This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാണ്ഡവം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാണ്ഡവം
പുരാണേതിഹാസമായ മഹാഭാരതത്തിലെ പ്രസിദ്ധമായ ഒരു വനം. കുരുക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ വനം ഇന്ദ്രന്റെ വകയാണെന്ന് പുരാണ പ്രസിദ്ധി. ഇത് പൂര്‍ണമായും അഗ്നി ദഹിപ്പിച്ച കഥ മഹാഭാരതം ആദിപര്‍വത്തിലുണ്ട്.
പണ്ട് ശ്വേതകി എന്നൊരു മഹാരാജാവ് നൂറുവര്‍ഷം നീണ്ടുനിന്ന ഒരു യാഗം ആരംഭിച്ചു. ഹോമകുണ്ഡത്തില്‍ നിന്നുയര്‍ന്ന ധൂമപടലംകൊണ്ട് അന്ധരായിത്തീര്‍ന്ന ഋത്വിക്കുകള്‍ ഓരോരുത്തരായി പിന്മാറി. യാഗം മുടങ്ങുമെന്നായപ്പോള്‍ രാജാവ് ശിവനെ തപസ്സു ചെയ്തു. ശിവന്റെ ഉപദേശപ്രകാരം ദുര്‍വാസാവിന്റെ മേല്‍നോട്ടത്തില്‍ യാഗം പൂര്‍ത്തിയാക്കി. എന്നാല്‍, പന്ത്രണ്ടുവര്‍ഷം നിരന്തരം ഹവിസ്സു ഭക്ഷിച്ച അഗ്നിക്കു അഗ്നിമാന്ദ്യം പിടിപ്പെട്ടു. രോഗശമനത്തിന് അശ്വിനിദേവകള്‍ നിര്‍ദേശിച്ചത് ഖാണ്ഡവ വനത്തിലെ ഔഷധികളാണ്.
അഗ്നി, ഖാണ്ഡവ ഭക്ഷിക്കാന്‍ പുറപ്പെട്ടു. ഇന്ദ്രസുഹൃത്തായ തക്ഷകന്റെ വാസസ്ഥാനം കൂടിയാണ് ഈ വനം. ഇന്ദ്രന്‍ സുഹൃത്തിന്റെ സഹായത്തിനെത്തി. അതിശക്തമായ മഴ പെയ്യിച്ച് അഗ്നിയുടെ ശ്രമം ഏഴു പ്രാവശ്യം പരാജയപ്പെടുത്തി. നരനാരായണന്മാര്‍ ഒരുമിച്ച് ഭൂമിയില്‍ അവതരിക്കുമ്പോള്‍ അവരുടെ സഹായം തേടാന്‍ ബ്രഹ്മാവു നിര്‍ദേശിച്ചതനുസരിച്ച് അഗ്നി കാത്തിരുന്നു. അങ്ങനെ ദ്വാപരയുഗത്തില്‍ കൃഷ്ണാര്‍ജുനന്മാരുടെ സഹായത്തോടെ അഗ്നി വീണ്ടും ഈ വനം ഭക്ഷിക്കാന്‍ പുറപ്പെട്ടു. പതിവുപോലെ ഇന്ദ്രന്‍ മഴ പെയ്യിച്ചു. അര്‍ജുനന്‍ വനത്തിനുമുകളില്‍ ഒരു ശരകൂടം നിര്‍മിച്ച് മഴ തടുത്തു. അഗ്നി നിര്‍ബാധം തന്റെ കാര്യം സാധിച്ചു തുടങ്ങി. തക്ഷകന്‍ ഈ സമയത്ത് ഖാണ്ഡവത്തിലില്ലായിരുന്നു. ജ്വലിച്ചുയരുന്ന അഗ്നിമൂലം പൊറുതിമുട്ടിയ തക്ഷകപത്നി, പുത്രനായ അശ്വസേനനെയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേയവസരത്തില്‍ത്തന്നെ ഇന്ദ്രന്‍ കൊടുങ്കാറ്റുയര്‍ത്തി അര്‍ജുനനെ മോഹിപ്പിച്ചു. അശ്വസേനന്‍ രക്ഷപ്പെടുകയും ചെയ്തു.
ചിറകുമുളയ്ക്കാത്ത നാലു കുഞ്ഞുങ്ങളെയും അവയുടെ അമ്മയായ ജരിതയുടെയും കഥ ഖാണ്ഡവദാഹത്തിലെ ഒരു പാഖ്യാനമാണ്. ഖാണ്ഡവത്തില്‍ വസിച്ചിരുന്ന ഈ കുഞ്ഞുങ്ങളോട് ഒടുവില്‍ അലിവു തോന്നിയ അഗ്നി അവരെ ഉപദ്രവിക്കാതെ വിട്ടു. തക്ഷകഗൃഹത്തില്‍ എത്തിയിരുന്ന അസുരശില്പിയായ മയനെ അര്‍ജുനന്‍ അഗ്നിയില്‍ നിന്നു രക്ഷിച്ചു. ഇതിനു പ്രത്യുപകാരമായി മയന്‍ നിര്‍മിച്ചു കൊടുത്ത പ്രാസാദമാണ് ഇന്ദ്രപ്രസ്ഥം. താന്‍ അതുവരെ യുദ്ധം ചെയ്തത് കൃഷ്ണാര്‍ജുനന്മാരോടാണെന്ന് മനസ്സിലാക്കിയ ദേവേന്ദ്രന്‍ യുദ്ധം മതിയാക്കി. രോഗം ശമിച്ച് സ്വസ്ഥനായ അഗ്നി സ്വര്‍ഗത്തിലേക്കു മടങ്ങി. ഖാണ്ഡവദാഹ സമയത്ത് അഗ്നി വരുണനില്‍ നിന്നു സമ്പാദിച്ചുകൊടുത്തതാണ് ഗാണ്ഡീവം എന്ന വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും. നോ. ഗാണ്ഡീവം