This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോറലി, മേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോറലി, മേരി
Corelli, Marie (1855 - 1924)
ഇംഗ്ലീഷ് നോവലിസ്റ്റ്. 1855 മെയ് 1-ന് ലണ്ടനില്‍ ജനിച്ചു. മേരി മാക്കെ എന്നാണ് യഥാര്‍ഥനാമധേയം. ഗാര്‍ഹികാധ്യാപികയില്‍ നിന്നും ഒരു കോണ്‍വെന്റ് സ്‌കൂളില്‍നിന്നും വിദ്യാഭ്യാസം നേടി.
മേരി കോറലി എന്ന പേര് സ്വീകരിച്ച് ഒരു പിയാനോ വായനക്കാരിയായി ജീവിതമാരംഭിച്ച മാക്കെ, ക്രമേണ നോവല്‍ രചനയിലേക്കു തിരിഞ്ഞു. തന്റെ മാനസിക പരിവര്‍ത്തനത്തെ അടിസ്ഥാനമാക്കി രചിച്ച എ റൊമാന്‍സ് ഒഫ് റ്റൂ വേള്‍ഡ്‌സ് എന്ന ആദ്യനോവല്‍ 1886-ല്‍ പ്രസിദ്ധീകരിച്ചു. റ്റെല്‍മ (Telma,1887) യുടെ പ്രസിദ്ധീകരണത്തോടെയാണ് സാഹിത്യരംഗത്ത് ഇവര്‍ ശ്രദ്ധേയമായിത്തീര്‍ന്നത്. യേശുക്രിസ്‌തുവിന്റെ ക്രൂശാരോഹണവും ഉയിര്‍ത്തെഴുന്നേല്‌പും വിഷയമാക്കി രചിച്ച ബാറബാസ്: ഒരു ലോകദുരന്തത്തിന്റെ ഒരു സ്വപ്‌നം (Barabbas: A Dream of World's Tragedy, 1893) എന്ന നോവല്‍ മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ തര്‍ജുമ ചെയ്‌തിട്ടുണ്ട്. വില്‌പനയില്‍ മുന്‍ റിക്കാഡുകളെ ഭേദിച്ച ദ് സോറോസ് ഒഫ് സാത്താന്‍ അവരെ പ്രസിദ്ധയാക്കി. ദി സോള്‍ ഒഫ് മിലിത്ത് (1892), ദി മര്‍ഡര്‍ ഒഫ് ഡെലിസീക്ക (1896), ഡിസ്‌ക (1897), ബോയ് (1900), ട്രെഷര്‍ ഒഫ് ഹെവന്‍ (1906) ദി സീക്രറ്റ് പവര്‍ (1921), ലവ് ആന്‍ഡ് ഫിലോസഫര്‍ (1923) തുടങ്ങിയവയാണ് മേരി കോറലിയുടെ പ്രധാനപ്പെട്ട ഇതര കൃതികള്‍. മേരി കോറലിയുടെ കാലത്ത് കാല്‌പനിക നോവല്‍ രംഗത്ത് അവരോളം പ്രസിദ്ധിനേടിയ മറ്റൊരാളും ഉണ്ടായിരുന്നില്ല. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ പുസ്‌തകശേഖരത്തില്‍ വരെ ഇവരുടെ നോവലുകള്‍ ഇടം നേടി.
ആവൊണ്‍തീരത്ത് സ്‌ട്രാറ്റ്‌ഫോഡിലുള്ളതും ഷേയ്‌ക്‌സിപിയറുടെ മകളുടേതുമായ ഒരു ഭവനം വിലയ്‌ക്കുവാങ്ങി അവിടെ സ്ഥിരതാമസം ആരംഭിച്ചു. മേരിയുടെ ഉറ്റചങ്ങാതിയായിരുന്ന ബെത്താവ്യര്‍ (Bathavyer) ഇവരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സ്‌മരണകളടങ്ങിയ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 1909-ഓടുകൂടി ഇവരുടെ പ്രശസ്‌തിക്കു മങ്ങലേറ്റു. എന്നിട്ടും പ്രസാധകര്‍ മേരിയുടെ പുസ്‌തകത്തിന്റെ ഒരു ലക്ഷത്തില്‍പ്പരം കോപ്പികള്‍ അതിവേഗം വിറ്റഴിക്കുകയും മുന്‍കൂറായി വന്‍തുക നല്‌കിപ്പോരുകയും ചെയ്‌തു. ആകെ നാല്‌പതോളം കൃതികള്‍ രചിച്ചതില്‍ ഒരു കവിതാസമാഹാരവും (കവിതകള്‍: ബെത്താവ്യര്‍ എഡിറ്റു ചെയ്‌തത്, 1925) ഉള്‍പ്പെടുന്നു. വികാരോജ്ജ്വലവും സ്‌തോഭജനകവും സംഭവബഹുലവും ആയ കോറലിയുടെ രചനകള്‍, 19-ാം ശതകത്തിന്റെ അന്ത്യത്തിലും 20-ാം ശതകത്തിന്റെ ആരംഭത്തിലും നിലവിലിരുന്ന ചിന്താധാരകളേയും ഇഷ്‌ടാനിഷ്‌ടങ്ങളേയും പ്രതിഫലിപ്പിച്ചു. എല്ലാ കഥകളിലും ആത്മീയമോ ഭൗതികമോ ആയ വൈകാരികോന്മത്തത, സാര്‍വലൗകിക സ്‌നേഹം, അല്‌പം അവ്യക്തത, നിഗൂഢത തുടങ്ങിയവ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഡാര്‍വിന്റെയും അനുചരന്മാരുടെയും സിദ്ധാന്തങ്ങളും വാദഗതികളും നിഷേധിച്ചിരുന്ന മേരിയുടെ കൃതികളില്‍ മതവിശ്വാസവും ആത്മാഭിമാനവും ആത്മവിശ്വാസവും തെളിഞ്ഞു കാണാം.
വെന്‍ഡേറ്റാ (1915), റ്റെല്‍മ (1916), വോംവുഡ് (1915), തെര്‍മല്‍ പവര്‍ (1916), ഗോഡ്‌സ് ഗുഡ്‌മാന്‍ (1919), ഹോളി ഓഡേഴ്‌സ് (1917), ഇന്നസെന്റ് (1921), ദി യങ് ഡയാന (1922), ദി സോറോസ്സ് ഒഫ് സാത്താന്‍ (1926) എന്നിവയാണ് മേരി കോറലിയുടെ നോവലുകളെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുള്ള ചലച്ചിത്രങ്ങള്‍. ഇതില്‍ വേന്‍ഡട്ടായ്‌ക്കും ദി യങ് ഡയാനയ്‌ക്കും നാടകരൂപവും ഉണ്ടായി
1924 ഏ. 21-ന് മേരി അന്തരിച്ചു.
(വില്‍ഫ്രഡ് തോമസ്)