This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, ഇമ്രാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:37, 4 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഖാന്‍, ഇമ്രാന്‍

Khan, Imran (1952 - )

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനും. ലോകത്തെ മികച്ച ഫാസ്റ്റ് ബൌളര്‍മാരില്‍ ഒരാളായിരുന്ന ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലാണ് പാകിസ്താന്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയിട്ടുള്ളത്.

1952 ന. 25-ന് ലാഹോറില്‍ ജനിച്ചു. ലാഹോറിലെ കത്തേഡ്രല്‍ സ്കൂള്‍, ഇംഗ്ലണ്ടിലെ റോയല്‍ ഗ്രാമര്‍ സ്കൂള്‍, എയ്ട്ടിന്മിസണ്‍ കോളജ്, ഓക്സ്ഫഡിലെ കെബ്ളെ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാകിസ്താനില്‍ ഏറെ പ്രചാരമുള്ള ക്രിക്കറ്റ് കളിയോട് ചെറുപ്രായത്തിലേതന്നെ ഇമ്രാന്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

16-ാം വയസ്സിലാണ് ഇദ്ദേഹം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത് 1970-കളോടെ ലാഹോറിനായി കളിച്ചുതുടങ്ങി. 1973-75 കാലത്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ബ്ളൂസ് ക്രിക്കറ്റ് ടീമില്‍ അംഗമായി. ഇംഗ്ളണ്ടിലെ റോയല്‍ ഗ്രാമര്‍ സ്കൂളില്‍വച്ച് 1971-76 കാലഘട്ടത്തില്‍ കൌണ്ടി ക്രിക്കറ്റിലും പങ്കാളിയായി. ഇതേ ദശാബ്ദത്തില്‍ത്തന്നെ ദാവൂദ് ഇന്‍ഡസ്ട്രീസ്, പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, സുസെക്സ് കമ്പനി എന്നിവയ്ക്കുവേണ്ടിയും കളിച്ചു. 1971-ല്‍ ബിര്‍മിന്‍ഗമില്‍വച്ച് ഇംഗ്ളണ്ടിനെതിരെയായിരുന്നു അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. പ്രൂഡെന്‍ഷ്യല്‍ ട്രോഫിക്കുവേണ്ടി നോട്ടിന്‍ഗമില്‍വച്ച് ഇംഗ്ളണ്ടിനെതിരേതന്നെ ആദ്യ എകദിന ക്രിക്കറ്റ് അരങ്ങേറ്റവും നടത്തി. 1976 മുതല്‍ ദേശീയ ടീമില്‍ സ്ഥിരത നേടി. ഒരു ഫാസ്റ്റ് ബൌളര്‍ എന്ന നിലയില്‍ ഇമ്രാന്‍ തന്റെ ഏറ്റവും മികച്ച വേഗത പ്രകടമാക്കിയത് 1982-ലാണ്. ഇതേവര്‍ഷം 9 ടെസ്റ്റുകളിലായി 62 വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ളണ്ടിലെ ഇയാന്‍ ബോതമിനുശേഷം ബൌളിങ്ങില്‍ 300 വിക്കറ്റും ബാറ്റിങ്ങില്‍ 3000 റണ്‍സും തികയ്ക്കുന്ന ലോകത്തെ രണ്ടാമത്തെ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാനാണ്. ബാറ്റിങ്ങില്‍ 6-ാം സ്ഥാനത്തിറങ്ങി 61.80 ബാറ്റിങ് ശരാശരി നേടുന്ന രണ്ടാമത്തെ താരവും ഇദ്ദേഹമാണ്. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന 1982-ല്‍ത്തന്നെയാണ് ഇമ്രാന്‍ പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ നയിച്ച 48 ടെസ്റ്റുമത്സരങ്ങളില്‍ 14 എണ്ണത്തില്‍ വിജയിക്കുകയും 8 എണ്ണത്തില്‍ പരാജയപ്പെടുകയും 26 എണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഇമ്രാന്‍ നയിച്ച 139 ഏകദിന മത്സരങ്ങളില്‍ 77 എണ്ണത്തിലും വിജയം പാകിസ്താനായിരുന്നു. 1981-82-ല്‍ ശ്രീലങ്കയ്ക്കെതിരെ, ലാഹോറില്‍വച്ച് 58 റണ്‍സ് വഴങ്ങി നേടിയ 8 വിക്കറ്റാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 1987-ല്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന്റെ ആദ്യടെസ്റ്റ് പരമ്പര നേടുമ്പോള്‍ ഇമ്രാന്‍ ഖാനായിരുന്നു പാക് ക്യാപ്റ്റന്‍. ഇന്ത്യയും പാകിസ്താനും സംയുക്തമായി ആതിഥേയത്വം വഹിച്ച 1987-ലെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ ക്യാപ്റ്റനായിരുന്നത് ഇമ്രാന്‍ ഖാനായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇമ്രാന് പാക് പ്രസിഡന്റ് ജനറല്‍ സിയാ-ഉല്‍-ഹക്കിന്റെ അഭ്യര്‍ഥനയെ മാനിച്ച് വീണ്ടും ടീമിനെ നയിക്കേണ്ടിവന്നു. തുടര്‍ന്നു നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ 3 ടെസ്റ്റുകളില്‍ നിന്നായി 23 വിക്കറ്റ് നേടി മാന്‍ ഒഫ് ദ സിരീസ് ആകാനും ഇമ്രാനായി. തുടര്‍ന്ന് 1992-ല്‍ പാകിസ്താന്‍ ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുത്തതും ഇമ്രാന്റെ നേതൃത്വമാണ്. 1992-ല്‍ ആസ്റ്റ്രേലിയയിലെ മെല്‍ബോണില്‍വച്ച് ഇംഗ്ളണ്ടിനെതിരെ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരമായിരുന്നു ഇമ്രാന്റെ അവസാനത്തെ ഏകദിന മത്സരം. അതിനുശേഷം ആറുമാസങ്ങള്‍ പിന്നിടവേ ഫൈസലാബാദില്‍വച്ച് ശ്രീലങ്കയുമായുള്ള ടെസ്റ്റ് മത്സരത്തോടെ ഇമ്രാന്‍ ക്രിക്കറ്റ് ലോകത്തോടു വിടപറഞ്ഞു.

screenshot

1996-ല്‍ തെഹ്റീക്ക്-ഇ-ഇന്‍സാഫ് (moment for justice)-'നീതിക്കായുള്ള മുന്നേറ്റം' എന്ന തന്റെ രാഷ്ട്രീയ കക്ഷിക്കു തുടക്കമിടുകയും ചെയര്‍മാനാവുകയും ചെയ്തു. 2002-07-ല്‍ ദേശീയ അസംബ്ളിയില്‍ മിയാന്‍വാലി മണ്ഡലത്തെ പ്രതിനിധീകരിച്ച ഇമ്രാന്‍ മാതാവിന്റെ നാമധേയത്തില്‍ (ഷൌക്കത്ത് ഖാന്‍) ഒരു കാന്‍സര്‍ ചികിത്സാ ആശുപത്രിയ്ക്കും ഗവേഷകകേന്ദ്രത്തിനും തുടക്കംകുറിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിടപറഞ്ഞ ഇമ്രാന്‍ വിരമിക്കലിനുശേഷം കളിയെ അവലോകനം ചെയ്തുകൊണ്ട് വിവിധ പത്രമാധ്യമങ്ങളില്‍ കോളം എഴുതുകയും ക്രിക്കറ്റ് കമന്റേറ്റര്‍ ആവുകയും ചെയ്തുവരുന്നു. കൂടാതെ അഞ്ചിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍