‍ ഇതിന്റെ നിറം തികച്ചും വ്യത്യസ്‌തമായിരിക്കും.

പവിഴപ്പുറ്റുകള്‍ക്കു ചുറ്റും നീന്തിത്തുടിച്ചു നടക്കുന്ന മറ്റൊരു കോറല്‍ മത്സ്യമാണു പൂമ്പാറ്റ മത്സ്യം എന്നറിയപ്പെടുന്ന കീറ്റോ ഡോന്‍ കൊളാറിസ്‌ (Chaetodon collaris). വര്‍ണഭംഗിയുള്ള ഒരു കോറല്‍ മത്സ്യമാണിത്‌. പവിഴപ്പുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്ന പൂമ്പാറ്റമത്സ്യത്തിനു സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി രണ്ടു തരത്തിലുള്ള പ്രതിരോധഘടനകളുണ്ട്‌. ശത്രുക്കളെ ചിന്താക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ശരീരത്തിന്റെ കടുംനിറവും അതോടൊപ്പം ശരീരത്തിന്റെ പിന്‍ഭാഗത്തു പാര്‍ശ്വങ്ങളിലായി കാണുന്ന നേത്രസദൃശമായ വര്‍ണക്കുറിയും പ്രത്യേകരീതിയിലുള്ള പ്രതിരോധായുധങ്ങളാണ്‌. കൂടാതെ ശരീരത്തിന്റെ പൃഷ്‌ഠഭാഗത്തു മൂര്‍ച്ചയേറിയ മുള്ളുകളുടെ ഒരു നീണ്ടനിര കാണാം. ഇക്കാരണത്താല്‍ ശത്രുക്കള്‍ക്കു പൂമ്പാറ്റമത്സ്യങ്ങളെ വേട്ടയാടി വിഴുങ്ങാന്‍ സാധ്യമല്ല.

പന്നിമത്സ്യം എന്നറിയപ്പെടുന്ന മറ്റൊരു കോറല്‍ മത്സ്യമുണ്ട്‌. അനിസോട്രെമസ്‌ വിര്‍ജീനിയസ്‌ (Anisotremus virginious)എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. ഉഷ്‌ണമേഖലാപ്രദേശത്തുള്ള കടലോരങ്ങളിലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ സമൃദ്ധമായി കാണുന്ന ഒരിനമാണിത്‌. ശത്രുക്കളില്‍നിന്നു രക്ഷനേടുന്നതിനുവേണ്ടി പവിഴപ്പുറ്റുകള്‍ക്കിടയിലുള്ള ഒളിമാളങ്ങള്‍ ഇതിനു സഹായകമായിത്തീരുന്നു.

പാമ്പിന്റെ രൂപസാദൃശ്യമുള്ള മറ്റൊരു കോറല്‍ മത്സ്യമാണു ഡ്രാഗണ്‍മൊറേ ഈല്‍ എന്നു സാധാരണമായി വിളിക്കുന്ന ജിമ്‌നോതൊറാക്‌സ്‌ യൂറോസ്റ്റസ്‌ (Gymonothorax eurostus). ഇതിന്റെ ശരീരമാസകലം കടുംനിറത്തോടുകൂടിയ പുള്ളികളും വരകളും കാണാം. പവിഴപ്പുറ്റുകളിലെ ഒളിമാളങ്ങളില്‍ ഇതു പകല്‍ ചുരുണ്ടുകൂടി കഴിയുന്നു. രാത്രിയാണ്‌ ഇരതേടുന്നത്‌. മറ്റു ചെറിയ മത്സ്യങ്ങളെ ഓര്‍ക്കാപ്പുറത്ത്‌ കടന്നാക്രമിക്കുകയും, സൂചിപോലുള്ള കൂര്‍ത്ത പല്ലുകളാല്‍ ഇരയെ വകവരുത്തുകയും ചെയ്യുന്നു. മൊറേ ഈലുകളുടെ (Eels) ജീവിത രീതിയെക്കുറിച്ചും സ്വഭാവ വൈചിത്യ്രങ്ങളെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല.

പൂമ്പാറ്റമത്സ്യം

മെക്‌സിക്കോയുടെ പശ്ചിമതീരത്തുള്ള കോറല്‍ റീഫുകളില്‍ സാധാരണ കാണുന്ന ഒരു കോറല്‍ മത്സ്യമാണ്‌ അതിമനോഹരമായ മാലാഖമത്സ്യം (Angel fish). ശാസ്‌ത്രനാമം ഹോളോകാന്തസ്‌ സിലിയാറിസ്‌ (Holocanthus ciliaris). ഇതിന്‌ ഉജ്ജ്വലവര്‍ണപ്രഭയുണ്ട്‌. സുതാര്യമായ ഇതിന്റെ ശല്‌ക്കങ്ങള്‍ വര്‍ണഭംഗിയോടുകൂടി വെട്ടിത്തിളങ്ങും. ചുവപ്പും മഞ്ഞയും വര്‍ണത്തരികളുള്‍ക്കൊള്ളുന്ന സവിശേഷ കോശങ്ങളാണു മാലാഖ മത്സ്യത്തിന്റെ വര്‍ണഭംഗി പ്രകാശിതമാക്കുന്നത്‌. കോറല്‍ മത്സ്യങ്ങളില്‍ പൊതുവേ വലുപ്പക്കൂടുതലുള്ള മാലാഖമത്സ്യത്തിന്റെ ശിരോഭാഗത്തിനു തൊട്ടുപിന്നിലായി പ്രകടമായ ഒരു വെളുത്ത വരയുണ്ട്‌. ഈ മത്സ്യത്തിന്റെ രക്തത്തില്‍നിന്നുണ്ടാകുന്ന ഉപയോഗശൂന്യമായ ഒരു ഉത്‌പന്നത്തില്‍നിന്നു സംജാതമാകുന്നതാണ്‌ ഈ വെളുത്ത വര. പ്രസ്‌തുത ഉത്‌പന്നം ഗ്വാനിന്‍ പരലുകളാണെന്നു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ കടലോരങ്ങളില്‍ കാണുന്ന കോറല്‍ റീഫുകളിലുള്ള കോറല്‍മത്സ്യങ്ങള്‍ക്ക്‌ ചാരനിറം, വെട്ടിത്തിളങ്ങുന്ന വെള്ളിനിറം, കറുപ്പ്‌, മഞ്ഞ്‌, നീലം, പാടലം, പച്ച മുതലായ മിക്ക വര്‍ണങ്ങളുമുണ്ട്‌. കടുത്ത നിറങ്ങളിലുള്ള വരകളും വൃത്തങ്ങളും പുള്ളികളും വര്‍ണവളയങ്ങളും കോറല്‍ മത്സ്യങ്ങളുടെ ഒരു സവിശേഷതയാണ്‌.

കോറല്‍ മത്സ്യങ്ങള്‍ താരതമ്യേന കൂടുതലായി കാണുന്നത്‌ അത്‌ലാന്തിക്‌ സമുദ്രത്തിലും അതിനടുത്തുള്ള കരീബിയന്‍ കടലോരങ്ങളിലുമുള്ള കോറല്‍ റീഫുകളിലാണ്‌. കൂടാതെ ഇവ ഇന്തോ-പസിഫിക്‌ കടലോരങ്ങളിലും കാണപ്പെടുന്നു. ആഫ്രിക്കയുടെയും അമേരിക്കയുടെയും പശ്ചിമതീരങ്ങളില്‍ പൊതുവേ ഇത്തരം മത്സ്യങ്ങളെ കാണുന്നില്ല. ഉയര്‍ന്ന താപനിലയില്‍ ഇവയ്‌ക്കു ജീവിക്കാന്‍ കഴിയുന്നു. മനോഹരമായ കോറല്‍ മത്സ്യങ്ങള്‍ക്കിടയില്‍ അപകടകാരികളായ വിഷമത്സ്യങ്ങളുമുണ്ട്‌. പവിഴപ്പുറ്റുകളുടെ അടിത്തട്ടില്‍ കാണുന്ന കല്‍-മത്സ്യമെന്നു വിളിക്കുന്ന സൈനന്‍സിജാ (Synancija) ഉഗ്രവിഷമുള്ള ഒരു കോറല്‍ മത്സ്യമാണ്‌. പവിഴപ്പുറ്റുകള്‍ക്കിടയില്‍ വസിക്കുന്ന പലജാതി മത്സ്യങ്ങളില്‍ സാമ്പത്തിക പ്രാധാന്യമുള്ളവ നന്നേ ചുരുക്കമാണ്‌. കോറല്‍ മത്സ്യങ്ങളില്‍ ബഹുഭൂരിപക്ഷവും താരതമ്യേന ചെറിയ മത്സ്യങ്ങളാണ്‌. ശരീരശാസ്‌ത്രപരമായി ദുര്‍ബലവിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ കൂടുതല്‍ അനുവര്‍ത്തകമായ പരിസ്ഥിതികളെ ആശ്രയിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇരതേടല്‍, ഇണചേരല്‍, കൂടാതെ വിജയകരമായ നിലനില്‌പിന്‌ അനുയോജ്യമായ ബാഹ്യപരിതഃസ്ഥിതികള്‍ എന്നിവയാണ്‌ നിലനില്‌പിനു മൗലികമായ ഘടകങ്ങള്‍.

പവിഴപ്പുറ്റുകള്‍ കാണപ്പെടുന്ന സമുദ്രഭാഗങ്ങളിലെ ഉത്‌പാദനക്ഷമത മറ്റു മേഖലകളെ അപേക്ഷിച്ച്‌ കൂടുതലാണ്‌. കോറല്‍ മത്സ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ അനുകൂലമായ ഒരു പരിസ്ഥിതീയ ഘടകമാണ്‌. പവിഴപ്പുറ്റുകളുടെ പരിസ്ഥിതീയ പ്രത്യേകതകള്‍ ഭൗതികവും രാസപരവുമായ കാരണങ്ങളാല്‍ സമുദ്രത്തിന്റെ മറ്റു മേഖലകളെ അപേക്ഷിച്ചു കോറല്‍ മത്സ്യങ്ങള്‍ക്കു കൂടുതലനുകൂലമാണ്‌.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍