This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുറൈഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:44, 5 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖുറൈഷി

പ്രവാചകനായ ഇസ്മയില്‍ മുഹമ്മദ് നബിയുടെ വംശപരമ്പരയില്‍പ്പെട്ട ഫിഹ്റിന്റെ (ഖുറൈഷ്) പിന്‍ഗാമികള്‍. ഖുറൈഷ് എന്നാല്‍ കച്ചവടക്കാരന്‍ എന്നാണര്‍ഥം.

ഖുറൈഷികളില്‍ പ്രമുഖനായ ഖുസയ്യ് മക്കയുടെ ആധിപത്യം കൈക്കലാക്കി. ക അബ പുതുക്കിപ്പണിതു. മികച്ച ഭരണതന്ത്രജ്ഞനായിരുന്നു. ഖുസയ്യയുടെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുദ്ദാര്‍ ഭരണാധികാരിയായി. അബ്ദുദ്ദാറിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പൌത്രന്മാരും സഹോദരനായ അബ്ദുമനാഫിന്റെ പുത്രന്മാരും തമ്മില്‍ അധികാരത്തിനുവേണ്ടി തര്‍ക്കമുണ്ടായി. അധികാരവിഭജനം വഴി ഈ കലഹം അവസാനിച്ചു വന്നു.

നികുതിപിരിവ്, ഹജ്ജ് യാത്രക്കാര്‍ക്കുള്ള ജലവിതരണം, ആഹാരം നല്കല്‍ എന്നിവയുടെ ചുമതല അബ്ദു മനാഫിന്റെ പുത്രനായ അബ്ദുശംസിനു ലഭിച്ചു. ഖുറൈഷി സൈന്യത്തിന്റെ നേതൃത്വവും ക അബയിലെ കൊട്ടാരത്തിന്റെ പരിപാലനവും കിട്ടിയത് അബ്ദുദ്ദാറിന്റെ പൗത്രിമാര്‍ക്കായിരുന്നു. അബ്ദുശംസ് തന്റെ ചുമതലകള്‍ മൂത്ത സഹോദരനായ ഹാഷിമിനെ ഏല്പിച്ചു. ബുദ്ധിമാനും വിശാലഹൃദയനുമായ ഹാഷിം മികച്ച ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് മക്ക സാമ്പത്തികമായി വളരെയധികം പുരോഗമിച്ചു.

ഖുറൈഷി ഗോത്രത്തിലാണ് അന്ത്യപ്രവാചകനായ മുഹമ്മദ്നബി ജനിച്ചത്. മുഹമ്മദിന് പ്രവാചകത്വം ലഭിച്ചതോടെ ഖുറൈഷികള്‍ അദ്ദേഹത്തിനെതിരായി ഗൂഢാലോചന തുടങ്ങി. നബിയുടെ ദൗത്യം വിജയിച്ചാല്‍ എല്ലാവരും ഇസ്ലാംമതം സ്വീകരിക്കുമെന്നും ഖുറൈഷി ഗോത്രത്തിലെ പ്രമാണികളുടെ സ്ഥാനം നഷ്ടപ്പെടുമെന്നും അവര്‍ ഭയന്നു. സാമദാനഭേദദണ്ഡനങ്ങള്‍ കൊണ്ട് നബിയെ സദ്യുദുമത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ഖുറൈഷികള്‍ ശ്രമിച്ചു. എന്നാല്‍ നബി തന്റെ ഉദ്യമത്തില്‍ ഉറച്ചു നിന്നു. ഖുറൈഷി ഗോത്രത്തിലെ പ്രമുഖരായ 40 പേര്‍ സമ്മേളിച്ച് മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്തു. ഇസ്ലാംമത പ്രചാരണത്തില്‍ നിന്നു നബിയെ പിന്തിരിപ്പിക്കുന്നതിനുവേണ്ടി ഉത്ത്ബത്ത് എന്ന ഒരു പ്രതിനിധിയെ അവര്‍ നബിയുടെ അടുക്കലേക്ക് അയച്ചു. ഖുറൈഷി ഗോത്രത്തലവന്മാരുടെ പ്രതീക്ഷയ്ക്കു വിപരീതമായി ഉത്ത്ബത്ത് ഇസ്ലാംമതത്തില്‍ ആകൃഷ്ടനായി. പിന്നീടും പല തരത്തില്‍ ഖുറൈഷികള്‍ നബിയെ എതിര്‍ക്കാന്‍ തുടങ്ങി. ഉപദേശം, പ്രതിഷേധം എന്നിവ കൊണ്ട് നബിയെ പിന്തിരിപ്പിക്കാന്‍ സാധ്യമല്ലെന്നു കണ്ട ഖുറൈഷികള്‍ നബിയുടെ പിതൃവ്യനെ കണ്ട് നബിയെ ഇസ്ലാം മതപ്രചാരണത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ ശ്രമം ഫലിക്കുന്നില്ലെന്നു കണ്ട ഖുറൈഷികള്‍ ഇസ്ലാം മതം സ്വീകരിച്ചവരെ മര്‍ദിക്കാന്‍ തുടങ്ങി. മുഹമ്മദു നബിയെക്കുറിച്ച് പല കുപ്രചരണങ്ങളും അവര്‍ നടത്തി. ആ രംഗത്തും ഖുറൈഷികള്‍ പരാജയപ്പെടുകയാണുണ്ടായത്.

ഖുറൈഷി ഗോത്രത്തിന്റെ കരുത്തും ശക്തിയുമായിരുന്ന ഉമറിന്റെ ഇസ്ലാംമത സ്വീകരണം ഖുറൈഷികളെ ആകെ തളര്‍ത്തി. ദിവസം കഴിയുന്തോറും ഇസ്ലാം ശക്തി പ്രാപിക്കുന്നതു കണ്ടപ്പോള്‍ ഖുറൈഷികള്‍ നബിയെ വധിക്കാന്‍ തീരുമാനിച്ചു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെട്ട് മദീനയിലെത്തിയ നബി അവിടം കേന്ദ്രമാക്കി ഏകദൈവവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഖുറൈഷികള്‍ കുതന്ത്രങ്ങള്‍ ആലോചിച്ചു. ഇതിന്റെ പരിണതഫലമായി ബദര്‍ എന്ന സ്ഥലത്തുവച്ച് ഖുറൈഷികളും ഇസ്ലാംമതാനുയായികളും തമ്മില്‍ ഏറ്റമുമുട്ടി. പിന്നീട് ഖന്തയ്ക്ക് യുദ്ധവും ഉഹദ്യുദ്ധവും നടന്നതോടെ ഖുറൈഷികളുടെ ശക്തി ക്ഷയിച്ചു. അവരില്‍ ഭൂരിപക്ഷംപേരും ഇസ്ലാംമതം സ്വീകരിച്ചു.

(ഡോ. എം.എ. കരീം)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B5%81%E0%B4%B1%E0%B5%88%E0%B4%B7%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍